UPDATES

ട്രെന്‍ഡിങ്ങ്

വേദിയില്‍ തീരദേശത്തെ പ്രശ്‌നങ്ങള്‍ ശശി തരൂരിനോട് പറഞ്ഞ വിദ്യാര്‍ഥിനിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം

കനേഡിയന്‍ ഗവണ്മെന്റ്, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയ ഔദ്യോഗിക ഏജന്‍സികള്‍ സ്‌പോണ്‍സര്‍ ചെയ്ത് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിക്ക് നേരെയാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണം നടക്കുന്നത്‌

വേവ്‌സ് ഇന്റര്‍നാഷണല്‍ എന്ന നവമാധ്യമ കൂട്ടായ്മയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ മറുപടി പ്രസംഗത്തിനിടെ തീരദേശത്തെ പ്രശ്‌നങ്ങള്‍ ശശി തരൂര്‍ എംപിയ്ക്ക് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. തിരുവനന്തപുരം പുതിയതുറ സ്വദേശി ജിമ റോസിനെതിരെയാണ് വേവ്‌സ് ഇന്റര്‍നാഷണലിന്റെ പേജില്‍ ജിമയ്‌ക്കെതിരെ കൂട്ട ആക്രമണം നടക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഇവര്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്നത്. അതേസമയം ജിമയുടേത് ആരോഗ്യകരമായ സംവാദമായിരുന്നുവെന്നും തിരുവനന്തപുരം എംപിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പറയുന്നു. ജിമ തന്നെ അപമാനിച്ചതായി തോന്നിയില്ലെന്നും അതില്‍ പറയുന്നു. എന്നിട്ടും ഇന്നും ഇവര്‍ക്കെതിരെ അസഭ്യവര്‍ഷം തുടരുകയാണ്. പുരസ്‌കാരം നല്‍കി ആദരിക്കാന്‍ വന്നവരെ പെണ്‍കുട്ടി അപമാനിച്ചുവെന്നാണ് മുഖ്യ ആരോപണം. പിറ്റേദിവസം മനോരമ പത്രത്തില്‍ അവാര്‍ഡ് ദാനത്തെക്കുറിച്ച് വന്ന വാര്‍ത്തയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചവരുടെ പേരുകളില്‍ നിന്നും തന്നെ ഒഴിവാക്കിയതും ജിമ ചൂണ്ടിക്കാട്ടുന്നു. തന്റെ പെണ്‍മയെ അപമാനിക്കുകയും ഇത്രമാത്രം അവഗണിക്കുകയും ചെയ്ത വേവ്‌സ് ഇന്റര്‍നാഷണലിന്റെ അവാര്‍ഡ് താന്‍ തിരികെ നല്‍കുന്നതായും അവര്‍ വ്യക്തമാക്കി. ജിമ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ജിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

‘The waves international’ എന്ന നവമാധ്യമ കൂട്ടായ്മയുടെ അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് ആ പൊതുവേദിയില്‍ അഭിപ്രായം തുറന്നു പറഞ്ഞ പെണ്‍കുട്ടി എന്ന നിലയിലും ചുറ്റുമുള്ള കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിനി എന്ന നിലയിലും ഈ കഴിഞ്ഞ കുറച്ചു നാളുകളായി എനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിയ്ക്കുന്നത്.

ഞാന്‍ ജിമ റോസ്, ഒരു സാധാരണ വിദ്യാര്‍ത്ഥി. തിരുവനന്തപുരം ജില്ലയിലെ പുതിയതുറ എന്ന കടലോര പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബാംഗം. അച്ഛന്‍ സ്ഥിരമായി കടലില്‍ പോകുന്ന ആളാണ്. അമ്മ വീട്ടിലുണ്ട്. ഇളയ സഹോദരങ്ങള്‍ രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്.

Gender equality, women empowerment എന്നിവയെ ലക്ഷ്യമാക്കി ആഗോള യുവതയെ സംഘടിപ്പിച്ചുകൊണ്ട് കനേഡിയന്‍ ഗവണ്മെന്റ്, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയ ഔദ്യോഗിക ഏജന്‍സികള്‍ സ്‌പോണ്‍സര്‍ ചെയ്ത് സംഘടിപ്പിക്കുന്ന The Women Deliver Young Leaders program ന് ഇന്ത്യയില്‍ നിന്നുള്ള പതിമൂന്ന് പേരിലൊരാളായി ഞാനും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 123 ലോക രാജ്യങ്ങളില്‍ നിന്നുമായി ലഭിച്ച 3000ത്തോളം ആപ്ലിക്കേഷനുകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 300 പേരിലൊരാളാണ് ഞാന്‍. കേരളത്തില്‍ നിന്നും ഞാന്‍ മാത്രമാണ് ഈ പ്രോഗ്രാമിനുള്ളത്. സ്ത്രീകളും കുട്ടികളും ധാരാളം വിഷയങ്ങളനുഭവിക്കുന്ന ഇന്ത്യന്‍ തീരപ്രദേശത്തു നിന്നും മുക്കുവ കുടുംബത്തില്‍പ്പെട്ട എനിക്ക് ഇങ്ങനെ ലോകവേദിയെ അഭിസംബോധന ചെയ്യാനും ഞാനുള്‍പ്പെടുന്ന പെണ്‍സമൂഹത്തിന്റെ വിഷയങ്ങളെ,വിഷമതകളെ ലോകവേദിയില്‍ പങ്കുവയ്ക്കാനും പല വഴികളിലൂടെ അതിന് പരിഹാരം കാണാനും ഇങ്ങനൊരു അവസരം ലഭ്യമായതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്.

സമകാലീന ലോക രാഷ്ട്രീയത്തില്‍, മാറി വരുന്ന ആഗോള ട്രെന്റുകളില്‍ ഒരുപാട് സ്വാധീനം ചെലുത്തിയേക്കാവുന്ന ഇത്തരമൊരു പ്രോഗ്രാമിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഞാന്‍ കണക്കാക്കുന്നത്, സാമൂഹ്യമായും സാംസ്‌കാരികമായും, സാമ്പത്തികമായും, തൊഴില്‍പരമായുമെല്ലാം തീരെ അവശ നിലയിലായിക്കൊണ്ടിരിക്കുന്ന, പൊതു സാമൂഹ്യ ചട്ടക്കൂടുകളില്‍ നിന്നൊക്കെ പുറംതള്ളപ്പെട്ട് അരികുവല്‍ക്കരണത്തിന്റെ തീരാക്കെടുതികള്‍ ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തദ്ധേശീയ സമൂഹത്തെയാണ് എന്റെ പ്രൊഫൈല്‍ പ്രതിനിധീകരിച്ചത് എന്നതാണ്. ഒപ്പം തന്നെ ഓഖി പോലുള്ള മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ അറുത്തുമുറിച്ചിട്ട് കടന്നുപോയ ഞാനുള്‍പ്പെട്ട മാര്‍ജിനലൈസ്ഡ് സമൂഹത്തിന്റെ സ്ത്രീയവസ്ഥകളെക്കുറിച്ച് അവിടെ എനിക്കൊരുപാട് പറയാനുണ്ടായിരുന്നു.

എനിക്ക് ലഭിച്ച ഈ അവസരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, അതിന്റെ അംഗീകാരമായി കഴിഞ്ഞ ലോകവനിതാദിനത്തില്‍ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ മലയാളത്തിലെ മുന്‍നിര പത്രങ്ങളും മറ്റ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും സ്‌പെഷ്യല്‍ ന്യൂസ് കൊടുക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് കലാകൗമുദി അടക്കമുള്ള മാഗസിനുകളും, മറ്റ് വാര്‍ത്താ ചാനലുകളും എന്നെ ഇന്റര്‍വ്യൂ ചെയ്യുകയും ഈ പ്രോഗ്രാമിന് തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി എനിക്ക് വന്നു ചേര്‍ന്ന പ്രധാന ഉത്തരവാദിത്വങ്ങളെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തു. ഇതിനിടയില്‍ കനേഡിയന്‍ പ്രധാന മന്ത്രിയായ ജസ്റ്റിന്‍ ട്ര്യൂഡോയുടെ ഏറ്റവുമവസാനം കഴിഞ്ഞ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഡെല്‍ഹിയില്‍ വച്ച് അദ്ധേഹത്തിനും ടീമിനുമൊപ്പം ഒരു ഔപചാരിക കൂടിക്കാഴ്ചയ്ക്കവസരമുണ്ടാവുകയും പ്രത്യേകം ക്ഷണിക്കപ്പെട്ട് ഞാനവിടെ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ ധാരാളം വേദികള്‍ എനിക്ക് ലഭിക്കുകയും, ഞാന്‍ കമ്മിറ്റഡ് ആയിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള എന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കാന്‍ എനിക്ക് അവസരമുണ്ടാവുകയുമൊക്കെ ചെയ്തിരുന്നു. എന്റെ കമിറ്റ്‌മെന്റിന്റെ ഭാഗമായിത്തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന എന്റെ സമൂഹത്തില്‍ തന്നെയുള്ള ധാരാളം ആളുകളെ കാണാനും ഞാനടങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാനും, അറിവ് നേടി അവതരിപ്പിക്കാനും എനിക്ക് കഴിഞ്ഞിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഈ കുറിപ്പിനാധാരമായ ചില സംഭവങ്ങള്‍ കഴിഞ്ഞദിവസങ്ങളിലുണ്ടാകുന്നത്.

‘The waves international’ എന്ന നവമാധ്യമ കൂട്ടായ്മ ഏറ്റവുമടുത്ത കാലത്ത് തീരപ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന യുവപ്രതിഭകള്‍ക്ക് പുരസ്‌കാരമേര്‍പ്പെടുത്തുകയും തിരുവനന്തപുരം തീരദേശത്തുനിന്ന് സന്തോഷ് ട്രോഫി കളിച്ചവരടക്കമുള്ള യുവപ്രതിഭകള്‍ക്കൊപ്പം ആദരവേറ്റുവാങ്ങാന്‍ എന്നെയും ഔദ്യോഗികമായി വേവ്‌സ് ഇന്റര്‍നാഷണല്‍ പ്രതിനിധി നേരിട്ടു വന്ന് ക്ഷണിക്കുകയും ചെയ്യുകയുണ്ടായി.

മെയ് 2ന്, ഈ പോസ്റ്റിനാധാരമായ സംഭവമുണ്ടായ അന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ചു നടന്ന പുരസ്‌കാരദാന ചടങ്ങില്‍ അതിഥിയായെത്തിയത് ബഹുമാന്യനായ MP ശശി തരൂരായിരുന്നു. ഞാനും സഹോദരനും കൂടെയാണ് അന്നേദിവസം പരിപാടിയില്‍ പങ്കെടുത്തത്. യോഗ നടപടികള്‍ ഒന്നും മുന്‍കൂട്ടി അറിയിക്കാതിരുന്ന ആ ചടങ്ങില്‍ ശശി തരൂരിന്റെ കയ്യില്‍ നിന്ന് ഞങ്ങളെല്ലാവരും പുരസ്‌കാരങ്ങളേറ്റുവാങ്ങിയതിനു ശേഷം എന്നെ അപ്രതീക്ഷിതമായി മറുപടി പ്രസംഗത്തിനു ക്ഷണിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങിയ മുഴുവന്‍ പേരുടെയും പ്രതിനിധിയായിട്ടാണ് എന്നെ മറുപടി പ്രസംഗത്തിന് ക്ഷണിച്ചത്. അതുകൊണ്ടു തന്നെ ബഹുമാനപ്പെട്ട ശശി തരൂര്‍ MP യോട് അനുവാദം ചോദിച്ചുകൊണ്ട് എന്നെയും സദസ്സിലിരിക്കുന്ന എന്നോടൊപ്പം അവാര്‍ഡ് ഏറ്റുവാങ്ങിയ എന്റെ സഹപ്രവര്‍ത്തകരെയും ചൂണ്ടിക്കാണിച്ച് ഇതുപോലെ ഇനിയും അവസരം കിട്ടാത്തവരായി ധാരാളം പേര്‍ തീരഗ്രാമങ്ങളിലുണ്ട്, എന്നാല്‍ അവരെ പുറകോട്ടു വലിക്കുന്ന ധാരാളം സംഗതികളുണ്ട്, തീരത്തോടും തീരജീവിതങ്ങളോടും അധികാരവര്‍ഗ്ഗം കാണിക്കുന്ന നിസ്സംഗത, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കടലിന്റെ സ്വാഭാവികത നശിപ്പിക്കുമ്പോള്‍ അവിടെ ബാധിക്കപ്പെടുന്ന പ്രകൃതിയുമായിണങ്ങി കഴിയുന്ന ഒരുകൂട്ടമാളുകള്‍, ഓഖിയടക്കമുള്ള മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ വന്നെത്തി നോക്കി കടന്നുപോകുമ്പോള്‍ അവിടെ ഹനിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാമാന്യമായ മനുഷ്യാവകാശ ലംഘനങ്ങള്‍,തീരങ്ങളില്‍ തനിച്ചാക്കപ്പെടുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദുരിതാവസ്ഥകള്‍, വോട്ടുചോദിക്കാന്‍ മാത്രം മുറ്റങ്ങളില്‍ വരുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് തുടങ്ങിയ വിഷയങ്ങളാണ് പത്തുമിനിറ്റ് നേരമെടുത്ത് ഞാന്‍ ജനങ്ങളാല്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ മുന്നില്‍ വച്ച് എന്നെ പുരസ്‌കാരത്തിനു ക്ഷണിച്ച ആ പൊതുസദസ്സിനോടു പറഞ്ഞു വച്ചത്. ഞാന്‍ സംസാരിക്കുന്ന വീഡിയോ ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒപ്പം തന്നെ തീരത്തുനിന്നുള്ള പുതിയ തലമുറ തങ്ങളനുഭവിക്കുന്ന ഈ ഓരപ്പെടുത്തലുകളെയും, തങ്ങള്‍ക്കു നേരെയുള്ള പൊതു സമൂഹത്തിന്റെ ചൂഷണ മനോഭാവങ്ങളെയും കാണുന്നും മനസ്സിലാക്കുന്നുമുണ്ട്, ഞങ്ങള്‍ ലംഘിക്കപ്പെടുന്ന ഞങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് തികച്ചും ബോധവാന്മാരാകുന്നുണ്ട് എന്നുകൂടെ പറഞ്ഞാണ് ഞാന്‍ വര്‍ത്തമാനം അവസാനിപ്പിച്ചത്. ഞാന്‍ പറഞ്ഞു നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ഞാന്‍ പറഞ്ഞതിന് സ്വന്തം നിലയില്‍ വിശദീകരണം നല്‍കാനും ‘ഇത്തരത്തിലുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ ഓക്‌സിജനാണ്’ തുടങ്ങിയ പ്രസ്താവാനകള്‍ മറുപടിയില്‍ പറഞ്ഞുകൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കാനും ബഹുമാനപ്പെട്ട ശശി തരൂര്‍ MP ശ്രദ്ധിച്ചുവെന്നത് എന്നെപ്പോലുള്ള വളര്‍ന്നു വരുന്ന യുവശബ്ദങ്ങള്‍ക്കുള്ള അംഗീകാരമായി ഞാന്‍ കരുതുന്നു.

പരിപാടി കഴിഞ്ഞതിന് തൊട്ടുപിന്നാലെ ധാരാളം പേര്‍ വന്ന് അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയുമുണ്ടായി. എന്നാല്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അന്നു രാത്രി മുഴുവന്‍ ദ വേവ്‌സ് ഇന്റര്‍നാഷണല്‍ എന്ന നവമാധ്യമ കൂട്ടായ്മയ്ക്കുള്ളില്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും വളരെ അപമാനിച്ചുകൊണ്ടും നിരവധി ചര്‍ച്ചകള്‍ നടന്നതായി സുഹൃത്തുക്കള്‍ എനിക്കയച്ചു തന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വഴി ഞാനറിഞ്ഞു. വിളിച്ചു വരുത്തി ആദരിച്ചവര്‍ തന്നെ കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങളിലൂടെ എന്റെ വ്യക്തിത്വത്തെയും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീ സമൂഹത്തെ മുഴുവനായും അപമാനിക്കുന്നത് കാണേണ്ട ഗതികേട് എനിക്കുണ്ടായി. ഇത്രയും സംഘടിതമായി എനിക്കുനേരെ വാക് അക്രമണമഴിച്ചുവിടുന്നതിന് ന്യായീകരണമായി അവര്‍ പറഞ്ഞത്, ശശി തരൂരിനെപ്പോലുള്ളൊരു വിശിഷ്ടാതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ്. ഞാന്‍ വേദിയറിഞ്ഞ് സംസാരിച്ചില്ലെന്നതാണ്. ഇതുപോലുള്ള വേദികളല്ലാതെ ഒരു മത്സ്യത്തൊഴിലാളി അംഗമെന്ന നിലയില്‍, തീരെ അവശതയനുഭവിക്കുന്ന ഒരു ജനതയുടെ പെണ്‍ പ്രതിനിധിയെന്ന നിലയില്‍ മറ്റെന്തു വേദികളാണ് സാര്‍ ഞങ്ങളുടെ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് ലഭ്യമായുള്ളത്? ശശി തരൂര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയല്ലേ, തദ്ധേശിയ ജനതയായ മത്സ്യത്തൊഴിലാളികളുടെ വോട്ടു വിഹിതംകൊണ്ടു കൂടെയാണല്ലോ അദ്ധേഹം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. അപ്പോള്‍ ആ ജനങ്ങളുടെ പ്രശ്‌നങ്ങളല്ലാതെ മറ്റാരുടെ പ്രശ്‌നങ്ങളെയാണ് സാര്‍ അദ്ധേഹം കേള്‍ക്കേണ്ടത്?

ഈ പറയുന്ന സര്‍ക്കാര്‍ സംവിധാനങ്ങളടക്കം സാധാരണക്കാരനെ കേള്‍ക്കാന്‍ എന്തു പൊതുവേദികളാണ് സാര്‍ അവനുവേണ്ടി ഒരുക്കിയിട്ടുള്ളത്? ഇനിയും മിണ്ടാന്‍ കഴിയാതെ ചുമരുകള്‍ക്കുള്ളില്‍ വിമ്മിക്കഴിയുന്ന പെണ്ണുങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍ വാ തുറന്ന് മിണ്ടിയതാണോ തെറ്റ്? ഇന്ത്യന്‍ ഭരണഘടനയുടെ article 19 (1) (A) അനുശാസിക്കുന്നതുപോലെ അഭിപ്രായ പ്രകടനത്തിനുള്ള വ്യക്തി സ്വാതന്ത്ര്യം പോലും ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എനിക്ക് ലഭ്യമല്ലേ? അതോ, മാറ്റി നിര്‍ത്തപ്പെട്ട ഒരു തദ്ധേശിയ ജനവിഭാഗത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ഞങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളെ പൊതുവേദിയില്‍ പറഞ്ഞതുകൊണ്ടു മാത്രം ഞാന്‍ മിണ്ടാതിരിക്കണമെന്നാണോ? അവിടെ ഞാന്‍ അവതരിപ്പിച്ചത് എന്റെ പഠനവുമായി ബന്ധപ്പെട്ട് ഞാന്‍ മനസ്സിലാക്കിയ പൊതുവായ ചില കാര്യങ്ങളാണ്. അല്ലാതെ ഒരു രാഷ്ട്രീയ വാഗ്വാദത്തിന് വഴിമരുന്നിടുന്ന തരത്തിലുള്ള ബാലിശമായ ചില അഭിപ്രായ പ്രകടനങ്ങളല്ല. ബഹുമാനപ്പെട്ട MP ക്ക് അത് മനസ്സിലായ കാര്യവുമാണ്.

ഈ സംഭവങ്ങള്‍ അന്നു രാത്രി തന്നെ എന്റെ സുഹൃത്തുക്കള്‍ എം.പിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പെടുത്തുകയും പിറ്റേദിവസം രാവിലെ തന്നെ നവമാധ്യമങ്ങളിലൂടെ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് എനിക്കുനേരെ ഉണ്ടായ സംഘടിതമായ അക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും ഞാന്‍ പൊതുവേദിയില്‍ സംസാരിച്ചതിനെ വളരെയധികം സപ്പോര്‍ട്ട് ചെയ്തുകൊണ്ടും, എനിക്കുനേരെ വളരെ തീവ്രമായി തന്നെ സോഷ്യല്‍മീഡിയാ അറ്റാക്കിംഗ് നടത്തുന്നവര്‍ ദയവുചെയ്ത് അതില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെ ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിലൂടെ ഇംഗ്ലിഷിലും മലയാളത്തിലും പബ്ലിക് പോസ്റ്റ് ഇടുകയുണ്ടായി. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ വളരെ തീവ്രമായി തന്നെ ആക്രമണം തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ‘ചെറ്റ’യെന്നും, നന്ദിയില്ലാത്ത വര്‍ഗ്ഗമെന്നും, മന്ദബുദ്ധിയെന്നും, അറിവില്ലാത്ത കുട്ടിയെന്നുമൊക്കെയുള്ള പരാമര്‍ശങ്ങളില്‍ തുടങ്ങി എന്നെ പബ്ലിക് പ്രോഗ്രാമുകളില്‍ നിന്നും വിലക്കണമെന്നുവരെയുള്ള വളരെ നീചമായ പ്രസ്താവനകളിലൂടെ അക്രമണം തുടര്‍ന്നുപോരുകയായിരുന്നു ചെയ്തത്. വിദ്യാര്‍ത്ഥിയായ എനിക്കെതിരെ, എന്തോ ഗൂഢലക്ഷ്യം വച്ചു പുലര്‍ത്തുന്ന എന്തിന്റെയോ ഏജന്റ് എന്നുവരെ വ്യാജപ്രചരണങ്ങള്‍ നടത്താന്‍ തീരപ്രദേശത്തിനുവേണ്ടി ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കുന്നു എന്നവകാശപ്പെടുന്ന ഇവര്‍ ശ്രമിക്കുകയുണ്ടായി. ഇതിന്റെയെല്ലാം സ്‌ക്രീന്‍ഷോട്ടുകളും ഞാന്‍ ഈ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു. എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ കൂട്ടുകാര്‍ക്കുനേരെ പോലും ലോകത്തിന്റെ പലഭാഗങ്ങളിലുമിരുന്ന് ഇവര്‍ ഭീഷണി സന്ദേശങ്ങള്‍ അയക്കുകയുണ്ടായി.

ഇതിനിടയില്‍ എന്നെ പ്രോഗ്രാമിലേക്കായി നേരിട്ടു കണ്ട് ക്ഷണിച്ച ഗ്രൂപ്പ് അഡ്മിന്‍സിലൊരാള്‍ എന്നെ ഫോണില്‍ ബന്ധപ്പെടുകയും ആ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നതും കമന്റ് ചെയ്യപ്പെടുന്നതും അവരുടെ ഔദ്യോഗിക നിലപാടല്ലെന്ന് പറയുകയുണ്ടായി. എന്നാല്‍ എനിക്കുനേരെ ഇത്രയും സംഘടിതമായ അക്രമണങ്ങള്‍ വളരെ ശക്തമായി തന്നെ ഉണ്ടായിട്ടും, നാട്ടിലുള്ള അന്നേദിവസം പരിപാടിയില്‍ പങ്കെടുക്കാത്തവരിലും, പ്രവാസികളായ ധാരാളം നാട്ടുകാരിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ചര്‍ച്ചകള്‍ വഴിമാറിയിട്ടും അതിനെ ഒന്നു തിരുത്താനോ പൊതുവായി ഖേദം പ്രകടിപ്പിക്കാനോപോലും ഈ ഗ്രൂപ്പിലെ ഉത്തരവാദിത്വപ്പെട്ട ആരും തയ്യാറായില്ല എന്നതായിരുന്നു വസ്തുത.
അടുത്ത ദിവസം മലയാളമനോരമ ദിനപത്രത്തില്‍ പ്രോഗ്രാമിന്റെ വാര്‍ത്ത വരികയുണ്ടായി. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ എന്നോടൊപ്പം അവാര്‍ഡ് ഏറ്റുവാങ്ങിയ മുഴുവന്‍ ആളുകളുടെയും പേരുള്‍പ്പെടെ പ്രോഗ്രാമിനെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും വാര്‍ത്തയില്‍ പ്രതിപാദിച്ചിരുന്നുവെങ്കിലും എന്റെ പേര് അവിടെ ഒഴിവാക്കിയിരിക്കുന്നതായാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.അതായത് ദ വേവ്‌സ് ഇന്റര്‍നാഷണല്‍ ഇങ്ങനൊരു പരിപാടി പ്രസ്സ് ക്ലബില്‍ വച്ച് സംഘടിപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ പങ്കെടുത്തിരുന്നില്ല.! ശശി തരൂര്‍ എനിക്ക് അവാര്‍ഡ് തന്നിരുന്നില്ല! ഞാന്‍ മറുപടി പ്രസംഗം നടത്തിയിരുന്നില്ല പിന്നെന്തിനായിരുന്നു ഞനെന്ന ഇരുപത്തിയൊന്നു വയസ്സുകാരി പെണ്‍കുട്ടിയെ ടാര്‍ജറ്റ് ചെയ്ത്, എന്നെ വേണ്ടുവോളം അപമാനിച്ചുകൊണ്ട്, എന്റെ പെണ്മയ്ക്കുനേരെ അശ്ലീലമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇങ്ങനൊരു സോഷ്യല്‍മീഡിയാ അറ്റാക്കിംഗ് നടന്നത്??
ഞാന്‍ ഇത്രയും കാത്തിട്ടും എനിക്കിനിയും ഇതിന്റെയൊന്നും വിശദീകരണം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ നിലപാട് വ്യക്തമാക്കുന്നു.

എനിക്ക് ദ വേവ്‌സ് ഇന്റര്‍നാഷണല്‍ എന്ന നവമാധ്യമ കൂട്ടായ്മ ബഹുമാനപ്പെട്ട എം.പി ശശി തരൂരിനെക്കൊണ്ട് തന്ന കോസ്റ്റല്‍ എക്‌സലന്‍സ് അവാര്‍ഡ് ഞാന്‍ അവര്‍ക്കു തന്നെ തിരിച്ചു കൊടുക്കുന്നു.

മറ്റുള്ളവരോടൊപ്പം തന്നെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീയ്ക്കും, ഒരു പെണ്‍കുട്ടിയ്ക്കും, കാര്യങ്ങള്‍ വ്യക്തമായി പഠിക്കാനാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കും ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല. ഞാന്‍ ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ എല്ലാ കാലത്തേക്കും എനിക്ക് മിണ്ടാതിരിക്കേണ്ടിവരും, എന്റെ പിന്നാലെ വരുന്നവരെയും ഈ അപകടകരമായ മൗനം ബാധിച്ചേക്കും എന്ന തിരിച്ചറിവില്‍ നിന്നാണ് ഞാനിത് എഴുതി വയ്ക്കുന്നത്. എന്റെ കരിയറിന്റെ ഭാഗമായി The Women Deliver Young Leaders പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റിംഗ് ടീമിന് മാസാമാസം തയ്യാറാക്കി അയക്കേണ്ട റിപ്പോര്‍ട്ടിന്റെ ഭാഗമായി ചേര്‍ത്തുകൊണ്ട് എനിക്ക് നേരിട്ട് ഈ വലിയ വെല്ലുവിളിയെ ഇന്ത്യന്‍ സ്ത്രീത്വം നേരിടുന്ന ഒരു വെല്ലുവിളിയായി തന്നെ അഭിസംബോധന ചെയ്ത് ആഗോള തലത്തിലുള്ള ഒരു മാസ്സ് ക്യാമ്പെയിനിന്റെ സാധുതകളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. എനിക്ക് ഇനിയും ലഭ്യമാകുന്ന മുഴുവന്‍ പൊതുവേദികളിലും ഞാന്‍ ഇതിനെയൊരു വിഷയമായി ഉയര്‍ത്തിക്കാണിക്കുക തന്നെ ചെയ്യും. പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പോകുന്നതു മാത്രമല്ല ഒരു ജനപ്രതിനിധിയുടെ പണിയെന്ന് എന്റെ പിന്നാലെ വരുന്ന ഇളം തലമുറയോട് എനിക്ക് പറഞ്ഞുകൊടുക്കേണ്ടതായിട്ടുണ്ട്. ഇനിയും സാധാരണക്കാരന്‍ ചോദ്യം ചോദിക്കുകയും അധികാരികള്‍ ഉത്തരം പറയുകയും ചെയ്യും എങ്കില്‍ മാത്രമേ ജനാധിപത്യം പുലരുകയുള്ളൂ എന്നും ഞാന്‍ കരുതുന്നു. ഇതെന്റെ പ്രതിഷേധമാണ് പൊതുവേദിയില്‍, ഞങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ മുന്നില്‍ ഞാനെന്ന പെണ്ണ് വായ തുറക്കരുതെന്നുള്ള ബാലിശമായ കല്പനകള്‍ക്കെതിരെയുള്ള എന്റെ പ്രതിഷേധം.

അതുകൊണ്ട്, ദ വേവ്‌സ് ഇന്റര്‍നാഷണലിന്റെ ബന്ധപ്പെട്ട പ്രതിനിധികള്‍ ദയവു ചെയ്ത് നിങ്ങള്‍ എനിക്കു തന്ന ഈ അപമാനമുള്ള അവാര്‍ഡ് തിരികെ കൈപറ്റണമെന്ന ഒരു അഭ്യര്‍ത്ഥനകൂടെ ഈ എഴുത്തിന്റെ അവസാനത്തില്‍ ഞാന്‍ പറഞ്ഞു വയ്ക്കുന്നു. അല്ലെങ്കില്‍ മറ്റൊരു പൊതുവേദിയില്‍ വച്ച് നിര്‍ബന്ധപൂര്‍വ്വം തന്നെ എനിക്ക് ഈ അവാര്‍ഡ് നിങ്ങളെ തിരിച്ചേല്‍പ്പിക്കേണ്ടതായി വരും എന്നുകൂടെ സൂചിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.
ഒപ്പം കടുത്ത വിഷാദത്തിനടിപ്പെട്ടു പോകുമായിരുന്ന എന്റെ കൂടെ നിന്ന് എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്ത ധാരാളം നല്ല മനുഷ്യരുണ്ട്, കൂട്ടുകാരുണ്ട്, നാട്ടുകാരുണ്ട്, സഹപ്രവര്‍ത്തകരുണ്ട്. എല്ലാവര്‍ക്കും എന്റെ സ്‌നേഹം അറിയിക്കുന്നു. എന്തു പ്രതിസന്ധിയുണ്ടായാലും കൂടെ നില്‍ക്കുമെന്നു പറഞ്ഞ് എനിക്ക് ധൈര്യം തന്ന എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും സ്‌നേഹത്തിനും കരുതലിനും മുന്നില്‍ കടപ്പാട് വച്ചുകൊണ്ട് ഞാന്‍ ഈ കുറിപ്പ് എഴുതിയവസാനിപ്പിക്കുന്നു.
നന്ദി..

ജിമ റോസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍