UPDATES

ട്രെന്‍ഡിങ്ങ്

നമ്പി നാരായണനെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം എഴുതി വാങ്ങാതിരുന്നത് വലിയ തെറ്റായി പോയി: സിബി മാത്യൂസ്‌

നമ്പി നാരായണനു വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സിബി മാത്യുവിനെയും വിജയനെയും വെറുതെ വിടരുത് എന്ന് ആക്രോശിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്ന് ഡിഐജിയായിരുന്ന സിബി മാത്യൂസ് തന്നെ രണ്ടര മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്തതെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടര മണിക്കൂര്‍ എടുത്താണ് മാപ്പപേക്ഷിച്ചതെന്നുമുള്ള വെളിപ്പെടുത്തലിനുള്ള ഉത്തരം സിബി മാത്യൂസ് തന്നെ നേരത്തെ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന നമ്പി നാരായണന്റെ ജീവചരിത്ര പുസ്തകത്തിലെ ആരോപണങ്ങള്‍ക്ക് ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ നിര്‍ഭയം എന്ന തന്റെ ജീവചരിത്രത്തിലാണ് സിബി മാത്യൂസ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പുസ്തകത്തില്‍ നിന്നും.

ഇന്റലിജന്‍സ് ഡിജിപി രാജഗോപാലന്‍ നായരുടെ ഓഫീസില്‍ വച്ചു നടന്ന കോണ്‍ഫെറന്‍സില്‍ രമണ്‍ ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഐബി ഉദ്യോഗസ്ഥന്‍ വാശിപിടിച്ചു. നമ്പി നാരായണനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവര്‍ എന്നോട് ചോദിച്ചു.

ഐബി എന്നോട് ഒരു പ്രതിയോടെന്ന പോലെയാണ് ചോദ്യം ചെയ്തുകൊണ്ടിരുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ഇതൊക്കെ വീക്ഷിച്ചുകൊണ്ടിരുന്ന രാജഗോപാലന്‍ നായര്‍ അനുനയത്തിലെന്നതുപോലെ പറഞ്ഞു: എന്നാപ്പിന്നെ നമ്പി നാരായണന്റെ അറസ്റ്റ് ഇനി വൈകിക്കണ്ട. ശ്രീവാസ്തവയുടെ കാര്യം പിന്നീട് തീരുമാനിക്കാം, എന്താ?

ഞാനത് സമ്മതിച്ചു. നമ്പി നാരായണനെതിരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും അറസ്റ്റു ചെയ്ത ചന്ദ്രശേഖരന്റെ മൊഴി, നമ്പി നാരായണനെയും ഫൗസിയ ഹസനെയും ഹോട്ടല്‍ മുറിയില്‍ വച്ച് കണ്ടുവെന്നും അവര്‍ ഒരു ബിസിനസ് ഡീലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞതുമാണ്. ഇതിന് പുറമെ നമ്പി നാരായണന്റെ വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്നും അനേകം കോളുകള്‍ അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. ഈ ടെലഫോണാകട്ടെ കുര്യന്‍ കളത്തില്‍ എന്ന വന്‍കിട കോണ്‍ട്രാക്ടറുടെ പേരില്‍ എടുത്തിരിക്കുന്നതാണ്.

മറിയം റഷീദ അറസ്റ്റു ചെയ്യപ്പെട്ട് പത്താം ദിവസം നമ്പി നാരായണന്‍ ഐഎസ്ആര്‍ഒയില്‍ നിന്നും സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഡയറക്ടറായിരുന്ന മുത്തുനായകത്തിന് നല്‍കി. അദ്ദേഹം അപേക്ഷ ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് അധികൃതര്‍ക്ക് അയച്ചുകൊടുത്തു. സ്വാഭാവികമായും ആരോപണ വിധേയനായ ഒരാള്‍ ഐഎസ്ആര്‍ഒ പോലുള്ള സ്ഥാപനത്തില്‍ നിന്നും രാജിവച്ചാല്‍ അയാള്‍ സിംഗപ്പൂരിലേക്കോ മറ്റോ കടന്നുകളയാന്‍ സാധ്യതകള്‍ ഏറെയാണ്. ഇതിന് മുമ്പും പല ശാസ്ത്രജ്ഞരും അവരുടെ സേവനത്തിന് മറ്റു രാജ്യങ്ങളില്‍ കൂടുതല്‍ ശമ്പളവും സൗകര്യവും കിട്ടുമെന്നറിഞ്ഞുകൊണ്ട് നാടുകടന്നിട്ടുണ്ട്. ഇവരുടെ പേരില്‍ എന്തെങ്കിലും കേസുണ്ടാകുകയാണെങ്കില്‍ പിന്നീടൊരിക്കലും അവരെ അറസ്റ്റ് ചെയ്യാന്‍ പറ്റാത്ത വിധം അവര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഉണ്ടാകരുത് എന്ന് കാണിച്ച് നമ്പി നാരായണനെ അറസ്റ്റു ചെയ്യാം.

കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ഞാന്‍ നവംബര്‍ 30ന് വൈകുന്നേരം തയ്യാറാക്കി നല്‍കി. ഡിജിപി മധുസൂദനന്റെ ഓഫീസില്‍ എത്തിച്ചു. ഡിജിപിയുടെ പിഎയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.

സിബി മാത്യൂസ് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍; ചോദ്യം ചെയ്തത് വെറും രണ്ടര മിനിട്ട്

പിറ്റേന്നു രാവിലെ മധുസൂദനന്‍ എന്നെ വിളിപ്പിച്ചു. ‘നിങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയതു നന്നായി. ഹോം സെക്രട്ടറിയും മുഖ്യമന്ത്രിയും ഇന്നലെത്തന്നെ നിങ്ങളുടെ നിര്‍ദ്ദേശം അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിലേക്ക് ഫാക്‌സ് സന്ദേശവും അയച്ചു’. സിഗരറ്റില്‍ പുക ആഞ്ഞുവലിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞു തീര്‍ത്തത്. ‘പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കേസ് സിബിഐയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു’ എന്നുകൂടി കേട്ടപ്പോള്‍ എന്റെയുള്ളില്‍ അപായമണി മുഴങ്ങി.

‘അപ്പോള്‍ സിബിഐ ഉടനെ വരുമോ സര്‍?’ ഞാന്‍ ചോദിച്ചു.
‘ഓ.. യെസ്.. രണ്ടുദിവസത്തിനുള്ളില്‍ എത്തും’. ഡിജിപി തിടുക്കത്തില്‍ പറഞ്ഞു.

നവംബര്‍ 30ന് സ്‌പെഷല്‍ ടീമിലെ അംഗമായിരുന്ന ഇന്‍സ്‌പെക്ടര്‍ യോഗേഷ് നമ്പി നാരായണനെ അറസ്റ്റു ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ എസ്‌കെ ശര്‍മ്മയെ ഡിവൈഎസ്പി ജോഷ്വ തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തു.

കേസ് ഡയറി എഴുതി പൂര്‍ത്തിയാക്കി ഞങ്ങള്‍ കാത്തിരുന്നു. നമ്പി നാരായണനെ അറസ്റ്റ് ചെയ്യണമെന്ന ഇന്റലിജന്‍സ് ഡിജിപി രാജഗോപാലന്‍ നായരുടെ നിര്‍ദ്ദേശം രേഖയാക്കി എഴുതി വാങ്ങാതിരുന്നത് എനിക്ക് പറ്റിയ പിഴവായിരുന്നു. അതിനും പിന്നീട് ഞാന്‍ കനത്ത വില നല്‍കേണ്ടി വന്നു..

ഏഷ്യാനെറ്റിലെ കണ്ണാടിയെന്ന പരിപാടിയിലൂടെ മറിയം റഷീദ, ഫൗസിയ ഹസന്‍, നമ്പി നാരായണന്‍ മുതലായവരുടെ അഭിമുഖം ആവര്‍ത്തിച്ച് അവതരിപ്പിച്ചു. മംഗളം പത്രവും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സാഹിത്യകാരന്മാരും മറിയം റഷീദയ്ക്കും നമ്പി നാരായണനും വേണ്ടി കരഞ്ഞുകൊണ്ട് സംസാരിക്കുന്നു. അക്ഷാരാഭ്യാസമില്ലാത്ത മറിയം റഷീദയെയാണോ ഇത്രയും വലിയ ദൗത്യം ഏല്‍പ്പിക്കുക എന്ന് പരിഹാസത്തോടെ ചിലര്‍ ചോദിച്ചു. പിന്നെന്തിനാണ് മറിയം റഷീദയും ഫൗസിയ ഹസനും വന്നതെന്ന് അവര്‍ ചിന്തിച്ചില്ല.

മറിയം റഷീദ എന്ന യുവതി മാലിദ്വീപ് സര്‍ക്കാരിന്റെ അര്‍ദ്ധസൈനിക വിഭാഗമായ നാഷണല്‍ സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്തു വന്നിരുന്ന ഒരു ഉദ്യോഗസ്ഥയായിരുന്നു. ഒരു പ്രത്യേക ദൗത്യവുമായി രാജ്യത്തെ സര്‍ക്കാര്‍ അവരെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. 1994 ജൂണ്‍ മുതല്‍ നൂറിലധികം ദിവസം അവര്‍ തിരുവനന്തപുരത്തും ബാംഗ്ലൂരുമായി താമസിച്ചത് നഗര കാഴ്ചകള്‍ കാണ്ട് രസിക്കുവാനായിരുന്നില്ല, തന്റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ വേണ്ടയായിരുന്നു. അന്നത്തെ മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുള്‍ ഗയും സര്‍ക്കാരിനെതിരെ എതിര്‍പക്ഷക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ കണ്ടെത്തി മാലിദ്വീപ് സര്‍ക്കാരിലെ ഉന്നതരെ കൃത്യമായി അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ ദൗത്യം.

നമ്പി നാരായണനു വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സിബി മാത്യുവിനെയും വിജയനെയും വെറുതെ വിടരുത് എന്ന് ആക്രോശിച്ചു. ഡിജിപിമാരായ മധുസൂദനനും രാജഗോപാല്‍ നായരും കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ഒരു വാക്ക് പോലും സംസാരിക്കാന്‍ തയ്യാറായില്ല.

ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍