UPDATES

ട്രെന്‍ഡിങ്ങ്

ക്ഷേത്രവിഗ്രഹം തകര്‍ത്ത സംഭവം; പ്രതി പിടിയിലായിട്ടും സംഘപരിവാര്‍ പ്രചരണം തുടരുന്നു

തിരുവനന്തപുരം സ്വദേശി രാജാ റാം മോഹന്‍ദാസ് പോറ്റിയാണ് പോലീസ് പിടിയിലായത്

നിലമ്പൂരിലെ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രങ്ങള്‍ തകര്‍ത്തുമായി ബന്ധപ്പെട്ട വിഷയം വര്‍ഗീയമായി ആളിക്കാത്തിക്കാനുള്ള ആദ്യനീക്കം പൊളിഞ്ഞെങ്കിലും ശാന്തമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തെ കലാപപൂരിതമാക്കാന്‍ സംഘപരിവാര്‍ ശ്രമം തുടരുകയാണെന്ന് ആക്ഷേപം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലൂടെ സംഘപരിവാര്‍ പൂക്കോട്ടുംപാടം ക്ഷേത്രവിഷയം മറ്റൊരു തരത്തിലാണ് സജീവമാക്കുന്നത്. പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ പ്രധാനമായത് വിഗ്രഹം തകര്‍ത്ത കേസില്‍ പിടിയിലായ രാജാറാം മോഹന്‍ദാസ് പോറ്റിയുമായി ബന്ധപ്പെട്ടാണ്. ഇയാള്‍ ഇസ്ലാമിലേക്ക് മതം മാറിയ ആളാണെന്നും സിപിഎം പ്രവര്‍ത്തകനുമാണെന്നാണു സംഘപരിവാര്‍ പ്രചാരണം.

ബിജെപി നിലമ്പൂര്‍ മണ്ഡലം എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നത് പ്രതിയായ രാജാറാം മോഹന്‍ദാസ് പോറ്റിയെക്കുറിച്ച് വലിയ ദുരൂഹകള്‍ ഉണ്ടെണെന്നാണ്. തിരുവനന്തപുരം സ്വദേശിയായ ഇയാളുടെ ക്രിമിനല്‍ സ്വഭാവം അറിഞ്ഞുകൊണ്ടു തന്നെ ഒരു മുസ്ലിം സംഘടന ഇയാളെ സ്വീകരിക്കുകയും മതം മാറ്റുകയും ആയിരുന്നുവെന്നും ഈ പോസ്റ്റില്‍ പറയുന്നു. മുസ്ലിം ആയെങ്കിലും ഇപ്പോഴും ഹിന്ദുനാമത്തിലും വേഷത്തിലുമാണ് പോറ്റി നടക്കുന്നതെന്നും ആരോപിക്കുന്നു.

രാജാറാം മോഹന്‍ദാസ് പോറ്റി സിപിഎം അനുഭാവിയാണെന്നും സിപിഎം പ്രവര്‍ത്തകന്‍ ആണെന്നും ബിജെപി ആരോപിക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ വിഗ്രഹം തകര്‍ത്തത് മതതീവ്രവാദ സംഘടനകള്‍ക്കു വേണ്ടിയാണെന്നു കരുതുന്നതായും ബിജെപി നിലമ്പൂര്‍ മണ്ഡലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കുറ്റപ്പെടുത്തുന്നു.

ഇതിനു സമാനമായ പല വ്യക്തിഗത ഫേസ്ബുക്ക് പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയെ പിടികൂടുന്നതിന് മുമ്പായി ഉണ്ണികൃഷ്ണന്‍ കാര്‍ത്തികേയന്‍ എന്ന വ്യക്തി ഈ വിഷയത്തില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത് മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു ശിവലിംഗം നെടുകെ വെട്ടിപ്പിളര്‍ത്തി ശ്രീ കോവില്‍ മലമൂത്ര വിസര്‍ജനം നടത്തി എന്നുമാണ്. മലബാര്‍ മതേതതര ഭീകരവാദികളുടെ പിടിയിലായെന്നും രണ്ടാം മാപ്പിള ലഹളയ്ക്ക് എല്ലാ സ്‌കോപ്പും ഉണ്ടെന്നുമാണ്. ഇയാളുടെ പോസ്റ്റില്‍ ഉള്ള മറ്റൊരു മുന്നറിയിപ്പ് ഇങ്ങനെയാണ്; ഒന്നാം മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായത് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടും ഹിന്ദുക്കള്‍ ജന്തുക്കള്‍ ആയതുകൊണ്ടുമാണ്. രണ്ടാം മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാകണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

മലപ്പുറം മറ്റൊരു കശ്മീരോ, ഇവിടുത്തെ ഹിന്ദുമതം കശ്മീര്‍ പണ്ഡിറ്റുകളോ എന്നു ചോദിച്ചാണ് ബിജെപി മലപ്പുറം എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. ഹിന്ദു ക്ഷേത്രങ്ങള്‍ ഇവിടെ വ്യാപകമായി തകര്‍ക്കപ്പെടുകയാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ശശി നായര്‍ എന്ന വ്യക്തിയുടെ ഒരു ഫേസ്ബുക്ക് കമന്റില്‍ പറയുന്നത് ക്ഷേത്രം തകര്‍ത്ത കേസില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം പിടിയിലായെന്നാണ്. മലപ്പുറത്ത് പൂക്കാട്ടുപാടം വില്ലത്ത് ശിവക്ഷേത്രത്തിനു നേരെ അക്രമണം നടത്തിയത് സിപിഎം അറിവോടെ എന്നും ഇയാള്‍ ആരോപിക്കുന്നു.

വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ വര്‍ഗീയ-രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചരണം ശക്തമാകുന്നതിനു മുന്നേ പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതു വലിയൊരു കാര്യമായാണു കാണുന്നത്. പ്രകോപനപരമായ പോസ്റ്റുകള്‍ ഒരേ കേന്ദ്രത്തില്‍ നിന്നും തുടര്‍ച്ചയായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കേ കൂടുതല്‍ പേരില്‍ സംശയം ഉണ്ടാക്കാന്‍ ഇത് ഇടനല്‍കിയേക്കുമായിരുന്നു. എന്നാല്‍ അതിനു മുന്നേ തന്നെ വിഗ്രഹം തകര്‍ത്തത്ത് അന്യമതത്തില്‍പ്പെട്ട ആളല്ലെന്ന് പൊലീസിനു തെളിയിക്കാന്‍ പറ്റി. ഇതോടെയാണ് പിടിയിലായ പ്രതി ഇസ്ലാമിലേക്ക് മതം മാറിയയാളാണെന്നും സിപിഎം അനുഭാവിയാണെന്നുമുള്ള രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചത്.

പിടിയിലായ രാജാറാം മോഹന്‍ദാസ് പോറ്റി തിരുവനനന്തപുരം കവടിയാര്‍ സ്വദേശിയാണ്. ഇയാള്‍ 14 മത്തെ വയസില്‍ നാടുവിട്ടതാണെന്നും തുടര്‍ന്നു പലയിടങ്ങളിലായി കഴിഞ്ഞെന്നും ഒമ്പതുവര്‍ഷമായി മലപ്പുറത്ത് മമ്പാട് പഞ്ചായത്തിലാണു താമസിക്കുന്നതെന്നും പൊലീസ് നല്‍കുന്ന വിവരം. താന്‍ വിഗ്രഹാരാധനയ്ക്ക് എതിരാണെന്നും അതുകൊണ്ടാണു ക്ഷേത്രത്തില്‍ കയറി വിഗ്രഹം തകര്‍ത്തതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍