UPDATES

ട്രെന്‍ഡിങ്ങ്

കേരള പിഎസ്‌സി, ഐഎസ്ആര്‍ഒ പരീക്ഷകളിലും കൃത്രിമം നടത്തിയിട്ടുണ്ടെന്ന് സൂചന; സഫീറിന്റെ ഹൈടെക് കോപ്പിയടി ആദ്യമായിട്ടല്ല

സഫീര്‍ കരീമിന്റെ സഹോദരി ഈ വര്‍ഷം നടന്ന ഐഎസ്ആര്‍ഒ യുഡി ക്ലാര്‍ക്ക് പരീക്ഷയില്‍ പങ്കെടുത്തിരുന്നതായും അന്വേഷണസംഘം

യുപിഎസ്‌സി നടത്തിയ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടയില്‍ കൃത്രിമം കാണിച്ചതിന് പിടിയിലായ മലയാളി ഐപിഎസ് ഓഫിസര്‍ സഫീര്‍ കരീം ഇതാദ്യമായല്ല ഇത്തരം കുബുദ്ധികള്‍ കാണിക്കുന്നതെന്ന് അന്വേഷണസംഘം. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷയില്‍ ഉള്‍പ്പെടെ കരീം കൃത്രിമം കാണിച്ചിട്ടുള്ളതായാണ് അന്വേഷണ സംഘം സൂചനകള്‍ നല്‍കുന്നതെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരള പി എസ് സി, യുപിഎസ്‌സി പ്രിലിമനറി പരീക്ഷ, ഐസ്ആര്‍ഒ നടത്തിയ പരീക്ഷ എന്നിവയില്‍ സഫീര്‍ കരീം ഹൈടെക് വിദ്യ ഉപയോഗിച്ച് കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

സഫീറിന്റെ ഭാര്യ ജോയ്‌സി ജോയ്‌സിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഡിസിപി പി. അരവിന്ദന്റെ നേതൃത്വത്തില്‍ എത്തിയ ചെന്നൈ പൊലീസ് സംഘം ഹൈദരാബാദിലെ അശോക് നഗറിലുള്ള എക്‌സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലാ എക്‌സലന്‍സ് ഐഎഎസ് അകാദമിയില്‍ നടത്തിയ പരിശോധനയിലാണ് സഫീറിന്റെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. സഫീറിന്റെ സുഹൃത്ത് ഡോ. രാംബാബു നടത്തുന്ന ഈ കോച്ചിംഗ് അകാദമിയില്‍ ഇരുന്നാണ് ചെന്നൈയില്‍ പരീക്ഷയെഴുതിയ സഫീറിന് ജോയ്‌സി ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നത്. നെഞ്ചില്‍ ഘടിപ്പിച്ച മൈക്രോ കാമറയില്‍ ചോദ്യങ്ങള്‍ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവ് വഴി ഹൈദരാബാദിലുള്ള ജോയ്‌സിയുടെ മുന്നിലെ ലാപ്‌ടോപ്പില്‍ എത്തും. ഇതിനുള്ള ഉത്തരങ്ങള്‍ ജോയ്‌സി പറയുന്നത് ബ്ലൂടൂത്ത് വഴി സഫീറിന്റെ ചെവിയില്‍ എത്തും. ഐബി ഉദ്യോഗസ്ഥരുടെ പിടി വീഴുംവരെ ഇങ്ങനെയായിരുന്നു ഹൈടെക് കോപ്പിയടി നടന്നു പോന്നിരുന്നത്.

ഐപിഎസുകാരന്റെ ക്രിമിനല്‍ ബുദ്ധി ആദ്യം തുണച്ചു, പിന്നെ ചതിച്ചു; മോഹിച്ചതിനൊപ്പം നേടിയതും നഷ്ടപ്പെടുന്ന അവസ്ഥയില്‍ സഫീര്‍ കരീം

ജോയ്‌സിയുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പ്, ഐഫോണ്‍ ഐപാഡ് എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. ജോയ്‌സിയുടെ ലാപ്‌ടോപ്പില്‍ നിന്നും സഫീര്‍ അയച്ചുകൊടുത്ത യുപിഎസ്‌സി മെയിന്‍ എക്‌സാമിന്റെ ചോദ്യ പേപ്പര്‍ കണ്ടെത്തി. ഇവ കൂടാതെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍, ഐഎസ്ആര്‍ഒ നടത്തിയ യുഡി ക്ലാര്‍ക്ക് പരീക്ഷ,യുപിഎസ് സി പ്രിലിമനറി പരീക്ഷ എന്നിവയുടെ ചോദ്യ പേപ്പറുകളും കണ്ടെത്തിയെന്നു അന്വേഷണ സംഘം വെളിപ്പെടുത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സഫീറിന്റെ സഹോദരി ഈ വര്‍ഷം നടന്ന ഐഎസ്ആര്‍ഒ പരീക്ഷയില്‍ പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ചോദ്യ പേപ്പറിന്റെ ഫോട്ടോ പകര്‍ത്തി ഗൂഗിള്‍ ഡ്രൈവ് വഴി അയച്ചുകൊടുക്കുന്നതായിരുന്നു സഫീറിന്റെ ബുദ്ധിയെന്നതിനാല്‍ ഗൂഗിളുമായി ബന്ധപ്പെട്ട് ഇയാളുടെ തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നു കണ്ടെത്താനുള്ള വഴിയും അന്വേഷസംഘം ആലോചിക്കുന്നുണ്ട്.

മൈക്രോ കാമറ, ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത്; സഫീര്‍ കരിം നടത്തിയത് ഹൈടെക് കോപ്പിയടി

സഫീറിന്റെ ഭാര്യ ജോയ്‌സിയെ പൊലീസ് എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കി. ഇവരെയിപ്പോള്‍ ചെന്നൈയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സഫീറിനെയും ജോയ്‌സിയേയും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി വിട്ടുകിട്ടാന്‍ പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം തട്ടിപ്പിനു കൂട്ടുനിന്നതായി സംശയിക്കുന്ന രാംബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെളിവുകള്‍ ഇയാള്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നും ഡിസിപി അരവിന്ദന്‍ പറയുന്നു. ജോയ്‌സിക്കൊപ്പം രാംബാബുവിനെയും ഹൈദരാബാദില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ചെന്നൈയില്‍ കൊണ്ടുവന്നു ചോദ്യം ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍