UPDATES

‘എന്റെ കുഞ്ഞിന് പെന്‍സില്‍ വാങ്ങണമെങ്കില്‍ ബന്ധുക്കളുടെ അടുത്ത് കൈനീട്ടണം’; ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ടു കൊന്ന സനല്‍കുമാറിന്റെ ഭാര്യ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍

26 വയസുകാരിയായ വിധവയായ വിജി, നാലും മൂന്നും വയസുള്ള മക്കള്‍, ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട അസുഖബാധിതയായ അമ്മ, ജപ്തിഭീഷണിയിലായ വീട്, 35 ലക്ഷത്തോളം കടം ഇതാണ് സനലിന്റെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ.

കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ പോലീസുമായുണ്ടായ ചെറിയ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറും സനലും തമ്മില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കം സനലിന്റെ മരണത്തിലാണ് കലാശിച്ചത്. വാക്ക് തര്‍ക്കത്തിനിടെ സനലിനെ ഹരികുമാര്‍ പിടിച്ച് തള്ളുകയും മറ്റൊരു വാഹനത്തിന് മുന്നിലേക്ക് വീണ് പരിക്കേറ്റ സനല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. സനലിന്റെ മരണത്തെ തുടര്‍ന്ന് ഒളിവിൽ പോയ ഡിവൈഎസ്പി ഹരികുമാര്‍ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

സനലിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും ലഭിച്ചില്ല എന്ന സാഹചര്യത്തിലാണ് വയസായ ഭര്‍തൃ മാതാവും നാലും മൂന്നും വയസുള്ള കുഞ്ഞുകുട്ടികളുമായി വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ റിലേ സമരത്തിനിറങ്ങിയത്. ‘ചേട്ടന്‍ മരിച്ച സമയത്ത് മന്ത്രിമാരൊക്കെ എത്തി ജോലി തരാമെന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് എന്റെ കുഞ്ഞിന് പെന്‍സില്‍ വാങ്ങണമെങ്കില്‍ ബന്ധുക്കളുടെ അടുത്ത് കൈനീട്ടണം. ചേട്ടനായിരുന്നു ഞങ്ങള്‍ നാല് പേരുടെയും ആശ്രയം.’ വിജി പറയുന്നു.

നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍ പ്ലംബിങ്, ഇലക്ട്രിക് പണികള്‍ക്കാണ് പോയിക്കൊണ്ടിരുന്നത്. അച്ഛന്റെ മരണശേഷം കടബാധ്യതയിലായ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനല്‍. സനലിന്റെ വിയോഗം കുടുംബത്തെ വീണ്ടും ദുരിതത്തിലേക്ക് തളളി വിട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇന്നും വീട്ടുസാധനങ്ങള്‍ വാങ്ങി തിരികെ എത്താമെന്ന് പറഞ്ഞു പോയ ഭര്‍ത്താവിന്റെ ഓര്‍മയിലാണ് വിജിയുള്ളത്.

‘അന്ന് രാവിലെ ജോലിക്ക് പോയിട്ട് വൈകുന്നേരം 5.30തിന് ചേട്ടന്‍ വന്നു. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒരുമിച്ച് പുറത്തു പോകാന്‍ നില്‍ക്കുവായിരുന്നു ഞങ്ങള്‍. ചേട്ടന്‍ കുളിച്ച് റെഡിയായി വന്നപ്പോള്‍ പ്ലംബിങ് വര്‍ക്കിന് ആരോ വിളിച്ചു. അപ്പോള്‍ ചേട്ടന്‍ എന്നോട് പറഞ്ഞു നീ വരണ്ട, വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തന്നാല്‍ മതി ഞാന്‍ വരുമ്പോള്‍ വാങ്ങി വരാമെന്ന് പറഞ്ഞു. ഒമ്പത് മണിയൊക്കെ ആയപ്പോള്‍ ഞാന്‍ ചേട്ടനെ വിളിച്ചു. രാത്രിയിലേക്ക് ആഹാരം വാങ്ങിയിട്ട് വരമാമെന്നാണ് അപ്പോള്‍ ചേട്ടന്‍ പറഞ്ഞത്. ഒമ്പത് മണിക്ക് ശേഷം വിളിച്ചിട്ടൊന്നും ഫോണ്‍ എടുക്കുന്നില്ലായിരുന്നു. കാറിനുള്ളില്‍ ഫോണ്‍ വെച്ചിട്ട് കൂട്ടുകാരോടൊപ്പം സംസാരിച്ച് നില്‍ക്കുവായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പത്തേ മുക്കാലൊക്കെ ആയപ്പോള്‍ വീട്ടിനടുത്തുള്ള ഒരു ചേച്ചി വന്ന് പറഞ്ഞു സനലിന് എന്തോപറ്റി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുവാണെന്ന്. ഉടനെ പണിക്ക് പോയ വീട്ടിലേക്ക് ഞാന്‍ വിളിച്ചു. അവര്‍ പറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പ് പണി കഴിഞ്ഞ് പോയി എന്നാണ്. പിന്നീട് ഞാന്‍ എന്റെ വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. പപ്പയും അനിയനും നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജില്‍ അവര്‍ എത്തിയപ്പോഴേക്കും ചേട്ടന്‍ മരിച്ചു കഴിഞ്ഞു. അടുത്ത ദിവസം രാവിലെയാണ് ഞാന്‍ ചേട്ടന്‍ മരിച്ചുവെന്ന വിവരം അറിയുന്നത്. അപകടം പറ്റിയെന്നാണ് ആദ്യം അറിഞ്ഞത്. പക്ഷേ പിന്നീടാണ് പോലീസിന്റെ കൈയില്‍ നിന്ന് പറ്റിയതാണെന്ന് അറിഞ്ഞത്.’ വിജി ഓര്‍ത്തു. നവംബര്‍ അഞ്ചിനുണ്ടായ സംഭവങ്ങളുടെ യഥാർത്ഥ ചിത്രമൊന്നും വിജിക്ക് ഇന്നും അറിയില്ല. സനലിന്റെ കൂട്ടുകാരാണ് വിജിയോട് നടന്നതെന്താണെന്ന് അറിയിച്ചത്.

26 വയസുകാരിയായ വിധവയായ വിജി, നാലും മൂന്നും വയസുള്ള മക്കള്‍, ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട അസുഖബാധിതയായ അമ്മ, ജപ്തിഭാഷണിയിലായ വീട്, 35 ലക്ഷത്തോളം കടം ഇതാണ് സനലിന്റെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് കഴിഞ്ഞ ഒരു മാസനമായി ഇവരുടെ ജീവിതം കഴിഞ്ഞു പോകുന്നത്.

ഒന്നര വര്‍ഷം മുമ്പ് കടബാധ്യത കാരണം സനലിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ഗവര്‍ണമെന്റ് പ്രസിലെ ചുമട്ടുതൊഴിലാളിയായിരുന്ന സനലിന്റെ അച്ഛന്‍ വീട് വെക്കാനും മക്കളുടെ കല്യാണത്തിനും കൃഷിക്കുമൊക്കെയായി ലോണ്‍ എടുത്തിരുന്നു. ഹൃദയാഘാതം കൂടി സംഭവിച്ചപ്പോള്‍ കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലെന്ന് വിചാരിച്ച് വിഷം കഴിച്ചാണ് സനലിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തത്.

‘പെന്‍ഷന്‍ ആകുന്നതിന്റെ അന്നാണ് ആത്മഹത്യ ചെയ്യുന്നത്. ഇപ്പോള്‍ മരിച്ചിട്ട് ഒരു വര്‍ഷവും നാല് മാസവുമായി. 35 ലക്ഷത്തോളം കടമുണ്ടായിരുന്നു. മകനാണ് കടം വീട്ടികൊണ്ടിരുന്നത്. വീട് വെക്കാനും മകളുടെ കല്യാണത്തിനുമൊക്കെയായി പത്ത് ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് ലോണെടുത്തിരുന്നു. പെന്‍ഷന്‍ ആകുന്നതിന് മുമ്പ് ഹൃദയാഘാതം ഉണ്ടായി. ബ്ലോക്ക് ഉള്ളത് കൊണ്ട് ഇനിയും ചികില്‍സ വേണമായിരുന്നു. ഇനി ഒരു വഴിയുമില്ല എന്ന് കണ്ടാണ് സനലിന്റ് അച്ഛന്‍ ആത്മഹത്യ ചെയ്തത്.’

സനലിന്റെ അച്ഛന്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ തുക പോലും ഇവര്‍ക്ക് ലഭ്യമായിട്ടില്ല എന്ന് സനലിന്റെ അമ്മ പറയുന്നു. ‘രണ്ട് പ്രാവശ്യമായി പെന്‍ഷന്‍ ലഭ്യമാക്കണമെന്നുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ആ കാശ് കിട്ടിയെങ്കില്‍ കുറച്ച് കടമെങ്കിലും തീര്‍ക്കാമായിരുന്നു. എനിക്ക് 56 വയസായി. ഷുഗറും പ്രഷറുമുണ്ട്. ഈ ആരോഗ്യം വെച്ച് കൊണ്ട് ജോലിക്കൊന്നും പോകാന്‍ പറ്റില്ല. പിന്നെ എങ്ങനെ എന്റെ കൊച്ചുമക്കളെ നോക്കും?’ സനലിന്റെ അമ്മ ചോദിക്കുന്നു.

‘സനലിന്റെ കുടുംബം അതിഭയങ്കരമായ കടബാധ്യതയിലാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു വീഴ്ച സംഭവിച്ച സ്ഥിതിക്ക് സര്‍ക്കാരിന്റെ കടമയാണ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നത്. 26 വയസുള്ള വിജിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കി ഒരു ജോലി നല്‍കേണ്ടതാണ്. രണ്ട് മക്കളെയും ഭര്‍ത്താവിന്റെ അസുഖബാധിതയായ അമ്മയെയും കൊണ്ട് സെക്രട്ടറിയേറ്റില്‍ വിജിക്ക് യാചിക്കേണ്ടി വരുന്നത് നീതിയാണോ’ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സനല്‍ കുളത്തിങ്കല്‍ ചോദിക്കുന്നു.

പ്ലസ് ടു വരെ പഠിച്ച വിജിക്ക് ജോലിയും സ്ഥിരവരുമാനവുമാണ് ഇപ്പോള്‍ വേണ്ടത്. സര്‍ക്കാരില്‍ നീതി ലഭിക്കും വരെ സമരമിരിക്കാനാണ് തീരുമാനമെന്നും നീതി വൈകുന്ന സാഹചര്യത്തില്‍ റിലേ സമരം നിരാഹാര സമരമായി മാറ്റുമെന്നും വിജി അറിയിച്ചു. മൂന്ന് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കുന്ന വിജിയെ പ്രതിപക്ഷ നേതാക്കന്മാരായ രമേശ് ചെന്നിത്തല, വി.എം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

‘കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ മനുഷ്യനെയാണ് ആ ഡിവൈഎസ്പി ഹരികുമാര്‍ കൊന്നത്’; നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം അടങ്ങുന്നില്ല; പ്രതി ഒളിവില്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍