UPDATES

ട്രെന്‍ഡിങ്ങ്

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

മലയാളത്തിലുള്ള ഒട്ടുമിക്ക തെറികളും അവര്‍ വിളിക്കുന്നുണ്ടായിരുന്നു. ഇവരെങ്ങനെയാണ് വിശ്വാസികളാകുന്നത്?

ശബരിമലയില്‍ ഇന്ന് തുലാമാസ പൂജകള്‍ക്കായി നടതുറക്കാനിരിക്കെ നിലയ്ക്കലും പമ്പയും ശബരിമലയുടെ മറ്റ് സമീപപ്രദേശങ്ങളും കലാപാന്തരീക്ഷത്തിലായിരിക്കുകയാണ്. ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയുന്ന സേവ് ശബരിമല സംഘാംഗങ്ങള്‍ വനിതകളുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം നടത്തി. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. റിപ്പബ്ലിക് ടിവി ഇന്ത്യ ടുഡേ, സിഎന്‍എന്‍, എന്‍ഡിടിവി, ന്യൂസ് 18, ന്യൂസ് മിനുട്ട്‌, റിപ്പോര്‍ട്ടര്‍, ഇ ടി വി ഭാരത് എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നിലക്കലിലെ പ്രതിഷേധസമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ കര്‍മസമിതിക്കാരുടെ അക്രമണത്തിനിരയായ സരിത സംസാരിക്കുന്നു.

‘ന്യൂസ് മിനിട്ടില്‍ നിന്ന് ഞാന്‍ മാത്രമാണ് റിപ്പോര്‍ട്ടിങ്ങിനുണ്ടായിരുന്നത്. അതുകൊണ്ട് നിലയ്ക്കലിലെ പ്രശ്‌നങ്ങള്‍ കവര്‍ ചെയതതിന് ശേഷം പമ്പയിലേക്കും പോകേണ്ടി വന്നു. വിചാരിക്കാത്തത്ര ആളുകളാണ് പ്രതിഷേധക്കാരായി എത്തുന്നത്. ആദ്യം നിലയ്ക്കല്‍ നില്‍ക്കുമ്പോള്‍ തന്നെ കര്‍മ സമിതി പ്രതിഷേധക്കാര്‍ എത്തിയിരുന്നു. അപ്പോള്‍ ഞാന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിലേക്ക് നിന്നു. പിന്നീട് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയരുതെന്ന കര്‍മ സമിതിയുടെ തന്നെ അനൗണ്‍സ്‌മെന്റ് ഉണ്ടായി. അതുകേട്ടപ്പോള്‍ ഇനി പ്രശ്‌നമുണ്ടാകില്ലെന്ന് കരുതിയാണ് പമ്പയിലോട്ടുള്ള ബസില്‍ കയറിയത്.’

കയറിയ കെഎസ്ആര്‍ടിസി ബസ് നിറയെ തമിഴ്‌നാട്ടില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ ഉള്ള ഭക്തരായിരുന്നു. അവരോട് ഞാന്‍ മീഡിയയില്‍ നിന്നാണെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ മാഡം, ഏത് മീഡിയയില്‍ നിന്നാണ് എന്ന് ചോദിച്ചു. ഞാന്‍ ന്യൂസ് മിനുട്ടില്‍ നിന്നാണെന്ന് പറഞ്ഞു. അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞ് കര്‍മ സമിതിയിലെ ഒരു പ്രായമായ ഒരാള്‍ വന്നു. ബസില്‍ സ്ത്രീകള്‍ ഉണ്ടോയെന്ന് പരിശോധിച്ചു. ഞാന്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന സീറ്റിലാണ് ഇരുന്നത്. അയാള്‍ ഇറങ്ങിപ്പോയതും കുറച്ചധികം പേര്‍ ഇറങ്ങെടീ.. എന്നൊക്കെ വിളിച്ചു കൊണ്ട് ബസിനടുത്തു വന്നു. ഞാന്‍ മീഡിയ ആണെന്നൊന്നും പറഞ്ഞിട്ട് അവര്‍ കേട്ടില്ല. മലയാളത്തിലുള്ള ഒട്ടുമിക്ക തെറികളും അവര്‍ വിളിക്കുന്നുണ്ടായിരുന്നു. ഇവരെങ്ങനെയാണ് വിശ്വാസികളാകുന്നത്?

അപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ അനില്‍ മീഡിയയാണെന്ന് പറഞ്ഞുകൊണ്ട് ബസിനടുത്തേക്ക് ഓടിയെത്തി. അനിലാണ് എന്നെ അവരില്‍ നിന്ന് തടഞ്ഞുകൊണ്ട് പോലീസിനടുത്തേക്ക് കൊണ്ടുപോയി. പോലീസിനടുത്തെത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ എന്നെ ചവിട്ടിയത്. എന്റെ വീഡിയോ എടുക്കുകയും തെറി പറയുകയും കൂകി വിളിക്കുകയും ചെയ്തു കൊണ്ടിരുന്നവര്‍. പോലീസ് ജീപ്പില്‍ കയറുമ്പോള്‍ റിപ്പബ്ലിക് ചാനലിലെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയുമുണ്ടായിരുന്നു. നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ജീപ്പില്‍ കൊണ്ട് വന്ന് മൊഴിയെടുത്തിട്ടുണ്ട്. സുഹൃത്തുക്കള്‍ വരുന്നത് വരെ ഇവിടെത്തന്നെ ഇരിക്കാനാണ് തീരുമാനം.

കാണുമ്പോള്‍ തന്നെ എന്നെ മീഡിയ പെഴ്‌സണായി കരുതട്ടെ എന്ന് വിചാരിച്ചാണ് ഞാന്‍ ജീന്‍സും കുര്‍ത്തയും ഉപയോഗിച്ചത്. കാരണം ഭക്തയാണെന്ന നാട്യത്തിലൊന്നും എനിക്ക് അങ്ങോട്ട് കയറണമെന്നില്ല. ഐഡി കാര്‍ഡുപോലും കാണിക്കാന്‍ അവര്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. പ്രതിഷേധം എന്ന പേരില്‍ ആക്രമിക്കുന്ന ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്. അല്ലാതെ ഒരാള്‍ക്കും ഇങ്ങനെ തെറിവിളിക്കാനും ഉപദ്രവിക്കാനും കഴിയില്ല. പോലീസ് ഇല്ലായിരുന്നെങ്കില്‍ എന്നെ അവര്‍ കൊന്നു കളയുമായിരുന്നു.

അവര്‍ ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ബസില്‍ നിന്നിറങ്ങിയതുമാണ്. എന്നിട്ടും അവര്‍ പിറകെ വന്ന് ഉപദ്രവിക്കേണ്ട കാര്യമെന്തായിരുന്നു. കൊല്ലാന്‍ ഇറങ്ങിത്തിരിച്ചവരാണോ നാമജപ പ്രതിഷേധം എന്ന് പറഞ്ഞു വന്നത്. അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യണ്ടയെന്ന് അവര്‍ അറിയിക്കണമായിരുന്നു. അവര്‍ ബാന്‍ ചെയ്ത സ്ഥലത്തല്ലല്ലോ ഞങ്ങള്‍ ചെന്നത്.

ശബരിമല LIVE: നിലയ്ക്കലില്‍ പ്രതിഷേധം അക്രമാസക്തം; കമാന്റോകളെ വിന്യസിക്കാന്‍ തീരുമാനം

“വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല”, ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം

കണ്ഠരര് മോഹനര് ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെടുമ്പോഴാണ് സത്യത്തില്‍ ശരണം വിളിച്ചുപോകുന്നതെന്ന് ടി ജി മോഹന്‍ദാസ്

ബിജെപി രാഷ്ട്രീയത്തിന് പിടികൊടുക്കാതെ പന്തളം കൊട്ടാരം; ലോംഗ് മാര്‍ച്ച് തലസ്ഥാനത്തെത്തുമ്പോള്‍ ആരൊക്കെ കാണും?

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍