UPDATES

ട്രെന്‍ഡിങ്ങ്

പൊള്ളാച്ചി പീഡനക്കേസ്; വിദ്യാര്‍ത്ഥിക്ക് പൊലിസ് മര്‍ദ്ദനം

300 ഓളം വരുന്ന വിദ്യാര്‍ത്ഥികാളാണ് ചെന്നൈയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്

പൊള്ളാച്ചി പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ മര്‍ദ്ദനം. 300 ഓളം വരുന്ന വിദ്യാര്‍ത്ഥികാളാണ് ചെന്നൈയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൊള്ളാച്ചി പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. തമിഴ്‌നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം.

പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെ പിരിച്ചു വിടാന്‍ പൊലീസ് എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം ഏറ്റത്. എസ് പി റാങ്കില്‍ ഉള്ള ഒരു ഉദ്യോഗസ്ഥനാണ് ഒരു വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തി. ഇപ്പോഴിത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. പൊലീസിന്റെ നടപടിക്കെതിരേ രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വരികയും ചെയ്തു.

പൊള്ളാച്ചി പീഡനക്കേസില്‍ എ ഐ എ ഡി എം കെ സര്‍ക്കാര്‍ ആരോപണങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് പുതിയ വിവാദം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ ഈ വിവാദവും ഉപകാരപ്പെടുകയാണ്. നേരത്തെ കോയമ്പത്തൂര്‍ റൂറല്‍ എസ് പി ഇറക്കിയ പത്രക്കുറിപ്പില്‍ ഇരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. മദ്രാസ് ഹൈക്കോടതി ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും എസ് പിക്കെതിരേ വകുപ്പ് തല അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസ് കേസ് അട്ടിമിറിക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടയിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നത്.

പൊള്ളാച്ചി പീഡനക്കേസ് പുറത്തു വന്നതോടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. ധര്‍ണകളും റാലികളും സമരങ്ങളുമായി തമിഴ്‌നാട് തെരുവുകളില്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളിലായി നിറയുകയാണ്. ഇരകള്‍ക്ക് പൂര്‍ണമായി നീതിയുറപ്പാക്കുക, കേസില്‍ ഉള്‍പ്പെട്ട എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുക, സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍