UPDATES

ട്രെന്‍ഡിങ്ങ്

പ്രതികളെ പിടിക്കാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ല: പിടിഎ മീറ്റിംഗിലും ഗൗരി നേഘയുടെ അച്ഛന്‍

പ്രതികളെ പിടിക്കാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിച്ചാല്‍ തന്റെയും ഗൗരിയുടെ അമ്മയുടെയും അനിയത്തിയുടെയും മരണത്തിനും മറ്റ് രക്ഷിതാക്കള്‍ മറുപടി പറയേണ്ടി വരുമെന്നും പ്രസന്നകുമാര്‍

സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ച സംഭവത്തിന് ശേഷം ഇന്ന് ചേര്‍ന്ന പിടിഎ മീറ്റിംഗിനിടെ സംഘര്‍ഷം. സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാരും വിദ്യാര്‍ത്ഥി സംഘടനകളും സ്‌കൂളില്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.

യോഗം ബഹളത്തെ തുടര്‍ന്ന് മുന്നോട്ട് പോകാനാകാത്ത സാഹചര്യം വന്നതോടെ ഗൗിയുടെ അച്ഛന്‍ പ്രസന്നന്‍ യോഗത്തിലെത്തുകയും പ്രസംഗിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ മാത്രമല്ല സ്‌കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുള്ളതെന്ന് പ്രസന്നന്‍ ആരോപിച്ചു. സ്‌കൂള്‍ തുറക്കുന്നതിനോ കുട്ടികളുടെ പഠനം തുടരുന്നതിനോ താന്‍ എതിരല്ലെന്നും കേസിലെ രണ്ട് പ്രതികളെയും എത്രയും വേഗം പിടിക്കണമെന്നാണ് തന്റെ ആവശ്യമെന്നും പ്രസന്നന്‍ പറഞ്ഞു. എത്രയും വേഗം പ്രതികളെ പിടിക്കുന്നോ അത്രയും വേഗം സ്‌കൂള്‍ തുറക്കാമെന്നും അദ്ദേഹം അറിയിച്ചു. പ്രതികള്‍ക്ക് നാളെ മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള സൗകര്യമുണ്ടാക്കിയിട്ട് പോലീസ് പറയുന്നത് എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ്.

താനും തന്റെ കുടുംബവും ജീവനോടിരിക്കുമ്പോള്‍ ഈ പ്രതികളെ പിടിക്കാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു. അല്ലാത്ത പക്ഷം തന്റെയും ഗൗരിയുടെ അമ്മയുടെയും അനുജത്തിയുടെയും മരണത്തിന് കൂടി മറ്റ് രക്ഷിതാക്കള്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരിക്കെതിരെ നേരത്തെയും കേസിലെ പ്രതിയായ ഒരു അധ്യാപിക നടത്തിയ മാനസിക പീഡനത്തെക്കുറിച്ച് പ്രസന്നകുമാര്‍ പ്രതികരിച്ചിരുന്നു. അവരുടെയടുക്കല്‍ ടൂഷന് പോകാതിരുന്നത് മൂലം ഇന്റേണല്‍ മാര്‍ക്ക് കൊടുക്കാതെയും ബോര്‍ഡ് എക്‌സാം എഴുതിക്കില്ലെന്നും പറഞ്ഞായിരുന്നു നിരന്തര പീഡനം. ഇത് താന്‍ പ്രതികരിച്ചതിന് നല്‍കിയ ശിക്ഷയാണെങ്കില്‍ ഇത് ഇവിടുത്തെ മറ്റ് രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു.

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

ഒരു രക്ഷിതാവ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്തതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ തന്റെ മകനെ കെമിസ്ട്രി ലാബില്‍ വച്ച് ഒരു അധ്യാപിക ചെകിട്ടത്തടിച്ചുവെന്നും സ്‌കൂളില്‍ രണ്ട് തരത്തിലുള്ള പരീക്ഷകള്‍ നടത്തി വിഭജനം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഒരു രക്ഷിതാവായ അഡ്വ. രൂപ ആരോപിക്കുന്നതിനിടെയാണ് മൈക്ക് ഓഫ് ചെയ്തത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ഗൗരി നേഘയുടെ അച്ഛനെ പ്രതിനിധീകരിച്ച് ഇളയച്ഛനാണ് ആദ്യം യോഗത്തിനെത്തിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതും സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് യോഗം നടക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും വിദ്യാര്‍ത്ഥി സംഘടനകളും അറിയിച്ചു.

ഗൗരിയുടെ പിതാവ് എത്തിച്ചേരാതെ യോഗം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നിലപാടെടുത്തതോടെയാണ് പ്രസന്നന്‍ യോഗസ്ഥലത്തെത്തിയത്. മാനേജ്‌മെന്റിനെ അനുകൂലിച്ച് സംസാരിക്കുന്നവരെ മാതമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂവെന്ന് ഗൗരിയുടെ ഇളയച്ഛന്‍ ആരോപിച്ചു. സംസാരിക്കാന്‍ എഴുന്നേറ്റ തന്നെ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുവെന്നും ഇദ്ദേഹം ആരോപിച്ചു. ഗൗരിയുടെ കൊലയാളികള്‍ എവിടെയുണ്ടെന്ന് മാനേജ്‌മെന്റിന് അറിയാമെന്നും മാനേജ്‌മെന്റിന് അനുകൂലമായ പ്രതികരണങ്ങള്‍ രേഖപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഈ രക്ഷിതാക്കളെ ഇവിടെ വിളിച്ചുവരുത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അല്ലാത്തവരെ സംസാരിക്കാന്‍ അനുവദിക്കാതെയും സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്ത് തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസും മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം യോഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചതോടെ രംഗം ശാന്തമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍