UPDATES

ട്രെന്‍ഡിങ്ങ്

ആരാണ് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി?

കേരളത്തിലെത്തുന്ന ഷാര്‍ജ ഭരണാധികാരിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഡീലിറ്റ് സ്വീകരിക്കാന്‍ ഇന്ന് കേരളത്തിലെത്തിയിരിക്കുന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് ഇന്ത്യയോടും കേരളത്തോടും ഏറെ അടുപ്പമുണ്ട്. ഇദ്ദേഹം മുന്‍കൈയെടുത്ത് ആരംഭിച്ച ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ചും കേരളത്തില്‍ നിന്നും എത്തിച്ചേരാത്ത പ്രസാധകര്‍ ഇല്ലെന്ന് തന്നെ പറയാം. വ്യാപാര താല്‍പര്യങ്ങളൊന്നുമില്ലാത്തതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം. ഏകദേശം 18 ലക്ഷം ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ എത്തിച്ചേരുന്നത്.

1982ല്‍ ആരംഭിച്ച ഷാര്‍ജ പുസ്തകോത്സവം അന്നുമുതല്‍ ഇന്നുവരെ എല്ലാവര്‍ഷവും ഉദ്ഘാടനം ചെയ്തത് സുല്‍ത്താനാണ്. എല്ലാവര്‍ഷവും നവംബറിലെ ആദ്യ ബുധനാഴ്ചയില്‍ തുടങ്ങി രണ്ടാം ശനിയാഴ്ചയിലാണ് പുസ്തകമേള സമാപിക്കുന്നത്. തന്റെ രക്ഷകര്‍തൃത്വത്തിലുള്ള ഷാര്‍ജ ബുക്ക് അതോറ്റി സംഘടിപ്പിക്കുന്ന മേള തുടങ്ങുന്നതിന് തലേദിവസം ഇവിടെയെത്തി ഓരോ ഹാളും അദ്ദേഹം നടന്നു കാണും. ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. പിറ്റേന്ന് ഉദ്ഘാടനത്തിന് ശേഷവും ഓരോ പവലിയനുകളിലും ഇദ്ദേഹം എത്തിച്ചേരും. മേളയിലെത്തുന്ന പ്രശസ്തരുടെ പ്രസംഗം കേള്‍ക്കാനും അദ്ദേഹമുണ്ടാകും. 35 വര്‍ഷമായിട്ടും അതിന് മാറ്റമില്ല. അത്രമാത്രമാണ് ശൈഖ് സുല്‍ത്താന് അക്ഷരങ്ങളോടുള്ള പ്രീയം. അതിനാല്‍ തന്നെയാണ് അദ്ദേഹം അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്നും അറിയപ്പെടുന്നത്.

നാല്‍പ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ് പരന്ന വായനക്കാരന്‍ കൂടിയായ ശൈഖ് സുല്‍ത്താന്‍. 1971ല്‍ യുഎഇ രൂപീകൃതമായപ്പോള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യത്തിലും സാംസ്‌കാരിക നിലവാരത്തിലുമെല്ലാം കുതിക്കാനുള്ള അടിത്തറ പാകിയത് അദ്ദേഹമാണ്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ 1972ലാണ് ഷാര്‍ജ ഭരണാധികാരിയായി ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ ഷാര്‍ജ വികസന പാതയിലാണ്. ആ വഴിയില്‍ അവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല.

യുഎഇയുടെ ഭരണസാന്നിധ്യം വഹിക്കുന്ന സുപ്രിംകൗണ്‍സില്‍ അംഗം കൂടിയാണ് ശൈഖ് സുല്‍ത്താന്‍. 1939ല്‍ ശൈഖ് മുഹമ്മദ് ബിന്‍ സാഖര്‍ ബിന്‍ ഖാലിദ് അല്‍ ഖാസ്മിയുടെയും ശൈഖ മറിയം ബിന്‍ ഖാനേം ബിന്‍ സലേം അല്‍ഷാംസിയുടെയും മകനായി ജനിച്ച ശൈഖ് സുല്‍ത്താന്‍ ഷാര്‍ജ ഖാസിമിയ അല്‍ ഇസ്വലാഹ് സ്‌കൂളിലാണ് പ്രാഥമിക പഠനം ആരംഭിച്ചത്. പനയോല മേഞ്ഞ ഈ സ്‌കൂളില്‍ മഴ വന്നാല്‍ ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികളാണ് ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ലോകശ്രദ്ധ നേടിയ ഒരു ഭരണാധികാരി രൂപംകൊണ്ടത്.

ദര്‍ഹാം സര്‍വകലാശാലയില്‍ നിന്നും എക്‌സൈറ്റര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ എന്നിവയുടെ പ്രസിഡന്റ് പദവിയും വഹിക്കുന്നു. കെയ്‌റോ യൂണിവേഴ്‌സിറ്റി, ഗള്‍ഫ് യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, എക്‌സൈറ്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രൊഫസര്‍ വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ പദവികളും വഹിച്ചിരുന്നു.

യൂണിയന്‍ ഓഫ് അറബ് യൂണിവേഴ്‌സിറ്റി, അറബ് തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സൊസൈറ്റി ഓഫ് അറബ് അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സ്, ഇസ്ലാമിക് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി ഹിസ്റ്ററി സയന്‍സ് തുടങ്ങിയ പന്ത്രണ്ടോളം പ്രസ്ഥാനങ്ങളുടെ ഓണററി പ്രസിഡന്റ് പദവിയും ഈ ഭരണാധികാരി വഹിക്കുന്നുണ്ട്. യുഎഇയും ദക്ഷിണ കൊറിയയും സുല്‍ത്താന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ജപ്പാനിലെ കനാസാവ യൂണിവേഴ്‌സിറ്റി, ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ്, എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ദ്ദാന്‍, ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡുബിംഗന്‍, അര്‍മേനിയന്‍ അക്കാദമി സയന്‍സ്, എംസി മാസ്റ്റര്‍ കാനഡ, സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, മോസ്‌കോയിലെ അക്കാദമി ഓഫ് റഷ്യന്‍ സ്റ്റഡീസ്, എക്‌സറ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് യുകെ, യൂണിവേഴ്‌സിറ്റി ഓഫ് കര്‍റ്റോം സുഡാന്‍, ഫൈസല്‍ബാദ് പാകിസ്താന്‍ തുടങ്ങിയ നിരവധി പ്രശസ്ത കലാലയങ്ങളും ശൈഖ് സുല്‍ത്താനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

ഡോ. എം അബ്ദുള്‍സലാം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആയിരുന്നപ്പോഴാണ് ശൈഖിന് ഡിലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ എക്‌സറ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവും പയ്യന്നൂര്‍ സ്വദേശിയുമായ മോഹന്‍കുമാറിന്റെ നിവേദന പ്രകാരമായിരുന്നു ഇത്. അന്ന് മന്ത്രിയായിരുന്ന ഡോ. എംകെ മുനീര്‍ മുഖേന നിവേദനം കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍ക്കാരിലും എത്തി. അപേക്ഷ അംഗീകരിക്കപ്പെട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകോത്സവത്തില്‍ വച്ച് മുനീര്‍ തന്നെ ഇക്കാര്യം ശൈഖ് സുല്‍ത്താനെ അറിയിച്ചു. ഏറെ സന്തോഷത്തോടെ ഇത് അംഗീകരിച്ച അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വിദേശ പര്യടനം നടത്തിയത് യുഎഇലേക്കായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 22ന് മുഖ്യമന്ത്രി സുല്‍ത്താനെ സന്ദര്‍ശിച്ച് കേരളത്തിലേക്ക് ക്ഷണിച്ചു. ഇത് സ്വീകരിച്ച് ഇന്ന് കേരളത്തിലെത്തിയിരിക്കുന്ന അദ്ദേഹം 27 വരെ കേരളത്തിലുണ്ടാകും. ലോകത്തിലെ ഒട്ടേറെ സര്‍വകലാശാലകളില്‍ നിന്നും ഡിലിറ്റ് സ്വീകരിച്ചിട്ടുള്ള അദ്ദേഹം നമ്മുടെ ഒരു സര്‍വകലാശാലയില്‍ നിന്നും ഈ പദവി സ്വീകരിക്കുമ്പോള്‍ ആദരിക്കപ്പെടുന്നത് കേരളവും പ്രവാസികളും കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍