UPDATES

ട്രെന്‍ഡിങ്ങ്

അനുപമയുടെയും വാസുകിയുടെയും പിന്മുറക്കാരിയാകാന്‍ ശിഖ സുരേന്ദ്രന്‍

കേരളത്തിലെ സ്ത്രീ സമൂഹം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ളവരാണ്, അവര്‍ രാജ്യത്തിന് മാതൃകയാകണമെന്നും 16-ാം റാങ്കുകാരി

രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കു സ്ത്രീകള്‍ മുന്നിട്ടിറങ്ങണം സ്ത്രീക്ക് അത് സാധിക്കും. അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. ഭാരതത്തില്‍ സ്ത്രീസമൂഹത്തോടുള്ള അവഗണനയ്ക്കും അവരോടുള്ള കാഴ്ചപാടുകള്‍ക്കും വലിയ മാറ്റം ഉണ്ടാകും. വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും എന്ന് തെളിയിച്ചവരാണ് കേരളത്തിലെ നമ്മുടെ അമ്മമാരും സഹോദരിമാരും അവരിലൂടെ പുതിയ തലമുറ നേട്ടത്തിന്റെ കൊടുമുടികള്‍ താണ്ടണം. രാജ്യത്തിന് കേരളത്തിലെ സ്ത്രീകള്‍ എല്ലാ തരത്തിലും അഭിമാനമാകണം. ഇതര സംസ്ഥാനങ്ങളിലെ സ്ത്രീകളും ഈ മാതൃക പിന്‍തുടരണം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 16 ാം റാങ്ക് നേടി കേരളത്തില്‍ ഒന്നാമതെത്തിയ ശിഖ സുരേന്ദ്രന്റെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. കേരളത്തിലെ സ്ത്രീകള്‍ വിവിധ മേഖലകളില്‍ ഉയര്‍ച്ച നേടി രാജ്യത്തിന് മാതൃക കാണിക്കണമെന്നും അതാണ് തന്റെ അടുത്ത സ്വപ്നമെന്നും ശിഖ അഴിമുഖത്തോട് പറഞ്ഞു.

അച്ഛന്റെ ആഗ്രഹമായിരുന്നു ഞാനൊരു കളക്ടര്‍ ആകണമെന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ ഇത് തന്നോട് ആദ്യമായി പറഞ്ഞത്. അന്ന് സിവില്‍ സര്‍വീസിനെ കുറച്ചോ കളക്ടറാകുന്നതിനെ കുറിച്ചോ എനിക്ക് വലിയ നിശ്ചയമില്ലായിരുന്നു. എന്നാലും മനസില്‍ കളക്ടര്‍ തന്നെ ആകണമെന്ന മോഹം സൂക്ഷിച്ചു. പഠനകാലത്തു മുതല്‍ തന്റെ മനസിലുണ്ടായിരുന്നതിനെക്കാള്‍ വലിയ മോഹങ്ങളും സ്വപ്നങ്ങളും അച്ഛനിലും അമ്മയിലും ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കു നടുവിലും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാ സാഹചര്യങ്ങളും അവര്‍ ഒരുക്കി തന്നു. ബിഎ പൊളിറ്റിക്സ് ബിരുദധാരിയായ അച്ഛന്‍ നന്നായി വായിക്കുമായിരുന്നു. വിജയമന്ത്രം പോലെ പലപ്പോഴായി വായനാശീലത്തെ കുറിച്ചും കളക്ടര്‍ ഉദ്യോഗത്തെ പറ്റിയും എന്നോട് പറയുമായിരുന്നു. ഒരു പെണ്‍കുട്ടിയാണ് ഞാന്‍.. ഇവള്‍ക്ക് പരിധികളുണ്ട് തുടങ്ങിയ ചിന്തകളൊന്നും അച്ഛനുണ്ടായിരുന്നില്ല. തന്റെ കുടുംബത്തില്‍ നിന്ന് കിട്ടിയ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ശിഖ പറഞ്ഞു. 2015 ജൂണില്‍ ഡല്‍ഹിയിലെ സങ്കല്‍പ് ഭവന്‍ എന്ന സിവില്‍ സര്‍വീസ് പഠനകേന്ദ്രത്തില്‍ പോകനൊരുങ്ങുമ്പോള്‍ തനിക്ക് ഭയമോ പേടിയോ തോന്നിയില്ല. എല്ലാത്തിനും ധൈര്യമായത് സിവില്‍ സര്‍വീസ് എന്ന സ്വപ്നം തന്നെയാണ്. ഈ സമയത്ത് അച്ഛന് സുഖമില്ലായിരുന്നു. ഡയബറ്റീസ് രോഗിമായിരുന്നിട്ടും അച്ഛന്‍ പൂര്‍ണ മനസോടെ എനിക്ക് ധൈര്യം പകര്‍ന്നാണ് ഡല്‍ഹിയിലേക്ക് അയച്ചത്. നാട്ടില്‍ കിട്ടുന്നതിനെക്കാള്‍ നല്ല എക്സ്പോഷര്‍, അപ്ഡേറ്റഡ് സ്റ്റഡി മെറ്റീരിയല്‍ തുടങ്ങി പഠനത്തിനാവശ്യമായ എല്ലാ അനുകൂല സാഹചര്യങ്ങള്‍ക്കും ഡല്‍ഹിയാണ് നല്ലതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പോരത്തതിന് അന്ന് നാട്ടിലെ കോച്ചിംഗ് സെന്ററുകളിലെല്ലാം നല്ല ഫീസും ആയിരുന്നു. അങ്ങനെയാണ് താരതമ്യേന ഫീസ് കുറഞ്ഞ ഡല്‍ഹിയിലെ സങ്കല്‍പ് എന്ന കേന്ദ്രത്തില്‍ എത്തുന്നത്. അവിടെ എത്തിയപ്പോള്‍ കാലാവസ്ഥയും, ആഹാരവും ഒന്നും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. നേട്ടങ്ങള്‍ക്കായി അവയെല്ലാം അഡ്ജിസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തെ പഠനത്തിന് ഇവിടെ 28,500 രൂപയാണ് ഫീസ്. എന്നാല്‍ ഇവിടെ ആറുമാസം ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്ത ശേഷം നാട്ടിലെത്തിയാണ് പ്രിപ്രേഷന്‍ നടത്തിയത്. ഐഛിക വിഷയത്തിന്റെ(മലയയാളം) കോച്ചിംഗിനായി പാലയിലുള്ള കേന്ദ്രത്തിലാണ് ചേര്‍ന്നത്. തന്റെ നേട്ടത്തിന് ഇവിടുത്തെ അധ്യാപകരായ ഡേവീസ് സേവ്യര്‍, ബേബി തോമസ് എന്നിവര്‍ സഹായിച്ചിട്ടുണ്ട്.

കന്നി പോരാട്ടത്തില്‍ നേട്ടം കൊയ്തു, രണ്ടാമത്തേതില്‍ വിജയം കൊയ്തു

ഒന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസ് വരെ സെയിന്റ് പോള്‍ ജൂനിയര്‍ സ്‌കൂളില്‍. എട്ടു മുതല്‍ പത്ത് വരെ കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്ലസ്ടു കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു. തുടര്‍ന്ന് കോതമംഗലം എംഎ കോളജില്‍ എന്‍ജിനീയറിംഗ്. ഇവിടെ മികച്ച വിദ്യാര്‍ഥിക്കുള്ള സമ്മാനവും നേടി. പിന്നീടങ്ങോട്ട് സിവില്‍ സര്‍വീസ് പരിക്ഷയ്ക്കുള്ള ഒരുക്കത്തിലായിരന്നു. സമയം നഷ്ടപ്പെടുത്താതെ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ പുസ്തകങ്ങള്‍ മാത്രമായിരുന്നു ശിഖയുടെ മുന്നില്‍. ആദ്യ ചാന്‍സെത്തി ഇന്റര്‍വ്യൂ പാസായി അത് വിജയത്തിലേക്കുള്ള ആദ്യ നേട്ടമായി. രണ്ടാമത്തേതില്‍ ഉജ്വല വിജയം. പഠനത്തോടും സ്വപ്നത്തോടും പൂര്‍ണ ആത്മാര്‍ഥത കാണിച്ചെങ്കിലും റാങ്കില്‍ ഇത്ര വലിയ നേട്ടം കൊയ്യാനാകുമെന്ന് കരുതിയില്ലെന്നും ശിഖ പറയുന്നു. ഉന്നത വിജയം നേടിയപ്പോള്‍ മകളുടെ വിജയത്തിന് സമ്മാനമായി അച്ഛന്‍ സുരേന്ദ്രന്‍ നെറ്റിയില്‍ ഉമ്മ നല്‍കി. തന്റെ വിജയത്തില്‍ ഏറ്റവും അധികം സന്തോഷിച്ച അമ്മയുടെയും അച്ഛന്റെയും കണ്ണ് നിറഞ്ഞു. എല്ലാവര്‍ക്കും നന്ദിയുണ്ട്. സീനിയേഴ്സിനോട്, സുഹൃത്തുക്കളോട്, ബന്ധുക്കളോട്, തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവരോട് ശിഖ പറയുന്നു.

പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയ ഡി രൂപ ഐപിഎസ് റോള്‍ മോഡല്‍

ഐപിഎസ് നേടി കര്‍ണാടക പോലീസ് ഫോഴ്സില്‍ ഓഫീസറായ(ഡിഐജി) ഡി രൂപയുടെ വിജയമാണ് തനിക്ക് പ്രചോദനമായതെന്നും ശിഖ വെളിപ്പെടുത്തി. ഡി രൂപ ഐപിഎസിന്റെ കഥയും അവരുടെ വാക്കുകളും സ്ത്രീക്ക് സാധ്യമല്ലാത്തതൊന്നുമില്ലെന്ന് കാണിച്ചു തന്നു. ആത്മവിശ്വാസത്തോടെ പഠിക്കാനും കഠിനാധ്വാനം ചെയ്യാനും സ്ത്രീകള്‍ക്ക് കഴിയാത്തതായി ഒന്നുമില്ലെന്നും ഈ ഐപിഎസുകാരി പറയുന്നു ഇവരുടെ വാക്കുകളാണ് ശിഖയ്ക്ക് ശക്തിയേകിയത്. പലപ്പോഴായി യൂട്യൂബില്‍ രൂപയുടെ പ്രസംഗങ്ങളും വാക്കുകളും കേള്‍ക്കാറുണ്ടെന്നും ഈ പ്രവര്‍ത്തന രീതി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ശിഖ പറഞ്ഞു. കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസില്‍ ഒന്നാമതെത്തിയതുകൊണ്ട് ഇവിടെ തന്നെ പോസ്റ്റിംഗ് ലഭിക്കാനാണ് സാധ്യത. എറണാകുളത്ത് പലപ്പോഴായി വന്ന കളക്ടര്‍മാരുടെ പ്രവര്‍ത്തന രീതികളെ കുറിച്ചു വളരെ നല്ല അഭിപ്രായമാണ് ശിഖക്കുള്ളത്. ആത്മാര്‍ഥതയോടെ നാടിന് വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തണം.

പ്രതികൂല സാഹചര്യങ്ങളെ അനുകൂലങ്ങളാക്കി മാറ്റാനുള്ള മനശക്തിയുണ്ട്. രാജ്യത്തിന്റെ പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന്റെ ഉന്നമനമാണ് ലക്ഷ്യമായിട്ട് മുന്നിലുള്ളത്. ഒരമ്മ അവരുടെ മകനെ അല്ലെങ്കില്‍ മകളെ പഠിപ്പിക്കുന്നതാണ് ഓരോ തലമുറയും പഠിക്കുന്നതും അവര്‍ നേട്ടങ്ങള്‍ കൊയ്യുന്നതും. അതുകൊണ്ടാണ് സ്ത്രീയില്‍ നിന്നാകണം മാറ്റത്തിന്റെ തുടക്കമെന്നും അവരുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കണമെന്നും പറയുന്നതെന്ന് ശിഖ സുരേന്ദ്രന്‍ പറയുന്നു. എറണാകുളം ജില്ലയില്‍ വടയമ്പാടി കാവനാക്കുടിയില്‍ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ് ശിഖ. സഹോദരി നിവ സുനില്‍ ദുബൈയിലാണ്.

 

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍