UPDATES

ട്രെന്‍ഡിങ്ങ്

പേര് ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്; ഓണ്‍ലൈന്‍ മാധ്യമങ്ങളെ പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രന്റെ ഭീഷണി

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സഹിഷ്ണുതയോടെ ചോദ്യങ്ങളെയും പ്രശ്‌നങ്ങളെയും നേരിടുമ്പോഴാണ് ഒരു നേതാവ് ജനമനസില്‍ ഇടം പിടിക്കുന്നതെന്നതിന് നമുക്ക് ചുറ്റില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് വാര്‍ത്ത എഴുതുന്നതിനായാണ് കഴിഞ്ഞ ദിവസം ഈ ലേഖകന്‍ ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിക്കുന്നത്. ബിജെപി ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവരെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സജീവനെയും അക്കൂട്ടത്തില്‍ വിളിച്ചിരുന്നു. ഇതില്‍ സുരേന്ദ്രന്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ രമേശും സജീവനും വളരെ വിശദമായി തന്നെ കാര്യങ്ങള്‍ പറയുകയും പൂര്‍ണമായും സഹകരിക്കുകയും ചെയ്തു.

ബിജെപി അധ്യക്ഷന്റെ കസേര ഒരുമാസത്തോളമായി ഒഴിഞ്ഞു കിടക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സംഭവ വികാസമാണല്ലോയെന്നും ഇത് ഒരു രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലേയെന്നുമായിരുന്നു ശോഭാ സുരേന്ദ്രനോടുള്ള എന്റെ ആദ്യ ചോദ്യം. ഈ ചോദ്യം പൂര്‍ത്തിയാക്കാന്‍ അവര്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, മറുപടി നല്‍കിയത് കുമ്മനത്തെ ഗവര്‍ണറായി ആദരിച്ചത് കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഒരു ചരിത്ര സംഭവമാണെന്നാണ്. പക്ഷെ അതൊരു അടിയന്തരമായി മാറ്റിയതായി പോയില്ലേയെന്ന് ചോദിച്ചപ്പോള്‍ കുമ്മനത്തെ മാറ്റിയതാണെന്ന ചോദ്യം തെറ്റാണെന്നും അദ്ദേഹത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആദരിക്കുകയാണ് ചെയ്തതെന്നും മറുപടി പറഞ്ഞു. പകരക്കാരനെ കണ്ടെത്താതെ ഇത്തരമൊരു നീക്കം നടത്തിയതല്ലേ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നായിരുന്നു എന്റെ അടുത്ത ചോദ്യം. എന്നാല്‍ അടുത്ത നടപടിക്രമങ്ങളെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടെന്നും അത് തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വമുണ്ടെന്നും അതിനായി അമിത് ഷാ ഉടന്‍ കേരളത്തിലെത്തുമെന്നുമാണ് അവര്‍ മറുപടി പറഞ്ഞത്. മറ്റൊരു ചോദ്യം കൂടി ചോദിക്കാന്‍ അവര്‍ അനുവദിച്ചതുമില്ല. താങ്കളുടെ രണ്ട് ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കി കഴിഞ്ഞുവെന്നും അവര്‍ മറുപടി നല്‍കി. അതോടെ അവരുമായുള്ള ഫോണ്‍ സംഭാഷണം അവസാനിച്ചു.

ഈ സംഭാഷണം കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ എന്നെ തിരികെ വിളിച്ചു. “അതേ, ഞാന്‍ പേര് നോട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഓണ്‍ലൈനില്‍ അടിച്ചു വന്നുകഴിഞ്ഞാല്‍ നിയമപരമായ നടപടികള്‍ക്ക് ഞാന്‍ മുന്നോട്ട് പോകും. പത്രമെന്ന രീതിയില്‍ പ്രത്യേകിച്ചും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പല കാര്യങ്ങളും അനധികൃതമായി എഴുതുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ നിരീക്ഷണം പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പറുമാണ്, കൂട്ടത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. രണ്ട് ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു ആ രണ്ട് ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം പറഞ്ഞു. കൃത്യമായി അതുമാത്രമായിരിക്കണം പ്രസിദ്ധീകരിച്ച് വരുന്നത്”, എന്നായിരുന്നു ഭീഷണിയുടെ സ്വരത്തില്‍ അവര്‍ പറഞ്ഞത്. എന്റെ ഫോണില്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അതിലുള്ളത് മാത്രമേ എനിക്ക് എഴുതാന്‍ സാധിക്കുകയുള്ളൂവെന്നും ഞാന്‍ മറുപടി നല്‍കിതോടെ അവര്‍ ഫോണ്‍ കട്ട് ചെയ്തു.

അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ല കേരളത്തിലെ ബിജെപിയെക്കുറിച്ച്

ശോഭാ സുരേന്ദ്രന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് ചോദിക്കാനാണ് ഞാന്‍ അവരെ വിളിച്ചത്. ഇന്ന് രാവിലെ അവരുടെ വാക്കുകള്‍ യാതൊരു വിധത്തിലും വളച്ചൊടിക്കാതെ അത് അഴിമുഖത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ എന്താണ് എഴുതുന്നതെന്ന് പോലും അറിയാന്‍ കാത്തുനില്‍ക്കാതെയാണ് അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ശോഭയെക്കുറിച്ച് മുന്‍കാലങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇത് ഇവരുടെ പതിവാണെന്ന് വ്യക്തമാകും. ഒരു പോലീസ് ഉദ്യോഗസ്ഥനെ നിങ്ങള്‍ റിട്ടയര്‍ ചെയ്താലും ഞങ്ങള്‍ ഇവിടെയൊക്കെ കാണുമെന്ന് ഒരു പൊതുചടങ്ങിനിടെ അവര്‍ ഭീഷണിപ്പെടുത്തിയത് ഇപ്പോഴും കേരള സമൂഹം മറന്നിട്ടില്ല. ചാനല്‍ ചര്‍ച്ചകളിലും മറ്റും അവര്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും നാം കാണുന്നതാണ്. ചര്‍ച്ചകളില്‍ അവതാരകരോടും ചര്‍ച്ചയിലെ മറ്റ് അതിഥികളോടും യാതൊരു ജനാധിപത്യ മര്യാദയും കാണിക്കാതെ സംസാരിക്കാന്‍ പോലും അനുവദിക്കാതെ ശോഭ മാത്രം കത്തിക്കയറുന്നതാണ് കാണുന്നത്. അതിന് ശേഷം താന്‍ തര്‍ക്കിച്ച് വിജയിച്ചുവെന്ന ഭാവത്തില്‍ ഒരു ചിരിയും. മനോരമയുടെ വാര്‍ത്താ അവതാരക ഷാനി പ്രഭാകറിനെ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയതും സമീപകാലത്താണ്.

കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ് വയസ്സ് തികയുകയാണ്. കേരള ചരിത്രത്തിനൊപ്പം ഇതുപോലെ സഞ്ചരിച്ച മറ്റൊരു നേതാവും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് തന്നെ പറയാം. ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും ആദരവോടെയും സ്‌നേഹത്തോടെയുമാണ് സഖാവിനെ കണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതും അതിനാലാണ്. 1959ലെ കാര്‍ഷിക ബന്ധബില്ലും ജന്മിക്കരം ഒഴിവാക്കല്‍ നിയമം അടക്കം അനേകം സുപ്രധാന നിയമങ്ങളും അവതരിപ്പിച്ച് പാസാക്കിയെടുത്ത മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കാണ് ഗൗരിയമ്മയ്ക്കുള്ളത്. സാധാരണക്കാര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമിടയിലെ രാഷ്ട്രീയ നേതാവായും പ്രഗത്ഭയായ നിയമസഭാ സാമാജികയായും ആര്‍ജ്ജവമുള്ള ഭരണാധികാരിയായും കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതുപോലൊരു വനിതാ നേതാവ് മറ്റൊരാളില്ല.

‘കുലസ്ത്രീ’യല്ലാത്ത ഗൗരിയുടെ കലഹങ്ങൾ; നിയമസഭയിലെ ആണധികാരത്തെ ചെറുത്ത ഒരു കീഴാളസ്ത്രീയുടെ പോരാട്ടം

‘കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി നയിച്ചീടും’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്നും ജനമനസുകളിലുണ്ട്. അതുതന്നെയാണ് അവര്‍ക്ക് ഈ സമൂഹത്തിലുള്ള പ്രസക്തിയും. കെ ആര്‍ ഗൗരിയമ്മയോടെ രാഷ്ട്രീയ കേരളത്തിലെ സ്ത്രീ സാന്നിധ്യം അവസാനിക്കുകയല്ല. സുശീല ഗോപാലനെ പോലെ മുഖ്യമന്ത്രി പദവിയിലേക്ക് വരെ എത്താന്‍ കഴിവുള്ള രാഷ്ട്രീയ നേതാക്കള്‍ നമുക്ക് പിന്നീടും ഉണ്ടായിട്ടുണ്ട്. ഇക്കാലഘട്ടത്തെ എടുത്താല്‍ മന്ത്രി കെ കെ ശൈലജയും സിപിഐയുടെ ഇ എസ് ബിജിമോളും കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനും മുസ്ലിംലീഗിന്റെ കമറുന്നിസ അന്‍വറും ആര്‍എംപിയുടെ കെ കെ രമയുമെല്ലാം ജനങ്ങള്‍ക്കിടയിലും സ്വാധീനമുള്ള നേതാക്കളാണ്.

ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ നിലവിലുള്ള ഏക വനിതാ നേതാവാണ് ശോഭാ സുരേന്ദ്രന്‍. കുമ്മനം രാജശേഖരന് പകരക്കാരനായി സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ സാധിക്കാത്ത ബിജെപിയ്ക്ക് വേണമെങ്കില്‍ ശോഭയെയും പരിഗണിക്കാവുന്നതാണ്. വനിതാ നേതാവെന്ന നിലയില്‍ ശോഭാ സുരേന്ദ്രന്‍ വളര്‍ന്നു വരേണ്ടത് ബിജെപിയുടെ മാത്രമല്ല കേരള സമൂഹത്തിന്റെയും ആവശ്യമാണ്. കാരണം മികച്ച ഒരു വനിതാ നേതാവിന് ഈ സമൂഹത്തില്‍ ഏതു വിധത്തിലുള്ള മാറ്റങ്ങളാണ് വരുത്താന്‍ സാധിക്കുന്നതെന്ന് നാം ഗൗരിയമ്മയിലൂടെ കണ്ടതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സഹിഷ്ണുതയോടെ ചോദ്യങ്ങളെയും പ്രശ്‌നങ്ങളെയും നേരിടുമ്പോഴാണ് ഒരു നേതാവ് ജനമനസില്‍ ഇടം പിടിക്കുന്നതെന്നതിന് നമുക്ക് ചുറ്റില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. ശോഭയ്ക്ക് ഇല്ലാതിരിക്കുന്നതും ഈ കഴിവാണ്. മലയാളിയുടെ രാഷ്ട്രീയ ഭൂമിയില്‍ ഗൗരിയമ്മയ്ക്ക് ശേഷം പോരാട്ടവീര്യമുള്ള ഒരു സ്ത്രീ എന്തുകൊണ്ടുണ്ടായില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ശോഭാ സുരേന്ദ്രന്‍.

രക്തസാക്ഷിയായ ഭഗത് സിംഗിനെ കാണാന്‍ കോണ്‍ഗ്രസുകാര്‍ പോയില്ലെന്നാണ് മോദി ഉദ്ദേശിച്ചതെന്ന് ശോഭ സുരേന്ദ്രന്‍; വിവരക്കേട് പറയരുതെന്ന്‌ ഷാനി

ഭയപ്പെടുത്താന്‍ നോക്കേണ്ട; ശോഭ സുരേന്ദ്രന് മറുപടിയുമായി ഷാനി പ്രഭാകരന്‍

ചതിക്കെണികളുടെ പിന്നാമ്പുറ കഥകൾ അറ്റ്ലസ് രാമചന്ദ്രന്‍ വെളിപ്പെടുത്തുമെന്ന് കരുതുന്നു; ‘കുമ്മനടി’ ആരോപണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

ഗവര്‍ണ്ണര്‍ സദാശിവം തല്‍ക്കാലം രക്ഷപ്പെട്ടു; ബിജെപിക്കാരുടെ ‘ഭള്ള്’ വിളിയില്‍ നിന്ന്

‘തളരരുത് ശോഭേ..’ ശോഭ സുരേന്ദ്രന്റെ ചീറ്റിപ്പോയ സമരത്തിന് ട്രോളുകളുടെ പെരുമഴ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍