UPDATES

ട്രെന്‍ഡിങ്ങ്

ഇതിനുമുമ്പ് ‘കുലസ്ത്രീകൾ’ സമരത്തിനിറങ്ങിയത് 1957ലായിരുന്നു

ഒറ്റ രാത്രി താണ്ടി നേടിയതല്ല കേരളത്തിലെ നവോത്ഥാനം. ഇരുളിന്റെ മഹാഗുഹകളിൽ ശ്രീനാരായണ ഗുരുവും അയ്യൻകാളിയും തൊട്ട് അനേകർ ജീവിതം കൊണ്ട് കൊളുത്തിയ പന്തങ്ങളാണ് നമ്മെ നയിച്ചതും നയിക്കുന്നതും

സാമൂഹിക നിരീക്ഷണങ്ങളിൽ കാൾ മാർക്സിനോളം പ്രവാചകത്വം പുലർത്തിയ മറ്റൊരു മനുഷ്യനില്ല. പ്രഹസനമായും ദുരന്തമായും ആവർത്തിക്കുന്ന ചരിത്രത്തെക്കുറിച്ചുള്ള നിരീക്ഷണം എല്ലാകാലത്തേക്കും ഈടുള്ള ഒന്നാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഉളവായ സാഹചര്യത്തിൽ സ്ത്രീകൾ ധാരാളമായി അണിനിരക്കുന്ന സമരങ്ങൾ കേരളത്തിലെ തെരുവുകളിൽ അങ്ങോളമിങ്ങോളം നടക്കുകയാണ്. സമരം എന്ന വാക്കിനോട് സവർണ്ണ വർഗ്ഗങ്ങൾക്കുള്ള തൊട്ടുകൂടായ്മ കൊണ്ടാവാം പലരും ഇതിനെ ഘോഷയാത്ര എന്നാണ് വിളിക്കുന്നത്. സത്യത്തിൽ അതാണ് ശരിയായ വാക്ക്. ഘോഷവും പൊടിപടലങ്ങളും മാത്രമുള്ള അന്തസ്സാരശൂന്യമായ യാത്രകളാണ് ഇവയെല്ലാംതന്നെ.

ഈ നടക്കുന്ന കോലാഹലങ്ങൾ വീക്ഷിക്കുന്ന ഒരാൾ സ്വാഭാവികമായി ചിന്തിക്കുക എന്തുകൊണ്ടാവും ഈ സ്ത്രീകൾ അവരെ കാതലായി സ്പർശിക്കുന്ന വിഷയങ്ങളിലൊന്നും തെരുവിൽ വരാത്തതെന്ന്? സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നിയമനിർമാണസഭകളിൽ ലഭിക്കുവാനുള്ള ബില്ലുകൾ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി രാജ്യസഭയിലും ലോകസഭയിലും പാറിക്കളിക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ അത് നടപ്പിലാക്കി കിട്ടണം എന്നുപറഞ്ഞുകൊണ്ട് ഇത്രയേറെ സ്ത്രീകൾ തെരുവിൽ വന്നിട്ടില്ല. മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ബാല പീഡനങ്ങളും സ്ത്രീപീഡനങ്ങളും നടന്നപ്പോഴും ഈ സ്ത്രീകളെ നാം തെരുവിൽ കണ്ടിട്ടില്ല. ഇന്നും രാജ്യത്തെ പിടിച്ചുലയ്ക്കുന്ന വിലക്കയറ്റമുണ്ട്, പാചക വാതകങ്ങളുടെ വിലക്കയറ്റം സ്ത്രികളോളം അറിയുന്നവർ ഉണ്ടാവില്ല (അങ്ങനെ വേണമെന്നല്ല ). ഒരു കുലസ്ത്രീയും പ്രതിഷേധവുമായി വരുന്നില്ല.

സ്ത്രീകൾ തെരുവിൽ വന്നിട്ടുണ്ട്. അതുപക്ഷേ അകത്തളങ്ങളിൽ ഒളിച്ചിരിക്കുന്ന അഭിജാത വർഗ്ഗം അല്ല. കർഷകത്തൊഴിലാളികൾ മുതൽ അധ്വാനത്തിന്റെ വില അറിയാവുന്ന സ്ത്രീ വർഗ്ഗം അടക്കമുള്ളവര്‍ അവരുടെ അവകാശങ്ങൾക്കും തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾക്കും പലകുറി തെരുവിൽ വന്നിട്ടുണ്ട്. സ്വാശ്രയ കോളജുകളും മറ്റ് വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും തഴച്ചു വന്ന നാളുകളിൽ അവയ്ക്കെതിരെ ഗ്രനേഡുകളും ലാത്തികളും വകവയ്ക്കാതെ പെൺകുട്ടികൾ സമരമുഖത്ത് വന്നിട്ടുണ്ട്. അതിനുമുൻപ് കൂത്താട്ടുകുളം മേരി, കെ ആർ ഗൗരി, റോസമ്മ പുന്നൂസ് തുടങ്ങിയ ഉശിരുള്ള പെണ്ണുങ്ങൾ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്, അതിന്റെ മർദ്ദന യന്ത്രങ്ങളുടെ മുന്നിലേക്ക് തലയുയർത്തിപ്പിടിച്ച് നടന്നു വന്നിട്ടുണ്ട്.

അമ്പലനടയിൽ മണിയടിക്കാനുള്ള അവകാശം നായർക്കില്ലാത്ത കാലത്ത് ഒരു കോൺഗ്രസുകാരൻ പി കൃഷ്ണപിള്ള അമ്പലത്തിന്റെ മണിയടിച്ചു. കൃഷ്ണപിള്ളയ്ക്ക് മണിയടിക്കാൻ പൂതി പെരുത്തിട്ടല്ല. നിഷേധിക്കാൻ നിങ്ങളാരാണ് എന്ന ചോദ്യമാണ് അന്ന് ആ മണിയൊച്ചയായി മുഴങ്ങിയത്. അന്നും ബ്രാഹ്മമണ്യത്തിന്റെ എച്ചിലു തിന്നുന്നവർ ഒരു നായർ മണിയടിച്ചതിനെ അനുകൂലിക്കുകയല്ല ചെയ്തത്, മണിയടിച്ചു കൊണ്ടിരുന്ന സഖാവിന്റെ പുറത്തടിച്ചുകൊണ്ടിരുന്നു. എക്കാലത്തേക്കുമുള്ള ഉത്തരമാണ് സഖാവ് നൽകിയത്, ഉശിരുള്ള നായർ മണിയടിക്കും, (ബ്രാഹ്മമണരുടെ) ഇലനക്കി നായർ പുറത്തടിക്കും. ഇന്നും ഉത്തരം ലളിതമാണ്, ഉശിരുള്ള പെണ്ണുങ്ങൾ ബഹിരാകാശവും കയറും, അടിമ പെണ്ണുങ്ങൾ വഴി തടയാൻ നോക്കും.

പക്ഷേ അന്നും ആഭിജാത വർഗ്ഗം അകത്തളങ്ങളിൽ തന്നെയായിരുന്നു. അവർ എന്നാണ് സമരമുഖങ്ങളിൽ എത്തിയത് എന്നു പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഇതിനുമുമ്പ് കുലസ്ത്രീകൾ സമരത്തിനിറങ്ങിയത് 1957ലെ കേരളത്തിലെ ഒന്നാം ജനകീയ സർക്കാരിനെതിരെ ആയിരുന്നു. ആ സമരത്തെയാണ് നാം വിമോചനസമരം ഇത് വിളിച്ചു കേട്ടിട്ടുള്ളത്.

ജനസാമാന്യത്തിന് ഭൂമിയുടെ അവകാശം ഉറപ്പാക്കുവാൻ സർക്കാർ തീരുമാനിച്ചത് കാരണമാണ് ആ സമരം സൃഷ്ടിക്കപ്പെട്ടത്. സത്യത്തിൽ ഇന്ന് സർവ്വ ഭക്തർക്കും ലിംഗഭേദമില്ലാതെ ആരാധനാലയങ്ങളിൽ അനുവദിക്കണം എന്നാണ് ഞങ്ങളുടെ നിലപാട് എന്നും ആർഎസ്എസ് പറയുംപോലെ അന്നും ഒരു തമാശയുണ്ടായിരുന്നു.

ഭൂമിയുടെ നീതിപൂർവകമായ വിതരണം ഉറപ്പാക്കുന്ന ഭൂപരിഷ്കരണം നടപ്പാക്കണമെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ ഏറെക്കാലം മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അത് നടപ്പാക്കുവാനുള്ള ശ്രമങ്ങൾ ഒന്നാമത്തെ സർക്കാർ ചെയ്തപ്പോൾ അതിനെതിരെ അട്ടിമറിയും ആയി കോൺഗ്രസ് ജാതി-മത ശക്തികളുടെ പിന്നിൽ അണിനിരന്നു. ഏറ്റവും ശക്തമായി സമരത്തിൽ പങ്കെടുത്തത് നായന്മാരും സവർണ്ണ ക്രിസ്ത്യാനികളും ആയിരുന്നു. എല്ലാത്തരത്തിലും സവർണ്ണതയുടെ താല്പര്യം സംരക്ഷിക്കുവാനുള്ള ഒരു പ്രഹസനമായിരുന്നു വിമോചന സമരം.

ഇന്നുണ്ടായ പോലെതന്നെ വലിയ തോതിൽ നുണപ്രചാരണങ്ങൾ അന്നും ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുകാർ എല്ലാം പങ്കിടുന്നവരാണെന്നും അവർ സ്ത്രീകളെ പൊതുസ്വത്താക്കും എന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കമ്മ്യൂൺ എന്ന വാക്കിനെ ദുർവ്യാഖ്യാനം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ ഒക്കെ സമാനമായ നുണകൾ ഈ കാലത്തും പടച്ചുവിടുന്നുണ്ട് എന്നത് അതുകൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ല.

മറ്റൊരു സമാനത രണ്ട് സമരങ്ങളിലും ഉണ്ടായ തെറിയുടെ അതിപ്രസരമാണ്. വിമോചന സമരകാലത്ത് അത് ദുർബല ജനവിഭാഗങ്ങളെ ഭയപ്പെടുത്താനുള്ള ആയുധമായിരുന്നു. ഇപ്പോൾ അത് സ്ത്രികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്നു. ബഹിരാകാശത്ത് വരെ എത്തിയ സ്ത്രി സമൂഹത്തെ തിരക്കുള്ള ബസിൽ നിങ്ങൾക്കെതിരെ ഞങ്ങൾ നടത്തുന്ന ലൈംഗിക അതിക്രമം ശബരിമലയിലും ഉണ്ടാകും എന്ന് ഭയപ്പെടുത്താൻ ശ്രമിക്കുന്നു യുവകോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ. സംഘപരിവാർ ഒരുപടി കൂടി കടന്നു നാമജപ ഘോഷയാത്രയുടെ സമാപനം കുറിക്കാനെന്ന പോലെ തുണി പൊക്കി കാണിക്കുന്നു. വിശേഷ ദിനങ്ങളിൽ തങ്ങളുടെ പക്കലുള്ള ആയുധം കാണിക്കുന്ന ഒരു പതിവ് ചില രാജ്യങ്ങൾക്കുള്ള പോലെ ഒരു ആചാരമായി ഇതും കണക്കാക്കേണ്ടതാണ്.

പഴയ വിമോചന സമരത്തിന്റെ മുഖ്യകണ്ണിയായിരുന്ന കത്തോലിക്ക സഭ ഇപ്പോൾ ഈ സമരത്തിന്റെ ഭാഗമല്ല. എന്നാൽ ഫ്രാങ്കോ എന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്തതിലും ജാമ്യത്തെ സർക്കാർ എതിർക്കുന്നതിലും അമർഷത്തിന്റെ കറുത്ത പുക അവിടെയും ഉയരുന്നുണ്ട്. പ്രമേയം സ്ത്രീവിരുദ്ധത ആയതിനാൽ വിശുദ്ധപാപങ്ങൾ ചെയ്യുവാനുള്ള അവകാശം സ്ഥാപിച്ചു കിട്ടാൻ പെരുന്നയപ്പന്റെ ഹംസരഥത്തിന്റെ ചക്രമാകാൻ താമസംവിനാ അവരും എത്തുമെന്ന് പ്രതീക്ഷിക്കാം.

ഒറ്റ രാത്രി താണ്ടി നേടിയതല്ല കേരളത്തിലെ നവോത്ഥാനം. ഇരുളിന്റെ മഹാഗുഹകളിൽ ശ്രീനാരായണ ഗുരുവും അയ്യൻകാളിയും തൊട്ട് അനേകർ ജീവിതം കൊണ്ട് കൊളുത്തിയ പന്തങ്ങളാണ് നമ്മെ നയിച്ചതും നയിക്കുന്നതും.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ശബരിമലയില്‍ പ്രതി സ്ഥാനത്തുള്ളവരുമായി സമവായം വേണ്ട, വിധി വേഗത്തിൽ നടപ്പാക്കണം; കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

പ്രശാന്ത് ആലപ്പുഴ

പ്രശാന്ത് ആലപ്പുഴ

ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍