UPDATES

ട്രെന്‍ഡിങ്ങ്

എന്റെ മോള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? വിമാനത്തില്‍ നിന്നും അപമാനിച്ച് ഇറക്കി വിടപ്പെട്ട ഒരു അമ്മ ചോദിക്കുന്നു

വിമാനം പുറപ്പെടുന്നതിനു തൊട്ട് മുമ്പാണ് ക്യാപ്റ്റന്‍ വന്ന് ഇവരോട് ഇറങ്ങാന്‍ പറയുന്നത്

പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇന്ത്യക്കാരയ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. സിംഗപൂരില്‍ നിന്നും ഫുക്കെറ്റിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയ ദിവ്യ ജോര്‍ജിനും കുടുംബത്തിനുമാണ് ഇങ്ങനെയൊരു അപമാനം നേരിടേണ്ടി വന്നത്. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത് ദിവ്യ തന്നെയാണ്. സിംഗപൂരിലെ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ നിന്നാണ് ഇവര്‍ക്ക് ഇത്തരമൊരു അപമാനം നേരിടേണ്ടി വന്നത്.

ദിവ്യയുടെ അഞ്ചുവയസുകാരിയായ മകള്‍ പ്രത്യേക ശ്രദ്ധ വേണ്ട കുട്ടിയാണ്. അഞ്ചുവയസ് ആയെങ്കിലും കുട്ടിക്ക് എട്ടര കിലോഗ്രാം മാത്രമാണ് ഭാരം. ഒരു വയസുകാരിയുടെ വലിപ്പമേ കുട്ടിക്കുള്ളൂവെന്നും ദിവ്യ പറയുന്നു. സാധാരണ കുട്ടിയുമായി വിമാന യാത്ര ചെയ്യുമ്പോള്‍ പ്രത്യേക ടിക്കറ്റ് കുട്ടിക്കായി എടുക്കാറില്ലെന്നും മടിയില്‍ ഇരുത്താറാണ് പതിവെന്നും ദിവ്യ വ്യക്തമാക്കുന്നു. ചിലപ്പോഴേക്കെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പിന്നീട് വിമാനജീവനക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ ചെയ്തുതരികയാണ് പതിവെന്നും ദിവ്യ എഴുതുന്നു. എന്നാല്‍ സ്‌കൂട്ട് എയര്‍ലൈനില്‍ നിന്നും നേരിടേണ്ടി വന്നത് ഹൃദയം തകര്‍ക്കുന്ന അപമാനമാണെന്നു ദിവ്യ പറയുന്നു. രാവിലെ 7.35 ന് പുറപ്പെടേണ്ട വിമാനമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ വന്ന് സ്വന്തമായി സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാന്‍ കഴിയാത്ത കുഞ്ഞുമായി യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞതോടെ ഉണ്ടായ തര്‍ക്കത്തില്‍ ഒരു മണിക്കൂറോളം വിമാനം വൈകി. കുഞ്ഞുമായി പുറത്തിറങ്ങണമെന്നായിരുന്നു വിമാനജീവനക്കാരടക്കം ഞങ്ങളോട് ആവശ്യപ്പെട്ടതെന്നും ദിവ്യ സമൂഹമധ്യത്തില്‍ തങ്ങള്‍ക്ക് പിന്തുണ തേടിയെഴുതിയ കുറിപ്പില്‍ പറയുന്നു. ഒടുവില്‍ ഇവരുടെ ലഗേജുകള്‍ പുറത്തിറക്കിയതായി അറിയിപ്പ് വരികയും പിന്നാലെ ദിവ്യക്കും ഭര്‍ത്താവിനും കുഞ്ഞുമായി പുറത്തിറങ്ങേണ്ടി വരികയുമായിരുന്നു.

ഈ അഞ്ചുവയസുകാരി മോളുമായി 67 തവണ തങ്ങള്‍ വിമാനയാത്ര ചെയ്തിട്ടുണ്ടെന്നും മോള്‍ക്ക് ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സീറ്റ്‌ബെല്‍റ്റ് അനുവദിച്ച് കിട്ടാറുണ്ടായിരുന്നുവെന്നും ദിവ്യ പറയുന്നു. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല സംഭവിച്ചത്. ഗ്രൗണ്ട് സ്റ്റാഫിനോട ബേബി ബെല്‍റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ക്യാപ്റ്റനെ അറിയിക്കാമെന്നാണ് പറഞ്ഞത്. അകത്ത് കയറിയപ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ബേബി ബെല്‍റ്റിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ക്യാപ്റ്റന്‍ വന്ന് തങ്ങളെ ഒരുതരത്തിലും യാത്ര ചെയ്യാന്‍ അനുവദക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നുവെന്ന് ദിവ്യ കുറിപ്പില്‍ പറയുന്നു.

ചില ട്രോളുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതായി കണ്ടതുകൊണ്ടാണ് താന്‍ ഇക്കാര്യങ്ങള്‍ വിശദമായി പറഞ്ഞുകൊണ്ട് കുറിപ്പ് ഇടുന്നതെന്നുംദിവ്യ പറയുന്നുണ്ട്. അവളുടെ സ്വന്തം സീറ്റില്‍ ഇരിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് എന്റെ മോളുമായി പറക്കാന്‍ കഴിയില്ലെന്ന ക്യാപ്റ്റന്മാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഹൃദയം തകര്‍ന്നുപോവുകയാണ്, ഇതൊന്നും അവളുടെ കുഴപ്പംകൊണ്ടല്ലല്ലോ എന്നാണ് ദിവ്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍