UPDATES

പരാജിതനായ മുഖ്യമന്ത്രിയുടെ രോദനമാണ് വനിതാ മതില്‍; പങ്കെടുക്കുന്നത് രഹ്നാ ഫാത്തിമയെ പോലുള്ളവര്‍: ശോഭാ സുരേന്ദ്രന്‍/അഭിമുഖം

അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയെ പേരുകൊണ്ട് പോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്തവരാണ് ഇവിടെ വില്ലുവണ്ടി യാത്ര നടത്തിയത്‌

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി തുടങ്ങിയ നിരാഹാരസമരം 19 ദിവസം പൂര്‍ത്തിയായിരിക്കുന്നു. സെക്രട്ടേറിയറ്റ്‌ നടയില്‍ ശരണമന്ത്രങ്ങളുമായി തുടരുന്ന സമരത്തിന് ഇപ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രരനാണ് നേതൃത്വം നല്‍കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേന്ദ്ര നിര്‍വാഹക സമിതി അംഗം സികെ പദ്മനാഭനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്. സമരം തുടങ്ങി വെച്ച എ.എന്‍ രാധാകൃഷ്ണന്‍ ഏഴ് ദിവസം നിരാഹാരസമരം അനുഷ്ഠിച്ചതിനെ തുടര്‍ന്നാണ് സികെ പദ്മനാഭന്‍ സമരം ഏറ്റെടുത്തത്.

സമരത്തിന്റെ ആരംഭദിവസങ്ങളില്‍ നിന്ന് വിഭിന്നമായി സമരത്തിനെ അനുകൂലിച്ചെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. വന്നുപോകുന്ന സമര അനുകൂലികളാണ് അധികവും. സമരത്തിന് പിന്തുണയുമായെത്തുന്ന സംഘടനകള്‍ക്കും ബിജെപി നേതാക്കന്മാര്‍ക്കും സംസാരിക്കാനായി ചെറിയ വേദിയും സമരപന്തലിന് മുന്നില്‍ ഒരുക്കിയിരിക്കിയിട്ടുണ്ട്. അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ വിളക്ക് കത്തിച്ചുവെച്ച് അയ്യപ്പഭക്തിഗാനങ്ങളും കേട്ടുകൊണ്ടാണ് ഇവിടെ സമരം തുടരുന്നത്. സമരം തുടങ്ങി 19 ദിവസമായിട്ടും ഭരണപക്ഷത്ത് നിന്ന് യാതൊരു ചര്‍ച്ചകള്‍ക്കും വഴിതെളിഞ്ഞിട്ടില്ലെങ്കിലും ഇതിനിടയില്‍ നടത്തിയ രണ്ട് ഹര്‍ത്താലുകളും പരാജയപ്പെട്ടുവെങ്കിലും അതിന്റെ ക്ഷീണമൊന്നും സമരപന്തലില്‍ ആരും പ്രകടിപ്പിക്കുന്നില്ല. പൊതുജനം പോലും തിരിഞ്ഞു നോക്കുന്നില്ലെങ്കിലും കേരളാ മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

‘കേരളത്തിന്റെ മുഖ്യമന്ത്രി എന്നേ പരാജയം സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ചില കാര്യങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്ന വിധി അവര്‍ ശബരിമലയില്‍ നേടി. അതിന് വേണ്ടി സ്ത്രീ പുരുഷ വിവേചനമുള്‍പ്പെടെ അവിടെ നിലനില്‍ക്കുന്നുവെന്ന് കള്ള സത്യവാങ്മൂലം കൊടുത്തു. അതിനെതിരെ ആചരങ്ങള്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ച കേരളത്തിലെ അമ്മമാര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. നാമജപത്തിലൂടെ മാത്രമായിരുന്നു അവരുടെ പ്രതിഷേധം. ഞങ്ങള്‍ പന്തളം മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തിയപ്പോള്‍ കക്ഷിക്കും രാഷ്ട്രീയത്തിനുമതീതമായി വലിയ ഒരു ജനത അതില്‍ പങ്കെടുത്തു. അഞ്ചില്‍ കൂടുതല്‍ പേര്‍ ശബരിമലക്ക് പോയാല്‍, ശരണം വിളിച്ചാല്‍, വിരി വെച്ചാല്‍ അവരെയൊക്കെ അറസ്റ്റ് ചെയ്യുന്ന ഭരണകൂട ഭീകരതയാണ് ശബരിമലയില്‍ നടന്നത്. ഇതിനെയെല്ലാം അയ്യപ്പനാമജപങ്ങള്‍ കൊണ്ട് തോല്‍പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ലോകം മുഴുവനുമുള്ള അയ്യപ്പഭക്തവിശ്വാസികളുടെ ചിന്തയെ ബിജെപിയുടെ ഓരോ ഭക്തവിശ്വാസികളും ഏറ്റെടുത്തു. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് നാമജപമന്ത്രങ്ങള്‍ നടത്തിയപ്പോള്‍, മര്‍ക്കടമുഷ്ടിയുള്ള, സേച്ഛാധിപതിയായ ഹിറ്റ്‌ലറുടെ പരിവേഷമുള്ള ഒരു മുഖ്യമന്ത്രിയുടെ മുന്നില്‍ കേരളത്തിലെ അമ്മമാരും വിശ്വാസികളുമാണ്‌ വിജയിച്ചത്. നാമം ചൊല്ലാനുള്ള അവകാശം തിരിച്ചു കിട്ടി, ഒരുമിച്ചിരിക്കാന്‍ സാധിച്ചു, അവിടെ അതിക്രമത്തിലൂടെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ പരാജയപ്പെടുത്താന്‍ അയ്യപ്പവിശ്വാസികളുടെ വീരുറ്റ പോരാട്ടത്തിന് സാധിച്ചു.’ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ഇതുവരെ നടത്തി വന്ന എല്ലാ സമരമുറകളും പൂര്‍ണവിജയമായിരുന്നുവെന്ന അവകാശവാദമാണ് ശോഭാ സുരേന്ദ്രനും അണികള്‍ക്കും പറയാനുള്ളത്. കെ. സുരേന്ദ്രനടക്കമുള്ളവരുടെ പേരില്‍ കള്ളക്കേസുകള്‍ ചുമത്തുകയാണുണ്ടായതെന്നും അതുകൊണ്ടൊന്നും മുഖ്യമന്ത്രിക്ക് വിജയിക്കാനായില്ലെന്നും അവര്‍ വാദിക്കുന്നു.

ശോഭ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്ന് ബിജെപി നേതാക്കള്‍ പോയി സിപിഎമ്മില്‍ ചേര്‍ന്നു

‘എന്റെ സഹപ്രവര്‍ത്തകനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുരേന്ദ്രനെ 20 ദിവസത്തിലധികം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ അനുഭവിക്കാന്‍ സാധ്യതയില്ലാത്തതെല്ലാം അയ്യപ്പന്റെ വിഷയത്തില്‍ ഞങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ഞാനുള്‍പ്പെടെയുള്ള ഓരോ പാര്‍ട്ടിപ്രവര്‍ത്തകരുടെയും പേരില്‍ നിരവധി കളളക്കേസുകളാണ് നല്‍കിയിരിക്കുന്നത്. എന്നിട്ടൊന്നും മുഖ്യമന്ത്രിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. ഒരേസമയം അമ്മമാര്‍ പൊതുസമൂഹത്തില്‍ അണിനിരന്നപ്പോള്‍ മറുഭാഗത്ത് മുഖ്യമന്ത്രിയുടെ തെറ്റായ നിലപാടിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പുതിയ സമരമുഖം കൂടി തുറന്നു. ആ സമരമുഖത്തില്‍ ഒരാളായി ഞാന്‍ പങ്കെടുക്കുന്നുവെന്നേ ഉള്ളൂ. ഇവിടെ വ്യക്തിക്ക് ഒരു പ്രസക്തിയുമില്ല. അനധികൃതമായി പരിപാവനമായ പൂങ്കാവനത്തില്‍, പമ്പയില്‍, നിലക്കലില്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ഭരണകൂട ഭീകരതയ്‌ക്കെതിരായിട്ടാണ് ഞങ്ങള്‍ നിരാഹാരസമരം പ്രഖ്യാപിക്കുന്നത്. എന്തിനാണ് 144 പ്രഖ്യാപിച്ചതെന്ന് പൊതുസമൂഹത്തിനോട് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

‘ഭരണകൂടവും, കോടതിമുറികളും, രാഷ്ട്രീയ പ്രമാണിമാരും ഉണ്ടാകുന്നതിന് മുമ്പ് അയ്യപ്പനുണ്ടായിരുന്നു. അയ്യപ്പന്റെ ആചാരമുണ്ടായിരുന്നു. സ്വാഭാവികമായും അയ്യപ്പന്റെ ആചാരത്തെ ഗൂഡാലോചന ചെയ്ത് തകര്‍ക്കണമെന്ന് ആലോചിക്കുന്ന സാമ്പത്തിക ലാഭം, വ്യാവസായിക ബുദ്ധി, ഒപ്പം ഒരു ക്ഷേത്രത്തെ തകര്‍ത്ത് അവിടെ കപ്പ നട്ടാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്നുള്ള മാര്‍ക്‌സിസ്റ്റ്-കമ്യൂണിസ്റ്റ് മുന്‍മുഖ്യമന്ത്രിമാരുടെ അതേ നയം സ്വീകരിക്കാന്‍ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി തയാറായിയെന്നുള്ളതാണ്. പക്ഷേ അദ്ദേഹം പരാജിതനായി.’ അവര്‍ തുടര്‍ന്നു.

ജനുവരി ഒന്നിന് ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് രഹ്നാ ഫാത്തിമയെ പോലുള്ളവരാണ് പങ്കെടുക്കുന്നതെന്നും, അപ്പോള്‍ വനിതാ മതില്‍ ഉയര്‍ത്തുന്ന നവോത്ഥാനമെന്താണെന്നും ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു. ‘നിലക്കലും, പമ്പയിലും ശബരിമലയിലും പരാജിതനായ അദ്ദേഹം ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. പരാജിതനായ അദ്ദേഹത്തിന്റെ രോദനമാണ് ഈ മതില്‍. ഈ മതില്‍ നിര്‍മിക്കുന്നത് നവോത്ഥാനത്തിന് വേണ്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ കേരളത്തില്‍ നവോത്ഥാന നേതാക്കന്മാരാരും മതില്‍ കെട്ടിയിട്ടില്ല. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യാ വൈകുണ്ഡസ്വാമികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ നവോത്ഥാനത്തിന് പ്രവര്‍ത്തിച്ച ആരും തന്നെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിട്ടില്ല. മതിലുകള്‍ തകര്‍ക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പെണ്‍കുട്ടികളുടെ ചാരിത്രം നഷ്ടപ്പെട്ടതിന്റെ പേരിലായിരുന്നു ഈ മതിലെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കുമായിരുന്നു. സുപ്രീം കോടതിയുടെ മുമ്പാകെ കള്ളസത്യവാങ്മൂലം കൊടുക്കാന്‍ വേണ്ടിയുള്ള ഒരു രേഖ ഉണ്ടാക്കാന്‍ വേണ്ടിയാണ് മതില്‍ എന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി എത്തിയിട്ടുള്ളത്. കവിതാ കോശിയും, രഹ്നാ ഫാത്തിമയും പോലുള്ളവരാണ് ഈ മതില്‍ തീര്‍ക്കാന്‍ എത്തുന്നത്. അപ്പോള്‍ പിന്നെ ഈ മതിലില്‍ പങ്കെടുക്കുന്നവര്‍ എന്ത് നവോത്ഥാനമാണ് പ്രതിനിദാനം ചെയ്യുന്നതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. പരാജിതന് വിജയിക്കാന്‍ വേണ്ടിയുള്ള മതിലാണിത്. ഈ മതിലില്‍ നിന്ന് എന്‍എസ്എസ്, ബ്രഹ്മണസഭ, പട്ടികജാതി പട്ടികവര്‍ഗ സാമുദായിക മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവര്‍ ബഹിഷ്‌കരിച്ചതിലൂടെ തന്നെ ബോധ്യമായ ഒരു കാര്യമാണ് ഇത് മനുഷ്യരുടെ മനസില്‍ പൊളിഞ്ഞടങ്ങാന്‍ പോകുന്ന മതിലാണെന്ന്.’

ശബരിമലയില്‍ ട്രാന്‍സ് യുവതികള്‍ ദര്‍ശനം നടത്തിയതിലൊന്നും പറയാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. അതില്‍ ഒരു പ്രശ്‌നവും അവര്‍ കാണുന്നുമില്ല. യുവതിയും ട്രാന്‍സ്‌ജെന്‍ഡറുമൊന്നല്ല. അത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.. പക്ഷേ യുവതീ പ്രവേശനമെന്നത് അയ്യപ്പന്റെ ആചാരലംഘനമാണ്. അതുകൊണ്ട് ആചാരം ലംഘിക്കാനെത്തുന്നവര്‍ക്ക് അവിടെയുള്ള ഭക്തവിശ്വാസികള്‍ അനുവാദം നല്‍കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ ഇപ്പോള്‍ നടന്നുവരുന്ന ആചാരങ്ങളല്ല മുമ്പ് ഉണ്ടായിരുന്നതെന്നും ശബരിമല മലയരയര്‍ എന്ന ആദിവാസി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന വാദത്തെ ബിജെപി അംഗീകരിക്കുന്നില്ല. എന്നാല്‍ വ്യത്യസ്ത ആദിവാസി വിഭാഗങ്ങള്‍ക്ക് അവിടെ വ്യത്യസ്തങ്ങളായ ആചാരങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ 1956ന് ശേഷം മാറി മാറി വന്ന ദേവസ്വം ബോര്‍ഡ് ആദിവാസികളുടെ ആഴിപൂജ പോലുള്ള അവകാശങ്ങള്‍ കവര്‍ന്നെടുത്തിട്ടുണ്ടെങ്കില്‍ അതിന് ഉത്തരം പറയേണ്ടത് പിണറായി വിജയനാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

‘ആദിവാസി അവകാശ പുനഃസ്ഥാപനത്തിനായി നടത്തിയ വില്ലുവണ്ടിയാത്ര ഒരു പ്രഹസനമായിരുന്നു. അയ്യങ്കാളി വില്ലുവണ്ടിയാത്ര നടത്തിയത് ഏതെങ്കിലും ക്ഷേത്രത്തിലെ ഇത്തരത്തിലുള്ള ഒരു വിഷയം മുന്‍നിര്‍ത്തിക്കൊണ്ടല്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ പേര് കൊണ്ട് പോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരമൊരു യാത്രയുമായി മുന്നോട്ട് പോയത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അപമാനമുണ്ടാകുമ്പോള്‍ ഈ യാത്ര അവര്‍ നടത്തിയില്ലല്ലോ.. പോഷകാഹാരം കിട്ടാതെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികള്‍ മരിച്ചുപോകുന്ന അട്ടപ്പാടിയിലേക്ക് ഒരു യാത്ര നടത്തിയില്ലല്ലോ, അരി കട്ടെടുത്തതിന്റെ പേരില്‍ മധുവിനെ തല്ലിക്കൊന്നപ്പോള്‍ ഈ യാത്ര ഇല്ലായിരുന്നല്ലോ, ശ്രീജിത്തിനെ ഉരുട്ടിയും ചവുട്ടിയും പോലീസ് കൊലപ്പെടുത്തിയപ്പോള്‍ ഈ യാത്ര കണ്ടില്ലല്ലോ. അപ്പോള്‍ ന്യായത്തിന് വേണ്ടിയോ ധര്‍മ്മത്തിന് വേണ്ടിയോ അല്ല വില്ലുവണ്ടിയാത്ര നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വില്ലുവണ്ടിയാത്ര അവജ്ഞയോടെ തള്ളിക്കളയുന്നു’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ചാനല്‍ മുറികളിലിരുന്ന് ആക്രോശിക്കുന്നത് പോലെ എളുപ്പമല്ല ബിജെപിയുടെ ഈ ഗതിയറ്റ സമരത്തെ രക്ഷിക്കുക; ബാറ്റണ്‍ ഇനി ശോഭാ സുരേന്ദ്രന്റെ കയ്യില്‍

 

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍