UPDATES

ട്രെന്‍ഡിങ്ങ്

നീതി പുലരുന്ന കേരളമാണോ കാവി പുതച്ച കേരളമാണോ ഇനി ബാക്കിയാവുക?

1957 നു ശേഷം കേരളത്തിൽ ഒരു ഭരണാധികാരിയും മത സങ്കുചിതത്വത്തോട് ഇങ്ങനെ ഏറ്റുമുട്ടിയിട്ടില്ല.

ഇന്ത്യയിലെ മറ്റേതൊരു ക്ഷേത്രത്തിലുമെന്നപോലെ ശബരിമലയിലും ഇന്നല്ലെങ്കിൽ നാളെ സ്ത്രീകൾ വന്നുതുടങ്ങും എന്നതിൽ എനിക്ക് സംശയമില്ല. ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്ന കാലത്തോളം ശബരിമല കേസിലെ വിധി മാറില്ലെന്നും എനിക്കറിയാം. അതിലൊന്നും എനിക്ക് വലിയ ആകാംക്ഷയില്ല.

എന്റെ ആകാംക്ഷ, ഒരു സമൂഹമെന്ന നിലയിൽ ശബരിമലയുടെ ആഫ്റ്റർ ഇഫക്റ്റുകൾ മലയാളിയുടെ രാഷ്ട്രീയത്തെയും ജീവിതത്തെയും എങ്ങനെയൊക്കെ ബാധിക്കും എന്നതിലാണ്. അതാണ് ഞാൻ കാത്തിരിക്കുന്നത്. പ്രത്യേകിച്ചും നമ്മുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ശബരിമല എങ്ങനെ പ്രതിഫലിക്കും എന്നതിൽ എനിക്ക് വലിയ ആകാംക്ഷയുണ്ട്. സിപിഎം അതിന്റെ ഉൾപ്പാർട്ടി ചർച്ചകളിൽ നാളെ എങ്ങനെയാവും പിണറായിയുടെ ശബരിമല നിലപാടിനെ വിലയിരുത്തുക എന്നതും പ്രധാനമാണ്.

1957 നു ശേഷം കേരളത്തിൽ ഒരു ഭരണാധികാരിയും മത സങ്കുചിതത്വത്തോട് ഇങ്ങനെ ഏറ്റുമുട്ടിയിട്ടില്ല. 57 ലേത് നിലപാടിൽ ഉറച്ചുനിന്ന് മതാധികാരത്തോട് ഒരു കമ്യുണിസ്റ്റ് സർക്കാർ നടത്തിയ ഏറ്റുമുട്ടലായിരുന്നു. പക്ഷേ ആ യുദ്ധത്തിൽ സർക്കാർ തോറ്റു. അധികാരം നഷ്ടമായി. ജനപിന്തുണ തകർന്നു. മതാധികാരത്തെയോ വർഗീയതയെയോ തൊട്ടുകളിക്കാൻ നിൽക്കരുതെന്ന പാഠം എല്ലാ രാഷ്ട്രീയക്കാരും പഠിച്ചു.

കമ്യുണിസ്റ്റ് സർക്കാരിനെ അന്ന് തോൽപ്പിച്ചതിന്റെ ഊർജത്തിലാണ് പിന്നീട് കേരളത്തിൽ സകല ജാതി-മത ശക്തികളും വളർന്നത്. ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രങ്ങളായി പടർന്നത്. പിന്നീട് ഇങ്ങോട്ട് ആറു പതിറ്റാണ്ടുകളിൽ ഇടതു സർക്കാരുകൾപോലും ന്യുനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ വല്ലാതെ ആലോസരപ്പെടുത്താൻ പോയിട്ടില്ല.

ഇന്നിപ്പോൾ ഇത് പിണറായി വിജയൻ ഏറെക്കുറെ ഒറ്റയ്ക്ക് നയിക്കുന്ന യുദ്ധമാണിത്. പാർട്ടിയിൽപ്പോലും ഒരു വിഭാഗത്തിന് ഈ കടുംപിടിത്തം വേണ്ട എന്ന അഭിപ്രായമുണ്ട്. ഭൂരിപക്ഷ വർഗീയതക്കെതിരെ നാഴികയ്ക്ക് നാല്പതുവട്ടം പോസ്റ്റിടുന്ന ന്യൂനപക്ഷ വാദികളൊക്കെ ഇതിൽ മൗനത്തിലാണ്. ഭൂരിപക്ഷ വർഗീയതയുടെ തേർവാഴ്ചയിൽ ന്യുനപക്ഷ രാഷ്ട്രീയ സംഘടനകൾ അടക്കം ഇത്ര നിശബ്ദമായ സന്ദർഭം അടുത്തൊന്നും ഉണ്ടാവില്ല.

കാരണം, ആചാരത്തേക്കാൾ പ്രധാനം ഭരണഘടനയാണെന്ന കോടതിയുടെ വിധിയും അതു നടപ്പാക്കുമെന്ന പിണറായിയുടെ പ്രഖ്യാപനവും എല്ലാത്തരം മതവാദികളെയും വല്ലാതെ പൊള്ളിയ്ക്കുന്നുണ്ട്. അതുകൊണ്ട് അവരിൽ പലരും തന്ത്രപരമായ മൗനത്തിലാണ്.

ഈ യുദ്ധത്തിൽ പിണറായി വിജയിക്കുമോയെന്ന് അറിയില്ല. രാഷ്ട്രീയവും മതവും വിശ്വാസവും ആചാരവും കൂടിക്കുഴഞ്ഞ ഇതുപോലൊരു വിഷയത്തിൽ തിരഞ്ഞെടുപ്പ് തിരിച്ചടിക്കുള്ള എല്ലാ സാധ്യതകളുമുണ്ട്. ഭാവിയിൽ നയപരമായ ഒരു പിഴവായി ശബരിമലയെ സിപിഎം വിലയിരുത്തേണ്ടി വരുമോ എന്ന ചോദ്യം പ്രധാനമാണ്. മതവർഗീയതയെ വല്ലാതെ അലോസരപ്പെടുത്തേണ്ടതില്ല എന്നൊരു ഭരണ നയംപോലും സ്വീകരിക്കുന്നിടത്തേക്ക് പാർട്ടി ഭാവിയിൽ എത്തിയേക്കാം. അത്ര വലിയ ബാലറ്റ് തിരിച്ചടികൾ ഉണ്ടാവാം. സിപിഎമ്മിന്റെ പിന്നിൽ നിൽക്കുന്ന മതേതര ഇടതു ഹിന്ദു സമൂഹത്തെ സംഘ്പരിവാറിന് എത്രത്തോളം സ്വാധീനിക്കാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിൽ സിപിഎമ്മിന്റെ അന്തിമ നിലപാട്.

എന്തായാലും പിണറായി വിജയൻ എന്ന കമ്യുണിസ്റ്റ് മുഖ്യമന്ത്രി നയിക്കുന്ന ഈ യുദ്ധം ഉദ്വേഗഭരിതമാണ്. ഒടുവിൽ, നീതി പുലരുന്ന കേരളമാണോ കാവി പുതച്ച കേരളമാണോ ഉണ്ടാവുകയെന്നു പറയാൻ വയ്യ. ഒരു സാധാരണ മതേതര മലയാളിയുടെ എല്ലാ ആശങ്കകളോടെയും ഞാൻ ഈ കളി കാണുകയാണ്. പിണറായി വിജയൻ അല്ലാതെ ഇങ്ങനെയൊരു കളി കളിക്കാൻ ധൈര്യമുള്ള മറ്റാരും ഇന്ന് കേരളത്തിൽ ഇടത്തോ വലത്തോ ഇല്ലെന്ന ബോധ്യത്തോടെ.

എങ്ങാനും ഈ യുദ്ധത്തിൽ പിണറായി ജയിച്ചാൽ അത് ഒരുപാട് പേർക്ക് ഒരു കരുത്താവും. 57 മുതൽ മതത്തിനു മുന്നിൽ മുട്ടിലിഴഞ്ഞു തുടങ്ങിയ കേരളരാഷ്ട്രീയം ആദ്യമായി മതാധികാരത്തിനു മുന്നിൽ നട്ടെല്ലുയർത്തി നിൽക്കുന്ന നിമിഷംകൂടിയാകും അത്. ശബരിമല കോലാഹലങ്ങൾ കേരളത്തിലെ ഇടതുപക്ഷത്തിന് കാര്യമായ പരിക്കുകൾ ഒന്നും ഏല്പിക്കുന്നില്ലെങ്കിൽ ആശ്വസിക്കാം, അത്ര വേഗമൊന്നും വർഗീയതയിലൂടെ സ്വാധീനിക്കാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മളെന്ന് തെളിയും. അത് ഇന്നത്തെ ഇൻഡ്യയിൽ മലയാളിക്ക് വേറിട്ട ഒരു തലയെടുപ്പ് നൽകുകയും ചെയ്യും.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആയിരം അപവാദപ്രചാരണങ്ങൾക്ക് അര പത്രസമ്മേളനം: നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് പിണറായി വിജയൻ

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍