UPDATES

ട്രെന്‍ഡിങ്ങ്

“ഒരു മണൽതരി മാത്രം തിരിച്ചു കൊടുക്കുന്നു”; കോളേജ് അധ്യാപകരുടെ സാലറി ചലഞ്ച് വിസമ്മതത്തെ വിമര്‍ശിച്ച് മൈന ഉമൈബാന്‍

നമ്മൾ നൽകുന്നത് ശരിയായ വിധത്തിൽ സർക്കാർ വിനിയോഗിക്കുമോ എന്ന് ആശങ്കപ്പെടുന്ന പലരെയും കണ്ടു. അതും മുട്ടാപ്പോക്ക് ന്യായമാണെന്ന് ആർക്കാണറിയാത്തത്?

പ്രളയാനന്തരം മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ചിൽ രണ്ടാമതൊന്ന് ആലോചിക്കാതെ പങ്കെടുത്ത ആളാണ് താനെന്ന് കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ മൈന ഉമൈബാൻ. “ഒരു മടിയും കൂടാതെ സാലറി ചാലഞ്ചിൽ പങ്കെടുത്ത ആളാണ് ഞാൻ -കൂട്ടുകാരൻ സുനിലും. വേണോ എന്ന ആലോചന പോലുമുണ്ടായിട്ടില്ല. ബാധ്യതകൾ ഇല്ലാഞ്ഞിട്ടല്ല.” മൈന തൻറെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സാലറി ചലഞ്ചിൽ 82 ശതമാനം എയ്‌ഡഡ്‌ കോളേജ് അധ്യാപകരും പങ്കെടുത്തില്ലെന്ന വാർത്ത പുറത്തു വന്നത്, തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ ഇതിനെതിരെ നിശിതമായ വിമർശനം ഉന്നയിച്ചിരുന്നു. ‘അറ്റകൈക്ക് ഉപ്പു തേക്കാത്ത എന്റെ വർഗത്തെ ഓർത്ത് ലജ്ജിക്കുന്നു’ എന്നായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം. ഈ അവസരത്തിലാണ് മൈന ഉമൈബാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

“ശമ്പളം തരുന്ന സംവിധാനത്തോട് പ്രത്യേകിച്ച് ജനങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ആ ബോധ്യത്തിലാണ് ഞാനെന്റെ ധർമ്മം നിർവ്വഹിച്ചത്.” മൈന ഉമൈബാൻ പറഞ്ഞു.

കേരളം പ്രതിസന്ധി ഘട്ടത്തിൽ നില്ക്കുമ്പോൾ തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതിൽ നിന്ന്, ജീവിതാവസാനം വരെ തന്നേക്കാവുന്നതിൽ നിന്ന് ഒരു മണൽതരി മാത്രം തിരിച്ചു കൊടുക്കുന്നു. അതിൽ സന്തോഷവും, സംതൃപ്തിയുമുണ്ടെന്നറിയിച്ചു കൊണ്ട് അവർ തന്റെ കുറിപ്പിന് വിരാമമിട്ടു.

സമകാലിക മലയാള സാഹിത്യം കണ്ട ശ്രദ്ധേയയായ എഴുത്തുകാരികളിൽ ഒരാളാണ് മൈന ഉമൈബാന്‍.പുതുതലമുറ വായനക്കാര്‍ക്ക് അച്ചടി മാധ്യമമെന്നോ ഇന്റര്‍നെറ്റെന്നോ ഭേദമില്ലാതെ സുപരിചിതയായ എഴുത്തുകാരി. മാതൃഭൂമി നോവല്‍ മത്സരത്തില്‍ പ്രോത്സാഹാനസമ്മാനം നേടിയ ചന്ദനഗ്രാമം, വിഷചികിത്സ, അങ്കണം സാഹിത്യ പുരസ്കാരം നേടിയ ആത്മദംശനം, പെണ്‍നോട്ടങ്ങള്‍. തുടങ്ങിയവ പ്രധാന കൃതികളാണ്.

മൈന ഉമൈബ- ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

ഒരു മടിയും കൂടാതെ സാലറി ചാലഞ്ചിൽ പങ്കെടുത്ത ആളാണ് ഞാൻ -കൂട്ടുകാരൻ സുനിലും. വേണോ എന്ന ആലോചനപോലുമുണ്ടായിട്ടില്ല.ബാധ്യതകൾ ഇല്ലാഞ്ഞിട്ടല്ല. അതെല്ലാം ഞാനുണ്ടാക്കി വെച്ചതാണ്. സ്വന്തം ആവശ്യങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കു വേണ്ടിയോ ഉണ്ടാക്കിയ ബാധ്യതകൾ. പക്ഷേ, അതൊക്കെ ന്യായമായി പറഞ്ഞ് മാറി നില്ക്കാമായിരുന്നു. എന്നാൽ, ശമ്പളം തരുന്ന സംവിധാനത്തോട് പ്രത്യേകിച്ച് ജനങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ആ ബോധ്യത്തിലാണ് ഞാനെന്റെ ധർമ്മം നിർവ്വഹിച്ചത്.

വലതുകൈ കൊണ്ട് നൽകുന്നത് ഇടതുകൈ അറിയരുത് എന്നതാണ് ശീലം. പക്ഷേ, ഈ അവസരത്തിൽ പറയാതിരിക്കുന്നത് ശരിയല്ല എന്നും തിരിച്ചറിയുന്നു.

നമ്മൾ നൽകുന്നത് ശരിയായ വിധത്തിൽ സർക്കാർ വിനിയോഗിക്കുമോ എന്ന് ആശങ്കപ്പെടുന്ന പലരെയും കണ്ടു. അതും മുട്ടാപ്പോക്ക് ന്യായമാണെന്ന് ആർക്കാണറിയാത്തത്?
സർവ്വ ജീവനക്കാരും ശരിയായ വിധത്തിൽ ജോലിയെടുക്കുന്നുണ്ട് എന്നുറപ്പു വരുത്തിയിട്ടല്ല സർക്കാർ എല്ലാമാസവും കൃത്യമായി ശമ്പളം തരുന്നത്. ജോലിയെടുക്കുന്നതു പോകട്ടെ, ഞാനാ പണം കള്ളു കുടിച്ചും കഞ്ചാവടിച്ചും മറ്റു പല വിധത്തിലും ദുർവിനിയോഗം ചെയ്യുകയാണോ എന്ന് അന്വേഷിച്ചതായും അറിവില്ല.

ജീവിക്കുന്ന ചുറ്റുപാട് എന്റേതു കൂടിയാണ്. ദുരന്തമുഖത്ത് പുറം തിരിഞ്ഞു നില്ക്കുന്നതല്ല നിലപാട്. പ്രശ്നങ്ങളും ബാധ്യതകളുമില്ലാത്തവർ കുറവാണ്. പക്ഷേ, സ്വന്തം വീട്ടിലായിരുന്നു ഒരു പ്രശ്നമുണ്ടാകുന്നത് എങ്കിൽ എവിടെ നിന്നും പണമുണ്ടാക്കുമായിരുന്നു എന്നതല്ലേ സത്യം.
സമൂഹം എന്ന് ചിന്തിക്കുന്നേയില്ല പലരും. ഓരോരുത്തരുടേയും നിലനില്പിന് ആരോഗ്യകരമായ സമൂഹവും വേണം എന്നു മറന്നു പോരുന്നു. അവിടെ അവരവർ മാത്രമാകുന്നു.
നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് നമ്മുടെ കഴിവും മേന്മയും കൊണ്ടുമല്ല, സർവ്വതിന്റേയും ഉടമ നമ്മളല്ല എന്നും ഓർക്കേണ്ടതുണ്ട്.

കേരളം പ്രതിസന്ധി ഘട്ടത്തിൽ നില്ക്കുമ്പോൾ എനിക്കു തന്നുകൊണ്ടിരിക്കുന്നതിൽ നിന്ന്, ജീവിതാവസാനം വരെ തന്നേക്കാവുന്നതിൽ നിന്ന് ഒരു മണൽതരി മാത്രം തിരിച്ചു കൊടുക്കുന്നു. അതിനെനിക്ക് സാധിച്ചല്ലോ എന്ന സന്തോഷത്തോടെയും സംതൃപ്തിയോടെയും.

‘അറ്റകൈക്ക് ഉപ്പു തേക്കാത്ത എന്റെ വർഗത്തെ ഓർത്ത് ലജ്ജിക്കുന്നു’;സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത എയ്‌ഡഡ്‌ കോളേജ് അധ്യാപകർക്കെതിരെ ഡോ: കെടി ജലീൽ

‘ഹൃദയശൂന്യരാ’യ കോളേജ് അധ്യാപകര്‍ പ്രതികരിക്കുന്നു; കഴിഞ്ഞ 12 വര്‍ഷമായി ശമ്പളം പരിഷ്ക്കരിച്ചിട്ടില്ലെന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍