UPDATES

‘അഭിപ്രായത്തോട് യോജിപ്പില്ലെങ്കില്‍ കൊണ്ട് പോയി കേസ് കൊടുക്കണം’: പ്രിയനന്ദനന് പിന്തുണയുമായി കേരളം

വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആര്‍ എസ് എസ്

ചലച്ചിത്ര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രിയനന്ദനന്‍ സംഘപരിവാര്‍ അനുകൂലികളാല്‍ ഇന്ന് രാവിലെയാണ് ആക്രമിക്കപ്പെട്ടത്. പ്രിയനന്ദനന്റെ തലയിലേക്ക് പിന്നില്‍ നിന്നും ചാണകവെള്ളം ഒഴിച്ച അക്രമികള്‍ അതിന് ശേഷം മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ സംഘപരിവാറാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രിയനന്ദനന് അനുകൂലവും പ്രതികൂലവുമായി വലിയ തോതിലുള്ള പ്രതകരങ്ങളാണ് ഉയരുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണ് ആക്രമണത്തിന് പിന്നില്‍. അയ്യപ്പനെയും വിശ്വാസികളെയും അപമാനിച്ചുവെന്ന് ആരോപിച്ച് ഏറെ നാളായി പ്രിയനന്ദനന് നേരെ കലാപത്തിന് ആഹ്വാനം നടക്കുന്നുണ്ടായിരുന്നു. തന്റെ പോസ്റ്റ് വിവാദമായതോടെ അദ്ദേഹം അത് പിന്‍വലിച്ചെങ്കിലും സംവിധായകനെതിരായ കലാപാഹ്വാനം തുടര്‍ന്നുകൊണ്ടിരുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് പ്രിയനന്ദനനെ ആക്രമിക്കാനുള്ള ആഹ്വാനം തുടര്‍ന്നത്. ഇതേ തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടാകുമെന്നും കൊല്ലാനാണെങ്കിലും വരാമെന്നും ഒളിച്ചിരിക്കില്ലെന്നും പ്രിയനന്ദനന്‍ പോസ്റ്റിട്ടിരുന്നു.

അതിനിടെയാണ് പ്രിയനന്ദനന് നേരെ ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആക്രമണമുണ്ടായത്. തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. വല്ലച്ചിറ സ്വദേശി സരോവര്‍ ആണ് പിടിയിലായതും. അയ്യപ്പനെ തന്തയില്ലാത്തവന്‍ എന്നു വിളിച്ചുവെന്നാണ് കൊലവിളിച്ചുകൊണ്ട് ചിലര്‍ ആരോപിച്ചത്. ഇതില്‍ നിന്നു തന്നെ പ്രിയന്റെ പോസ്റ്റ് പോലും കാണാത്തവരാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്ന് വ്യക്തമാണ്. കാരണം പ്രിയന്റെ വാക്കുകള്‍ അതായിരുന്നില്ല. അതേസമയം അക്രമത്തിന് പിന്നില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നത്. ആരാലും അറിയപ്പെടാത്ത ഒരു സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. മാത്രമല്ല, പ്രിയനെ മര്‍ദ്ദിക്കണമായിരുന്നെങ്കില്‍ പോസ്റ്റിട്ട ദിവസം തന്നെ അത് ചെയ്യാമായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘പ്രിയനന്ദന്‍ എന്ന ആരും അറിയാത്ത സംവിധായകന്‍ വെറുതെ ഷൈന്‍ ചെയ്യാനുള്ള ജാഡ പരിപാടിയാണ് ഇപ്പോള്‍ കാണിച്ചത്. ഞങ്ങള്‍ക്ക് അക്രമം നടത്തണമെന്നുണ്ടെങ്കില്‍ അത് പറഞ്ഞിട്ട് തന്നെ ചെയ്യും. ആര്‍.എസ്.എസുകാര്‍ അക്രമം നടത്തി എന്ന് അയാള്‍ പറയുമ്പോഴേക്കും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഷൈന്‍ ചെയ്യാനുള്ള പരിപാടി മാത്രമാണ്’ എന്നാണ് ആക്രമണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. പ്രിയനന്ദനന് ഗോപാലകൃഷ്ണന്‍ പറഞ്ഞതുപോലെ ഇത്തരത്തില്‍ പബ്ലിസിറ്റി നേടേണ്ട ആവശ്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ആദ്യമുയര്‍ന്ന പിന്തുണ. ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച പ്രിയന്‍ സ്വര്‍ണപ്പണി ചെയ്ത് വളരുകയും വായനയിലൂടെ നാടകത്തിന്റെയും പിന്നീട് സിനിമയുടെയും ലോകത്ത് സ്വയം വളര്‍ന്ന വ്യക്തിയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ മുരളിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത് പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലൂടെയാണ്. രണ്ടാമത്തെ ചിത്രമായ പുലിജന്മത്തിന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ഗോപാലകൃഷ്ണനുള്ള മറുപടിയായി പലരും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഇത്രമാത്രം ഉന്നതിയില്‍ നില്‍ക്കുന്ന ഒരാള്‍ സമൂഹത്തില്‍ ഉപയോഗിക്കുന്ന വാചകമാണോ ഇതെന്നാണ് ഒരാളുടെ ചോദ്യം. പ്രിയനെ തന്റെ കയ്യിലെങ്ങാന്‍ കിട്ടിയിരുന്നെങ്കില്‍ മുട്ടില്‍ ഇഴഞ്ഞു നടക്കുമായിരുന്നുവെന്നും ചാണകം തളിക്കുകയല്ല, ചാണകത്തില്‍ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുകയായിരുന്നു വേണ്ടതെന്നുമാണ് ഒരാള്‍ പറയുന്നത്. പ്രതികരിച്ചില്ലെങ്കില്‍ ഹിന്ദുവിന്റെ തലയില്‍ കയറി സാധിക്കും. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ട അല്ല ഹിന്ദുവും അവന്റെ വിശ്വാസവുമെന്നാണ് ഒരാളുടെ പ്രതികരണം. പ്രിയനന്ദനന്‍ ഈ ആക്രമണം അര്‍ഹിക്കുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പ്രിയന്‍ സിപിഎം വിശ്വാസിയായതുകൊണ്ടാണ് കേസെടുക്കാത്തതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം പ്രിയനന്ദനന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഇത് ഒരു തരത്തിലും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യപ്രതിയെ കൊടുങ്ങല്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് ഈ കയ്യേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആര്‍ എസ് എസ് സംഘപരിവാരം. നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ത്ത്, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസ് അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രകാരന്മാരിലൊരാളും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി അംഗവുമായ പ്രിയനന്ദനനു നേരെ നടന്ന ആര്‍എസ്എസ് ഗുണ്ടാ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായി പുരോഗമനകലാസാഹിത്യ സംഘവും അറിയിച്ചു. സര്‍ഗാത്മകതയ്ക്ക് നേരെയുള്ള സംഘപരിവാര്‍ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ മുഴുവന്‍ എഴുത്തുകാരും കലാകാരന്മാരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായാണ് പു ക സ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പറഞ്ഞത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രിയനന്ദനന് പിന്തുണ അര്‍പ്പിച്ച് വന്‍തോതിലുള്ള പ്രചരണമാണ് നടക്കുന്നത്. നമ്മുടെ നിലപാടുകളിലെ ശരിക്ക് കിട്ടിയ പൂച്ചെണ്ടാണ് ഈ ചാണകവെള്ളമെന്നാണ് കവി പി എന്‍ ഗോപീകൃഷ്ണന്‍ പ്രിയനന്ദനന് പിന്തുണ അര്‍പ്പിച്ച് പറഞ്ഞത്. ‘അഭിപ്രായത്തോട് യോജിപ്പില്ലെങ്കില്‍ കൊണ്ട് പോയി കേസ് കൊടുക്കണം.. അത് പിന്നെങ്ങനാ കയ്യാങ്കളിയും ഗുണ്ടായിസവും മാത്രമല്ലേ അറിയത്തൊള്ളു!’ എന്നാണ് ചലച്ചിത്രതാരവും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പരസ്പരം ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ കയ്യാങ്കളിയെടുക്കുക എന്നത് മോശപ്പെട്ട പ്രവണതയാണെന്ന് അവര്‍ അഴിമുഖത്തോട് പറഞ്ഞു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലേക്ക് സംഘപരിവാര്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ് ഇത്. എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യമാണ് അവര്‍ക്കെന്നും പാര്‍വതി പ്രതികരിച്ചു. നിയമം കയ്യിലെടുത്തുകൊണ്ട് അവര്‍ ഓരോ തവണയും തെളിയിക്കുന്നത് അതാണ്. പ്രിയന്റെ വാക്കുകള്‍ അവരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നിയമപരമായാണ് പോകേണ്ടിയിരുന്നത്. അല്ലാതെ കയ്യാങ്കളി നടത്തുകയായിരുന്നില്ല.

നമ്മുടെ സമൂഹത്തില്‍ പടര്‍ന്നിട്ടുള്ള ജീര്‍ണതയുടെ മറ്റൊരു പ്രതിഫലനമാണ് പ്രിയനന്ദനന് എതിരായ ആക്രമണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അഴിമുഖത്തോട് പ്രതികരിച്ചു. അതിന്റെ പിന്നില്‍ പ്രകടമായ രാഷ്ട്രീയ ലക്ഷ്യമുള്ള ഒരു വര്‍ഗ്ഗീയ പ്രസ്ഥാനമാണ് എന്നുള്ളതും ഫലപ്രദമായ നടപടികളിലൂടെ അത്തരം ശക്തികളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല എന്നതും ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍