UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സർക്കാർ ധനസഹായം നിരസിച്ച മത്സ്യത്തൊഴിലാളിയുടെ ആ വാക്കാണ് ദൈവം: സുനിൽ പി ഇളയിടം

യാഥാസ്ഥിതികത്വത്തിന്റെ നെടുങ്കോട്ടയിലേക്ക‌് മടങ്ങാൻ കേരളം കുട്ടാക്കില്ല. ആത്മബലം ഇല്ലാതാക്കാൻ തെരുവിൽ അഴിഞ്ഞാടിയ തെമ്മാടിക്കൂട്ടത്തിനാകില്ല.

പ്രളയത്തിൽ മുങ്ങിയ വീടുകളിൽനിന്ന‌് ആളുകളെ രക്ഷിക്കാൻ വള്ളങ്ങളുമായി കടപ്പുറത്തുനിന്ന‌് മനുഷ്യർ എത്തിയ സാഹോദര്യത്തേക്കാൾ മഹനീയമായ ദൈവാനുഭവം ഒരാചാരത്തിലുമില്ലെന്ന് ഡോ. സുനിൽ പി ഇളയിടം. തെരുവിൽ കണ്ട ആചാര സംരക്ഷണത്തിൽ ഇത് തെല്ലുമുണ്ടായിരുന്നില്ല. ഒരു മതാധികാരത്തിന്റെയോ ആചാരത്തിന്റെയോ പേരിലല്ല അന്ന് മത്സ്യതൊഴിലാളികൾ രക്ഷകരായെത്തിയത്. നാം അന്ന‌് തെരുവുകളിൽ വന്നലച്ചത‌് ഏതെങ്കിലും ജാതി കോമരങ്ങളുടെയൊ മത വർഗീയവാദികളുടെയോ ദൈവങ്ങളുടെയോ വിളികളായിരുന്നില്ലെന്നും അദ്ദേഹം വ്യക്തക്കുന്നു. എളമക്കര നളന്ദ സാംസ‌്കാരിക വേദിയുടെ വാർഷിക സമ്മേളനത്തിന്റെ സാംസ‌്കാരിക സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുനിൽ പി ഇളയിടം.

സാഹോദര്യമെന്ന വാക്കിന്റെ അർഥം പൂർണമാക്കിയത‌് ആ പ്രളയകാലമായിരുന്നു. ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും കർഷക സമരങ്ങളുടെയും പാരമ്പര്യത്തിന്റെ ഇങ്ങേ തലയ‌്ക്കലാണ‌് അന്ന് മത്സ്യത്തൊഴിലാളി വള്ളവുമായി എത്തിയത‌്. ഒരു നൂറ്റാണ്ടിന്റെ അനുഭവത്തിന്റെ ബലവും ആത്മാർഥതയും ആ കെട്ടുവള്ളങ്ങളുടെ പിന്നാമ്പുറത്തുണ്ട‌്. ആ അനുഭവത്തെ നാലു നാമജപംകൊണ്ട‌് ഇല്ലാതാക്കി ഈ രാജ്യത്തെ മത വർഗീയതയുടെ പേരിൽ വിഭജിച്ചെടുക്കാമെന്ന യുക്തിക്ക‌് കേരളം കീഴടങ്ങില്ലെന്നും ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. സർക്കാർ ധനസഹായം വേണ്ടെന്ന‌്‌ വച്ച ആ മത്സ്യത്തൊഴിലാളിയുടെ വാക്കിലാണ‌് ദൈവം. അല്ലാതെ 52 വയസ്സായ സ‌്ത്രീയുടെ തലയെറിഞ്ഞു പൊളിക്കാൻ തേങ്ങയുമായി നിൽക്കുന്ന തെമ്മാടിയിലല്ല.  കഴിഞ്ഞ ദിവസങ്ങളിൽ ബോംബും കുറുവടികളുമായി തെരുവിൽ അഴിഞ്ഞാടിയ തെമ്മാടിക്കൂട്ടങ്ങൾ ഭക്തിയുമായി പുല ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം പറയുന്നു.

കാപട്യം നിറഞ്ഞ ഭക്തിയിലാണ‌് നാം ജീവിക്കുന്നത്. ശബരിമലയുടെ പേരിലുണ്ടാക്കിയ പ്രക്ഷോഭത്തിന്റെ പതിനായിരത്തിലൊന്നു പോലും ആത്മഹത്യ ചെയ‌്ത മൂന്നര ലക്ഷം കർഷകരുടെ ജീവന്റെ പേരിൽ ഉണ്ടായില്ലെന്ന‌ത് അതിന് തെളിവാണ്. കർഷകരുടെ ആത്മഹത്യ നമ്മെ അലോസരപ്പെടുത്തുന്നില്ല. ഇനി അലോസരപ്പെടുത്തുകയുമില്ല. കർഷക മാർച്ചിലെ വിണ്ടുകീറിയ കാലുകൾ നമ്മൾ കാണുന്നില്ല. കാരണം വഞ്ചനാത്മകമായ ജീവിതം നയിക്കാൻ പരിശീലിച്ച ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നു. ദരിദ്രന്റെ കണ്ണുനീർ തുടയ‌്ക്കാനാണ‌് രാജ്യം പ്രഥമ പരിഗണന നൽകേണ്ടതെന്ന ഗാന്ധിജിയുടെ വാക്കുകൾ നാം മറന്നുപോകുന്ന അവസ്ഥയാണുള്ളത്.

ഭക്തിപ്രസ്ഥാനത്തിന്റെ സംഭാവനയായ നാമജപം ഇന്ന‌് അട്ടഹാസവും ഭീഷണിയുമായി മാറി. ശരണമന്ത്രം ബുദ്ധനുമായി ബന്ധപ്പെട്ടതാണ‌്. അത‌് രാജ്യത്തെ വെട്ടിപ്പിളർത്താൻ മതത്തെ ഉപയോഗിച്ച പൈശാചികതയുടെ മറുപുറമാണ്. ബ്രാഹ‌്മണാധിപത്യത്തിനും പൗരോഹിത്യത്തിനുമെതിരെ കേരളം നിവർന്നുനിന്നു. ഇത്തരം കാഴ‌്ചകളോട‌് മുഖംതിരിഞ്ഞുനിന്ന‌് അരുതെന്ന‌് ഉറപ്പിച്ചു പറയാൻ കേരളത്തിന്റെ ആത്മബലം പോയിട്ടില്ല. യാഥാസ്ഥിതികത്വത്തിന്റെ നെടുങ്കോട്ടയിലേക്ക‌് മടങ്ങാൻ കേരളം കുട്ടാക്കില്ല. ആത്മബലം ഇല്ലാതാക്കാൻ ഈ തെമ്മാടിക്കൂട്ടത്തിനാകില്ല. അവർ വിചാരിച്ചാൽ അത‌് അവസാനിക്കയുമില്ലെന്നും സുനിൽ പി ഇളയിടം പറയുന്നു.

 

“പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുത്”

ആലപ്പാട്: ഞങ്ങളിത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; എന്താണ് ഈ തീരദേശത്ത് സംഭവിക്കുന്നത്? അറിയേണ്ടതെല്ലാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍