UPDATES

ട്രെന്‍ഡിങ്ങ്

‘കേരളത്തിന്റെ സൈന്യം’: പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യും’

കടൽവെള്ളം സ്വന്തം കൂരകളിൽ ഇരച്ചുകയറുമ്പോഴാണ‌് പ്രളയജലത്തിൽ മൂക്കറ്റം മുങ്ങിനിന്നവരെ ജീവിതത്തിലേക്ക‌് കോരിയെടുക്കാൻ മത്സ്യത്തൊഴിലാളികൾ ദുരന്തമുഖങ്ങളിൽ ഓടിയെത്തിയത‌്.

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എം പി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാർശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്യുന്നു.

2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ വലിയ സേവനമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് പത്തനംതിട്ട, ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.

സമാനതകളില്ലാത്ത അപ്രതീക്ഷിത ദുരന്തം നേരിട്ട കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച മൽസ്യ തൊഴിലാളികളെ കേരളം നന്ദിയോടെ സ്മരിക്കുന്ന വേളയിൽ മുഖ്യമന്ത്റി പിണറായി വിജയനാണ് അവരെ കുറിച്ച് കാവ്യാത്മകമായ ഒരു വിശേഷണം നടത്തിയത് “കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണ്”. ഇത് ഏറെ ചർച്ചയാവുകയും അന്താരാഷ്ട്ര തലത്തിൽ മൽസ്യ തൊഴിലാളികളുടെ സംഭാവനകൾ ചർച്ചയാവുകയും ചെയ്തിരുന്നു.

കടൽവെള്ളം സ്വന്തം കൂരകളിൽ ഇരച്ചുകയറുമ്പോഴാണ‌് പ്രളയജലത്തിൽ മൂക്കറ്റം മുങ്ങിനിന്നവരെ ജീവിതത്തിലേക്ക‌് കോരിയെടുക്കാൻ മത്സ്യത്തൊഴിലാളികൾ ദുരന്തമുഖങ്ങളിൽ ഓടിയെത്തിയത‌്. ആയിരത്തോളം ഔട്ട‌്ബോർഡ‌് ബോട്ടുകളിലും ഇൻബോർഡ‌് വള്ളങ്ങളിലുമായി നാലു രാപ്പകൽ ഊണും ഉറക്കവുമില്ലാതെ ദുരന്തമുഖത്ത‌് കർമനിരതരായത‌് അയ്യായിരത്തിലേറെ മത്സ്യത്തൊഴിലാളികൾ. അവർ ജീവിതതീരത്തടുപ്പിച്ചത‌് ഒന്നേകാൽ ലക്ഷം മനുഷ്യരേയുമാണ്. അത് കൊണ്ട് തന്നെ നോബൽ സമ്മാന ശുപാർശയെ സോഷ്യൽ മീഡിയ അടക്കം സ്വാഗതം ചെയ്തിട്ടുണ്ട്.

ചിത്രം : വി ശ്രീനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍