UPDATES

ട്രെന്‍ഡിങ്ങ്

ഇമാമിന് രക്ഷപ്പെടാന്‍ എസ്ഡിപിഐ രണ്ട് ലക്ഷം കൊടുത്തതായി സഹോദരന്റെ മൊഴി

ഇമാം ഷെഫീഖ് അല്‍ ഖാസിയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നാണ് എസ്ഡിപിഐ കഴിഞ്ഞ ദിവസവും പറഞ്ഞത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ഇയാള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഒളിവില്‍ കഴിഞ്ഞ ഇമാമിന് സാമ്പത്തിക സഹായം നല്‍കിയ രണ്ട് പേരെ കുറിച്ചുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.

എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ട് പേര്‍ രണ്ട് ലക്ഷം രൂപ നല്‍കിയെന്ന്‌ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഇമാമിന്റെ സഹോദരന്മാരില്‍ ഒരാള്‍ മൊഴി നല്‍കിയതായി അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന നെടുമങ്ങാട് ഡിവൈ എസ് പി അശോകന്‍ അഴിമുഖത്തോട് പറഞ്ഞു. ഇമാമിനെ ഒളിവില്‍ കഴിയാനും രക്ഷപ്പെടുത്താനും സഹായിച്ച സഹോദരങ്ങളായ അല്‍ അമീന്‍, അന്‍സാരി, ഷാജി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കൊച്ചിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് എത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ അല്‍ അമീനില്‍ നിന്നാണ് എസ്ഡിപിഐയ്ക്ക് ഇമാമുമായുള്ള ബന്ധത്തിന്റെ സൂചന ലഭിച്ചത്.

അതേസമയം ഇമാം ഷെഫീഖ് അല്‍ ഖാസിയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നാണ് എസ്ഡിപിഐ കഴിഞ്ഞ ദിവസവും പറഞ്ഞത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി തയ്യാറാക്കിയ വക്കാലത്ത് ഇമാം വക്കീലില്‍ നിന്നും തിരികെ വാങ്ങി. ഖാസിമി എസ്ഡിപിഐയുടെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് തിരുവനന്തപുരം ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്തായാലും സഹോദരന്റെ മൊഴിയെ അതീവ ഗൗരവത്തോടെ തന്നെ കണ്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

അതേസമയം ഇമാമിനെ സമ്മര്‍ദ്ദത്തിലാക്കി കീഴടങ്ങിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഇതുവരെയും ഫലം കണ്ടിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസിന് മുമ്പ് കീഴടങ്ങുന്നതാണ് നല്ലതെന്ന് വക്കീലിനെക്കൊണ്ട് പറയിക്കുകയാണ് ചെയ്തത്. ഇതിനിടെയിലാണ് ഇമാം വക്കീലില്‍ നിന്നും വക്കാലത്ത് തിരികെ വാങ്ങിയത്. ഇമാമിനെതിരെ മൊഴി നല്‍കുന്നതില്‍ അമ്മയും ഇളയച്ഛനും വിലക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍