UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: വിഎസ് സര്‍ക്കാര്‍ അനുകൂലിച്ചു; ഉമ്മന്‍ ചാണ്ടി എതിര്‍ത്തു; പിണറായി ആദ്യം എതിര്‍ത്തു, പിന്നെ അനുകൂലിച്ചു

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ മാറിമറഞ്ഞത് ഇങ്ങനെ

ശബരിമലയില്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് അഞ്ചംഗ ഭരണഘടാനാ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിക്കുമ്പോള്‍ നിരവധി വാദ പ്രതിവാദങ്ങള്‍ നടന്ന നിയമ പോരാട്ടങ്ങള്‍ക്കാണ് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ആചാരം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2006 ലാണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഈ വിഷയത്തില്‍ ഹരജി നല്‍കുന്നത്. 2006 ഓഗസ്റ്റ് 18ന് സുപ്രീംകോടതി നോട്ടീസ് നല്‍കി. തുടര്‍ന്ന 12 വര്‍ഷം നീണ്ട നിയമ പോരാട്ടം. ഇതിനിടയില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ വിഷയത്തില്‍ നിലപാട് മാറ്റിയത് പലതവണയാണ്.

ഹരജി ആദ്യമായി സുപ്രീം കോടതിയുടെ  പരിഗണനയ്‌ക്കെത്തുമ്പോള്‍ കേരളത്തില്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സര്‍ക്കാരായിരുന്നു അധികാരത്തില്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയേണ്ടതില്ലെന്ന നിലപാടായിരുന്നു അന്നത്തെ വിഎസ് സര്‍ക്കാരിന്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്ങ് മുലവും നല്‍കി. കേസ് 2008 മാര്‍ച്ച് ഏഴിന് ഒരു മൂന്നംഗ ബഞ്ചിന് വിട്ടു. മുന്നുവര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേസ് പിന്നീട് പരിഗണയ്ക്ക് വന്നത്.

കേരളത്തിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിരുന്നു, 2011ല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സത്യവാങ്ങ്മുലത്തില്‍ മാറ്റം വരുത്തി. സ്ത്രീകള്‍ക്കുള്ള നിരോധനം നിലനിര്‍ത്തണമെന്ന് നിലപാടുകളെ പിന്തുണച്ചു കൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇക്കാലയളവില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ ഒന്നിക്കുകയായിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ അധ്യക്ഷന്‍.

നിയമ നടപടികള്‍ വീണ്ടും വര്‍ഷങ്ങള്‍ നീണ്ടു. 2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തി. എന്നാല്‍ അന്നേവര്‍ഷം സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനോട് യോജിച്ചുകൊണ്ടായിരുന്നു നിലപാട് സ്വീകരിച്ചത്.

ഇടതുപക്ഷം ഭരണം കയ്യാളുന്ന സംസ്ഥാന സര്‍ക്കാരില്‍ നിന്നും സ്ത്രീ പ്രവേശനത്തെ എതിര്‍ക്കന്ന വിവേചന പരമായ ഒരു സത്യവാങ്മുലം സമര്‍പ്പിക്കപ്പെട്ടത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. സിപിഎമ്മിലും എല്‍ഡിഎഫിലും നിലപാട് പൊട്ടിത്തെറിയുടെ വക്കിലെത്തിയതോടെ സര്‍ക്കാര്‍ നയം മാറ്റി. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് അനുകൂലമായ നിലപാടുമായി സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് കേസുകളിലെ നിലപാട് മാറ്റുന്നതിന് എതിരെ സുപ്രീം കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടുമാറ്റിയതോടെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും വ്യത്യസ്ഥ നിലപാടിലേക്ക് വീണ്ടും എത്തുകയായിരുന്നു. എന്നാല്‍ ഇടതു പക്ഷത്തിന കീഴിലുള്ള ദേവസ്വം ബോര്‍ഡ് ഇതിനിടെ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നും കോടതിയില്‍ ഒരുഘട്ടത്തില്‍ നിലപാടറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍