UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച ആ വെടിയുണ്ടകള്‍ ഗിരീഷ് കര്‍ണാടിനെയും ഉന്നം വച്ചിരുന്നു

അവരുടെ ഹിറ്റ് ലിസ്റ്റില്‍ ഗൗരി ലങ്കേഷ് രണ്ടാമതായിരുന്നു ഒന്നാമന്‍ ഗിരീഷ് കര്‍ണാടും

ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരിച്ച ഗിരീഷ് കര്‍ണാടിനെ സംഘപരിവാര്‍ അനുകൂലികള്‍ ലക്ഷ്യമിട്ടിരുന്നു. ഒരുപക്ഷെ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് മുമ്പ് പലയാവര്‍ത്തി അവരതിന് ശ്രമിക്കുകയും ചെയ്തിരുന്നിരിക്കാം. കാരണം സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ കൊലയാളികളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാം പേര് ഗിരീഷ് കര്‍ണാടിന്റേതായിരുന്നു. ഗൗരി ലങ്കേഷിന്റെ പേര് രണ്ടാമതായിരുന്നു.

ഗൗരി ലങ്കേഷിന് മുമ്പ് ഇവര്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത് ഗിരിഷ് കര്‍ണാടിനെയാണെന്ന് അന്ന് നടന്ന അന്വേഷണത്തിലും തെളിഞ്ഞിരുന്നു. തങ്ങളുടെ ഹിറ്റ്ലിസ്റ്റിലെ ആദ്യത്തെ പേര് ഗിരിഷ് കര്‍ണാടിന്റേതാണെന്നും രണ്ടാമതാണ് ഗൗരിയുടേതെന്നുമാണ് അന്ന് പിടിയിലായവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എഴുത്തുകാരി ബി ടി ലളിത നായിക്, ആത്മീയാചാര്യനും നിടുമമിദി മഠാധിപതിയുമായ വീരഭദ്ര ചിന്നമല്ല സ്വാമി, സി എസ് ദ്വാരകാനാഥ് എന്നിവരുടെ പേരുകളാണ് ഇവര്‍ക്കൊപ്പം ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ കടുത്ത വിമര്‍ശകരാണ് ഇവരെല്ലാം.

അതേസമയം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം സംഘപരിവാര്‍ വിമര്‍ശകരുടെയെല്ലാം സുരക്ഷ കര്‍ശനമാക്കിയതോടെയാണ് സംഘപരിവാറിന്റെ ഈ ലക്ഷ്യം നടപ്പാകാതെ പോയത്. തങ്ങളുടെ മതത്തെ സംരക്ഷിക്കാനാണ് ഇവരെയെല്ലാം വധിക്കുന്നതെന്നായിരുന്നു ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ പറഞ്ഞത്. കലയിലൂടെ ഏകാധിപത്യ ഭരണത്തെ ചോദ്യം ചെയ്യാനാകുമെന്ന് വ്യക്തമാക്കിയ കലാകാരനും എഴുത്തുകാരനുമാണ് ഗിരീഷ് കര്‍ണാട്.

ഗൗരി ലങ്കേഷിന്റെ മരണത്തിന് ഒരുവര്‍ഷത്തിന് ശേഷമാണ് അര്‍ബന്‍ നക്‌സലുകളെന്ന് മുദ്രകുത്തി മനുഷ്യാവകാശ പ്രവര്‍ത്തകരെ തുറങ്കിലടച്ചിരുന്നു. ഞാനും അര്‍ബന്‍ നക്‌സല്‍ എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയാണ് അന്ന് ഗിരീഷ് കര്‍ണാട് ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് എത്തിയത്. ഹൂബ്ലിയിലെ ഈദ് ഗാഹ് മൈതാനത്തിന്റെ പേരില്‍ ഹിന്ദുവാദികള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചതോടെയാണ് കര്‍ണാട് സംഘപരിവാറിന്റെ ശത്രുപ്പട്ടികയില്‍ ഇടംപിടിച്ചത്. മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് വി എസ് നയ്‌പോളിന് മുംബൈ ടാറ്റ ലിറ്റററി ഫെസ്റ്റിവലില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കിയതും അതേസമ്മേളനത്തില്‍ വച്ച് തന്നെ കര്‍ണാട് അതിനെ ചോദ്യം ചെയ്തു. തന്റെ ജീവിതവും നാടകവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനെത്തിയ കര്‍ണാട് അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ നയ്‌പോളിന്റെ നിലപാടുകളും ഈ അവാര്‍ഡ് സ്വീകരിക്കാനുള്ള യോഗ്യതയുമാണ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്.

2014ല്‍ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വന്നപ്പോള്‍ ഈ രാജ്യത്ത് താന്‍ ജീവിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ യു ആര്‍ അനന്തമൂര്‍ത്തി പറഞ്ഞപ്പോള്‍ കര്‍ണാട് അദ്ദേഹത്തിന് പിന്തുണയുമായെത്തിയിരുന്നു. അന്ന് ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അനന്തമൂര്‍ത്തിയുടെ മരണ ശേഷം ആഹ്ലാദ പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു പക്ഷെ ഇന്നും ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ടാകും.

ടിപു സുല്‍ത്താന്റെ സ്വപ്‌നങ്ങള്‍ എന്ന നാടകവും സംഘപരിവാറിനെ പ്രകോപിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പടപൊരുതിയ ടിപുവും ഹൈദ്രാലിയും കര്‍ണാടിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. ബംഗളൂരുവിലെ വിമാനത്താവളത്തിന് ടിപുവിന്റെ പേര് നല്‍കണമെന്ന അഭിപ്രായത്തിനും ഹിന്ദുഭീരരുടെ ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇതും പിന്‍വലിച്ച് മാപ്പ് പറഞ്ഞു.

ഹിന്ദുത്വ ഫാസിസത്തെ ചോദ്യം ചെയ്തതിനാണ് നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരയേയും എം.എം കല്‍ബുര്‍ഗിയേയും ഗൗരി ലങ്കേഷിനെയും വെടിവെച്ചു കൊന്നത്. ഇവരെ കൊന്നുകളഞ്ഞ ആ വര്‍ഗീയ വെടിയുണ്ടകളിലൊന്ന് ഗിരീഷ് കര്‍ണാടിനെയും ഉന്നം വെച്ചിരുന്നു.

read more:ഗിരീഷ്‌ കര്‍ണാട്: മി ടു അര്‍ബന്‍ നക്‌സല്‍, കലാകാരന്‍ എന്ന നിലയില്‍ ഒരു സംഘ്പരിവാര്‍ വിരുദ്ധ ആക്ടിവിസ്റ്റിന്റെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍