UPDATES

ട്രെന്‍ഡിങ്ങ്

പാചകക്കാരി ജാതി മറച്ചുവച്ചു; ശാസ്ത്രജ്ഞയുടെ പരാതിയില്‍ 60 കാരിക്കെതിരേ വഞ്ചന കുറ്റത്തിന് കേസ്

ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട വിവാഹിതയായ സ്ത്രീയെ വേണമെന്നായിരുന്നു പരസ്യം

കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാം, പക്ഷേ ഇന്ത്യയില്‍ ഇങ്ങനെയും നടക്കുന്നു. മനുഷ്യനെക്കാള്‍ എത്രത്തോളം വൈകാരികമാണ് ജാതി എന്നതിന് ഇതൊരു പര്യപ്തമായ ഉദ്ദാഹരണമാണെന്നു തോന്നുന്നു. പൂനെയില്‍ നിന്നാണ് ഈ വാര്‍ത്ത. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആയി ജോലി നോക്കുന്ന മേധ കോലെ പൊലീസ് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത് തന്റെ വീട്ടില്‍ പാചക ജോലി ചെയ്തിരുന്ന സ്ത്രീ ജാതി മറച്ചുവച്ചു ജോലി ചെയ്തു എന്നും തങ്ങളുടെ മതവിശ്വാസങ്ങളെ അപമാനിച്ചുമെന്നുമാണ്. മേധയുടെ പരാതി സ്വീകരിച്ച് നിര്‍മല യാദവ് എന്ന 60 കാരിയുടെ പേരില്‍ സിന്‍ഹ്ഗഡ് റോഡ് പൊലീസ് കേസ് എടുത്തിട്ടുമുണ്ട്.

മേധയുടെ പരാതിയില്‍ പറയുന്ന കാര്യം ഇങ്ങനെയാണ്; 2016 ലാണ് നിര്‍മല യാദവ് മേധയുടെ വീട്ടില്‍ വിശേഷാവസരങ്ങളില്‍- പ്രധാനമായും മാതാപിതാക്കളുടെ ശ്രാദ്ധദിവസം, ഗണേശോത്സവം- ഭക്ഷണം പാചകം ചെയ്യുന്നതിനായി വരാന്‍ തുടങ്ങിയത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട വിവാഹിതയായ ഒരു സ്ത്രീയെ പാചകം ചെയ്യുന്നതിനായി ആവശ്യമുണ്ടെന്നു കാണിച്ച് മേധ നല്‍കിയ പരസ്യം കണ്ടാണ് നിര്‍മല യാദവ് വരുന്നത്. ഇവര്‍ തന്റെ പേര് നിര്‍മല കുല്‍ക്കര്‍ണി എന്നാണെന്നും ബ്രാഹ്മണ സമുദായാംഗം ആണെന്നുമാണ് പറഞ്ഞത്. നിര്‍മലയുടെ വീട്ടില്‍ പോയി കണ്ടശേഷമാണ് മേധ ഇവരെ ജോലിക്ക് നിര്‍ത്തിയത്. ആറ് അവസരങ്ങളില്‍ നിര്‍മല മേധയുടെ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഒരിക്കല്‍ വീട്ടില്‍ പൂജയ്‌ക്കെത്തിയ പൂജാരിയാണ് നിര്‍മല ബ്രാഹ്മണ സ്ത്രീ അല്ലെന്നു പറയുന്നത്. ഇതേ തുടര്‍ന്ന് മേധ നിര്‍മലയുടെ വീട്ടിലെത്തി. സത്യം പറയാന്‍ ആവശ്യപ്പെട്ടതോടെയാണ് താന്‍ ബ്രാഹ്മണ സമുദായാംഗമല്ലെന്നും ഒരു വിധവയാണെന്നും നിര്‍മല കുറ്റസമ്മതം നടത്തിയത്.

ഇതേ തുടര്‍ന്നാണ് മേധ പൊലീസ് സ്റ്റേഷനില്‍ എത്തി നിര്‍മലയ്‌ക്കെതിരേ പരാതി നല്‍കിയത്. പൊലീസ് വഞ്ചന കുറ്റമടക്കം ചുമത്തി നിര്‍മലയ്‌ക്കെതിരേ കേസ് എടുക്കുകയും ചെയ്തു.

എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന തങ്ങളുടെ ചോദ്യത്തിന് നിര്‍മല പറഞ്ഞ മറുപടി ഇതായിരുന്നുവെന്നു പൊലീസ് പറയുന്നു; ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പണം ആവശ്യമായിരുന്നു. അതിന് ഒരു ജോലി വേണമായിരുന്നു. അവര്‍ക്ക് ബ്രാഹ്മണ സമുദായംഗത്തെയായിരുന്നു വേണ്ടിയിരുന്നത്. ആ ജോലി കിട്ടാന്‍ വേണ്ടി ഞാന്‍ എന്റെ ജാതി മറച്ചുവച്ചു…

മനുഷ്യനെക്കാള്‍ വലുതാണ് ജാതിയും മതവുമെന്ന് ഒരിക്കല്‍ കൂടി ഇന്ത്യ വ്യക്തമാക്കുകയാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍