UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷിന് നേരെ ഉപയോഗിച്ചത് കല്‍ബുര്‍ഗിയെ വധിക്കാനുപയോഗിച്ച അതേ തോക്ക്

7.65 എംഎം നാടന്‍ തോക്കാണ് ഇരു കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ചത് എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ച അതേതരം തോക്കെന്ന് ഫോറന്‍സിക് പരിശോധനയില്‍ നിഗമനം. കൊലപാതക സ്ഥലത്ത് നിന്ന് കണ്ടെടുത്ത ബുള്ളറ്റുകളും കാട്രിഡ്ജുകളും പരിശോധിച്ചതിലൂടെയാണ് ഇത്തരമൊരു പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. 7.65 എംഎം നാടന്‍ തോക്കാണ് ഇരു കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

2015ല്‍ ഗോവിന്ദ് പന്‍സാരെയുടേയും കല്‍ബുര്‍ഗിയുടേയും കൊലപാതകങ്ങള്‍ക്ക് ശേഷം ഈ രണ്ട് കൊലപാതകങ്ങളിലും ഉപയോഗിച്ച ബുള്ളറ്റുകളും കാട്രിഡ്ജുകളും കര്‍ണാടക സിഐഡി താരതമ്യപ്പെടുത്തിയിരുന്നു. ഒരേതരം തോക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. പന്‍സാരെക്ക് ഭാര്യക്കും നേരെ വെടിയുതിര്‍ക്കാന്‍ അക്രമികള്‍ ഉപയോഗിച്ച രണ്ട് തോക്കുകളില്‍ ഒന്നാണ് കല്‍ബുര്‍ഗിയെ വധിച്ചതെന്നാണ് ഫോറന്‍സിക് പരിശോധനയിലൂടെ ലഭ്യമായ വിവരം. പന്‍സാരെ കേസിലെ രണ്ടാമത്തെ തോക്കാണ് 2013ല്‍ നരേന്ദ്ര ധബോല്‍ക്കറെ വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

കല്‍ബുര്‍ഗിയുടെ കൊലയാളികളെ കണ്ടെത്താന്‍ കര്‍ണാടക സിഐഡിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ധബോല്‍ക്കറുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐയുമായും പന്‍സാരെ വധം അന്വേഷിക്കുന്ന മഹാരാഷ്ട്ര എസ്‌ഐടിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സിഐഡി ശ്രമിക്കുന്നുണ്ട്. ധബോല്‍ക്കറുടേയും പന്‍സാരെയുടേയും കൊലപാതങ്ങളില്‍ ഹിന്ദുത്വ തീവ്രവാദി സംഘടനയായ സനാതന്‍ സന്‍സ്ഥയെയാണ് സിബിഐയും എസ്‌ഐടിയും സംശയിക്കുന്നത്.

ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2016 ജനുവരി ഏഴിന് കര്‍ണാടക പൊലീസ്, കല്‍ബുര്‍ഗി കേസിലെ ഫോറന്‍സിക് പരിശോധനാ വിവരങ്ങള്‍ സിബിഐയ്ക്കും മഹാരാഷ്ട്ര എസ്‌ഐടിക്കും കൈമാറിയിരുന്നു. 2016 ഫെബ്രുവരി 17ന് സിബിഐ, മഹാരാഷ്ട്ര എസ്‌ഐടി, കര്‍ണാടക സിഐഡി എന്നിവരുടെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് മൂന്ന് കേസുകളും സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. കര്‍ണാടക ഫോറന്‍സിക് ലാബിന്റെ കണ്ടെത്തല്‍ സ്‌കോട്‌ലന്‍ഡ് യാഡിനെക്കൊണ്ട് കൂടി പരിശോധിപ്പിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. സ്‌കോട്‌ലാന്‍ഡ് യാഡ് ഈ മൂന്ന് കേസുകളിലേയും ഫോറന്‍സിക് പരിശോധനാ ഫലം ശരിവയ്ക്കുകയാണ് ചെയ്തത്. അതേസമയം വ്യക്തമായ കരാറിന്റെ അഭാവത്തില്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് ലാബും കര്‍ണാടക ലാബിന്റെ കണ്ടെത്തല്‍ ശരി വച്ചു. സ്‌കോട്‌ലാന്‍ഡ് യാര്‍ഡിന്റെ റിപ്പോര്‍ട്ട് സിബിഐ ഹാജരാക്കിയിട്ടില്ലെന്ന് ജനുവരി 20ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഗുജറാത്ത് ലാബിന്റെ പരിശോധനാഫലം അംഗീകരിച്ച കോടതി ധബോല്‍കര്‍ കേസില്‍ ഇത് തെളിവായി ഉപയോഗിക്കാന്‍ സിബിഐയെ അനുവദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍