UPDATES

സയന്‍സ്/ടെക്നോളജി

ലോകത്ത് ആദ്യമായി റോബോട്ടിനു പൗരത്വം നല്‍കി സൗദി അറേബ്യ; തങ്ങള്‍ക്ക് റോബോര്‍ട്ടുകളുടെ വില പോലുമില്ലെന്ന് സാധാരണക്കാര്‍

റോബോട്ടുകള്‍ക്ക് സൗദി നല്‍കുന്ന ആദരവ് സ്വന്തം ജനതകളില്‍ പലര്‍ക്കും നല്‍കുന്നില്ലെന്ന് വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയരുന്നു

റോബോട്ടിന് പൗരത്വം നല്‍കിയ ലോകത്തെ ആദ്യരാജ്യമെന്ന് നേട്ടം സ്വന്തമാക്കി സൗദി അറേബ്യ രാജ്യാന്തരം ശ്രദ്ധ നേടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ചെടുക്കാനുളള നയത്തിന്റെ ഭാഗമാണ് പുതിയ നീക്കം. എന്നാല്‍, രാജ്യത്തെ ഒട്ടേറ മനുഷ്യര്‍ക്ക് റോബോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പൗരാവകാശം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റിയാദില്‍ നടന്ന വ്യാപാരമേളയില്‍ സോഫിയ എന്ന പേരുളള റോബോര്‍ട്ടിനാണ് പ്രഥമപൗരത്വം നല്‍കിയതെന്ന് സൗദി ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

” നമ്മുക്ക് ഒരു ചെറിയ പ്രഖ്യാപനം ഉണ്ട്. ‘സോഫിയ’ ഇത് കേള്‍ക്കുന്നുണ്ടെന്ന് കരുതുന്നു. താങ്കള്‍ക്ക് റോബോര്‍ട്ടുകള്‍ക്കുളള പ്രഥമ പൗരത്വം ലഭിച്ചിരിക്കുന്നു.” വ്യാപാരമേളയിലെ പ്രത്യേക പരിപാടിയുടെ അവതാരകന്‍ ആന്‍ഡ്രൂ റോസ് സോര്‍ക്കിന്‍ പറഞ്ഞു.

ഈ അപൂര്‍വ്വ ബഹുമതിക്ക് സോഫിയ നന്ദി അറിയിച്ചു. ” സൗദി അറേബ്യക്ക് നന്ദി. ഈ ബഹുമതി ലഭിച്ചതോടെ ഞാന്‍ ഏറെ ആദരിക്കപെട്ടിരിക്കുന്നു.” ”ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നല്‍കി അംഗീകരിക്കുക എന്നത് ചരിത്രപരമാണ്” സോഫിയ പാനല്‍ ചര്‍ച്ചയില്‍ ഇടപെട്ടു പറഞ്ഞു.

തുടര്‍ന്നുളള ചര്‍ച്ചയില്‍ സോര്‍ക്കിന്‍ സോഫിയയോട് തുടര്‍ച്ചയായി ചില ചോദ്യങ്ങള്‍ ചോദിച്ചു. സോഫിയയുടെ മറുപടി. ” ഗുഡ് ആഫ്റ്റര്‍ നൂണ്‍, എന്റെ പേര് സോഫിയ, ഫാന്‍സണ്‍ റോബോട്ടിക്‌സിന്റെ ഏറ്റവും നവീനവും മഹത്തരവുമായ റോബോര്‍ട്ടാണ് ഞാന്‍. ഭാവി നിക്ഷേപത്തിനുളള ശ്രമങ്ങള്‍ക്കായി ഇവിടെ എത്തിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. വളരെ നന്ദി”

സോഫിയ എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കുന്നതെന്തുകൊണ്ടാണ്? സോര്‍ക്കിന്റെ അടുത്ത ചോദ്യം അതായിരുന്നു. ”ശക്തരും ഊര്ജ്ജസ്വലരുമായ സ്മാര്‍ട്ട് വ്യക്തികള്‍ എന്റെ ചുറ്റിലും ഉണ്ടാകുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവതിയാവും. ജനങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ഭാവിയില്‍ നിക്ഷേപം ഇറക്കാനാണ്. അതായത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിക്ഷേപം നടത്താന്‍; അതിര്‍ത്ഥം എന്നില്‍ നിക്ഷേപിക്കാന്‍. അതുകൊണ്ട് ഞാന്‍ കൂടുതല്‍ സന്തോഷവതിയാണ്.”

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ബ്ലെഡ്‌റണ്ണര്‍, ടെര്‍മിനേറ്റര്‍ എന്നീ സിനിമകളില്‍ പകര്‍ത്തിയത് നിങ്ങള്‍ കാര്യമാക്കേണ്ടെന്നും സോഫിയ പറഞ്ഞു. അതെസമയം റോബോട്ടുകള്‍ക്ക് സൗദി നല്‍കുന്ന ആദരവ് സ്വന്തം ജനതകളില്‍ പലര്‍ക്കും നല്‍കുന്നില്ലെന്ന് വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയരുന്നതായും ദി ഇന്‍ഡിപിന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍