UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ പോലീസ് പിടിക്കില്ല, ഭക്തരുടെ തലയില്‍ തേങ്ങയെറിഞ്ഞാല്‍ പിടിച്ചകത്തിടും: സന്ദീപാനന്ദഗിരി

കര്‍ണാടകയിലെ മംഗലാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാനാകാത്ത സാഹചര്യമാണുള്ളതെന്നും പിടിച്ച് ജയിലിലിടുകയാണെന്നും മോദി പറഞ്ഞത്

കേരളത്തില്‍ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ആരെയും പോലീസ് പിടിക്കില്ലെന്നും എന്നാല്‍ ഭക്തരുടെ തലയില്‍ തേങ്ങയെറിഞ്ഞാല്‍ പിടിച്ചകത്തിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി. കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ പി പ്രകാശ് ബാബുവിനെ ജയിലില്‍ അടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞിട്ടാണെന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയാണ് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കര്‍ണാടകയിലെ മംഗലാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാനാകാത്ത സാഹചര്യമാണുള്ളതെന്നും പിടിച്ച് ജയിലിലിടുകയാണെന്നും മോദി പറഞ്ഞത്. ശബരിമലയുടെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ജയിലിലടയ്ക്കും. ഞാന്‍ ഇന്നലെ പോയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ജയിലിലായിരുന്നു. ശബരിമല വിഷയം പറഞ്ഞതിനാണ് ജയിലില്‍ പോകേണ്ടി വന്നത്. അദ്ദേഹം ഇന്നലെയാണ് പുറത്തിറങ്ങിയത്. വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗമാണ് നടക്കുന്നത്. ഇത് ബിജെപി അനുവദിക്കില്ല- എന്നാണ് മോദി പറഞ്ഞത്.

ഏപ്രില്‍ 12ന് മോദി എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോഴിക്കോട് എത്തിയിരുന്നു. ഇവിടെ ശബരിമലയുടെ പേരെടുത്ത് പറയാതിരുന്ന മോദി കര്‍ണാടകയിലും തമിഴ്‌നാട്ടിലും നടന്ന യോഗങ്ങളില്‍ ശബരിമല വിഷയമാക്കുകയും കേരള സര്‍ക്കാരിനെതിരെ വ്യാജ പ്രചണം നടത്തുകയും ചെയ്തു. ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷമുണ്ടായ അക്രമങ്ങളിലാണ് പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയിലെത്തിയ ലളിത എന്ന യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. സ്ഥാനാര്‍ത്ഥിയായതിന് ശേഷം മാര്‍ച്ച് 28ന് കോടതിയില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.

വധശ്രമം, പ്രേരണാക്കുറ്റം, ഗൂഢാലോചനാക്കുറ്റം എന്നിവയാണ് പ്രകാശ് ബാബു അടക്കമുള്ള അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശബരിമല അക്രമങ്ങളുടെ പേരിലുള്ള കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ 23 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ജാമ്യത്തില്‍ പുറത്തിറക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി പ്രഖ്യാപനം നടത്തിയത്.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്. സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ:

പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ…
ഇവിടെ അതായത് കേരളത്തില്‍ നാരായണഗുരുദേവനും,സഹോദരനയ്യപ്പനും,അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റഅഗ്‌നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്.
ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല.
ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും.
അതാണ് സാറെ കേരളം.
ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്.
ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല.
ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും.
ഷിബൂഡാ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍