പാക് സൈന്യം അഭിനന്ദിനെ ചോദ്യം ചെയ്യുന്നതിനിടെ പുറത്തുവിട്ട വീഡിയോ പോലെ തന്നെയാണ് പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്
അഭിനന്ദന്‍ വര്‍ധ്മാനെ പരിഹസിക്കുന്ന തരത്തിലുള്ള പരസ്യത്തെ ന്യായീകരിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്ന പരസ്യത്തെ തെറ്റ് പറയാനാകില്ലെന്നും പരസ്പരമുള്ള കളിയാക്കലിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും തരൂര്‍ പറയുന്നു. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തരൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദിനെ പരിഹസിക്കുന്ന പരസ്യം പാക് ചാനലില്‍ സംപ്രേഷണം ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് ഇന്ത്യാ-പാകിസ്ഥാന്‍ കളിയെക്കുറിച്ച് പരസ്യം നല്‍കിയത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറികടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടയില്‍ പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദന്‍ പാക് സൈന്യത്തോട് നടത്തിയ പ്രതികരണത്തെ വികലമായി ചിത്രീകരിക്കുന്നതാണ് പരസ്യം.
പാക് സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോ പോലെ തന്നെയാണ് പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്. ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ ‘അയാം സോറി അക്കാര്യം പറയാന്‍ എനിക്ക് അനുമതി ഇല്ല’ എന്നാണ് മറുപടി. ചോദ്യം ചെയ്യലില്‍ അഭിനന്ദന്‍ പറഞ്ഞതും ഇതേ മറുപടിയാണ്. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് നല്ലതായിരുന്നുവെന്ന് പരസ്യത്തില്‍ അഭിനേതാവ് പറയുന്നു.
എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പുമായി എവിടേക്കാണ് പോകുന്നത് കപ്പ് ഇവിടെ വച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടാണ് പരസ്യം അവസാനിക്കുന്നത്.