UPDATES

ട്രെന്‍ഡിങ്ങ്

മഴക്കെടുതിയിൽ ജനങ്ങളുടെ രക്ഷയ്ക്കിറങ്ങി എലിപ്പനി ബാധിച്ച സി പി എം സെക്രട്ടറിക്ക് ജീവന്‍ നഷ്ടമായി

തലയ്ക്കു മീതെ വെള്ളം ഉയർന്നിട്ടും തങ്ങളുടെ വീടും കുടിയുംവിട്ട് പോകാൻ കൂട്ടാക്കാതെ നിന്ന നാട്ടുകാരെ നിർബന്ധപൂർവ്വം പറഞ്ഞു വിട്ട് അവരുടെ വീടും സ്വത്തു വകകളും ആരും കവർന്നെടുക്കാൻ അനുവദിക്കാതെ കാവൽക്കാരനായി നിന്ന് ……

കേരളം കണ്ട മഹാ പ്രളയത്തിനിടയിൽ സ്വയം മറന്നു രക്ഷാപ്രവർത്തനത്തിനും, ദുരിതാശ്വാസ പ്രവർത്തനത്തിനും ഇറങ്ങിയ പൊതു പ്രവർത്തകൻ എലിപ്പനി ബാധിച്ചു മരിച്ചു. സിപിഐഎം നടുഭാഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് വി ഷിബു ആണ് സഹജീവികളുടെ അതിജീവനത്തിനു വേണ്ടി സ്വന്തം ജീവൻ ത്യാഗം ചെയ്തത്.

പ്രളയം അതിന്‍റെ രൂക്ഷത ഏറ്റവുമധികം കാട്ടിയ കുട്ടനാട്ടിലായിരുന്നു ഷിബു സധൈര്യം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കിചേര്‍ന്നത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ എലിപ്പനി ദുരന്തമായെത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷിബുവിന്‍റെ അന്ത്യം.

ഷിബുവിന്റെ സുഹൃത്തും നാട്ടുകാരനായ ജയൻ ചമ്പക്കുളം അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ :

നാടുകാക്കാൻ ഇനി ഷിബു ഉണ്ടാകില്ല. നടുഭാഗം കര അക്ഷരാർത്ഥത്തിൽ ആ വാർത്ത ഞെട്ടലോടെയാണ് കേട്ടത്.ആർക്കും വിശ്വസിക്കാനാവില്ല. മരണം സംഭവിച്ചു എന്നു ഡോക്ടർ പറഞ്ഞപ്പോഴും എറണാകുളം ലിസി ഹോസ്പിലിറ്റിലിലെ വെന്റിലേറ്ററിൽ ഷിബുവിന്റെ ഹൃദയമിടിപ്പ് ആ സ്ഥിതീകരണത്തെ അവഗണിച്ച് ഞങ്ങൾ കാത്തു നിന്നു. ഒരിക്കലും സംഭവിക്കില്ലന്നുറപ്പുള്ള ആ മിറക്കിളിനു വേണ്ടി.ഷിബുവില്ലാതെയുള്ള ചമ്പക്കുളം – നടുഭാഗം ഞങ്ങൾക്ക് ചിന്തിക്കാനാവില്ല.

സി.പി.ഐ (എം) LC സെക്രട്ടറി, കരിയമ്പള്ളി പാടശേഖരത്തിന്റെ സെക്രട്ടറി, നടുഭാഗം ചുണ്ടന്റെ രക്ഷാധികാരി, എന്നീ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം..കുട്ടനാടിനെ തകർത്ത പ്രളയം തന്നെയാണ് ഞങ്ങളുടെ ഷിബുവിന്റെ ജീവൻ എലിപ്പനി രൂപത്തിൽ കവർന്നെടുത്തത്. കരിയമ്പള്ളി പാടം സംരക്ഷിക്കുന്നിതിനിടയിൽ വെട്ടുകത്തികൊണ്ട് ഏറ്റ മുറിവ് വകവെയ്ക്കാതെ വെള്ളത്തിൽ നീന്തി പുനരധിവാസ രക്ഷാദൗത്യത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു!

തലയ്ക്കു മീതെ വെള്ളം ഉയർന്നിട്ടും തങ്ങളുടെ വീടും കുടിയുംവിട്ട് പോകാൻ കൂട്ടാക്കാതെ നിന്ന നാട്ടുകാരെ നിർബന്ധപൂർവ്വം പറഞ്ഞു വിട്ട് അവരുടെ വീടും സ്വത്തു വകകളും ആരും കവർന്നെടുക്കാൻ അനുവദിക്കാതെ കാവൽക്കാരനായി നിന്ന് നാടിനെ കാത്ത ഞങ്ങളുടെ പ്രിയപ്പെട്ട സഖാവേ, ഞങ്ങളെല്ലാം തിരികെ നാട്ടിലെത്തുമ്പോൾ ഒരു നന്ദി വാക്കു പോലും ഞങ്ങൾക്ക് പറയാൻ അവസരം നല്കാതെ നീ പോയല്ലോ ഷിബു.?

നീ എന്തിനാ സ്വയം മറന്നീ നാടിനെ നെഞ്ചേറ്റിയത്. നീ ഞങ്ങളെ ഉപക്ഷിച്ചോ ,പക്ഷേ സനുവും ജിത്തുവും പിന്നെ ഷിജുവും അവരോട് ഞങ്ങളെന്തു പറയും. ഞങ്ങളുടെ സാർത്ഥത നിങ്ങളുടെ ജീവന്റെ ജീവനെ ബലി കൊടുത്തെന്നോ?’
പ്രിയപ്പെട്ട അനിയാ, ചേട്ടാ എന്ന വിളി കേൾക്കാൻ എനിക്ക് കൊതിയാകുന്നു.

ജയന്റെ ഈ കുറിപ്പിൽ നിന്നും ഷിബുവിന്റെ വേർപാട് ഒരു പ്രദേശത്തെ എങ്ങനെ ശൂന്യമാക്കുന്നു എന്ന് വരച്ചു കാട്ടുന്നുണ്ട്.

തകഴി ഏര്യ കമ്മിറ്റി ഓഫീസില്‍ ഷിബുവിന്‍റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സിപിഐഎം തകഴി ഏരിയാ കമ്മിറ്റി അംഗവും ബാലസംഘം നടുഭാഗം രക്ഷാധികാരിയുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകന്‍ നടുഭാഗത്തെ ശങ്കരമംഗലം വീട്ടില്‍ പരേതനായ എസ്.വേലായുധന്റെ മകനാണ് ഷിബു. അമ്മ: ലക്ഷ്മികുട്ടി. ഭാര്യ: സനുജ. മകന്‍: ജിത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍