UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ തോക്കുകളുമായി എന്നെ വളഞ്ഞു: ലാസ് വെഗാസ് വെടിവയ്പ്പില്‍ രക്ഷപ്പെട്ട മലയാളി പറയുന്നു

എനിക്ക് നേരെ ഇനിയൊരിക്കലും തോക്ക് ചൂണ്ടപ്പെടരുതേയെന്നാണ് ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന

അമേരിക്കയില്‍ വെടിവയ്പ്പുകളും അതുമൂലമുണ്ടാകുന്ന മരണങ്ങളും ഇന്ന് പതിവായിരിക്കുന്നു. എന്നാല്‍ ഈ ആഴ്ച ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പ് അമേരിക്കയെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞു. 59 പേര്‍ മരിച്ച ഈ ദുരന്തത്തെ രാജ്യം കണ്ട ഏറ്റവും വലിയ വെടിവയ്പ്പ് ആക്രമണമായാണ് കണക്കാക്കുന്നത്. വെടിവയ്പ്പ് നടന്ന മണ്ഡേലെ ബേയില്‍ അതേദിവസമുണ്ടായിരുന്ന മലയാളിയായ സരണ്‍ രവി തന്റെ അന്നത്തെ അനുഭവം അഴിമുഖത്തോട് പങ്കുവച്ചു. ഔദ്യോഗിക ആവശ്യത്തിനായാണ് സരണ്‍ അന്ന് ലാസ് വെഗാസിലുണ്ടായിരുന്നത്.

ഞാന്‍ സെപ്തംബര്‍ മുപ്പതിനാണ് ലാസ് വെഗാസില്‍ എത്തിച്ചേര്‍ന്നത്. മണ്ഡേലെ ബേയിലെ 15-ാം നിലയിലാണ് എനിക്ക് മുറി ലഭിച്ചത്. വെടിവയ്പ്പുണ്ടായ ഞായറാഴ്ച രാത്രി ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദെലേനോ സ്‌കൈഫാള്‍ റസ്റ്റോറന്റില്‍ അത്താഴത്തിന് പോയിരുന്നു. അതിന് ശേഷം സുഹൃത്തുക്കളില്‍ ചിലര്‍ പ്രശസ്തമായ ലാസ് വെഗാസ് തെരുവില്‍ നടക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ ഇവിടുത്തെ പ്രൊജക്ടിന്റെ ഭാഗമായ ഒരു പ്രസന്റേഷന്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അതില്‍ നിന്നും പിന്മാറി റൂമിലേക്ക് മടങ്ങി.

എന്നാല്‍ ലിഫ്റ്റിന് അടുത്തെത്തിയപ്പോള്‍ തന്നെ വല്ലാത്ത ബഹളം കേള്‍ക്കുകയും ആളുകള്‍ കാസിനോയിലൂടെ ഓടുന്നതും കണ്ടു. ഏതെങ്കിലും മദ്യപാനി ബഹളമുണ്ടാക്കുകയാണെന്നാണ് കരുതിയത്. ഞാന്‍ മുറിയിലെത്തിയതും സുഹൃത്തിന്റെ ഫോണ്‍ വരികയും പ്രശ്‌നം ഗുരുതരമാണെന്നും അവര്‍ ദെലേനോയില്‍ കുടുങ്ങിയിരിക്കുകയാണെന്നും അറിയിച്ചു. സംഗീതോത്സവം നടക്കുന്നിടത്ത് ഒരു കടയില്‍ നിന്നും വെള്ളം വാങ്ങാന്‍ അവര്‍ കയറിയപ്പോള്‍ വെടിയൊച്ച കേട്ട കടക്കാരന്‍ ധൃതിയില്‍ കട അടയ്ക്കുകയും അവര്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നു. മണ്ഡേലെയിലേക്ക് എത്തിച്ചേരാന്‍ അവര്‍ ശ്രമിച്ചെങ്കിലും എസ്‌കലേറ്ററുകളെല്ലാം അടച്ചിരുന്നതിനാല്‍ അത് സാധിച്ചില്ല. മുറിയിലെത്തിയതിനാല്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. എന്നാല്‍ എന്റെ സുഹൃത്തുക്കളില്‍ പലരും അടുക്കളകളിലും എംജെ തിയറ്ററിലും പാര്‍ക്കിംഗ് ഏരിയകളില്‍ പോലും അന്ന് രാത്രി കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരായി.

സാഹചര്യമെന്താണെന്ന് അറിയാന്‍ ഏതാണ്ട് 12.45 വരെ ഞാന്‍ ടിവി കണ്ടുകൊണ്ടിരുന്നു. രാവിലെ മൂന്ന് മണിയായപ്പോള്‍ മെട്രോ പോലീസ് എന്റെ മുറിയിലേക്ക് ഇരച്ചുകയറി. കാര്യമെന്താണെന്ന് മനസിലാകുന്നതിന് മുമ്പ് അവര്‍ തോക്കുകളുമായി എന്നെ വളഞ്ഞു. മുറി മുഴുവന്‍ തിരച്ചില്‍ നടത്തിയ അവര്‍ സെക്കന്‍ഡുകള്‍ക്കകം മടങ്ങുകയും ചെയ്തു. എന്റെ മുറിയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുത്തു. ഞാന്‍ അത്രമാത്രം ഞെട്ടിപ്പോയിരുന്നു. ഹൃദയാഘാതം വന്ന് ഞാന്‍ മരിച്ചു പോകാതിരുന്നത് ഭാഗ്യം. അങ്ങനെയായാല്‍ വെടിവയ്പ്പിന്റെ ഫലമായി മരിച്ചവരുടെ എണ്ണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി ഉണ്ടാകുമായിരുന്നു.

എനിക്ക് നേരെ ഇനിയൊരിക്കലും തോക്ക് ചൂണ്ടപ്പെടരുതേയെന്നാണ് ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന. രാവിലെ പത്ത് മണി വരെ മുറിയില്‍ തന്നെ ടിവി കണ്ട് കഴിച്ചുകൂട്ടിയ ഞാന്‍ 32-ാം നിലയൊഴികെ മറ്റെല്ലാ നിലകളിലെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാമെന്ന് ഓഫീസര്‍മാര്‍ അറിയച്ചതോടെയാണ് പുറത്തിറങ്ങിയത്. അതുവരെയും അവിടെ കുടുങ്ങിപ്പോയവര്‍ക്ക് ഹോട്ടല്‍ അധികൃതര്‍ സൗജന്യമായി കോഫിയും ലഘുഭക്ഷണവും പ്രഭാതഭക്ഷണവും നല്‍കാനുള്ള ദയ കാട്ടി. ലാസ് വെഗാസിലേക്കുള്ള എന്റെ മൂന്നാമത്തെ യാത്രയാണ് ഇത്. തീര്‍ച്ചയായും ഒരിക്കലും മറക്കാനാവാത്ത യാത്രയും ഇതുതന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍