UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകളായതു കൊണ്ട് ഭയപ്പെടുത്തിക്കളയാമെന്നാണ് അവര്‍ കരുതിയത്, പക്ഷേ ഞങ്ങള്‍ തൊഴിലാളികളാണ്: ഹസീന ഹാരിസ് സംസാരിക്കുന്നു

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഇരട്ടത്തൊഴിലാളികളാണല്ലൊ. ശാഖ മാത്രമല്ല വീട് വൃത്തിയാക്കേണ്ടതും ഞങ്ങൾ തന്നെ.

അടുത്തിടെ, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവർത്തകർ പ്രചരിപ്പിക്കുന്ന ഒരു വാട്സാപ് സന്ദേശത്തിൽ തപാൽ, ആശാവർക്കേഴ്സ്, അംഗനവാടി ജീവനക്കാർക്ക് ലഭ്യമായ് തീർന്ന പുതിയ ആനുകൂല്യങ്ങൾ ഭരണനേട്ടങ്ങളുടെ പട്ടികയിൽ എഴുതിക്കണ്ടിരുന്നു. സുദീർഘങ്ങളായ സമരങ്ങളിലൂടെ അതാത് മേഖലയിലെ തൊഴിലാളികൾ പിടിച്ച് വാങ്ങിയ ആനുകൂല്യങ്ങളാണത്. നഴ്സിംഗ് തൊഴിലാളികൾ മുതൽ ഉത്തരേന്ത്യൻ കർഷകർ വരെ നടത്തിപ്പോരുന്ന സമര, പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പമാണ് ഇവരുടെ സമരവും നടന്നത്. ഇതിനു പിന്നാലെ, എസ്ബിഐ ശാഖകൾ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നതിൽ നിരന്തരജാഗ്രത പുലർത്തിപ്പോരുന്ന അസ്ഥിരവേതനക്കാർ ഒരു യൂണിയൻ രജിസ്ട്രർ ചെയ്തിരിക്കുന്നു. ഇവര്‍ക്കൊപ്പം ഓഫീസർ, ക്ലാർക്ക് ജീവനക്കാരും അണി ചേര്‍ന്നിട്ടുണ്ട്. എസ്ബിഐ ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി ഹസീന ഹാരിസ് സംസാരിക്കുന്നു.

ചോദ്യം: എന്തുകൊണ്ടൊരു യൂണിയൻ?

ഹസീന: തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശമുണ്ട്. സംഘടിക്കേണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നുമുണ്ട്. എസ്ബിടി ലയനത്തിന് ശേഷം ഞങ്ങളെ പോലുള്ളവരുടെ ജോലി അവതാളത്തിലായപ്പോൾ അത് പരിഹരിക്കാൻ സഹായിച്ചത് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സഖാക്കളാണ്. അവർ ഞങ്ങൾക്ക് വേണ്ടി കോടതിയിലും ലേബർ കോർട്ടിലും കയറിയിറങ്ങി. ഇപ്പോൾ കരാർ വ്യവസ്ഥ പ്രകാരം ജോലി കിട്ടിയതിന് പിന്നിൽ അത്തരം പരിശ്രമങ്ങളാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് ഞങ്ങൾ സംഘടിക്കുവാനും മുന്നോട്ട് പോവാനും തീരുമാനിച്ചത്.

നിങ്ങൾ നേരിടുന്ന കാതലായ പ്രശ്നമെന്താണ്?

ഹസീന: അസ്ഥിരമായ തൊഴിലും കൃത്യതയില്ലാത്ത വേതനവും ഞങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത് തന്നെയാണ് കാതലായ പ്രശ്നം. പക്ഷേ സർക്കാരിന്റെ നയം മാറാത്തിടത്തോളം അതിലൊരു നീക്കുപോക്കില്ല. ദേശീയ പണിമുടക്ക് പോലുള്ള വലിയ പ്രക്ഷോഭങ്ങളിലൂടെയേ അത്തരം മാറ്റങ്ങൾ സംഭവിക്കൂ. മാറ്റങ്ങൾ ഉണ്ടായേ മതിയാവൂ. പക്ഷേ അതുവരെ പിടിച്ച് നിൽക്കാനുള്ള സമരമാർഗ്ഗങ്ങളാണ് ഞങ്ങളിപ്പോൾ ആരായുന്നത്.

വളരെ പെട്ടന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഏതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടാമോ?

ഹസീന: ഞങ്ങളുടെ കൂട്ടത്തിൽ 90 ശതമാനം പേരും സ്ത്രീകളാണ്. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഇരട്ടത്തൊഴിലാളികളാണല്ലൊ. ശാഖ മാത്രമല്ല വീട് വൃത്തിയാക്കേണ്ടതും ഞങ്ങൾ തന്നെ. എന്നാൽ വ്യക്തിപരമായ പല ആവശ്യങ്ങളും നിറവേറ്റാൻ കഴിയാത്ത സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ലീവില്ലെന്ന് മാത്രമല്ല പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തി അധിക ജോലി എടുപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് വീട് പിടിക്കാൻ വൈകുന്നു. രാവിലെ നേരത്തെ വരാതെ കഴിയില്ലല്ലൊ. ഇടപാടുകാർ വന്ന് നിൽക്കുമ്പോൾ ചൂലെടുക്കുന്നത് മര്യാദയല്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഈ പണിക്കൊത്ത വേതനനമൊന്നും കിട്ടുന്നില്ല. നോൺ റൂറൽ, റൂറൽ, മെട്രൊ ഇങ്ങനെ ഭിന്നമായ വേതനവ്യവസ്ഥയും നിലനിൽക്കുന്നു.

കരാർ ഏജൻസികളുടെ ഭാഗത്ത് നിന്നുള്ള സമീപനമെന്താണ്?

ഹസീന: ക്ലീനിംഗ് സാധനങ്ങൾ തരുന്നതിലും മറ്റും അവർക്ക് മടിയുണ്ട്. മൂന്ന് മാസത്തേക്കുള്ളത് പകുതിക്ക് കൂടി തികയില്ല. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങൾ പലപ്പോഴും ത്വക്ക് രോഗങ്ങൾ വരുത്തി വെക്കുന്നുണ്ട്. പല സ്ഥലങ്ങളിലും വേതനകാര്യത്തിലും തർക്കമുണ്ട്. ദിവസവേതനം 450 രൂപ നിശ്ചയിച്ചിട്ടുള്ളത് കൈയില്‍ കിട്ടുമ്പോള്‍ 448 രൂപയാകുന്നതെങ്ങനെയാണാവോ. ആ രണ്ട് രൂപ ഞങ്ങൾക്ക് പ്രധാനമാണ്. വേജ് സ്ളിപ്പില്ല. ആവശ്യത്തിന് യൂണിഫോമില്ല. പൊതുവെ മൂന്ന് സെറ്റ് യൂണിഫോമാണ് ലോകം അംഗീകരിച്ച രീതിയെങ്കിൽ ഇവിടെ ഒരു സെറ്റേ ഉള്ളൂ. ഇട്ടത് തന്നെ ഇട്ട് പിഞ്ചിയാൽ അതും ഇട്ട് ആളുകൾക്ക് മുന്നിൽ പെരുമാറാൻ കഴിയുമോ. ഇതൊരു അന്താരാഷ്ട്ര ബാങ്കല്ലേ, ആർക്കാണ് നാണക്കേട്.

ട്രേഡ് യൂണിയൻ സംഘാടനം നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?

ഹസീന: മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും എതിർപ്പൊന്നും ഉണ്ടായില്ല. പക്ഷേ ബാങ്കിലെ ഭൂരിപക്ഷ യൂണിയൻ അതിനും കൂടി പണിയെടുത്തു. പലയിടത്തും കടുത്ത ഭീഷണികളുണ്ടായി. മോശം ഭാഷാപ്രയോഗങ്ങളുണ്ടായി. പിരിച്ച് വിടുമെന്ന് പറഞ്ഞു. സ്ത്രീകളാണ് കൂടുതൽ; ഭയപ്പെടുത്തിക്കളയാമെന്നാണ് അവർ കരുതുന്നത്. അതിലൊരു കഴമ്പുമില്ലെന്നാണ് അവർ മനസിലാക്കേണ്ടത്.

അത്തരം ഭീഷണികളെ എങ്ങനെ നേരിട്ടു?

ഹസീന: സംഘടിക്കുന്ന തൊഴിലാളികൾക്കും ചില ഞൊടുക്ക് വിദ്യകളൊക്കെ അറിയാം. അവരൊറ്റയ്ക്കല്ല താനും.

ഇടപാടുകാരോടും പൊതുസമൂഹത്തോടും എന്താണ് പറയാനുള്ളത്?

ഹസീന: പൊതുമേഖലാബാങ്കുകൾ ജനങ്ങളുടേതാണ്. ഞങ്ങൾക്ക് ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ സഹായം കൂടിയേ തീരു. ബാങ്കിംഗ് മേഖലയിലെ പുതിയ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനും ജനങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്.

ഐശ്വര്യ നാരായണന്‍

ഐശ്വര്യ നാരായണന്‍

ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വിമന്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍