UPDATES

ട്രെന്‍ഡിങ്ങ്

അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ സംഘപരിവാര്‍ നേതാക്കളും: അഞ്ചുപേര്‍ അറസ്റ്റില്‍

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒന്നിന്റെ അഡ്മിന്‍ 16 വയസ്സുകാരന്‍

ജമ്മു കാശ്മീരിലെ കത്വയില്‍ സംഘപരിവാര്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള അഞ്ച് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഒരാള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായൊന്നും ബന്ധമില്ലെന്നും ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും ബാക്കിയുള്ളവര്‍ വിഎച്ച്പിയുടെ സജീവ പ്രവര്‍ത്തകരാണെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

എസ്പി ദേബേഷ് കുമാര്‍ ബഹ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം കത്വയിലെ പെണ്‍കുട്ടിയെ അപമാനിച്ച് പോസ്റ്റിട്ടതിന് ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. കൂടുതല്‍ അന്വേഷണത്തിന് ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.

വോയിസ് ഓഫ് യൂത്ത് എന്ന വാട്‌സ്ആപ്പിലെ നാല് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇതില്‍ ഒരു ഗ്രൂപ്പിന്റെ അഡ്മിന്‍ മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ്. പ്രയാപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്. ഇയാള്‍ അഡ്മനായ ഗ്രൂപ്പാണ് ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്തത്. അതേസമയം കേസാകുമെന്ന് കണ്ടപ്പോള്‍ മറ്റ് അഡ്മിന്മാര്‍ 16 വയസുകാരനെ അഡ്മിനാക്കി രക്ഷപ്പെടുകയായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ മാത്രം ഇതുവരെ അഞ്ഞൂറോളം പേര്‍ അറസ്റ്റിലായി. ഇതില്‍ 16 പേര്‍ കുട്ടികളാണ്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സന്ദേശം തയ്യാറാക്കിയവര്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. കിളിമാനൂര്‍ സ്വദേശിയാണ് ആദ്യ സന്ദേശം പോസ്റ്റു ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍