UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലീം ലീഗിനെ ‘മുല്ലാ’ ലീഗ് ആക്കരുത്; യുവാക്കള്‍ക്കെതിരെ വാളെടുത്ത് ‘സമസ്ത’; നേതൃത്വം മൌനത്തില്‍

എം എസ് എഫ് കമ്മിറ്റികളില്‍ പെണ്‍കുട്ടികള്‍ക്ക് ഇടം നല്‍കിയതും, ‘ഹരിത’ എന്ന വിദ്യാര്‍ഥിനി വിങ്ങിനു രൂപം നല്‍കിയതും പിന്തിരിപ്പന്‍ ശക്തികളെ വല്ലാതെ പ്രകോപിപ്പിച്ചു

മലബാര്‍ മുസ്‌ലിംകളുടെ സാമൂഹ്യ വളര്‍ച്ചയോടൊപ്പം നിന്നാണ് മുസ്ലിം ലീഗ് ശക്തി പ്രാപിച്ചത്. വിദ്യാഭ്യാസ പുരോഗതിയിലും സാമ്പത്തിക വളര്‍ച്ചയിലും ലീഗിന്റെ അധികാര പങ്കാളിത്തം മലബാര്‍ മുസ്ലിംകള്‍ക്ക് ശക്തമായ പിന്‍ബലമേകിയതിനു നിരവധി തെളിവുകളുണ്ട്. പട്ടിണിയും, നിരക്ഷരതയും പ്രധാന വെല്ലുവിളി ആയിരുന്ന ഒരു സമൂഹത്തില്‍ സാമൂഹ്യ ശാക്തീകരണത്തെ കുറിച്ചും, വനിതാ മുന്നേറ്റത്തെ കുറിച്ചുമുള്ള ചര്‍ച്ച അപ്രസക്തമാണ്. പട്ടിണി അദൃശ്യമാകുകയും ഓരോ പഞ്ചായത്തിലും ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ സാധ്യമാകുകയും, സര്‍ക്കാര്‍ – സ്വാശ്രയ മേഖലകളിലായി ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്ത സാഹചര്യത്തില്‍ ബഹുമുഖതലത്തില്‍ സമുദായത്തെ മുന്നോട്ട് നയിക്കേണ്ടി വരും. ഈ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്ന മുസ്ലിം ലീഗിലെ യുവ നേതൃത്വത്തിനെതിരെയാണ് ‘സമസ്ത’ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.

‘സമസ്ത’ സുന്നി വിഭാഗത്തിന്റെ പ്രധാന സംഘടനയാണ്. കെ എം ഷാജിയും, ഡോ.എം കെ മുനീറുമായിരുന്നു നേരത്തെ സമസ്തയുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. കെ എം ഷാജി ‘ബാലന്‍സ് ഷീറ്റ്’ എന്ന രാഷ്ട്രീയ ഡോക്യുമെന്ററി നിര്‍മ്മിച്ചതോടെയാണ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തുവന്നത്. 2011 ല്‍ എം എസ് എഫ് സംസ്ഥാന കോണ്‍ഫറന്‍സില്‍ പെണ്‍കുട്ടികള്‍ക്ക് വേദിയിലും, സദസ്സിലും പ്രാതിനിധ്യം നല്‍കിയതോടെ സമസ്തയിലെ യുവനിരയുടെ മുഖ്യശത്രു പട്ടികയില്‍ പി.കെ. ഫിറോസിനും, ടി.പി അശ്‌റഫലിക്കും ഇടം ലഭിച്ചു.

എം എസ് എഫ് കമ്മിറ്റികളില്‍ പെണ്‍കുട്ടികള്‍ക്ക് ഇടം നല്‍കിയതും, ‘ഹരിത’ എന്ന വിദ്യാര്‍ഥിനി വിങ്ങിനു രൂപം നല്‍കിയതും പിന്തിരിപ്പന്‍ ശക്തികളെ വല്ലാതെ പ്രകോപിപ്പിച്ചു. വിവാഹപ്രായം 18 ആണെന്ന രാജ്യത്തെ നിയമം ശരീഅത്ത് വിരുദ്ധമാണെന്ന തരത്തില്‍ കുപ്രചാരണങ്ങള്‍ക്ക് ഒരു വിഭാഗം മത പണ്ഡിതര്‍ രംഗത്തു വന്നപ്പോള്‍ അതിനോടൊപ്പം എം എസ് എഫ് നിന്നില്ല. പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 ആണെന്ന നിലപാടില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് എം എസ് എഫ് പ്രഖ്യാപിച്ചു. കേരളത്തിലെ മുസ്ലിം സാമൂഹ്യ ജീവിതത്തില്‍ വിപ്ലവകരമായ ചര്‍ച്ചകള്‍ക്കാണ് ആ വിവാദം (2013) തുടക്കം കുറിച്ചത്. 2010 ന് മുമ്പ് മുസ്ലിം പെണ്‍കുട്ടികളുടെ ശരാശരി വിവാഹപ്രായം പതിനാറര വയസ്സ് ആയിരുന്നു. ഇപ്പോള്‍ അത് 18 ന് മുകളിലാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളെക്കാള്‍ മുന്നിലാണ് പെണ്‍കുട്ടികള്‍. വിപ്ലവകരമായ വളര്‍ച്ചയാണ് സമുദായത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും രാഷ്ട്രീയ രംഗത്തും പെണ്‍കുട്ടികളുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. ഈയൊരു സാമൂഹ്യ വളര്‍ച്ചക്ക് പിന്തുണ നല്‍കിയവരെന്ന നിലയിലാണ് പി.കെ ഫിറോസും, ടി.പി അശ്‌റഫലിയും യാഥാസ്ഥിതിക മത പൗരോഹിത്യത്തിന്റെ ശത്രുക്കളായി തീരുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി നേരിട്ട വെല്ലുവിളികള്‍ക്ക് സമാനമായ തരത്തില്‍ എതിര്‍പ്പ് നേരിടുകയാണ് ഫിറോസ് ഇന്ന്.

മതേതര പുരോഗമന സ്വഭാവമുള്ള യുവ നേതാക്കള്‍ പാര്‍ട്ടിക്കകത്തെയും, പുറത്തെയും പിന്തിരിപ്പന്‍ ശക്തികളില്‍ നിന്ന് വെല്ലുവിളി നേരിട്ടപ്പോള്‍ മൗനം പാലിച്ചു നിന്ന മുസ്ലീം ലീഗ് നേതൃത്വം വലിയ വില നല്‍കേണ്ടി വരും. പാര്‍ട്ടിയോട് മുല്ലാമാര്‍ക്ക് എങ്ങനെയും പെരുമാറാം എന്ന ആത്മവിശ്വാസം പാര്‍ട്ടിയുടെ മൗനം കാരണം ഉണ്ടായിരിക്കുന്നു. അങ്ങനെയാണ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ക്കെതിരെ വരെ ഇക്കൂട്ടര്‍ക്ക് രംഗത്ത് വരാന്‍ ധൈര്യം കിട്ടിയത്.

ഈ മൌനം തുടര്‍ന്നാല്‍ സ്ത്രീവിരുദ്ധമായ, യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ലാതെ, മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത പ്രതിലോമ സംഘമായി ലീഗിന് ചുരുങ്ങേണ്ടി വരും. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ നാശമായിരിക്കും. മുല്ലാ ലീഗിനെ സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ നിവര്‍ന്നു നിന്ന് പ്രതിരോധിക്കാന്‍ ലീഗിനകത്ത് ഒരു ചെറു സംഘമെങ്കിലും അവശേഷിക്കേണ്ടത് മുസ്ലീം ലീഗിന്റെ മാത്രമല്ല മതേതര സമൂഹത്തിന്റെ കൂടി ആവശ്യമാണ്. .

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ടി. റിയാസ് മോന്‍

ടി. റിയാസ് മോന്‍

എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍