UPDATES

സിനിമ

നിലവാരമില്ലാത്ത സിനിമകള്‍ക്ക് സര്‍ക്കാര്‍ തിയറ്ററുകള്‍ കൊടുക്കാന്‍ പറ്റില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍; തെരുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ശബ്ദത്തിന്റെ നിര്‍മ്മാതാവ്‌

പതിനഞ്ച് സിനിമകള്‍ സംവിധാനം ചെയ്ത ലെനിന്‍ രാജേന്ദ്രനേക്കാള്‍ സിനിമാ ബോധം അഞ്ച് സിനിമകളില്‍ അഭിനയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനുണ്ട്

മാധ്യമപ്രവര്‍ത്തകനായ പി കെ ശ്രീകുമാര്‍ സംവിധാനം ചെയ്ത് ജയന്ത് മാമ്മന്‍ നിര്‍മ്മിക്കുന്ന ശബ്ദം എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ വിട്ടുനല്‍കാനാകില്ലെന്ന കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ(കെഎസ്എഫ്ഡിസി) തീരുമാനം വിവാദമായിരിക്കുകയാണ്. സമാന്തര സിനിമകളെയും പ്രോത്സാഹിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച കെഎസ്എഫ്ഡിസി ഈ ചലച്ചിത്രത്തിന് തിയറ്റര്‍ വിട്ടുനല്‍കാത്തത് കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണെന്നതാണ് കൗതുകം. ഈമാസം 11നാണ് ശബ്ദം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി സര്‍ക്കാര്‍ തിയറ്ററുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പ് തന്നെ മന്ത്രി എ കെ ബാലനും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും കത്തു നല്‍കിയിരുന്നുവെന്ന് ജയന്ത് പറയുന്നു. ആദ്യം പതിമൂന്ന് തിയറ്ററുകളാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് ഏഴ് തിയറ്ററുകളും ഒടുവില്‍ നാല് തിയറ്ററുകള്‍ നല്‍കാമെന്നാണ് കെഎസ്എഫ്ഡിസി അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന് കീഴിലുള്ള ഏറ്റവും ചെറിയ തിയറ്ററായ നിള പോലും വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് കെഎസ്എഫ്ഡിസി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം ഈ വിഷയത്തില്‍ സമാന്തര സിനിമകളുടെ സംവിധായകന്‍ കൂടിയായ ലെനിന്‍ രാജേന്ദ്രന് പറയാനുള്ളത് മറ്റൊന്നാണ്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡി സ്‌കേപ്പ് എന്ന ചിത്രത്തിന് മൂന്ന് പേര്‍ മാത്രമാണ് ടിക്കറ്റെടുത്തത്. 15 പേരെങ്കിലും ഇല്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നീട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ടിക്കറ്റുകളെടുപ്പിച്ച് പതിനഞ്ച് പേരെ തിയറ്റുകളിലെത്തിക്കുകയായിരുന്നു. പതിനഞ്ച് പേര്‍ ടിക്കറ്റെടുക്കുമ്പോള്‍ 1500 രൂപ മാത്രമാണ് കെഎസ്എഫ്ഡിസിയ്ക്ക് പിരിഞ്ഞു കിട്ടുന്നത്. എന്നാല്‍ ഒരു ഷോ നടത്തുമ്പോള്‍ അയ്യായിരത്തിലേറെ രൂപ ചെലവ് വരും. 3500 രൂപയിലേറെ നഷ്ടം സഹിച്ചാണ് ആദ്യ ഷോ നടത്തിയതെന്ന് അദ്ദേഹം പറയുന്നു. രണ്ടാമത്തെ ഷോയ്ക്കും ആളില്ലാതായതോടെ ആ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വച്ചത്. സമാന്തര സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നതാണ് കെഎസ്എഫ്ഡിസിയുടെ ലക്ഷ്യമെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും വൈദ്യുതി ബില്‍ അടയ്ക്കാനുമുള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് സിനിമകളുടെ കളക്ഷന്‍ മാത്രമാണ് ഏക വരുമാനം. അപ്പോള്‍ നഷ്ടത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുന്ന ചിത്രങ്ങള്‍ ഒഴിവാക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ജയന്ത് മാമ്മന്റെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറയുന്നതിനെല്ലാം മറുപടി പറയാനിരിക്കുന്ന ആളല്ല താനെന്നായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ മറുപടി. അന്നേ ദിവസത്തേക്ക് തിയറ്ററുകളെല്ലാം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഏറ്റിരിക്കുന്നതാണ്. അത് കൊടുക്കാതിരിക്കാന്‍ പറ്റില്ല. സിനിമകള്‍ക്ക് തിയറ്റര്‍ അനുവദിക്കുന്നതില്‍ ചില മാനദണ്ഡങ്ങളുണ്ടെന്നും ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. ഈ തിയറ്ററുകളൊന്നും സര്‍ക്കാര്‍ തങ്ങള്‍ക്ക് വെറുതെ തരുന്നതല്ലെന്നാണ് ലെനിന്‍ രാജേന്ദ്രന്‍ പറയുന്നത്. സിനിമകള്‍ വിജയകരമായി പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന്റെ ചെലവുകള്‍ നേരിടാന്‍ സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്യുന്നില്ല. സമാന്തര സിനിമകള്‍ക്ക് വേദി അനുവദിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ സര്‍ക്കാരിനോട് പോയി പറയട്ടെ. ആളു കയറാനിടയില്ലാത്ത സിനിമകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിലൂടെയുണ്ടാകുന്ന നഷ്ടം ആര് നികത്തുമെന്ന് കൂടി ഇവര്‍ പറഞ്ഞു തരണം. തിയറ്ററുകള്‍ നിര്‍മ്മിക്കാന്‍ പോലും സര്‍ക്കാര്‍ പണം തന്നിരിക്കുന്നത് വായ്പയായാണ്. അത് തിരിച്ചടയ്‌ക്കേണ്ടതാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള പണവും നല്‍കുന്നില്ല. പിന്നെങ്ങനെ സിനിമകള്‍ നഷ്ടത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം നഷ്ടം വന്നാല്‍ എന്തു ചെയ്യാമെന്നും ഈ നഷ്ടം എങ്ങനെ പരിഹരിക്കാമെന്നും സര്‍ക്കാരുമായി കൂട്ടായി ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും ലെനിന്‍ രാജേന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു. നഷ്ടം നികത്തിക്കൊടുക്കാന്‍ തയ്യാറായാല്‍ പ്രൈവറ്റ് തിയറ്ററുകളും ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകും. സമാന്തര സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നതിനാലാണ് 1500 രൂപ കളക്ഷന് വേണ്ടി 5000 രൂപ ചെലവഴിക്കുന്നത്.

കാ ബോഡി സ്‌കേപ്പ് സംഘപരിവാര്‍ ഭീഷണി നേരിട്ടതാണെന്നതൊന്നും യാതൊരു വിധ ആനുകൂല്യങ്ങള്‍ക്കുമുള്ള മാനദണ്ഡമല്ല. ചെലവു കുറഞ്ഞ സിനിമകള്‍ നിരവധി ഇറങ്ങുന്നുണ്ട്. അവയുടെ ഗുണനിലവാരം പരിശോധിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ക്യാമറയെക്കുറിച്ചോ സിനിമയെക്കുറിച്ചോ അടിസ്ഥാന ധാരണ പോലുമില്ലാത്തവര്‍ പോലും ഇന്ന് സിനിമ നിര്‍മ്മിക്കുന്നു. ഇത്തരം സിനിമകള്‍ക്കൊക്കെ എന്തിനാണ് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതും സര്‍ക്കാര്‍ തിയറ്ററുകള്‍ അനുവദിക്കുന്നതും- ലെനിന്‍ രാജേന്ദ്രന്‍ ചോദിക്കുന്നു. ശബ്ദം എന്ന സിനിമയുടെ നിലവാരത്തെക്കുറിച്ച് അത് പുറത്തിറങ്ങിയാലേ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരോഗമനം പറയുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് പ്രസംഗങ്ങളില്‍ മാത്രമേ അതുള്ളൂവെന്നാണ് കെഎസ്എഫ്ഡിസി മുന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. താന്‍ ചെയര്‍മാനായിരുന്ന ഒരു വര്‍ഷക്കാലം ഇത്തരത്തിലുള്ള എല്ലാ സിനിമകള്‍ക്കും തിയറ്റര്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു ദിവസം പോലും ഓടാത്ത സിനിമകള്‍ക്ക് വേണ്ടി താന്‍ 25 ദിവസം വരെ പ്രദര്‍ശനം നീട്ടിക്കൊടുത്തിട്ടുണ്ടെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെങ്കില്‍ കളക്ഷനില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യം തന്റെ കാലത്തും ഉയര്‍ന്നിരുന്നു. എന്നാല്‍ കച്ചവടം മാത്രമല്ല, കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളും പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു തന്റെ നിലപാട്. അതിനാല്‍ ബാഹുബലി ഉള്‍പ്പെടെ വന്‍ കളക്ഷനുള്ള സിനിമകള്‍ മാറ്റി വച്ച് പോലും ചെറിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കെ ആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് എന്ന സിനിമയാണ് ബാഹുബലിയുടെ സ്‌ക്രീനിംഗ് നിര്‍ത്തി വച്ച് പ്രദര്‍ശിപ്പിച്ചത്. ഒരു വര്‍ഷക്കാലം യാതൊരു പരാതിയുമില്ലാതെയാണ് താന്‍ കെഎസ്എഫ്ഡിസിയെ നയിച്ചതെന്നും ഉണ്ണിത്താന്‍ പറയുന്നു.

പുരപ്പുറത്ത് കയറിയിരുന്ന് പുരോഗമനത്തെക്കുറിച്ച് പ്രസംഗിക്കുന്നവരുടെ പ്രവര്‍ത്തികള്‍ അറുപിന്തിരിപ്പനാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. ജനങ്ങളുടെ കയ്യടി നേടാനായി ചരിത്രപരമെന്നൊക്കെ അവകാശപ്പെട്ട് ഓരോ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ഒരു പുരോഗമന നടപടിയും ഇവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സംസ്ഥാന സര്‍ക്കാരുകളുടെ തിയറ്ററുകളിലല്ലാതെ ഇത്തരം സമാന്തര ചിത്രങ്ങള്‍ പ്രദര്‍ശിപ്പാക്കാനാകില്ല. കാരണം സ്വകാര്യ തിയറ്ററുകളുടെ ലക്ഷ്യം ലാഭം മാത്രമാണ്. സര്‍ക്കാരിന്റെ ലക്ഷ്യം ലാഭം മാത്രമല്ലെന്നും ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ക്ക് ഏതാനും തിയറ്ററുകളിലെങ്കിലും പ്രദര്‍ശനാനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ കെഎസ്എഫ്ഡിസിയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെടുന്നു.

അതേസമയം സര്‍ക്കാര്‍ തിയറ്ററുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ശബ്ദം ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റ് വഴികള്‍ തേടുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഏതാനും മാളുകളും സ്വകാര്യ തിയറ്ററുകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഒന്നും ശരിയായില്ലെങ്കില്‍ പ്രൊജക്ടര്‍ വച്ച് തെരുവില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ജയന്ത് മാമ്മന്‍ അഴിമുഖത്തോട് പറഞ്ഞു. കായംകുളം കൊച്ചുണ്ണിയ്ക്കും അതിന്റെ നിര്‍മ്മാതാവായ ഗോകുലം ഗോപാലനും വേണ്ടി തങ്ങളുടെ ചിത്രത്തെ തഴയുകയായിരുന്നുവെന്നാണ് ജയന്ത് പറയുന്നത്. ഓഗസ്റ്റ് 26നാണ് കായംകുളം കൊച്ചുണ്ണി ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കം മൂലം ഇത് മാറ്റിവയ്ക്കുകയായിരുന്നു. അന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെട്ട് സെപ്തംബറില്‍ കായംകുളം കൊച്ചുണ്ണി അടക്കമുള്ള അവരുടെ ചിത്രങ്ങള്‍ മാത്രമേ റിലീസ് ചെയ്യൂവെന്ന് കെഎസ്എഫ്ഡിസിയുമായി ധാരണയുണ്ടാക്കിയിരുന്നു. സെപ്തംബറില്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം ഉപയോഗിക്കാതെയാണ് അവര്‍ വീണ്ടും റിലീസിംഗ് ഒക്ടോബറിലേക്ക് നീട്ടിവച്ചത്. ഒക്ടോബര്‍ 11ന് നാല് തിയറ്ററുകള്‍ അനുവദിക്കാമെന്ന് കെഎസ്എഫ്ഡിസി സമ്മതിച്ചതാണ്. എന്നാല്‍ ഈ വാക്കാണ് അവര്‍ മാറ്റിയത്. ഏറ്റവും ചെറിയ സര്‍ക്കാര്‍ തിയറ്ററായ നിളയിലെങ്കിലും ഒരു ഷോ അനുവദിക്കണമെന്ന് തങ്ങള്‍ അവരോട് ആവശ്യപ്പെട്ടതായും ജയന്ത് കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോ ഷോ കഴിഞ്ഞിട്ടും ആളില്ല എന്ന് കണ്ടാല്‍ ചിത്രം മാറ്റിക്കോളൂവെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു നോക്കിയതാണെന്ന് ജയന്ത് മാമ്മന്‍ അറിയിച്ചു.

സമാന്തര സിനിമകളുടെയും കലാമൂല്യമുള്ള നല്ല സിനിമകളുടെയും വികസനമല്ല, പകരം കച്ചവട സിനിമകളില്‍ നിന്നും വലിയ വരുമാനമുണ്ടാക്കുകയാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ജയന്ത് കുറ്റപ്പെടുത്തി. സിനിമയ്ക്ക് ആളു കയറുമോയെന്ന് പോലും നോക്കാതെ ആള് കയറില്ലെന്ന മുന്‍വിധിയില്‍ അവര്‍ എങ്ങനെയാണ് എത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഗോകുലം ഗോപാലനെ പോലുള്ള വലിയ വ്യവസായിയുടെ പിന്തുണയുള്ള കായംകുളം കൊച്ചുണ്ണിക്ക് കേരളത്തിലെ എല്ലാ സ്വകാര്യ തിയറ്ററുകളും വാടകയ്ക്ക് എടുക്കാന്‍ സാധിക്കും. ശബ്ദം ജനകീയ കൂട്ടായ്മയിലൂടെ നിര്‍മ്മിച്ച ചിത്രമാണ്. ഒരു പോസ്റ്റര്‍ തയ്യാറാക്കി കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഒട്ടിക്കുന്നതിന് പോലും ഒരു ലക്ഷം രൂപയോളം ചെലവ് വരും. തിയറ്റര്‍ ഉടമകളെ കാണാന്‍ പോയപ്പോഴുണ്ടായ ചെലവുകള്‍ വേറെ. അതിനാല്‍ തന്നെ ഇനി ചിത്രത്തിന്റെ റിലീസിംഗ് മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് ജയന്ത് വ്യക്തമാക്കി. അതിനുള്ള സാമ്പത്തിക ശേഷിയും തങ്ങള്‍ക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെക്കൊണ്ട് പോലും വിളിച്ചു പറഞ്ഞിട്ടും തങ്ങള്‍ നേരിട്ടത് അവഗണനയാണെന്നും ജയന്ത് കൂട്ടിച്ചേര്‍ത്തു.

ഒരു തിയറ്ററിലെങ്കില്‍ ഒരു തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാകുമോയെന്നാണ് ഇവര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തെരുവില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന ആശയവുമായി ധാരാളം പേര്‍ എത്തിയിട്ടുണ്ടെന്ന് ജയന്ത് കൂട്ടിച്ചേര്‍ത്തു. ഒരു തിയറ്ററും കിട്ടിയില്ലെങ്കില്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. സമാന്തര സിനിമകളുടെ വക്താവായ ലെനിന്‍ രാജേന്ദ്രന്‍ ചെയര്‍മാനായിരിക്കുന്ന കെഎസ്എഫ്ഡിസിയില്‍ നിന്നും ഇത്തരമൊരു സമീപനമുണ്ടായതാണ് ഇവരെ അമ്പരപ്പിച്ചിരിക്കുന്നത്. പതിനഞ്ച് സമാന്തര സിനിമകള്‍ സംവിധാനം ചെയ്ത ലെനിന്‍ രാജേന്ദ്രനെക്കാള്‍ ചലച്ചിത്ര ബോധം അഞ്ച് കച്ചവട സിനിമകളില്‍ മാത്രം അഭിനയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനുണ്ടെന്ന് പറയേണ്ടി വരുന്നതും അതിനാലാണ്.

ക ബോഡിസ്‌കേപ് കാണാന്‍ എത്തുന്നവര്‍ക്ക് മുന്‍പില്‍ ടിക്കറ്റ് കൗണ്ടർ അടച്ചിട്ടതായി പരാതി; സര്‍ക്കാര്‍ തിയേറ്ററിനെതിരെ ആരോപണവുമായി സംവിധായകന്‍ ജയന്‍ ചെറിയാന്‍

കായംകുളം കൊച്ചുണ്ണി ഉള്ളതുകൊണ്ടു തിയറ്റര്‍ തരില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍; ഈ ‘ശബ്ദം’ ജനങ്ങള്‍ കേള്‍ക്കണം

ഉച്ചപ്പടങ്ങളെക്കുറിച്ച് ഒരാസ്വാദനം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍