UPDATES

ട്രെന്‍ഡിങ്ങ്

അമ്പത് കോടി വിവാദം പുകയായി: തുക ചെലവഴിക്കണോ എന്നത് രാഷ്ട്രീയ തീരുമാനമെന്ന് സാമൂഹിക നീതി വകുപ്പ്; ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി

സ്ത്രീശാക്തീകരണത്തിന് വകയിരുത്തിയ അമ്പത് കോടിയില്‍ നിന്ന് വനിതാ മതിലിന് പണം ചെലവഴിക്കാമെന്ന് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് വിവാദമായിരുന്നു

വനിതാ മതിലിന് പണം നല്‍കുമെന്നോ, ചെലവഴിക്കുമെന്നോ അല്ല പറഞ്ഞതെന്ന് സാമൂഹിക നീതി വകുപ്പ്. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക ഇതിനായി പ്രയോജനപ്പെടുത്താന്‍ കഴിയും എന്നാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അതില്‍ നിന്നുള്ള തുക ചെലവഴിക്കണോ വേണ്ടയോ എന്ന തീരുമാനം രാഷ്ട്രീയ നേതൃത്വമാണ് എടുക്കേണ്ടതെന്നും സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഒരു രൂപ പോലും വനിതാ മതിലിന് ചെലവഴിക്കില്ലെന്ന രാഷ്ട്രീയ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമ്പത് കോടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യമായേക്കും. വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുമെന്ന വാര്‍ത്ത വിവാദമായതോടെയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയത്.

സ്ത്രീശാക്തീകരണത്തിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വച്ച അമ്പത് കോടിയില്‍ നിന്ന് വനിതാ മതിലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക ചെലവഴിക്കാമെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചു. എംകെ മുനീറിന്റെ സബ്മിഷന് മറുപടിയായി സര്‍ക്കാര്‍ വനിതാ മതിലിനായി പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. അതിന് വിരുദ്ധമായി നല്‍കിയ സത്യവാങ്മൂലം ഏറെ ചര്‍ച്ചയായി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ വനിതാ മതിലിന് അമ്പത് കോടി രൂപ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയ തുക സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ചെലവഴിക്കേണ്ടതിനാല്‍ വനിതാ മതിലിനായി ചെലവഴിക്കാം എന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയത്.

എന്നാല്‍ തങ്ങള്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്ന് സാമൂഹിക നീതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം കെ ലീലാമണിയും അഴിമുഖത്തോട് വ്യക്തമാക്കി. ‘പണം കൊടുക്കാമെന്നല്ല പറഞ്ഞത്. എത്രപണം കൊടുക്കാമെന്നും പറഞ്ഞിട്ടില്ല. ഇത്രയും തുക ബജറ്റില്‍ അനുവദിച്ചത് സാമൂഹിക നീതി വകുപ്പിന്റെ ഫണ്ടില്‍ ഉണ്ട്. അതില്‍ നിന്ന് സ്ത്രീശാക്തീകരണ പ്രചരണ പരിപാടികള്‍ക്കായും തുക ചെലവഴിക്കാം എന്ന് മാത്രമാണ് പറഞ്ഞത്.’ എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അമ്പത് കോടിയില്‍ നിന്ന് ഇതേവരെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമായ കണക്കുകളില്ല എന്നും ലീലാമണി പറഞ്ഞു. വിവിധ വകുപ്പുകള്‍ക്കായി നല്‍കിയ തുക എത്രകണ്ട് ചെലവഴിച്ചു എന്നതിന്റെ കണക്കുകള്‍ ശേഖരിച്ച് വരുന്നതേയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വനിതാ മതിലിനായി പണം ചെലവഴിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയും സംഗതി വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്തരി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും നേരിട്ട് വിശീകരണവുമായി എത്തിയത്. സര്‍ക്കാര്‍ ചെലവിലല്ല വനിതാ മതില്‍ നടക്കുന്നതെന്നും, ഇതിനായി ഒരു രൂപ പോലും ചെലവഴിക്കില്ല എന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മുന്‍ നിശ്ചയിച്ച പ്രകാരം വനിതാ മതിലിന്റെ ആശ്ചപ്രചാരണം മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ സ്ത്രീശാക്തീകരണ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക ചെലവഴിക്കേണ്ടതുണ്ട് എന്ന സാമൂഹിക നീതി വകുപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെയും വിമര്‍ശനങ്ങളുയരുന്നുണ്ട്. വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക എന്തുകൊണ്ട് ചെലവഴിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍