UPDATES

ട്രെന്‍ഡിങ്ങ്

ജീവനില്‍ കൊതിയുണ്ട്; ഗോരക്ഷകരെ ഭയന്ന് മുസ്ലിം കൗണ്‍സിലര്‍ പശുവിനെ പൊലീസിന് കൈമാറി

സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവായ മീററ്റ് സ്വദേശി അബ്ദുള്‍ ഗാഫറാണ് പശുവിനെ പൊലീസില്‍ ഏല്‍പ്പിച്ചത്

ഒന്നുകില്‍ സ്വയം പ്രഖ്യാപിത ഗോ സംരക്ഷകരായ അക്രമികളാല്‍ മരിക്കേണ്ടി വരും, അല്ലെങ്കില്‍ ഏതെങ്കിലും വിധേന ജയിലില്‍ അടയ്ക്കും; രണ്ടില്‍ ഏതെങ്കിലും തനിക്ക് വന്നുഭവിക്കുമെന്ന ഭയം അബ്ദുള്‍ ഗാഫറിനെ കൊണ്ട് അങ്ങനെയൊരു കടുത്ത തീരുമാനം എടുപ്പിച്ചു. തന്റെ പ്രിയപ്പെട്ട പശുവിനെ പൊലീസില്‍ ഏല്‍പ്പിക്കുക. ഏറെ വിഷമത്തോടെയാണെങ്കിലും ഗഫാര്‍ അത് ചെയ്തു. ജീവഭയം ഒന്നു മാത്രം. രാജ്യത്ത് പലഭാഗങ്ങളിലായി സ്വയം പ്രഖ്യാപിത ഗോസരംക്ഷകരായ തീവ്രഹിന്ദുത്വവാദികള്‍ തല്ലിക്കൊന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഗഫാറിന്റെ ഭയം അടിസ്ഥാനമില്ലാത്തതല്ല.

ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ അബ്ദുള്‍ ഗഫാര്‍ സമാജ്വാദ് പാര്‍ട്ടി പ്രാദേശിക നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമാണ്. പക്ഷേ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നൗചാണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തി തന്റെ പ്രിയപ്പെട്ട പശുവിനെ കൈമാറുമ്പോള്‍ ഗഫാറിന്റെ മുഖത്ത് ഭയം നിലനില്‍ക്കുകയായിരുന്നു. കുടുംബത്തിനും അയല്‍ക്കാര്‍ക്കുമൊപ്പമാണ് ഗഫാര്‍ സ്റ്റേഷനില്‍ എത്തി സഞ്ജയ് കുമാര്‍ എന്ന പൊലീസ് ഓഫിസറുടെ കൈകളിലേക്ക് തന്റെ പശുവിനെ കൊടുത്തത്. താന്‍ സുരക്ഷിതനല്ലെന്ന തോന്നലാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് ഗഫാര്‍ പൊലീസ് ഉദ്യോഗസ്ഥനോടു പറയുന്നു.

തന്റെ പശുവിനെ നന്നായി പരിപാലിക്കുന്ന ആര്‍ക്കെങ്കിലും അതല്ലെങ്കില്‍ ഏതെങ്കിലും സംഘടനയ്‌ക്കോ കൈമാറിക്കൊള്ളാനാണ് ഗഫാര്‍ സഞ്ജയ് കുമാറിനോട് ആവിശ്യപ്പെട്ടത്. എല്ലാ മാസവും താന്‍ അവളെ പോയി കണ്ടു കൊള്ളാമെന്നും ഗഫാറിന്റെ ഉറപ്പ്. സഹോദരി സമ്മാനമായി കൊടുത്ത പശുക്കിടവായിരുന്നു ഇത്. താന്‍ വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമായിരുന്നു വളര്‍ത്തിക്കൊണ്ടു വന്നതെന്നും പശുവിനെ കൈമാറി കഴിഞ്ഞ ശേഷം ഗഫാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പശുവിനെ കൈമാറിതിന്റെ രസീത് തനിക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നു കിട്ടിയിട്ടുണ്ടെന്നും ഇങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ തന്റെ പാര്‍ട്ടിയുടെ നിര്‍ദേശം ഇല്ലെന്നും സ്വന്തം തീരുമാനം പ്രകാരം മാത്രമാണ് ഇതെന്നും മനസൂര്‍ നഗര്‍ നിവാസിയായ ഗഫാര്‍ വ്യക്തമാക്കുന്നു. പക്ഷേ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു തീരുമാനം ആയിരുന്നു ഇതെന്നും ഗഫാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ സിറ്റി പൊലീസ് സൂപ്രണ്ട് മാന്‍ സിംഗ് ചൗഹാന്‍ പറയുന്നത് പശുവിനെ അബ്ദുള്‍ ഗഫാറിന് തന്നെ മടക്കി കൊടുക്കുമെന്നാണ്…തനിക്ക് അതിനെ തിരികെ വേണ്ടെന്നു തന്നെയാണ് ഗഫാറിന്റെ നിലപാട്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍