UPDATES

ട്രെന്‍ഡിങ്ങ്

‘നോട്ട് അസാധുവാക്കല്‍ വിജയം’; മന്ത്രിമാരുടെ ട്വീറ്റുകളെല്ലാം ഒരു കേന്ദ്രത്തില്‍ നിന്നെന്ന് യെച്ചൂരി

‘തകരുന്നതിന് മുമ്പ്‌ ടൈറ്റാനിക്കിന്റെ ഡെക്കിലെ കസേരകള്‍ മാറ്റുന്നതു പോലെയാണ് കേന്ദ്രക്യാബിനറ്റിലെ പുനഃസംഘടന. മോദി സര്‍ക്കാര്‍ എന്ന ദുരന്തം ഒരിക്കലും ഒഴിഞ്ഞുപോകുന്നില്ല.’

നോട്ട് അസാധുവാക്കലിനെക്കുറിച്ചുള്ള മന്ത്രിമാരുടെ ട്വീറ്റുകളെല്ലാം ഒരുപോലെയെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. അഞ്ച് കേന്ദ്രമാര്‍ ഉള്‍പ്പെടെ ആറ് എംപിമാരുടെ ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറയുന്നത്. നോട്ട് അസാധുവാക്കലിനെ ന്യായീകരിക്കുന്ന ഈ ട്വീറ്റുകളിലെല്ലാം ഒരേ ഭാഷ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭ പുനഃസംഘടനയില്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം ഇതിലൂടെ ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും ഒരേയിടത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ എല്ലാവരും എന്ത് പറയണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്ന് തന്നെ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് തന്റെ ട്വീറ്റിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ മന്ത്രിസഭ പുനഃസംഘടന ഒരു വിധത്തിലും ബാധിക്കില്ല. ‘തകരുന്നതിന് മുമ്പ്‌ ടൈറ്റാനിക്കിന്റെ ഡെക്കിലെ കസേരകള്‍ മാറ്റുന്നതു പോലെയാണ് കേന്ദ്രക്യാബിനറ്റിലെ പുനഃസംഘടന. മോദി സര്‍ക്കാര്‍ എന്ന ദുരന്തം ഒരിക്കലും ഒഴിഞ്ഞുപോകുന്നില്ല.’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയും അമിത് ഷായുമാണ് ഇവിടെ സംസാരിക്കുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

 

നാളെയാണ് മോദി സര്‍ക്കാരിലെ ഏറ്റവും വലിയ പുനഃസംഘടന നടക്കാനിരിക്കുന്നത്. രണ്ട് മന്ത്രിമാര്‍ നിലവില്‍ രാജിവച്ചു കഴിഞ്ഞു. ഒമ്പത് പേരോട് മാറിനില്‍ക്കാനും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനും ആവശ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജീവ് ബല്യാണ്‍ എന്നിവരാണ് രാജിവച്ചത്. നാളെ രാവിലെ നടക്കുന്ന പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിവയ്ക്കാന്‍ ഏതാനും പേരോട് ആവശ്യപ്പെട്ടും കഴിഞ്ഞു. നാളെ രാവിലെ പത്ത് മണിയോടെയാണ് പുതിയ മന്ത്രമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ നടക്കുക. കേന്ദ്രമന്ത്രിമാരായ ബീരേന്ദര്‍ സിംഗ്, ഉമ ഭാരതി, രാധാ മോഹന്‍ സിംഗ്, കല്‍രാജ് മിശ്ര, ഗിരിരാജ് സിംഗ്, നിര്‍മല സിതാരാമന്‍, ബന്ദാരു ദത്താത്രേയ, ഫഗ്ഗന്‍ സിംഗ് കുലസ്‌തെ എന്നിവരോട് സ്ഥാനമൊഴിയാന്‍ അമിത് ഷാ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനായി ചുമതലയേറ്റ നാത് പാണ്ഡെയ്ക്കും മന്ത്രിസ്ഥാനം നഷ്ടമാകും.

മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജവദേകര്‍ പ്രതിരോധമന്ത്രിയാകുമെന്നും റയില്‍വേ മന്ത്രി സ്ഥാനം രാജിവയ്ക്കുന്ന സുരേഷ് പ്രഭു പരിസ്ഥിതി വകുപ്പ് മന്ത്രിയാകുമെന്ന് ഫസ്റ്റ്‌പോസ്റ്റ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് താന്‍ മന്ത്രി സ്ഥാനം രാജിവച്ചതെന്ന് റൂഡിയും ബല്യാണും അറിയിച്ചു. അതേസമയം രാജിവയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ നിങ്ങളുടെ ചോദ്യം കേട്ടില്ലെന്നും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് അനുവാദമില്ലെന്നുമാണ് ഉമ ഭാരതി പ്രതികരിച്ചത്. പാര്‍ട്ടി അധ്യക്ഷന് മാത്രമാണ് ഇക്കാര്യത്തില്‍ സംസാരിക്കാന്‍ അനുവാദമുള്ളതെന്നും ഉമ പറയുന്നു.

ഈ സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടന ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് യെച്ചൂരി ട്വീറ്റിലൂടെ പറയുന്നത്. ഈ സന്ദേശങ്ങളെല്ലാം അമിത് ഷായുടെയോ മോദിയുടെയോ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കപ്പെട്ടതാണെന്നാണ് യെച്ചൂരി നേരിട്ട് പറയാതെ തന്നെ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിമാരായ തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്, സുരേഷ് പ്രഭു, റാവു ഇന്ദര്‍ജിത് സിംഗ്, മനേക ഗാന്ധി, അര്‍ജുന്‍ റാം മെഘ്‌വാല്‍ എന്നിവരുടെയും എംപി ഓം ബിര്‍ളയുടെ ട്വീറ്റുകളാണ് യെച്ചൂരി ചൂണ്ടിക്കാട്ടുന്നത്. ‘ഇന്ത്യയെ ക്യാഷ്‌ലെസ് എക്കണോമിയാക്കി മാറ്റുന്നതിനും കള്ളപ്പണം കുറയ്ക്കുന്നതിനും നോട്ട് അസാധുവാക്കല്‍ സഹായിച്ചു’ എന്നാണ് ട്വീറ്റുകളിലെല്ലാം തന്നെ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍