UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീപ്പയില്‍ അസ്ഥികൂടം: നിര്‍ണായക തെളിവായി മാളിയോലര്‍ സ്‌ക്രൂ

മളിയോളര്‍ സ്‌ക്രൂ രണ്ടര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉപയോഗിച്ചത് ആറു രോഗികളില്‍ മാത്രമാണ്

കൊച്ചിയില്‍ കുമ്പളത്ത് കായലരികില്‍ അടിഞ്ഞ വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവ്. യുവതിയുടെ അസ്ഥികൂടത്തിന്റെ കണങ്കാലില്‍ മാളിയോലര്‍ സ്‌ക്രൂ (പിരിയാണി) ഘടിപ്പിച്ചിരിക്കുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. മനുഷ്യന്റെ കണങ്കാലിന്റെ ഉള്‍ഭാഗത്തെ അസ്ഥിയുടെ ശാസ്ത്രീയമായ പേരാണ് മീഡിയല്‍ മളിയോലസ്. ഈ അസ്ഥിക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഉപയോഗിക്കുന്ന സ്‌ക്രൂവാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. ഈ പിരിയാണി (മളിയോളര്‍ സ്‌ക്രൂ) രണ്ടര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉപയോഗിച്ചത് ആറു രോഗികളില്‍ മാത്രമാണ്. ഇത്തരം സ്‌ക്രൂ ഉപയോഗിച്ചു കൊച്ചിയില്‍ ചികില്‍സ നടത്തിയതു രണ്ട് ആശുപത്രികളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുണ്ട്. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ ആറര സെന്റിമീറ്റര്‍ നീളത്തില്‍ കണ്ടെത്തിയ സ്‌ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാര്‍ കമ്പനിയുടെ സഹകരണത്തോടെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കേരളാ പൊലീസ് ശ്രമം തുടങ്ങി.

മളിയോലര്‍ സ്‌ക്രൂവില്‍ കണ്ടെത്തിയ സീരിയല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. സീരിയല്‍ നമ്പറില്‍ നിന്ന് ഈ സ്‌ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാന്‍ കഴിയും. വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍തന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വിരളമായാണ് ഇത്തരം പൊട്ടലുകള്‍ മനുഷ്യന് ഉണ്ടാകുന്നത്. അതുകൊണ്ട് കൊല്ലപ്പെട്ട യുവതി ആരെന്ന് ഉടനെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അസ്ഥികൂടം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. താടിയെല്ലിന്റെ ആകൃതി, നീണ്ട മുടി എന്നിവയാണ് സ്ത്രീയുടേതാണ് മൃതദേഹം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനം. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീകളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയിട്ടുള്ള പരാതികളെ കുറിച്ചും മൃതദേഹത്തില്‍ നിന്ന് കിട്ടിയ അരഞ്ഞാണം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍