UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്കും തൊഗാഡിയയുടെ വിധിയായിരിക്കാം; സംഘപരിവാര്‍ വധഭീഷണി ഉയര്‍ത്തുന്നുവെന്ന് രാംസേന തലവന്‍ പ്രമോദ് മുത്തലിക്ക്

40 വര്‍ഷം ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിച്ച് ജീവിതം പാഴാക്കി

വിഎച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് പിന്നാലെ സംഘപരിവാര്‍ ഭീഷണി നേരിടുന്നുണ്ടെന്ന ആരോപണവുമായി ശ്രീ രാം സേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കും. ന്യൂസ് 18 നു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തനിക്ക് ആര്‍എസ്എസുകാരില്‍ നിന്നും ഭീഷണി ഉണ്ടെന്ന കാര്യം മുത്തലിക്ക് വെളിപ്പെടുത്തിയത്. എന്റെ ശത്രുക്കള്‍ ആരൊക്കെയാണെന്ന് എനിക്ക് നന്നായി അറിയാം. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ബുദ്ധിജീവികളുമൊക്കെ എന്റെ ശത്രുക്കളാണ്. അവരെനിക്കെതിരേ ശബ്ദിക്കുന്നവരാണ്, എനിക്ക് തിരിച്ചറിയാവുന്ന ശത്രുക്കള്‍. പക്ഷേ എന്റെ ആകുലത എന്നെ ഉപദ്രവിച്ചേക്കാവുന്ന എന്റെ സ്വന്തം ആളുകളെക്കുറിച്ചോര്‍ത്താണ്. പിന്നില്‍ നിന്നുകുത്താന്‍ അവര്‍ മിടുക്കരാണ്. പ്രവീണ്‍ തൊഗാഡിയയ്ക്ക് എന്തു സംഭവിച്ചോ അതു തന്നെ എനിക്കും സംഭവിക്കും; പ്രമോദ് മുത്തലിക്ക് പറയുന്നു.

കര്‍ണാടകയിലെ ആര്‍ എസ് എസ് നേതാവ് മഗ്നേഷ് ഭണ്ഡേ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ദര്‍വാദ് എംപി പ്രഹ്ലാദ് ജോഷി എന്നിവര്‍ ഉത്തര കര്‍ണാടകയില്‍ നിന്നും തന്നെ ഒഴിവിക്കണമെന്ന് ആഗ്രഹമുള്ളവരാണെന്നും മുത്തലിക്ക് പറയുന്നു. എനിക്ക് പിന്നാലെ വന്ന എന്റെ ആളുകള്‍ക്ക് എനിക്കിപ്പോള്‍ കിട്ടുന്ന ജനകീയത ഇഷ്ടപ്പെടുന്നില്ല. അവര്‍ക്കൊഴികെ മറ്റാര്‍ക്കും പേരും പ്രശസ്തിയും കിട്ടുന്നത് ഇഷ്ടമല്ല. അവര്‍ക്ക് അടിമ മനസ്ഥിതിയാണ്. ഞാന്‍ അവര്‍ക്കൊപ്പം നിന്നും അല്ലാതെയും പലതും നേടിയിട്ടുണ്ട്. അതുകൊണ്ടാകാം എനിയിപ്പോള്‍ ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കുന്നത്; ആര്‍എസ്എസിനെതിരേ ആരോപണങ്ങളുന്നയിച്ച് മുത്തലിക്ക് പറയുന്നു.

തൊഗാഡിയ വരെ പേടിക്കണം; സംഘിന്റെ ഉള്ളറകള്‍ അയാളോളം അറിഞ്ഞത് ആരുണ്ട്?

40 വര്‍ഷം ആര്‍എസ്എസ്സിനു വേണ്ടി പ്രവര്‍ത്തിച്ച് ഞാനെന്റെ ജീവിതം പാഴാക്കി. എന്നെപ്പോലുള്ള ആയിരങ്ങള്‍ അവരുടെ കൂടെയുണ്ടായിരിക്കാം, പക്ഷേ അവര്‍ക്കൊന്നും ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ആര്‍എസ്എസ് നേതാക്കള്‍ ഹിന്ദു ഐക്യത്തെ കുറിച്ച് സംസാരിക്കും. പക്ഷേ സ്വന്തം ആളുകളെ ഇഷ്ടമല്ലാത്തവര്‍ക്ക് എങ്ങനെയാണ് അവരുടെ ഐക്യം നേടാനാകുന്നതെന്നും മുത്തലിക്ക് ചോദിക്കുന്നു.

ഒരു കാലത്ത് കര്‍ണാടകയില്‍ ആര്‍എസ്എസിന്റെയും ബജ്‌റംഗദളിന്റെയും തീപ്പൊരി നേതാവായിരുന്ന പ്രമോദ് മുത്തലിക്ക് പിന്നീട് ആ പ്രസ്ഥാനങ്ങള്‍ വിട്ടാണ് പത്തുകൊല്ലം മുമ്പ് ശ്രീ രാം സേന രൂപീകരിച്ചത്. 2009 ല്‍ മംഗളൂരുവിലെ ഒരു പബ്ബില്‍ നടത്തിയ ആക്രമണത്തിലൂടെയാണ് ശ്രീരാമസേന വാര്‍ത്തകളില്‍ വന്നത്.

കഴിഞ്ഞിടയ്ക്ക് പ്രമോദ് മുത്തലിക്ക് ശിവ് സേനയില്‍ അംഗമായിരുന്നു. സേനയുടെ കര്‍ണാടക യൂണിറ്റ് ചീഫ് ആണ് അദ്ദേഹമിപ്പോള്‍. ശിവ്‌സേന വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 50 സീറ്റുകളില്‍ മത്സരിക്കുമെന്നും ബിജെപിയെ തങ്ങള്‍ ഒരുപാഠം പഠിപ്പിക്കുമെന്നും പ്രമോദ് മുത്തലിക്ക് വെല്ലുവിളിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍