UPDATES

സെന്‍കുമാര്‍ വിധി: സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കേറ്റ തിരിച്ചടി

സിപിഎമ്മിനെ പ്രകോപിപ്പിച്ചത് ടിപി കേസ്, കതിരൂര്‍ മനോജ് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ കേസ് എന്നിവയില്‍ എടുത്ത സെന്‍കുമാറിന്റെ നിലപാട്

പിണറായി സര്‍ക്കാരിന് ശനിദശയാണ്. തിരിച്ചടികള്‍ ഒന്നിന്നുപിറകെ ഒന്നായാണ് വന്നുപതിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പഴി കേള്‍പ്പിച്ചത് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റും വിജിലന്‍സും ആയിരുന്നെങ്കില്‍ അടുത്തത് മൂന്നാറിലെ കയ്യേറ്റമൊഴിപ്പക്കലിന്റെ രൂപത്തിലായിരുന്നു. തുടര്‍ന്ന് മുന്നണിയിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം മുറുകുമ്പോള്‍ അതാ വരുന്നു അടുത്ത പ്രഹരം എംഎം മണിയുടെ നാക്കിന്റെ രൂപത്തില്‍. സൂചി കൊണ്ടെടുക്കാമായിരുന്ന ജിഷ്ണു വിഷയം ജെസിബി കൊണ്ടെടുക്കുന്ന കോലത്തിലാക്കിയതും സര്‍ക്കാരിന്റെ കഴിവുകേടും പിടിവാശിയുമായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനും ഫോണ്‍ കെണിയില്‍ പെട്ട് എകെ ശശീന്ദ്രനും പുറത്തു പോകേണ്ടി വന്നത് ഈ കാലത്ത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടികളില്‍ ഒന്നാണ്. ഇപ്പോഴിതാ സെന്‍ കുമാര്‍ വിധിയും പിണറായി സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്നു.

സെന്‍കുമാറിനെ തിരിച്ചെടുക്കാനുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയേക്കാള്‍ ഉപരി സിപിഎമ്മിനകത്ത് തന്നെ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടും എന്ന കാര്യത്തില്‍ സംശയമില്ല. സെന്‍കുമാറിനെ എത്രയും വേഗം പദവിയില്‍ നിന്നു തെറിപ്പിക്കുക എന്നത് കണ്ണൂരിലെ സിപിഎമ്മിന്റെ ആവശ്യമായിരുന്നു. സര്‍ക്കാര്‍ കാരണമായി പറഞ്ഞത് ജിഷ കേസും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ വീഴ്ചകളും ഒക്കെയാണെങ്കിലും താന്‍ എന്തുകൊണ്ടാണ് പുറത്താക്കപ്പെട്ടത് എന്നത് പല തവണ മാധ്യമങ്ങള്‍ക്ക് മുന്‍പി‌ല്‍ സെന്‍ കുമാര്‍ വിശദീകരിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ സെന്‍കുമാര്‍ ഇപ്പോള്‍ ബിജെപി പാളയത്തില്‍ ആണെന്നുവരെ പിണറായി വിജയന്‍ പറയുകയും ചെയ്തു.

സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ് എന്നിവയുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സെന്‍കുമാര്‍ ആയിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തതെന്ന് സെന്‍കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. സെന്‍കുമാറിന്റെ നടപടികള്‍ കണ്ണൂരിലെ സിപിഎം നേതൃത്വത്തെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ ഡിജിപിയായിരുന്ന കാലത്ത് കണ്ണൂരില്‍ ഒരു കൊലപാതകം മാത്രമാണ് നടന്നത് എന്നും അതിന് ശേഷം ഒമ്പതെണ്ണം നടന്നു എന്നുമാണ് സെന്‍കുമാര്‍ കോടതിയില്‍ ഉന്നയിച്ച ഒരു വാദങ്ങളില്‍ ഒന്ന്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രതികാര ബുദ്ധിയോടെ എന്ന മട്ടില്‍ എടുത്ത തീരുമാനമാണ് ഇവിടെ തകര്‍ന്നു വീണിരിക്കുന്നത്. പോലീസ് സേനയെ എകെജി സെന്ററില്‍ നിന്നോ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നോ എല്ലാ കാലത്തും നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് പുതിയ വിധി നല്‍കുന്ന സൂചന. അതായിരിക്കട്ടെ പിണറായി സര്‍ക്കാരിനുള്ള പാഠവും.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍