UPDATES

ഇന്ത്യ

രാഹുല്‍ ഗാന്ധിയുടെ അമേഥിയില്‍ സ്മൃതി ഇറാനി 10,000 പശുക്കളെ വിതരണം ചെയ്യുന്നു

ദരിദ്ര കുടുംബങ്ങള്‍ക്ക് പശുവിതരണം എന്ന പേരില്‍ സ്മൃതി ഇറാനി എത്തി പരിപാടി സംഘടിപ്പിക്കും. അമേഥി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ അഞ്ച് നിയമസഭ മണ്ഡലങ്ങള്‍ക്കും 2000 വീതം പശുക്കളെ വീതിച്ച് നല്‍കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഥിയില്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇവിടെ രാഹുലിനെതിരെ മത്സരിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യാന്‍ പോകുന്നത് 10,000 പശുക്കളെ. 10,000 കുടുംബങ്ങള്‍ക്ക് ഒരു പശു എന്ന നിലയ്ക്കാണ് അടുത്ത മാസം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ദരിദ്ര കുടുംബങ്ങള്‍ക്ക് പശുവിതരണം എന്ന പേരില്‍ സ്മൃതി ഇറാനി എത്തി പരിപാടി സംഘടിപ്പിക്കും. രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശക്തമായ പ്രചാരണങ്ങളും പ്രസ്താവനകളും വിമര്‍ശനങ്ങളുമായി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. അമേഥിയില്‍ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ഇത് തുടരുകയാണ്.

നര്‍മ്മദ ഫെര്‍ടിലൈസേഴ്‌സിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌കീമിന്റെ ഭാഗമായാണ് പശു വിതരണം നടത്തുക. അമേഥി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ അഞ്ച് നിയമസഭ മണ്ഡലങ്ങള്‍ക്കും 2000 വീതം പശുക്കളെ വീതിച്ച് നല്‍കും. ബിജെപി പ്രവര്‍ത്തകരും നര്‍മ്മദ ഫെര്‍ട്ടിലൈസര്‍ പ്രതിനിധികളും ‘പശുയോഗ്യത’ ഉള്ള ഗ്രാമീണരെ തിരഞ്ഞെടുക്കും. കഴിഞ്ഞ ദിവാലിക്ക് സാരി വിതരണവും മകര്‍സംക്രാന്തിക്ക് മധുരപലഹാര വിതരണവും സ്മൃതി അറാനി ഇവിടെ നടത്തിയിരുന്നു. നിരവധി ക്ഷേമ പദ്ധതികള്‍ മണ്ഡലത്തിക്കാനും സ്മൃതി ഇറാനി ശ്രമിക്കുന്നുണ്ട്.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുലിനെ ഇവിടെ പരാജയപ്പെടുത്തുകയും 2004 മുതല്‍ രാഹുല്‍ ഗാന്ധി പ്രതിധീകരിക്കുന്ന കോണ്‍ഗ്രസിന്റ ഉരുക്ക് കോട്ട തകര്‍ക്കുകയുമാണ് സ്മൃതി ഇറാനിയുടെ ലക്ഷ്യം. 2009ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ നേടിയ 3.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം 1.07 ലക്ഷത്തിലേയ്ക്ക് ചുരുക്കിക്കൊണ്ടുവരാന്‍ ‘മോദി തരംഗം’ സ്മൃതി ഇറാനിയെ സഹായിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സാഹചര്യം മാറിയതും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയിലും പൊതുസമൂഹത്തിലെ ഇടപെടലുകളിലും തന്നെ വലിയ തോതിലുള്ള മാറ്റമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സ്മൃതി ഇറാനി മത്സരിക്കുകയാണെങ്കില്‍ അവര്‍ക്ക് കാര്യം ഒട്ടും എളുപ്പമാകില്ല എന്നുറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍