UPDATES

ട്രെന്‍ഡിങ്ങ്

തലശേരിയില്‍ നിന്നും റോഹിംഗ്യകളെ തേടിപ്പോയ പര്‍വേശ് ഇലാഹിയ്ക്ക് സംഘപരിവാര്‍ ഭീഷണി

ഒരു നേരത്തെ വിശപ്പടക്കാന്‍ തൊണ്ട കീറി കരയുന്ന ആ ബാല്യങ്ങളുടെ മുഖം നോക്കി തീവ്രാദികള്‍ എന്ന് വിളിക്കാന്‍ പഠിപ്പിച്ച രാഷ്ട്രീയം ഏതാണ്?

തലശേരിയില്‍ നിന്നും ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലേക്ക് അഭയാര്‍ത്ഥികളായ റോഹിംഗ്യന്‍ മുസ്ലിങ്ങളെ തേടി ഭക്ഷണവുമായി പോയ പര്‍വേശ് ഇലാഹിയ്ക്ക് സംഘപരിവാറിന്റെ ഭീഷണി. പര്‍വേശ് തന്റെ ഫേസ്ബുക്ക് പേജില്‍ തന്റെ യാത്രയെക്കുറിച്ച് തയ്യാറാക്കിയ നല്‍കിയ കുറിപ്പിന് വന്‍ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് ഭീഷണി. ഈ കുറിപ്പിന് കീഴിലും നിരവധി ഭീഷണികള്‍ ഉയരുന്നുണ്ട്. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ സാക്ഷ്യപത്രമാണ് പര്‍വേശിന്റെ ഫേസ്ബുക്ക് കുറിപ്പുകളും ഫോട്ടോകളും. അതേസമയം പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇന്‍ബോക്‌സിലും മറ്റുമായി ഭീഷണി ഉയരുന്നത്. ഇവനാണ് റോഹിന്‍ഗ്യന്‍ തീവ്രവാദികളെ തേടി പോയ തീവ്രവാദി എന്ന് പറഞ്ഞാണ് പര്‍വേശിനെതിരായ പ്രചരണം. അതോടൊപ്പം നിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിന്നെ എടുത്തോളാം തുടങ്ങിയ ഭീഷണികളും ഉയര്‍ത്തുന്നു. ഇനി അധിക നാള്‍ എഴുത്തു തുടരില്ല നീ, കൈ ഇല്ലാതെ എഴുതുന്നത് കാണണമല്ലോ, നമ്മള്‍ ഭരിക്കുമ്പോ നമ്മള്‍ പറുന്നത് പോലെ ജീവിക്കേണ്ടിവരും നീയും നിന്റെ തീവ്രവാദി മക്കളും എന്നാണ് മറ്റൊരു ഭീഷണി.

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച ശേഷം പര്‍വേശ് ഇലാഹി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘വിതുമ്പലടക്കാനാവാതെ ഉമൈറ ബീഗം തല താഴ്ത്തി, ക്യാമ്പിലെ ഇരുണ്ട വെളിച്ചത്തില്‍ അവരുടെ തിളങ്ങുന്ന കണ്ണുകള്‍ കാണാം, വിരലുകള്‍ കടിച്ചു കരച്ചിലടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ക്ക് സാധിക്കുന്നില്ല, ചുണ്ടുകള്‍ വിറക്കുന്നുണ്ട്, ശരീരമാകെ വിറക്കുന്നത് പോലെ, പതിയേ ശ്വാസമടക്കികൊണ്ട് പല്ലുകള്‍ കടിച്ചമര്‍ത്തി ഉമൈറ പൊട്ടി തെറിച്ചു കൊണ്ട് പറഞ്ഞു
‘വോ മേരാ ദോ ഭേട്ടിയോംക്കോ മാര്‍ദിയ’
നാലും, ഏഴും വയസുള്ള രണ്ട് പെണ്ണ് പൈതങ്ങള്‍, ലോകം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു, സുന്ദരികളായിരുന്നത്രെ, തിളങ്ങുന്ന കറുത്ത കണ്ണുകളും, നീണ്ട തലമുടിയും ഉള്ള തന്റെ മക്കളുടെ മുഖം ഉമൈറ വിവരിച്ചു കൊണ്ടേ ഇരുന്നു. ഒടുവില്‍ വിറങ്ങലിച്ച ശരീരം കൈകളില്‍ കോരിയെടുത്തപ്പോള്‍, മക്കളുടെ മുഖം ഒരു നോക്ക് കാണാന്‍ പോലും പറ്റാത്ത വിധം അലങ്കോലപെടുത്തിയിരുന്നു. കാമം സിരയില്‍ കയറിയ ചെന്നായ്ക്കളും ആ കുഞ്ഞു ശരീരങ്ങള്‍ കടിച്ചു കീറി. ഒടുവില്‍ പിറന്ന മണ്ണില്‍ ആ പൈതങ്ങളുടെ മാംസം കൊതിച്ച മനുഷ്യ നായ്ക്കള്‍ വിശപ്പടക്കിയപ്പോള്‍ ഉമൈറക്ക് നഷ്ട്ടമായത് അവരുടെ ജീവിതമായിരുന്നു, സ്വപ്നങ്ങളായിരുന്നു, പ്രതീക്ഷയും..

തലയിലും, മാറിലും ബുള്ളറ്റുകള്‍ കയറി ഇറങ്ങുമ്പോള്‍ ആ പൊന്നോമനകള്‍ അറിഞ്ഞിരിക്കുമോ? മരണമാണ് മാറും തുളച്ചു പോയതെന്ന്? മരണം ജീവന്‍ അപഹരിച്ചപ്പോഴും അവര്‍ അറിഞ്ഞില്ല, ചോര കട്ടപിടിച്ച ആ മേനിയില്‍ ഉദ്ധരിച്ച ലിംഗവുമായി കാമം തീര്‍ക്കാനെത്തിയ നാടിന്റെ സംരക്ഷകരെന്ന് പുസ്തക താളുകള്‍ പഠിപ്പിച്ച ജവാന്‍മാര്‍ ഊളിയിട്ടു പറക്കുന്നുണ്ടെന്ന്. നാടിന്റെ സംരക്ഷകര്‍, ഒരു രാജ്യത്തിന്റെ കാവലാള്‍, ജീവന്‍ കൊടുത്തും പ്രജ ജീവിതങ്ങള്‍ സംരക്ഷികക്കേണ്ട ധീര ജവാന്മാര്‍. ശത്രുക്കള്‍ക്കു നേരെ നീട്ടേണ്ട തോക്കുകള്‍ അവര്‍ നീട്ടിയത് പ്രജകള്‍ക്ക് നേരെ, കാഞ്ചി വലിച്ചതും സംരക്ഷിക്കേണ്ട ജീവനുകള്‍ക്ക് നേരെ, എല്ലാം കഴിഞ്ഞു മൃതശരീരത്തിനു നേരെ അവര്‍ ലിംഗവും നീട്ടുന്നു. ഉമൈറ പൊട്ടിക്കരയാന്‍ തുടങ്ങി, എന്ത് പറയണമെന്നറിയില്ല, ആ മനസ്സിനെ എന്ത് പറഞ്ഞാണ് ഞാന്‍ ആശ്വസിപ്പിക്കുക, ഒരു നിമിഷം ഞാന്‍ ചലനമറ്റു നിന്നു പോയി. ഉമൈറയുടെ കരച്ചില്‍ ഒരു അട്ടഹാസം പോലെ ക്യാമ്പിന്റെ ഇടുങ്ങിയ ഇടനാഴികയില്‍ തങ്ങി നിന്നു, അതെന്റെ കാതുകളും തുളച്ചു ഹൃദയത്തില്‍ എത്തും മുന്നേ കണ്ണുനീര്‍ പൊടിഞ്ഞിരുന്നു, ഉമൈറയുടെ നിലവിളി കാതില്‍ ഇരമ്പി കൊണ്ടേ ഇരുന്നു.
അപ്പഴേക്കും തലമറച്ച തട്ടം കൊണ്ട് മുഖം വരിഞ്ഞു കെട്ടി അവര്‍ ഒരു കുഞ്ഞിനേയും കൈയിലേന്തി എന്റെ അരികില്‍ നിന്നും നടന്നു നീങ്ങിയിരുന്നു.

ആ തട്ടത്തിനുള്ളില്‍ ഒരുമ്മയുണ്ട്, പിച്ചി ചീന്തിയ മക്കളെ ഓര്‍ത്ത് നീറുന്ന ഒരു മനസ്സുണ്ട്, ഞാന്‍ ആകെ തളര്‍ന്നു പോയി അവര്‍ നടന്നു നീങ്ങുന്നതും നോക്കി നിശബ്ദനായി നിന്നു. ശരീരത്തില്‍ നിന്നും ആരോ തൊലി മാന്തി പൊളിക്കുന്നത് വേദന. ഞാനിപ്പോള്‍ നില്‍ക്കുന്നത് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ നിലകൊള്ളുന്ന റോഹിംഗ്യന്‍ ക്യാമ്പലാണ്. തലശ്ശേരിയില്‍ നിന്നും യാത്ര തുടങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ഒരു ദിനമെങ്കില്‍ ഒരു ദിനം ആ ജീവിതങ്ങളോടപ്പം കഴിച്ചു കൂട്ടണം, അവരുടെ ഒരു നേരത്തെ വിശപ്പടക്കണം, പറ്റുമെങ്കില്‍ അവിടെയുള്ള മുഖങ്ങളില്‍ ഒരു ചിരി പടര്‍ത്തണം.

യാത്ര റോഹിംഗ്യന്‍ ക്യാമ്പിലേക്കാണെന്ന് പറഞ്ഞപ്പോള്‍ നിരവധി പേര്‍ വിലക്കി അപകടമാണെന്നും മറ്റും പറഞ്ഞു അവര്‍ തടഇടാന്‍ ശ്രമിച്ചെങ്കിലും കീഴ്‌പ്പെട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, അവര്‍ അറിഞ്ഞില്ല എന്റെ ഉമ്മ ക്യാമ്പിലേക്ക് പൊതിഞ്ഞു തന്ന ഭക്ഷണ പൊതികളും, ഒരു ബാഗ് നിറയേ പലഹാരങ്ങളുമായിരുന്നു എന്റെ ശക്തിയെന്ന്, ഉപ്പ കൈയിലേക്ക് വച്ചു തന്ന 2000 രൂപയായിരുന്നു എന്റെ ആത്മവിശ്വാസമെന്ന്. കൈനിറയെ ഭക്ഷണ പൊതികളും, പലരില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളുമായി യാത്ര തുടങ്ങി. വിശപ്പടക്കാനുള്ള യാത്ര, ജീവിതം തേടിയുള്ള സഞ്ചാരം, അതേ റോഹിംഗ്യകളെ തേടിയുള്ള യാത്ര.

ക്യാമ്പ് എവിടെയാണെന്നോ, എത്ര ദൂരം സഞ്ചരിക്കണമെന്നോ എനിക്ക് വശമുണ്ടായിരുന്നില്ല, കാളിന്ദി കുഞ്ചിലെ മാലിന്യങ്ങള്‍ തള്ളുന്ന വലിയ ഒരു മൈദനത്താണെന്നറിയാം. കണ്ടു പിടിക്കാന്‍ പറ്റുമെന്ന വിശ്വാസത്തില്‍ യാത്ര ആരംഭിച്ചു. മൂന്ന് ദിവസത്തെ യാത്രയ്ക്കൊടുവില്‍ പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തി. ഇങ്ങനെ ഒരു ജനത ഇവിടെ താമസിക്കുന്നുണ്ടെന്ന് ഒരാള്‍ക്കും അറിയില്ല. വഴി ചോദിച്ചപ്പോള്‍ പലരും കൈ മലര്‍ത്തി.
വഴിയറിയാമെന്നു പറഞ്ഞു ഒരു റിക്ഷവാല വണ്ടിയിലേക്ക് കയറ്റി. ‘വഴി അറിയാം ഞാന്‍ കൊണ്ടുവിടാം’ എന്ന് അയാള്‍ വാക്ക് പറഞ്ഞു കുറേ ദൂരം മുന്നോട്ട് പോയി, വിജനമായ സ്ഥലത്ത് എന്നെ ഇറക്കി വിട്ടു. കൈയില്‍ നിന്നും 400 രൂപ പിടിച്ചു വാങ്ങി അയാള്‍ അപ്രത്യക്ഷയാനായി. വഞ്ചിക്കപെട്ടതാണെന്ന് മനസ്സിലായി. വലിയ ഭാണ്ഡ കെട്ടുകളുമായി നടന്നു നീങ്ങി കിലോ മീറ്ററുകളോളം, ഒടുവില്‍ 15 കിലോമീറ്റര്‍ നടന്നു ‘കാളിന്ദി കുഞ്ചിലെത്തി’. ശരീരമാകെ തളര്‍ന്നിരുന്നു, സമയം ഉച്ച പന്ത്രണ്ടിനോടടുക്കുന്നു, സൂര്യന്‍ തലക്കു മീതേ അഗ്‌നി തുപ്പി കൊണ്ടിരിക്കുന്നു.

വിശപ്പും, ദാഹവും തളര്‍ത്തി, ക്ഷീണിച്ചു വഴിയരികില്‍ ഇരുന്നു കാലു നീര് വന്നു വീര്‍ത്തിരിക്കുന്നു. കാലിന്റെ അടി ഭാഗത്തെ തോലുകള്‍ ഇളകി നില്‍ക്കുന്നു. ഒടുവില്‍ കാളിന്ദി കുഞജ് പാലത്തിന്റെ നടപ്പാതയില്‍ ഇരുന്നു വിശ്രമിക്കുമ്പോള്‍ തലപ്പാവും, നീളന്‍ താടിയുമുള്ള ഒരു മുസ്ലിം പണ്ഡിതന്‍ അടുത്തുകൂടെ നടന്നു നീങ്ങുന്നത് കണ്ടു. ഓടി ചെന്നു കിതച്ചു കൊണ്ട് കാര്യം പറഞ്ഞു. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
‘മാഷാ അള്ളാഹ് ..സീതേ ജാവോ ..സീതേ ജാവോ’ നേരെയുള്ള ഒരു വഴി കാട്ടി തന്നുകൊണ്ട് അയാള്‍ നടന്നു പോയി, പിന്നീട് ഒരോട്ടമായിരുന്നു 1 കിലോമീറ്റര്‍ കൂടി താണ്ടായിപ്പോള്‍, നഗരത്തിന്റെ ഭാവം മാറി, മരുഭൂമിക്ക് സമമായ ഭൂമി, സൂര്യന്‍ കത്തി നില്‍ക്കുന്നു, പുല്ലു പോലും മുളക്കാത്ത തരിശു ഭൂമി, കുരുക്ഷേത്രം പോലെ.

കാറ്റിനു അഴുകിയ മാലിന്യത്തിന്റെ മണമാണ്, മൂക്ക് പൊത്തി പിടിക്കാന്‍ പോലും കഴിയാത്ത വിധം അവശനായിട്ടുണ്ട്. പെട്ടെന്ന് ആ കാഴ്ച കണ്ടു ഒരു നിമിഷം കണ്ണു തള്ളി നിന്നു. മാലിന്യങ്ങള്‍ പേറി ഒരു നദി ഒഴുകുന്നു, വെള്ളത്തിന് കറുത്ത നിറമാണ്. നിയന്ത്രണം വിട്ട ഭ്രാന്തിയെ പോലെ ഒഴുക്കുന്ന ആ നദി യമുനാ നദിയാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ചരിത്രം പഠിച്ച താളുകള്‍ ഓര്‍ത്തു പോയി, സൂര്യ ഭഗവാന്റെ പുത്രി ‘യമുന’. മൃത്യുവിന്റെ ദേവനായ യമരാജന്റെ സഹോദരി ‘യമുന’, അതായത് മരണത്തിന്റെ സഹോദരി, അവളിപ്പോള്‍ മരണവും കാത്തു കിടക്കുന്നു. എങ്ങും മാലിന്യം, കൂമ്പാരം കണക്കെ കൂട്ടിയിട്ടിരിക്കുന്നു, ഒരു മനുഷ്യ ജീവന്‍ പോലും എങ്ങും കാണാനില്ല, മരുഭൂമി. നഗര മധ്യത്തില്‍ ഒരു മരുഭൂമി. ദുര്‍ഗന്ധം കൂടി വന്നു ശ്വസിക്കാന്‍ പോലും പറ്റണില്ല, ഇനി ഒരടി മുന്‍പോട്ട് നടക്കാന്‍ ആവതില്ല, അപ്പോഴാണ് മുന്‍പിലൊരു പലകയില്‍ ഏഴുതി വച്ച അറബി വാചകം വായിച്ചത്, ”ദാറുല്‍ ഹിജറത്ത്’.

ഒടുവില്‍ ഞാന്‍ എത്തിയിരിക്കുന്നു, എന്റെ ലക്ഷ്യത്തോട് ഞാന്‍ അടുത്തു, വിയര്‍ത്തൊലിച്ചു, കിതക്കുന്ന എന്റെ ഉള്ളില്‍ എന്തെന്നില്ലാത്ത സംതൃപ്തി, കിതപ്പ് നിര്‍ത്താന്‍ പറ്റണില്ല. 20 കിലോമീറ്റര്‍ നടന്നു എന്നു പോലും ഞാന്‍ ഓര്‍ത്തില്ല. ആ നിമിഷം എല്ലാം മറന്നു കൊണ്ട് ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. മുന്നില്‍ കാണുന്നതാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പ്. മരുഭൂമി പോലെ ചുട്ടു പൊള്ളുന്ന മണ്ണ്. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മാലിന്യ കൂമ്പാരം, അതിനു മുന്നിലായി നിരവധി കൂരകള്‍ തടിച്ചു നില്‍ക്കുന്നു. ഒരു നിമിഷം ഞാന്‍ ഒന്ന് നിന്നു, നൂറില്‍പരം ചെറു കുടിലുകള്‍. അല്ല, കുടിലുകളല്ല അതിലും ചെറുത്, ഒന്നിനടുത്തായി മറ്റൊന്ന് എന്ന കണക്കെ ഒരു നൂറു കൂരകള്‍. പഴം തുണികളും, ഷീറ്റുകളും മറച്ചുണ്ടാക്കിയ ഒരു മറ. വര പോലെ എന്തോ നീളന്‍ രൂപങ്ങള്‍ നടന്നു നീങ്ങുന്നത് പോലെ.

വെയിലിന്റെ കാഠിന്യം കൂടി, നടന്നു അടുത്തപ്പോള്‍ മലത്തിന്റെയും, മൂത്രത്തിന്റെയും രൂക്ഷ ഗന്ധം വായുവില്‍ പുളഞ്ഞു നടന്നു ഒപ്പം എവിടെനിന്നോ അഴുകിയ മത്സ്യത്തിന്റെ മണം. ദുര്‍ഗന്ധം കടിച്ചമര്‍ത്തി വീണ്ടും നടന്നു, ഇപ്പോള്‍ അകലെ നിന്നു കണ്ട കൂരകള്‍ അടുത്തു കാണാം. വര പോലെ ദൂരെ നിന്നു കണ്ടത് മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകള്‍ അടച്ചു പിടിക്കേണ്ടി വന്നു.

യാ അല്ലാഹ്.. എങ്ങും നിലവിളി, അലമുറകള്‍, ഒരുപറ്റം പിഞ്ചുമക്കളെയാണ് ഞാന്‍ ആദ്യം കണ്ടത്, മുന്‍പെവിടെയോ കണ്ട് മറന്ന മുഖം പോലെ, അതേ! സോമാലിയന്‍ കുട്ടികളുടെ നേര്‍ രൂപം, വലിയ തല, മെല്ലിച്ച ഉടല്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയര്‍, കറുത്തുണങ്ങിയ മക്കള്‍ പലരും അവശരാണ്, മുഖം അപ്പിടി ചെറു പറ്റി പിടിച്ചിരിക്കുന്നു, ശരീരത്തില്‍ വ്രണങ്ങള്‍ വന്നു പഴുത്തിട്ടുണ്ട്, ചിലരുടെ കൈ കാലുകളില്‍ വലിയ ഉണിലുകള്‍ വന്ന് പൊട്ടിയിരിക്കുന്നു, മുറിവില്‍ ഈച്ചകള്‍ വന്ന് പലരും വേദന കൊണ്ട് അലമുറയിടുന്നു, കണ്ടു നില്‍ക്കാന്‍ ആയില്ല. അവിടെ നിന്നു തന്നെ ഭക്ഷണ പൊതികള്‍ തുറന്നു ഉമ്മ തന്ന പലഹാരങ്ങള്‍ ആ ചെറു കൈകളില്‍ കൊടുത്തു, ആര്‍ത്തി കൊണ്ട് കൈകള്‍ എനിക്കുനേരെ നീണ്ടു കൊണ്ടിരിന്നു.

അതില്‍ ഒരു കുഞ്ഞിനെ എടുത്തു മടിയില്‍ വെച്ചപ്പോള്‍ തലയുടെ പിന്‍ഭാഗത്തും നിന്നും ചോരയൊലിക്കുന്നു. രാവിലെ വീണതാണത്രേ. ഹോസ്പിറ്റലുകളില്‍ ചെന്നിട്ട് കാര്യമില്ല. ചികത്സ നിഷേധിക്കപ്പെട്ട വെറും എല്ലുകളാണിവര്‍. ചികത്സ കിട്ടാതെ മരിച്ചവരുടെ കഥകള്‍ പലതുണ്ട് അവര്‍ക്ക് പറയാന്‍. ക്ഷണനേരം കൊണ്ട് ഒരു നൂറു കുട്ടികള്‍ എന്നെ വട്ടമിട്ടു ബാഗിലെ ഭക്ഷണ പൊതികള്‍ ഓരോന്നായി ഞാന്‍ പുറത്തെടുത്തു കൊണ്ടേ ഇരുന്നു. കരളലിയിപ്പിക്കുന്ന കാഴ്ചകള്‍, ഭക്ഷണത്തിനു വേണ്ടി എനിക്ക് നേരെ കൈകള്‍ നീളുമ്പോള്‍, പടച്ചവനോട് ഒരായിരം വട്ടം നന്ദി പറഞ്ഞു. കുഞ്ഞു കൈകള്‍ മാത്രമല്ല എന്റെ ഉമ്മയുടെയും, വലിയുപ്പയുടെയും പ്രായം വരുന്ന ഒരു നൂറു കൈകള്‍ വീണ്ടും എനിക്ക് മുന്നില്‍ നീണ്ടു.

45 കുടുംബങ്ങളായി 300ല്‍ പരം ആളുകള്‍ കാളിന്ദി കുഞ്ചിലെ ഈ അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്നുണ്ട്. കുടുംബങ്ങള്‍ നഷ്ട്ടപെട്ടവരാണ് പലരും. ഭാര്യയേ പിച്ചിച്ചീന്തുന്നത് കണ്ടു നിസ്സഹായനായി നില്‍ക്കേണ്ടി വന്ന ഭര്‍ത്താക്കന്മാരുണ്ടിവിടെ. ഭര്‍ത്താക്കന്മാരെ വെടി വെച്ചു വീഴ്ത്തുന്നതിനു സാക്ഷിയായവരുണ്ട്. മക്കള്‍ നഷ്ടപ്പെട്ടവര്‍, മതാ പിതാക്കള്‍ നഷ്ടപ്പെട്ടവര്‍, അങ്ങനെ അങ്ങനെ നീളുന്നു ആ ജീവിതങ്ങള്‍. എല്ലാം ഒരു ദുസ്വപ്നം പോലെ ഭീതിയോടെ അവര്‍ ഓര്‍ക്കുന്നു.

ക്യാമ്പിന്റെ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ നാല് കുട്ടികള്‍ മണ്ണില്‍ നിന്നും എന്തോ പങ്കിട്ടു കഴിക്കുന്നത് കണ്ടു. ഭക്ഷണ പൊതിയുമായി അടുത്ത് ചെന്നപ്പോള്‍, ഞാന്‍ കണ്ടത് ഇപ്പോഴും എന്റെ കണ്‍മുന്നില്‍ നിന്നും മായുന്നില്ല. ആ പിഞ്ചു മക്കള്‍ എലി കുഞ്ഞുങ്ങളെ തിന്നുന്ന കാഴ്ച്ച കണ്ട് ഞാന്‍ വായും പൊത്തി പുറത്തേക്ക് കടന്നു, ഛര്‍ദിച്ചു പോയി. മനുഷ്യന്റെ എച്ചില്‍ തിന്ന്, മാലിന്യത്തില്‍ വളരുന്ന എലികളെ പച്ചയ്ക്ക് തിന്നേണ്ടി വരുന്ന അവസ്ഥ, വിശപ്പ് അതെത്ര കഠിനമാണ്, കാണുന്ന കാഴ്ചകളുടെ ഭീകരത ഏറി വരുന്നു, കേള്‍ക്കുന്ന കഥകള്‍ ജീവിതമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടി.

അന്‍വര്‍ ഷാ, ഇന്ത്യയിലേക്ക് കുടിയേറിയിട്ട് വര്‍ഷങ്ങളായി, അന്‍വര്‍ ഷാ പറഞ്ഞ കഥകള്‍ കേള്‍ക്കാന്‍ മാത്രം കെല്‍പ് എനിക്കുണ്ടായില്ല,
കലങ്ങിയ കണ്ണുകളോടെ, വിയര്‍ത്തൊലിച്ചു കൊണ്ട് അന്‍വര്‍ പറഞ്ഞു തുടങ്ങി. കല്ലുകള്‍ വച്ചു വലിയ ചതുരാകൃതിയില്‍ തീ കുണ്ടം ഒരുക്കുമത്രേ അതിനു മുകളില്‍ ഇരുമ്പു ഷീറ്റുകള്‍ വിരിച്ചു പഴുപ്പിക്കും, പുറത്തു നിന്ന് നോക്കുമ്പോള്‍ തീ കുണ്ടം കാണാന്‍ പറ്റാത്ത വിധം ഷീറ്റുകളുപയോഗിച്ചു മറക്കും. എന്നിട്ട് പിഞ്ചോമനകളെ ചൂടേറ്റു പൊള്ളി നില്‍ക്കുന്ന പഴുത്ത ഇരുമ്പ് ഷീറ്റുകളിലേക്ക് വലിച്ചെറിഞ്ഞു വെന്ത് ഉരുക്കി കൊല്ലുന്നതും നോക്കി അട്ടഹസിക്കുമത്രേ സമാധാനം പഠിപ്പിച്ച ബുദ്ധ ദേവന്റെ അനുയായികള്‍. പിഞ്ചോമനകള്‍ ക്ഷണ നേരം കൊണ്ട് മഞ്ഞുരുകും പോലെ ഉരുകി തീരും, പാലിന്റെ മണം വിട്ട് മാറാത്ത കുരുന്നുകളുടെ വെന്ത മാംസത്തിന്റെ മണമാണത്രെ അവരുടെ നാടിനു. അന്‍വര്‍ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു പതിയേ എന്നെ ആലിംഗനം ചെയ്ത് അയാള്‍ കൂരയിലേക്ക് കയറി. പിന്നീടാണറിഞ്ഞത് അന്‍വറിന്റെ മൂത്ത മകനെ വെന്തുരുക്കി കൊന്ന കഥ.

ക്യാമ്പില്‍ എന്നെ കൂടാതെ ജയ്പൂരിലെ നിന്നും വന്ന രണ്ട് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ കൂടി ഉണ്ടായിരുന്നു. ഫയാസും, താജുദ്ധീനും കുട്ടികളോടൊപ്പമുള്ള എന്റെ നല്ല നിമിഷങ്ങള്‍ അവര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. കുട്ടികള്‍ പലരും ഞാനുമായി അടുത്തു കഴിഞ്ഞു, സ്‌നേഹത്തോടെ ഭയ്യാ എന്ന് അവര്‍ വിളിക്കുമ്പോള്‍ ഒരു നൂറു സഹോദരങ്ങളെ എനിക്ക് കിട്ടിയത് പോലെ തോന്നി. ബാഗില്‍ കരുതിയ സകലതും ഞാന്‍ അവര്‍ക്കു കൊടുത്തു, ഒരാളുടെ വയറൊഴിയാതെ. പലരും ഭക്ഷണ പൊതിയുമായി കൂരയിലേക്ക് ഓടുന്നത് കണ്ടു. പിന്നീട് അവര്‍ വന്നു പറഞ്ഞു ഉമ്മയ്ക്കും, കുഞ്ഞു വാവയ്ക്കുമൊക്കെ കൊടുക്കാന്‍ വേണ്ടി പോയതാണെന്ന്. ഓര്‍ക്കണം കഠിനമായ വിശപ്പിലും അവര്‍ എല്ലാവരെയും ഓര്‍ക്കുന്നു, പങ്ക് വെച്ചു കഴിക്കുന്നു.

ഓരോ കൂരയിലും കയറി കഥകള്‍ കേട്ടു കൊണ്ടിരിന്നു. ചില ദിവസങ്ങളില്‍ മക്കള്‍ക്ക് നല്‍കാന്‍ ഭക്ഷണമില്ലാതെ വരുമ്പോള്‍ അഴുക്ക് ചാലില്‍ വളരുന്ന വള്ളി ചെടി പൊട്ടിച്ച് വേവിച്ചു കൊടുക്കുമത്രേ. ആര്‍ക്കും തിരികെ മ്യാന്മറിലേക്ക് പോവേണ്ട. ഇന്ത്യ അവര്‍ക്ക് സ്വര്‍ഗ്ഗമാണു, അന്നം തന്ന ഭൂമിയാണ്, തല ചായയ്ക്കാന്‍ ഒരിടം തന്ന മണ്ണാണ്, സ്വന്തം രാജ്യത്തെക്കാള്‍ അവര്‍ ഇന്ന് ഇന്ത്യയെ സ്‌നേഹിക്കുന്നു. ജന്മ നാട്ടിലേക്ക് തിരിച്ചു പോവാന്‍ ആഗ്രഹിക്കാതെ അഭയാര്‍ത്ഥികളെ പോലെ മാലിന്യ കൂമ്പാരത്തിനു നടുവില്‍ നരക തുല്യ ജീവിതം നയിക്കുമ്പോഴും തിരികെ ജന്മ നാട്ടില്‍ പോവേണ്ട എന്ന് പറയണമെങ്കില്‍ അവര്‍ അനുഭവിച്ച പീഡനങ്ങള്‍ എത്ര മാത്രമായിരിക്കും?

കഥകള്‍ കേട്ടും, കുട്ടികളോടൊപ്പം കളിച്ചും രാത്രിയായതറിഞ്ഞില്ല. രാത്രി ക്യാമ്പില്‍ തന്നെ കഴിയാന്‍ ആഗ്രഹിച്ചപ്പോള്‍. ക്യാമ്പിലെ കാര്യങ്ങള്‍ നോക്കി നടത്തുന്ന സലിം മുല്ല പറഞ്ഞു ഇവിടെ കിടക്കാന്‍ ഇടമില്ല, നിങ്ങളെ പുറത്തു കിടത്താനും തല്‍പര്യമില്ല. അതപകടമാണ് വിഷമുള്ള പാമ്പുകള്‍ മുതല്‍, ചെന്നായ്ക്കളും, തെരുവ് പട്ടികളും രാത്രിയാവുമ്പോ പുറത്തു ചാടും അതു കൊണ്ട് തിരിച്ചു പൊയ്‌ക്കൊള്ളൂ. നാളെ വീണ്ടും കാണാമെന്നു പറഞ്ഞു. അപ്പോഴും കുഞ്ഞുങ്ങള്‍ പലരും എന്നോടൊപ്പം ഉണ്ടായിരുന്നു. കൂട്ടത്തില്‍ നൂറെന്ന് പേരുള്ള ഒരു കുഞ്ഞു മോള്‍ എന്തോ ഞാനുമായി വല്ലാതെ അടുത്തിരുന്നു. അവളെ കാണുമ്പോള്‍ എന്റെ പെങ്ങളുടെ ബാല്യ കാലം ഓര്‍മ്മ വന്നു. നൂര്‍ പോവാന്‍ നേരം എന്നോട് പറഞ്ഞു ‘ആപ്കോ കല്‍ ആന ചാഹിയെ’. നാളെ വീണ്ടും വരുമെന്ന് പറഞ്ഞു വാക്ക് കൊടുത്ത്, നൂറോളം വരുന്ന മക്കള്‍ ക്യാമ്പ് വിടുന്നത് വരെ എന്നെ പിന്‍തുടര്‍ന്നു വന്നു, കരുതി വെച്ച വലിയ പാക്കറ്റ്‌റ് മുട്ടായി കൂടി പോവാന്‍ നേരം കൊടുത്തപ്പോള്‍ വീണ്ടും ചിരിക്കുന്ന ഒരു നൂറു ചുണ്ടുകള്‍ കണ്ടു. അത് മതിയായിരുന്നു ആ രാത്രി ഉറങ്ങാന്‍.

ക്യാമ്പില്‍ നിന്നും നടന്നു നീങ്ങി, കരോള്‍ ബാഗില്‍. റൂമിലെത്തിയപ്പോള്‍ ഉമ്മയുടെ ഫോണ്‍ വന്നു. ഭക്ഷണം കഴിച്ചില്ല എന്നത് അപ്പഴായിരുന്നു ഞാന്‍ ഓര്‍ത്തത്. ഒരുപാട് പേരുടെ വയറു നിറഞ്ഞപ്പോള്‍ അതില്‍ എന്റേതും നിറഞ്ഞു പോയി. ഞാന്‍ ക്യാമ്പിലാണെന്ന് അറിഞ്ഞ രാത്രി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍ ഒരൊറ്റ രാത്രി കൊണ്ട് എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിറച്ചു തന്നത് 1 ലക്ഷം രൂപയോളമായിരുന്നു. ക്ഷീണം കൊണ്ട് ഉറങ്ങിയതറിഞ്ഞില്ല. പിറ്റേന്ന് ക്യാമ്പിലേക്ക് പോവുംമ്പോള്‍ കൈ നിറയേ ഭാണ്ഡക്കെട്ടുകളായിരുന്നു. 100 ഓളം വരുന്ന എന്റെ സഹോദരങ്ങള്‍ക്കുള്ള വസ്ത്രവും, വെള്ളവും ഭക്ഷണവുമായി, വീണ്ടും ഞാന്‍ കാളിന്ദി കുഞ്ചിലെത്തി. ഫയാസും, താജ്ജുദിനും എന്നേയും കാത്തു അവിടുണ്ടായിരുന്നു. എന്നെ സഹായിക്കാന്‍ അവരും ഒപ്പം കൂടി, കൈ നിറയേ ഭാണ്ഡകെട്ടുമായി വരുന്ന എന്നെ കണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ ഭയ്യാ ഭയ്യാ എന്ന് വിളിച്ചു ഓടിയെത്തി.

വസ്ത്രങ്ങളൊക്കെ അടക്കി വെച്ചു, എല്ലാവര്‍ക്കും കവറിലെന്താണെന്നറിയണം. നൂര്‍ എന്റെ അരികിലെത്തി കൈ പിടിച്ചു. അങ്ങനെ ആ ക്യാമ്പിലുള്ള എന്റെ എല്ലാ കുഞ്ഞു മക്കള്‍ക്കും ശരീരം മറക്കാനുള്ള വസ്ത്രങ്ങള്‍ നല്‍കി. വീണ്ടും ചിരികള്‍ ഉയര്‍ന്നു. വസ്ത്രങ്ങളുമായി അവര്‍ കൂരയിലക്ക് ഓടി. സലിം മുല്ലയുടെ നിര്‍ദ്ദേശപ്രകാരം ഓരോ കുരുന്നും എന്റെ കവിളില്‍ ഉമ്മ വെച്ചു. ഇത്രയും കാലത്തെ ജീവിതത്തിനു അര്‍ത്ഥമുണ്ടെന്ന് തോന്നിയ ദിനം, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.

അപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത് ക്യാമ്പിന്റെ ഒരുവശത്ത് വലിയ കയറുകള്‍ കെട്ടിയിരിക്കുന്നു. എല്ലാത്തിലും അളിഞ്ഞ മല്‍സ്യങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. കാര്യം തിരക്കിയപ്പോള്‍ സലിം മുല്ല പറഞ്ഞു. മാര്‍ക്കറ്റില്‍ നിന്നും ഓരോ ദിവസം കളയുന്ന മത്സ്യവും ശേഖരിച്ചു ഉണക്കി അതാണത്രേ അവരുടെ മുഖ്യ ഭക്ഷണം. ജീവിക്കാന്‍ വേണ്ടി ഒരു നേരത്തെ അന്നത്തിനു വേണ്ടി എച്ചില്‍ തിന്നുകയാണ് ഒരു സമൂഹം.
നൂര്‍ ക്യാമ്പിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി. നൂറിന്റെ കൂരയിലേക്ക് എന്നെ വലിച്ചു കയറ്റി. നിലത്തു വിരിച്ച പായ വിരിപ്പില്‍ ഇരു കാലുകളും നഷ്ട്ടപെട്ടു ജീവച്ഛവമായി കിടക്കുന്നു ഒരു ജീവന്‍. നൂറിന്റെ ഉപ്പ. ബുദ്ധരില്‍ ചിലരുടെ ക്രൂര വിനോദത്തിന്റെ ഇരയാണ് നൂറിന്റെ ഉപ്പ, ഇരുകാലുകളും വെട്ടി മാറ്റിയത്രേ, നട്ടെല്ല് തുളച്ചു കൊണ്ട് കത്തിയും കയറ്റി ഇനി നീ ഭൂമിയില്‍ ജീവിച്ചു കൊള്ളൂ എന്നും പറഞ്ഞു ദൂരേക്ക് വലിച്ചെറിഞ്ഞതാണത്രേ. മരിച്ചെന്നു കരുതിയതാണത്രേ പക്ഷേ പടച്ചവന്‍ ജീവന്റെ അംശം ബാക്കി വെച്ചു നൂറിന് വേണ്ടി ഇല്ലേല്‍ ഈ ലോകത്ത് നൂര്‍ തനിച്ചാവുമായിരുന്നു. നൂറിന്റെ ഉമ്മയുടെ ഫോട്ടോ എടുത്തു കൊണ്ട് വന്നു അവള്‍ കാണിച്ചു. ഇന്ത്യയിലേക്ക് രക്ഷപെടാന്‍ ബോട്ട് കാത്തു നിന്ന നേരം ജവാന്മാര്‍ കൊണ്ട് പോയത്രേ. ഉമ്മയെ തിരക്കി പോയ ഉപ്പയേ അവര്‍ ജീവച്ഛവമാക്കി. ആ ഉമ്മയുടെ അഴിഞ്ഞ അടി വസ്ത്രം ഇന്നും മ്യാന്മറില്‍ പാറി നടക്കുന്നുണ്ടാവാം. നൂറിന്റെ മുഖം, ആ ചിരി, ആ മുഖത്ത് ഞാന്‍ പിന്നീട് നോക്കിയില്ല കൂരയില്‍ നിന്നും ഇറങ്ങി. ഇത്രയും വലിയ ദുരിതം ഈ ചെറുപ്രായത്തില്‍ എന്നിട്ടും അവള്‍ എന്നോട് ചിരിക്കുന്നു. വിശ്വസിക്കാനാവുന്നില്ല, സുന്ദരിയാണവള്‍, അവളുടെ ഉമ്മയെ പോലെ.

അപ്പോഴാണ് സലിം മുല്ല പറഞ്ഞ കഥ ഓര്‍ത്തത്. ഒരു വര്‍ഷം മുന്‍പ് ക്യാമ്പില്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ ബോധരഹിതരായി ഉറങ്ങിയ പിഞ്ചു മക്കളില്‍ പലരും നേരം പുലര്‍ന്നപ്പോള്‍ ചേതനയറ്റു കിടക്കുന്നു. വിശപ്പ് സഹിച്ച കിടന്ന അവരുടെ ജീവന്‍ മരണം പാമ്പിന്റെ രൂപത്തില്‍ അപഹരിച്ചു. ക്യാമ്പില്‍ കയറി കൂടിയ ഉഗ്ര വിഷമുള്ള പാമ്പ് കൊന്ന് തീര്‍ത്തത് ഒരുപിടി ജീവിതങ്ങള്‍ ഒടുവില്‍ മയ്യത്തടക്കാന്‍ ഇടമില്ലാതെ അവര്‍ ചേതനയറ്റ ആ ശരീരങ്ങള്‍ യമുനയില്‍ ഒഴുക്കി വിട്ടത്രേ. മലിനമായി കിടക്കുന്ന യമുനയേ പറ്റി ഓര്‍ത്തു കൊണ്ട് നടന്നു നീങ്ങുമ്പോള്‍ ദാഹിച്ചു വലഞ്ഞു രണ്ടു മക്കള്‍ പൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്ന രംഗം കണ്ടത്. എയര്‍ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ വെള്ളം കുടിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ചോട്ടു എന്ന് ഉറക്കെ വിളിച്ചു. അപ്പഴേക്കും ക്യാമ്പിന്റെ ഇരുട്ടില്‍ നിന്നും ഒരു പിഞ്ചു മോള്‍ ഓടി വന്നു അവള്‍ പൈപ്പ് പിടിച്ചു തൂങ്ങി ജേഷ്ഠത്തിയെ വെള്ളം കുടിക്കാന്‍ സഹായിക്കുന്നു. വെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന അവരെ ഞാന്‍ നോക്കി നിന്നു പോയി. വെള്ളം കൗതുകത്തോടെ നോക്കേണ്ട പ്രായത്തില്‍ അവര്‍ ആര്‍ത്തിയോടെ കുടിച്ചു വിശപ്പടക്കുന്നു.

ഒടുവില്‍ ബാക്കി വന്ന തുക ഏല്‍പിക്കാന്‍ വേണ്ടി ക്യാമ്പിന്റെ സംഘടകരുടെ ഓഫീസിലേക്കു പോയപ്പോള്‍ ആദ്യം ദിനം എനിക്ക് വഴികാട്ടിത്തന്ന ആള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നു, അത്ഭുതം. പണം വാങ്ങി, ഇനിയുള്ള ദിനങ്ങളില്‍ എന്താവശ്യത്തിനും പണം ഉപയോഗിക്കാം എന്നു പറഞ്ഞു തീര്‍ത്തതും അയാള്‍ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു ‘അല്ലാഹ് കി രാജ് തുമാര സാത് ഹേ’
എന്റെ കൂടേ ക്യാമ്പിലേക്ക് പുള്ളിയും വന്നു എല്ലാവരെയും വിളിച്ചു വരുത്തി. ക്യാമ്പിലെ 300ല്‍ പരം ആളുകള്‍ എന്റെ മുന്നില്‍ നിരന്നു. ആ സദസ്സില്‍ അവര്‍ ഒരുപാട് സംസാരിച്ചു. ഒടുവില്‍ എനിക്ക് വേണ്ടിയും, പണമയച്ചവര്‍ക്കു വേണ്ടിയും ആ ജനത ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. കുഞ്ഞു മക്കള്‍ കൈകളുയര്‍ത്തി ആകാശത്തിന്റെ നീലിമയില്‍ പടച്ചവനെ നോക്കി അമീന്‍ പറയുന്നത് കണ്ടപ്പോള്‍ ലോകത്ത് എന്റെ സൃഷ്ടിപ്പിന് പിന്നില്‍ പടച്ചവന്‍ കണ്ട ലക്ഷ്യം ഈ ദിനമാണെന്ന് തോന്നി.

എല്ലാം കഴിഞ്ഞു എല്ലാവര്‍ക്കും മധുരം നല്‍കി ഞാന്‍ ക്യാമ്പിന്റെ പടി ഇറങ്ങുമ്പോള്‍ ഓരോ ഉമ്മമാരും പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. എന്റെ മക്കള്‍ എന്റെ പിറകെ കൂടി, ക്യാമ്പ് വിട്ട് റോഡിലേക്ക് എത്തും വരെ അവര്‍ കൂടേ വന്നു. നൂറിനെ ഞാന്‍ തിരക്കി. കൂട്ടത്തില്‍ അവളില്ല. ദൂരെ നിന്നും അവള്‍ ഓടി വരുന്നത് കണ്ട് ഞാന്‍ നിന്നു. ഭയ്യാ എന്ന് വിളിച്ചു എന്റെ കയ്യിലേക്ക് പൊട്ടിയ ഒരു കീ ചെയിന്‍ വച്ചു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും നില്‍ക്കുന്ന ഒരു രൂപം. അതാരാണെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു.

‘വോ ലഡ്ക്ക തും ഓര്‍ ലഡ്ക്കി മേ ഹൂ’ ഇതും പറഞ്ഞു അവള്‍ ചിരിച്ചു കൊണ്ടോടി. നൂര്‍.. പേരാര്‍ത്ഥമാക്കും പോലെ വെളിച്ചമാണവള്‍. സ്‌നേഹത്തിന്റെ വെളിച്ചം. റോഡിലേക്ക് എത്തി തിരിഞ്ഞു നോക്കിയപ്പോള്‍ പിറകില്‍ നിന്നും ഞാന്‍ പോവുന്നതും നോക്കി നൂറും കുറച്ചു കുട്ടികളും നില്‍പ്പുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തു കൈയും വീശി. ആ കുട്ടികളില്‍ ഉമൈറയുടെ രണ്ട് പിഞ്ചോമനകളും ഭയ്യാ എന്ന് വിളിച്ചു കൈ വീശുന്നത് പോലെ. നടന്നു നീങ്ങി പുറത്തെത്തിയപ്പോള്‍ യമുനാ നദി വീണ്ടും അട്ടഹസിക്കുന്നു.

ഈ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായതോടെയാണ് പര്‍വേശിന് നേരെ ഭീഷണിയും ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍മീഡിയയിലെ ഭീഷണി സന്ദേശങ്ങള്‍ക്ക് പുറമേ തലശേരി ഗോപാലപേട്ട എന്ന സ്ഥലത്ത് വച്ച് ഒരു സംഘം തന്നെ ബൈക്ക് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ പര്‍വേശ് പറയുന്നു.

ഒരു യാത്രാ വിവരണത്തെ (കലാ സൃഷ്ടിയെ) നീചവും, വര്‍ഗീയവുമായി വിമര്‍ശിക്കുന്ന ഒരു സംസ്‌ക്കാരം ഉടലെടുത്തിരിക്കുന്നു. മനുഷ്യന്റെ മണമില്ലാത്ത സംസ്‌ക്കാരം. ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്? എന്റെ തൂലികയില്‍ വിരിഞ്ഞ വാക്കുകളെയോ? അതോ റോഹിംഗ്യന്‍ തീവ്രവാദികള്‍ എന്ന് അവര്‍ മുദ്രകുത്തുന്ന ആ നിരപരാധികളായ ജനതയെയോ?

ഇന്നലെ നടന്ന രസകരമായ ഒരു ഭീഷണി വിവരിക്കാം. തലശ്ശേരിയിലേ ഗോപാലപേട്ട എന്ന സ്ഥലത്തു കൂടി പോവുമ്പോള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി മൂന്ന് പേര്‍. വളരെ മാന്യമായ ആവിശ്യം, ഞാന്‍ എഴുതിയ യാത്രാ വിവരണം എല്ലാ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമത്രേ പിന്നെ അവരുടെ സംസ്‌കാരം വെളിവാക്കുന്ന ചില പദപ്രയോഗങ്ങളും. മറുപടി കൊടുക്കാന്‍ പോലും അവര്‍ അര്‍ഹരല്ലെങ്കിലും ഞാന്‍ പറഞ്ഞു ”നിങ്ങടെ കഥയല്ല ഞാന്‍ എഴുതിയത്, അതെഴുതിയത് ഞാന്‍ ആണെകില്‍ അതെന്ത് ചെയ്യണമെന്നും എനിക്കറിയാം’.

പിന്നെ സിനിമ സ്‌റ്റൈലില്‍ അവര്‍ എന്തൊക്കയോ കാട്ടുമെന്നു പറഞ്ഞു പോയി മറഞ്ഞു. ആരാണിവിടെ തൂലികകളെ ഭയക്കുന്നത്? തൂലികയില്‍ പൊടിഞ്ഞു വീഴാന്‍ മാത്രം ആടി നില്‍ക്കുന്ന ഏത് സംഘടനയാണ് ഈ ഇന്ത്യ മഹാരാജ്യത്തുള്ളത്? കഴിഞ്ഞ ഞായറാഴ്ച തൊട്ട് നിരവധി വധ ഭീഷണി സന്ദേശങ്ങള്‍ തേടിയെത്തി കൂട്ടത്തില്‍ പുറത്തു കാട്ടാന്‍ കൊള്ളുന്ന ഇത്തിരി സംസ്‌കാരമുള്ള കുറച്ചു സന്ദേശങ്ങള്‍ താഴെ കാണാം, …
കൊല്ലുമെന്നും, വിരലുകള്‍ അറുക്കുമെന്നും, പുറത്തിറങ്ങിയാല്‍ പുറം ലോകം ഇനി കാണില്ല എന്നു തുടങ്ങി അവരുടെ പിതൃത്വം വെളിവാക്കുന്ന പലതും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

ഒടുവില്‍ വാക്കുകൊണ്ട് തര്‍ക്കിച്ചു തോറ്റപ്പോള്‍ ഒടുവിലത്തെ പ്രയയോഗവും പുറത്തെടുത്തു ‘തീവ്രവാദി’. വിളിച്ചോളൂ, തീവ്രവാദിയെന്ന് ഇനിയും ഒരായിരം വട്ടം, കാരണം തീവ്രമായി ആ ജനതയ്ക്കു വേണ്ടി ഇനിയും വാദിക്കുക തന്നെ ചെയ്യും. അതാണ് ഞാന്‍ പഠിച്ചതും എന്നെ പഠിപ്പിച്ചതും. ഏതു സഘടനയാണ്, ഏത് രാഷ്ട്രീയമാണ് അവര്‍ വ്യക്തമാക്കുന്നത് എന്നതിലല്ല ഞാന്‍ അത്ഭുതപെട്ടത് മറിച്ച് ഇത്രയും മനുഷത്വം നശിച്ച നരാധമന്‍മാരാണല്ലോ അവര്‍ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഒരു നീറ്റലാണ്.

ഒരു നേരത്തെ വിശപ്പടക്കാന്‍ തൊണ്ട കീറി കരയുന്ന ആ ബാല്യങ്ങളുടെ മുഖം നോക്കി തീവ്രാദികള്‍ എന്ന് വിളിക്കാന്‍ പഠിപ്പിച്ച രാഷ്ട്രീയം ഏതാണ്? ആകാശത്തേക്ക് ഉയര്‍ത്തിയ മുളകളില്‍ കാലുകള്‍ വേര്‍പെടുത്തി ആഴ്ചകളോളം തൂക്കിയിട്ടു ഒടുവില്‍ യോനി കീറി രക്തം വാര്‍ന്നു മൃത്യു വരിക്കുന്ന സ്ത്രീത്വത്തെ ഇങ്ങനെയല്ല ഇനിയും മൃഗീയമായി കൊല്ലണമെന്ന് പറയാന്‍ പഠിപ്പിച്ച ആ സംസ്‌കാരം ഏതാണ്? എവിടെയാണ് നമ്മുക്ക് പിഴക്കുന്നത്? ചിലരുടെ ചോദ്യം ഇങ്ങനെയായിരുന്നു നമ്മുടെ വയനാട്ടിലെ ആദിവാസി ഊരുകളിലെ പട്ടിണി പാവങ്ങളെ വച്ചു കൊണ്ട് എന്തിനു നീ റോഹിംഗ്യകളെ തേടി പോയെന്ന്? പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലേലും പറയട്ടെ, വിദ്യഭ്യാസം നേടുന്ന കാലത്ത് എന്റെ വിദ്യാലയമായ മുബാറക്ക് സ്‌കൂളില്‍ നിന്നും 2011ല്‍ ആദ്യമായി അട്ടപ്പാടിയില്‍ എത്തിയ ആ വര്‍ഷം തൊട്ട് നിരന്തരം പല പ്രവര്‍ത്തനങ്ങളും നമ്മള്‍ ആദിവാസി ഊരുകളില്‍ നടത്തിയിട്ടുണ്ട് അതിന്റെ വിവരങ്ങള്‍ അറിയാന്‍ വെമ്പല്‍കൊള്ളുന്ന ദേശ സ്‌നേഹികള്‍ക്ക് വിളിക്കാം എന്നെ. ആദിവാസി ഊരുകളിലെ കഥകള്‍ പകല്‍ പോലെ പത്രങ്ങളിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും നമ്മള്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ജനതയുടെ കഥകള്‍ അവരുടെ കഷ്ടതകള്‍ ഏത് പത്രമാണ് വിളിച്ചോതിയത്? ഹിറ്റ്‌ലറിന്റെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെക്കാള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്ന മ്യാന്‍മറിലെ ബുദ്ധിസ്റ്റ്- മിലിറ്ററി ക്യാമ്പുകളെ പറ്റി ഏത് ചാനലുകളാണ് ചര്‍ച്ചയ്ക്ക് വച്ചത്? പ്രതീക്ഷകളുമായി പലായനം ചെയുന്ന ആ ജനതയെ കൊന്നൊടുക്കുന്ന മലേഷ്യന്‍-ബ്രൂണെ മിലിറ്ററി വിനോദത്തെ വിമര്‍ശിച്ചു ഏത് അന്താരഷ്ട്ര സംഘടനയാണ് അപലപിച്ചത്?

മിണ്ടിയില്ല ആരും, ആര്‍ക്കു വേണ്ടിയായിരുന്നു ആ മൗനം? ഏത് തത്വശാസ്ത്രം വെച്ചു ആ മൗനത്തെ നിങ്ങള്‍ നിര്‍വചിക്കും, ഇവിടെ കൊല ചെയ്യപ്പെടുന്നത് ലാസ് വേഗാസില്‍ ചൂതാടിയ കോടീശ്വരന്മാരല്ലാത്തതാണോ പ്രശ്‌നം? പാരിസിലും, അമേരിക്കയിലെയും മുന്തിയ പൗര വിഭാഗമായി ജനിക്കാത്തതാണോ പ്രശ്‌നം? മാധ്യമ ധര്‍മ്മം പേരില്‍ മാത്രം ഒതുങ്ങിയപ്പോള്‍, സഞ്ചാരമെന്നത് മനുഷ്യ ജീവിതങ്ങളിലേക്കുള്ള യാത്രയായി കാണുന്ന എനിക്ക് മറ്റേത് യാത്രയേക്കാളും പ്രധാനം റോഹിംഗ്യകളെ തേടിയുള്ള യാത്രയായിരുന്നു. അവര്‍ക്ക് വേണ്ടി ഞാന്‍ ശബ്ദിച്ചത് ഒരു മനുഷ്യന്‍ എന്ന നിലയിലാണ്, അവിടെ എന്റെ മതം മനുഷ്യത്വവും. തൂലിക പടവാളാക്കിയിട്ടില്ല ഇന്നുവരെ ഞാന്‍ ഇനി പടവാളാക്കാനും ഭയക്കുന്നില്ല. എന്റെ തൂലിക നിങ്ങള്‍ തകര്‍ത്തേക്കാം പക്ഷേ അന്ന് നിങ്ങള്‍ക്കു നേരെ ശബ്ദിക്കുന്ന ഒരായിരം തൂലിക ഈ മണ്ണില്‍ പിറക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍