UPDATES

ട്രെന്‍ഡിങ്ങ്

‘എന്റെ ആര്‍ത്തവത്തിന് നികുതി ഏര്‍പ്പെടുത്തരുത്’

സാനിട്ടറി പാഡുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ സ്ത്രീകള്‍ രംഗത്ത്

ചരക്ക്-സേവന നികുതി രാജ്യത്തെമ്പാടും സങ്കീര്‍ണതകള്‍ വിതച്ചിരിക്കെ ന്യായമായ ഒരു അവകാശവുമായി ഇന്ത്യയിലെ സ്ത്രീകള്‍ രംഗത്തെത്തുന്നു. സാനിട്ടറി പാഡുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ അന്യായം ചോദ്യം ചെയ്തുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ പ്രതികരിക്കുന്നത്. ‘എന്റെ ആര്‍ത്തവത്തിന് നികുതി ഏര്‍പ്പെടുത്തരുത്’ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.

കുങ്കുമവും വളകളും നികുതിരഹിതമാക്കിയപ്പോള്‍ സാനിട്ടറി പാഡുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ലൈംഗീക ബന്ധം ഒരു തിരഞ്ഞെടുപ്പാണെന്നും എന്നാല്‍ ആര്‍ത്തവം അങ്ങനെയല്ലെന്നും സ്ത്രീകള്‍ പ്രതികരിക്കുന്നു. ഗര്‍ഭനിരോധന ഉറകള്‍ നികുതിരഹിതമാക്കുമ്പോള്‍ എങ്ങനെയാണ് സാനിട്ടറി പാഡുകള്‍ക്ക് ഇത്ര വലിയ നികുതി ഏര്‍പ്പെടുത്താന്‍ സാധിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

"</p

കേന്ദ്ര സര്‍ക്കാര്‍ വലിയ അന്യായമാണ് ചെയ്തിരിക്കുന്നതെന്ന് ബംഗളൂരുവില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റ് പദ്മിനി പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ തന്നെ സാനിട്ടറി പാഡുകളുടെ വില താങ്ങാന്‍ ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. പുതിയ നികുതി കൂടി ഏര്‍പ്പെടുത്തപ്പെടുമ്പോള്‍ ഇത് വലിയ ഭാരമായി മാറുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഗുണപ്രദവും ലളിതവുമായ നികുതി ഘടന’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച ജിഎസ്ടി വലിയ ബാധ്യതയായി മാറുന്നതിന്റെ സൂചനകളാണ് ലഭ്യമാകുന്നത്.

പുതിയ നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം സാനിട്ടറി പാഡുകള്‍ പോലെയുള്ള വസ്തുക്കള്‍ക്ക് വിലയിളവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സ്ത്രീ സംഘടനകള്‍ വാദിക്കുന്നു. ‘പുരുഷന്മാര്‍ മാത്രമാണ് ജിഎസ്ടി കൗണ്‍സിലില്‍ ഉള്ളതെന്നതും അവര്‍ക്ക് ആര്‍ത്തവം ഉണ്ടാവില്ലെന്നതും മാത്രമാണ് സാനിട്ടറി പാഡുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ഒരേ ഒരു കാരണം,’ എന്നാണ് ഏറ്റവും പ്രചരിക്കപ്പെടുന്ന ഒരു ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്. ആര്‍ത്തവുമായി ബന്ധപ്പെട്ട സമയത്ത് ശുചിത്വം പാലിക്കാന്‍ ഇന്ത്യയിലെ 80 ശതമാനം സ്ത്രീകള്‍ക്കും സാധ്യമല്ലാതിരിക്കെ സാനിട്ടറി പാഡുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കണമെന്നും ട്വീറ്റുകള്‍ ആവശ്യപ്പെടുന്നു. സാനിട്ടറി പാഡുകള്‍ അടിസ്ഥാന ആവശ്യമാണെന്നും അതൊരു ആഡംബരമല്ലെന്നും സര്‍ക്കാരുകള്‍ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും രാജ്യത്തെ സ്ത്രീകള്‍ രേഖപ്പെടുത്തുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍