UPDATES

ട്രെന്‍ഡിങ്ങ്

മികച്ച നടിയായി ശീതള്‍ ശ്യാം; കലയിലും കഴിവു തെളിയിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌, കയ്യടിക്കാം ഈ അംഗീകാരത്തിന്‌

ഗര്‍ഭം ധരിക്കാനും കുട്ടികളെ ലാളിക്കാനും ആഗ്രഹിക്കുന്ന ഒരു മനസ് തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമുള്ളത്. അവരുടെ ഈ മനസ് തുറന്നുകാട്ടുകയാണ് ശീതള്‍ അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രം

കേരളത്തിലെ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന് മറ്റൊരു അഭിമാനകരമായ നേട്ടവുമായി അവര്‍ക്കിടയില്‍ നിന്നൊരാള്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം മാനവീയത്തില്‍ സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ഫിലിം ഫെസ്റ്റിവലായ നിഴലാട്ടത്തിലാണ് മികച്ച നടിയായി ശീതള്‍ ശ്യാം എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു ബാബു സംവിധാനം ചെയ്ത #അവളോടൊപ്പം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശീതള്‍ അംഗീകരിക്കപ്പെട്ടത്. ശീതളിന്റെ ഈ നേട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഒന്നടങ്കം ആവേശത്തിലാണ്.

ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ സംഭവമാണ് ഇത്. വൈകിയാണെങ്കിലും ഈ ഒരു വിഭാഗത്തിലെ കലാകാരന്മാരെ കൂടി അംഗീകരിക്കാനുള്ള ഒരു മനോഭാവമാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള ദിവസമാണിത്. കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നു. ഒരുവര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു മേളയിലാണെങ്കില്‍ കൂടിയും ഞങ്ങളിലൊരാള്‍ ആദരിക്കപ്പെട്ടിരിക്കുന്നു. ഷോര്‍ട്ട്ഫിലിമുകളിലൂടെയും മുഖ്യധാര സിനിമകളിലൂടെയും ഞങ്ങള്‍ സിനിമയുടെ ഭാഗവുമാകാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതിനെയെല്ലാം വളരെ പോസിറ്റീവായിട്ടാണ് ഞാന്‍ കാണുന്നത്. ഞങ്ങള്‍ക്കും കഴിവുണ്ട് മാറ്റിനിര്‍ത്തേണ്ടവരല്ലെന്ന് ലോകത്തോട് വിളിച്ചുപറയപ്പെട്ടിരിക്കുകയാണ് നിഴലാട്ടം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലൂടെ. പൊതുസമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സ്വീകര്യത ലഭിക്കുന്നത് തന്നെ മാനവീയം വീഥിയിലാണ്. അവിടെ വച്ച് തന്നെ മറ്റൊരു ചരിത്രമുഹൂര്‍ത്തം ഞങ്ങളെ തേടിയെത്തുകയും ചെയ്തത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. ഇതേ വേദിയില്‍ വച്ച് തന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അഭിനയിച്ച ഒരു ഷോര്‍ട്ട്ഫിലിമിന്റെ ട്രെയിലറും  സ്‌ക്രീന്‍ ചെയ്തിരുന്നു. അതിനും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. അണിയറയിലും അഭിനേതാക്കളും എല്ലാം ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സിനിമ ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്; ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റും ചാനല്‍ അവതാരകയുമായ ശ്യാമ പറയുന്നു.

ഞങ്ങളുടെ ലിംഗത്തിന് കുഴപ്പമൊന്നുമില്ല: ഭിന്നലിംഗക്കാര്‍ എന്ന പ്രയോഗത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം

കേരളത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അവാര്‍ഡ് ജേതാവായ ശീതള്‍ ശ്യാം. തനിക്ക് അവാര്‍ഡ് ലഭിച്ചുവെന്നതിനേക്കാള്‍ ട്രാന്‍സ്ജന്‍ഡറുകള്‍ അംഗീകരിക്കപ്പെട്ടുവെന്നതാണ് തനിക്ക് സന്തോഷം നല്‍കുന്നതെന്ന് ശീതള്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പൊതുസമൂഹത്തില്‍ അധികമായി കാണാനാകുന്ന ഒരു കാലഘട്ടമാണ് ഇത്. പണ്ട് അവര്‍ ഇല്ലാതിരുന്നിട്ടല്ല, പകരം പുറത്തിറങ്ങാന്‍ ഭയമായിരുന്നതിനാലാണ് അവരെ പൊതുസമൂഹത്തില്‍ കാണാതിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ക്ക് ആ പേടി മാറിയിരിക്കുന്നു. മുഖ്യധാരയില്‍ പല പ്രവര്‍ത്തനങ്ങളും ഇന്ന് അവര്‍ നടത്തുന്നു. അവരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടും ജീവിതരീതിയുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അതിനോടൊപ്പം സാംസ്‌കാരികമായും കലാപരമായും അവര്‍ ഉയര്‍ച്ചയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ശീതള്‍ അഭിനയിച്ച രണ്ടാമത്തെ ഷോര്‍ട്ട്ഫിലിം ആണ് #അവളോടൊപ്പം. ആര്‍ത്തവം, ഗര്‍ഭം എന്നിവ സാധിക്കാത്തവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ക്കും ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമെല്ലാം ആഗ്രഹങ്ങളുണ്ട്. ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീയ്ക്ക് ജനിക്കാനിരിക്കുന്ന കുട്ടിയെ സ്വന്തമാക്കാനായി ഗര്‍ഭകാലത്ത് അവളെ ശുശ്രൂഷിക്കുകയും എന്നാല്‍ ഒരു അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പെടുത്തുമ്പോഴുള്ള വേദന മനസിലാക്കി ആ അമ്മയ്‌ക്കൊപ്പം തന്നെ കുഞ്ഞിനെയാക്കി മടങ്ങുന്ന കഥാപാത്രത്തെയാണ് ശീതള്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ വേഷം ഭംഗിയാക്കിയെങ്കിലും തന്നെക്കാള്‍ നന്നായി അഭിനയിച്ചത് തനിക്കൊപ്പം അഭിനയിച്ച മഞ്ജു പത്രോസ് ആണെന്നാണ് ശീതളിന്റെ അഭിപ്രായം. തൃശൂരിലാണ് കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സ്വീകാര്യത ലഭിച്ചതും ഒരു ഇടം ലഭിച്ചതുമെങ്കിലും സാംസ്‌കാരികമായ ഇടപെടലിനുള്ള അവസരം തന്നത് മാനവീയമാണ്. അവിടെ വച്ച് തന്നെ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ശീതള്‍ പറയുന്നു.

ട്രാന്‍സ്ജന്‍ഡറുകള്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? രണ്ടു ദിവസത്തിനുള്ളില്‍ രണ്ടിടത്ത് ആക്രമണം; ഒന്ന് കേരള പോലീസ്, മറ്റൊന്ന് സദാചാര പോലീസ്

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഉള്‍പ്പെടുത്തുന്ന വലിയ സിനിമകളും ചെറിയ സിനിമകളും ഇനിയും വരണമെന്നാണ് ശീതളിന്റെ ആഗ്രഹം. ശീതള്‍ അഭിനയിക്കുന്ന ആദ്യ ഫീച്ചര്‍ സിനിമയായ ആഭാസം ജനുവരി രണ്ടിന് റിലീസ് ചെയ്യാനിരിക്കുകയാണ്. അതില്‍ നിരവധി ട്രാന്‍സ്ജന്‍ഡറുകളും അഭിനയിക്കുന്നുണ്ട്. ശീതളിന് അര്‍ഹതപ്പെട്ട നേട്ടമാണ് അവര്‍ കൈവരിച്ചിരിക്കുന്നതെന്ന് ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒയാസിസ് എന്ന സംഘടനയുടെ പ്രസിഡന്റ് രഞ്ജിനി പിള്ള പറയുന്നു. ഇതിലെ മാതു എന്ന കഥാപാത്രം ഇവിടുത്തെ ട്രാന്‍സ്ജന്‍ഡറുകളുടെ ജീവിതത്തിന്റെയും മനസിന്റെയും നേര്‍ക്കാഴ്ചയാണ്. കുട്ടികളെ ലാളിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളും. അത് സിനിമയിലൂടെ വ്യക്തമാക്കാന്‍ ശീതളിന് സാധിച്ചു. സര്‍ക്കാരിന്റെ ട്രാന്‍സ്ജന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചതോടൊണ് ഞങ്ങളില്‍ പലരും വ്യക്തിത്വം വെളിപ്പെടുത്തി പുറത്തുവരാന്‍ തയ്യാറായത്. എന്നാല്‍ അതിന് മുന്നേ തന്നെ നമ്മള്‍ തമ്മില്‍ എന്ന ഏഷ്യാനെറ്റ് പരിപാടിയിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയ വ്യക്തിയാണ് ശീതള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രഖ്യാപിക്കപ്പെടുന്നതിനായി സെക്രട്ടേറിയറ്റ് തോറും കയറിയിറങ്ങി നടക്കുകയും ചെയ്തു. അങ്ങനെ പല കാരണങ്ങളാലും ഈ അവാര്‍ഡ് ശീതളിന് അര്‍ഹതപ്പെട്ടതാണെന്നും രഞ്ജിനി പറയുന്നു.

ട്രാന്‍സ്ജന്‍ഡറാണെങ്കില്‍ കയറിപ്പിടിക്കാമോ? കയറിപ്പിടിച്ചയാള്‍ക്ക് യുവതിയുടെ അടി

കേരള ചരിത്രത്തിലെ തന്നെ വലിയൊരു സംഭവമാണ് ഇതെന്നാണ് ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദിയ സന പറയുന്നത്. ശ്യാമയെ അവിടെ അതിഥിയായി ക്ഷണിച്ച് വരുത്തുകയും ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ഇത്തരത്തില്‍ എല്ലാവിധത്തിലുമുള്ള പ്രാതിനിധ്യം നല്‍കാന്‍ നിഴലാട്ടം സ്ട്രീറ്റ് ഫിലിം ഫെസ്റ്റിവല്‍ തയ്യാറായെന്നത് വലിയൊരു കാര്യമാണ്. ഇത് ഈ സമൂഹത്തിനാകെ മാതൃകയാകേണ്ടതാണെന്നും ദിയ പറയുന്നു.

ചിലര്‍ മുഖംചുളിക്കുന്നുണ്ടെങ്കിലും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കാന്‍ ഇന്ന് കേരളത്തിലെ പൊതുസമൂഹം തയ്യാറായി കഴിഞ്ഞിരിക്കുന്നു. അവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതല്ലെന്നും അവര്‍ നമുക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കേണ്ടവരാണെന്നും ഇന്ന് നാം അംഗീകരിക്കുന്നുണ്ട്. അതിനോടൊപ്പമാണ് മികച്ച നടിക്കുള്ള പുരസ്‌കാരവും ഇപ്പോള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിന് ലഭിച്ചിരിക്കുന്നത്. ഇത് ഒരു മാറ്റത്തിന്റെ തുടക്കമാണ്. ഈ മാറ്റം തന്നെയാണ് ഇവരുടെ സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരവും.

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍