UPDATES

ട്രെന്‍ഡിങ്ങ്

അല്ലു അര്‍ജുനെ തൊട്ടാല്‍ ഫാന്‍സ് ബലാത്സംഗം ചെയ്യും കൊല്ലും; ചലച്ചിത്ര നിരൂപക അപര്‍ണയ്ക്ക് സൈബര്‍ ഭീഷണി

കുലകന്യകമാര്‍ അല്ലാത്ത സ്ത്രീകള്‍ വര്‍ധിച്ച് വരുമ്പോഴുണ്ടാകുന്ന അലോസരത്തില്‍ നിന്നുമാണ് നാനാഭാഗത്തു നിന്നും ഇവര്‍ സംഘം ചേര്‍ന്ന് വരുന്നതെന്ന് അപര്‍ണ

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

സിനിമ കണ്ട് ബോറടിച്ചാല്‍ അതൊന്ന് ഫേസ്ബുക്കില്‍ പറയാമോ? പറയരുതെന്നാണ് താരങ്ങളുടെ ഫാന്‍സ് സോഷ്യല്‍ മീഢിയയില്‍ നിശ്ചയിച്ചിരിക്കുന്ന അലിഖിത നിയമം. ഇതിനെ ലംഘിക്കുന്നവരുടെ നേര്‍ക്ക് കൂട്ടമായെത്തി തെറിവിളി നടത്തുക ഇവരുടെ പതിവായിരിക്കുകയാണ്. സ്ത്രീകളുടെ നേര്‍ക്കാകുമ്പോള്‍ ആവേശവും ഫാന്‍സ് വികാരവും ഉച്ഛസ്ഥായിയിലെത്തുകയും ചെയ്യും.

നിരൂപകയും ഗവേഷക വിദ്യാര്‍ത്ഥിയുമായ അപര്‍ണ്ണ പ്രശാന്തിക്ക് നേരെ ബലാല്‍സംഗ ആഹ്വാനവും വധഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത് അല്ലു അര്‍ജ്ജുന്‍ ആരാധകരാണ്. അല്ലു അര്‍ജുന്‍ ചിത്രം ‘എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’ എന്ന സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ച രണ്ട് വരിയാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെയും ഇന്‍ബോക്‌സിലും നിര്‍ലോഭം ആക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയതോടെ അപര്‍ണ്ണ പരാതി നല്‍കിയിട്ടുണ്ട്.

കസിനൊപ്പം ഉള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് കൊണ്ട് ‘അല്ലു അര്‍ജ്ജുന്റെ ഡബ്ബിങ്ങ് പടം കണ്ട് തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തിയേറ്ററില്‍ പോസ്റ്റാകുന്നതിലും വലിയ ദ്രാവിഡുണ്ടോ’ എന്നാണ് അപര്‍ണ്ണ എഴുതിയത്. ഇതിനു താഴെ തെറിവിളിയുമായി വരുന്നത് ഇരുപത് വയസ്സ് പോലുമില്ലാത്ത ആണ്‍കുട്ടികളാണ്. അല്ലു അര്‍ജ്ജുന്‍ ഫാന്‍സ് അസ്സോസിയേഷന്റെ ഔദ്യോഗിക അംഗമുള്‍പ്പെടെയാണ് ഹീനമായ ഭാഷയില്‍ പ്രതികരിക്കാനെത്തുന്നത്. ഈ സംഘടനയുടെ വെബ്‌സൈറ്റില്‍ അവരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പര്‍ നല്‍കിയിരിക്കുന്ന കാര്‍ത്തിക് ശിവ എന്നയാളാണ് അപര്‍ണ്ണയുടെ പോസ്റ്റിനു താഴെ ഏറ്റവും മോശമായ തരത്തില്‍ സംസാരിക്കുന്നത്.

തെറിവിളിയേയും സൈബര്‍ സെല്ലിന് നല്‍കിയ പരാതിയേയും കുറിച്ച് അപര്‍ണ്ണ ഇട്ട പോസ്റ്റിനു താഴെയും ഇത് തുടരുകയാണ്. ഫേക്ക് ഐഡികളാണ് ഇങ്ങനെ വരുന്നതില്‍ ഭൂരിഭാഗവും. ഇവരുടെ സംഘടിത ആക്രമണം പോസ്സ് റിപ്പോര്‍ട്ടിങ്ങിലേക്ക് നീങ്ങിയതോടെ അപര്‍ണ്ണയുടെ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു. ഇന്നലെ രാത്രി വീണ്ടും പോസ്റ്റ് ചെയ്‌തെങ്കിലും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ലംഘിക്കുന്നെന്ന് കാണിച്ച് വീണ്ടും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ മാന്യമായ പദപ്രയോഗങ്ങളോടെ പ്രശ്‌നത്തെ കുറിച്ച് എഴുതിയ പോസ്റ്റ് ഒറ്റരാത്രി കൊണ്ട് നീക്കം ചെയ്യിപ്പിക്കാന്‍ പാകത്തില്‍ വലിയൊരു എണ്ണം ആളുകള്‍ ഇതിന് പുറകിലുണ്ട്. ഇപ്പോള്‍ അപര്‍ണ്ണയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നീക്കം ചെയ്യിക്കാനുള്ള ശ്രമമാണ്. നിരന്തരമായ റിപ്പോര്‍ട്ടിങ്ങിന്റെ ഫലമായി എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് 24 മണിക്കൂര്‍ നേരത്തേക്ക് ഫേസ്ബുക്ക് അപര്‍ണ്ണയെ വിലക്കിയിരിക്കുകയുമാണ്.

സിനിമ റിവ്യൂ എഴുതുമ്പോള്‍ ആരാധകക്കൂട്ടം തെറിവിളി നടത്തുന്നതില്‍ മുന്നനുഭവങ്ങള്‍ ഉണ്ടെങ്കിലും ഒറ്റവരി പോസ്റ്റിന്റെ പേരില്‍ ഇത്തരമൊരു ആക്രമണം ആദ്യമായിട്ടാണെന്ന് അപര്‍ണ്ണ പറയുന്നു. ”ഈ അടുത്ത് ഇറങ്ങിയ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും ദളിത് വിരുദ്ധതയേയും കുറിച്ച് എഴുതിയപ്പോഴും ചീത്ത കേട്ടിരുന്നു. അത് പക്ഷേ കോമഡി അഭിനേതാക്കളുടെ ആരാധകരും നല്ല സിനിമയുടെ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരുമൊക്കെയാണ്.

എഴുതിത്തുടങ്ങിയ കാലത്തൊക്കെ തെറിവിളി കേട്ടിട്ടുണ്ട്. ഷക്കീല ട്രാന്‍സ്‌ജെന്‍ഡെറിനെ ദത്തെടുത്തതിനെ കുറിച്ച് അഴിമുഖത്തില്‍ എഴുതിയ സമയത്ത് ഷക്കീല പടം കണ്ട് നടക്കുന്നവള്‍ എന്ന ആക്ഷേപം ആയിരുന്നു. പിന്നീട് സൂപ്പര്‍ താരങ്ങളുടെ സിനിമയെ കുറിച്ച് റിവ്യൂ എഴുതിയപ്പോളൊക്കെയും പലരും ചീത്തവിളിക്കാറുണ്ട്. പക്ഷേ ഫാന്‍സ് അസ്സോസിയേഷന്‍ ഔദ്യോഗികമായി വന്നും, നൂറ് കണക്കിന് ഫേക്ക് ഐഡികള്‍ കൂട്ടം കൂടി വന്നും തെറിവിളിക്കുന്നത് ഇതാദ്യമായിട്ടാണ്.”

ഇന്‍ബോക്‌സിലും കമന്റിലും വരുന്ന അവഹേളനങ്ങുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം അപര്‍ണ്ണ മലപ്പുറം സൈബര്‍ സെല്ലിലും ഹൈടെക് സെല്ലിലും നല്‍കിയിട്ടുണ്ട്. പല ഐഡികളും ഗള്‍ഫില്‍ നിന്നുള്ള ഐഡികളും ഫേക്ക് പ്രൊഫൈലുകളും ആണെന്ന ധൈര്യത്തിലാണ് പലരും തെറിവിളി നടത്തുന്നത്. ഇത് വരെയുള്ള അനുഭവത്തില്‍ സ്ത്രീ സൗഹാര്‍ദ്ദപരമായി ഇടപെട്ടിട്ടില്ലാത്ത പോലീസ് ഇതിലെങ്കിലും ഉത്തരവാദിത്തത്തോടെ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപര്‍ണ്ണ പറയുന്നു. ‘നിങ്ങളെന്തിനാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എന്ന ചോദ്യമാണ് പലപ്പോഴും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. ബ്‌ളോക്ക് ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേ ഒള്ളൂ എന്നാണ് അവരുടെ ഭാവം. ബലാല്‍സംഗ ഭീഷണി ആയാലും തെറിവിളി ആയാലും ഇതൊക്കെ തന്നെ. എന്തായാലും എഴുതിക്കൊണ്ടിരിക്കുക എന്നതില്‍ നിന്ന് ഞാന്‍ പിന്‍മാറില്ല. കുലകന്യകമാര്‍ അല്ലാത്ത സ്ത്രീകള്‍ വര്‍ധിച്ച് വരുമ്പോഴുള്ള അലോസരത്തില്‍ നിന്നാണല്ലോ നാനാഭാഗത്ത് നിന്നും ഇവര്‍ സംഘം ചേര്‍ന്ന് വരുന്നത്.” അവര്‍ വ്യക്തമാക്കി.

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍