UPDATES

ട്രെന്‍ഡിങ്ങ്

‘ഫ്രാങ്കോയുടെ പേരിൽ സ്ഥാപിക്കപ്പെട്ട സഭയാണിത്’: കെസിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റർ ആക്ഷൻ കൗൺസിൽ

എന്നാല്‍ ഇന്ന് പുറത്തുവന്ന കെസിബിസി യുടെ പത്രകുറിപ്പില്‍ ഒരു കാര്യം മനസ്സിലായി ബിഷപ്പ് ഫ്രാങ്കോയുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് സഭയെന്ന്.

കുരിശിലേറ്റപ്പെട്ട പാവം കുഞ്ഞാട് മാത്രമല്ല ക്രിസ്തുവെന്നും, ദേവാലയ ശുദ്ധീകരണത്തിന് ചാട്ട കയ്യിലെടുത്തവൻ കൂടിയാണെന്നുമുള്ള ഓർമപ്പെടുത്തലുമായി സിസ്റ്റർ ആക്ഷൻ കൗൺസിൽ. കെ സി ബി സി യെ ലക്‌ഷ്യം വെച്ച് കൊണ്ടാണ് അവരുടെ ഫെയ്സ്ബൂക് കുറിപ്പ് പുറത്തു വന്നിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിൽ കെ സി ബി സി യുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടെഴുതിയ കത്തിൽ കാലം മാറിയത് എല്ലാവരും തിരിച്ചറിയണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്.

ഫ്രാങ്കോയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കെ സി ബി സിയുടെ നിലപാട് പുറത്തു വന്നതോട് കൂടി ഇത് ബിഷപ്പ് ഫ്രാങ്കോയുടെ പേരിൽ സ്ഥാപിക്കപ്പെട്ട സഭയാണെന്നു മനസ്സിലായതായും അവർ കുറ്റപ്പെടുത്തി.

ക​ന്യാ​സ്​​ത്രീ​യു​ടെ പ​രാ​തി​യി​ൽ ബി​ഷ​പ്പി​നെ​തി​രെ കേ​​സെ​ടു​ത്ത​ത്​ വേദനാജനകമാണെന്നും .വ​ഴി​വ​ക്കി​ൽ സ​മ​രം ചെ​യ്ത് സ​ഭ​യെ അ​വ​ഹേ​ളി​ച്ച ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും വൈ​ദി​ക​രു​ടെ​യും നടപടി തെറ്റാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ കെ സി ബി സി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണം ആണ് സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ഫെയ്സ്ബൂക് കുറിപ്പിലൂടെ നടത്തിയിരിക്കുന്നത്.

സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ (എസ് ഓ എസ് ) ഫെയ്സ്ബൂക് കുറിപ്പിന്റെ പൂർണ രൂപം

ബഹുമാനപ്പെട്ട കെസിബിസിയ്ക്ക്

ഒരുപാട് വേദനയോടെയാണ് ഇത് എഴുതുന്നത്.വൈദികരും സന്യസ്തരും ഞങ്ങളെ പോലുള്ള അല്മായരും അടങ്ങിയവരാണ് സഭ എന്നാണ് ഇന്നലെ വരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുറത്തുവന്ന കെസിബിസി യുടെ പത്രകുറിപ്പില്‍ ഒരു കാര്യം മനസ്സിലായി ബിഷപ്പ് ഫ്രാങ്കോയുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് സഭയെന്ന്. കരയണോ ചിരിക്കണോ എന്ന് മനസ്സിലാവുന്നില്ല..ഇന്നലെ ഞങ്ങളുടെ പള്ളിയില്‍, കുര്‍ബാനയ്ക്ക് പള്ളി നിറയെ ആളുണ്ടായിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ പേരില്‍ ഒരാളു പോലും പള്ളിയില്‍ വരാതിരുന്നില്ല.. കഷ്ടം കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ പാലിച്ച മൗനം കെസിബിസി തുടര്‍ന്നും പാലിക്കുന്നതായിരുന്നു നല്ലത്.!

സി.ലൂസിയ്ക്കെതിരെ നടപടി…! ഇതാണോ ക്രൈസ്തവ പാരമ്പര്യം…!? പ്രിയ പിതാക്കന്മാരേ, കാലം മാറി..നെല്ലും പതിരും തിരിച്ചറിയുന്നവരും പ്രതികരണ ശേഷി കൂടിയവരുമായ ഒരു തലമുറയോടാണ് നിങ്ങള്‍ ഇങ്ങനെ ഒക്കെ പറയുന്നത് എന്നു തിരിച്ചറിയുക… കാരണം നിങ്ങളുടെ ഓരോ വാക്കും അവരെ കൂടുതല്‍ പ്രകോപിതരാക്കുകയേയുള്ളൂ… ഒരു സംശയം പിന്നേയും ബാക്കി ബിഷപ്പ് ഫ്രാങ്കോ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് സഭാചട്ട ലംഘനമല്ലേ…. !!? അതല്ല പീഢിപ്പിക്കപ്പെട്ട ആ കന്യാസ്ത്രീയുടെ കണ്ണീരിന് നിങ്ങള്‍ പിതാക്കന്മാരുടെ കണ്ണില്‍ ഒരു വിലയുമില്ലേ…..!!? തെറ്റുകള്‍ ആര്‍ക്കു പറ്റിയിട്ടുണ്ടെങ്കിലും അതു തിരുത്താനുള്ള ആര്‍ജ്ജവത്വവും പക്വതയും കാണിക്കാനുള്ള ഹൃദയവിശാലത ഉണ്ടാവണം സഭയ്ക്ക്.

രണ്ടായിരം വര്‍ഷം മുമ്പ് തെരുവിലൂടെ വലിച്ചിഴച്ച് ഉടുതുണിപോലുമില്ലാതെ കുരിശിലേറ്റപ്പെട്ടവന്റെ സഭയാ ഇത് . അത് ഒരു ബിഷപ്പ് ഫ്രാങ്കോയുടെ പേരിലോ തെരുവില്‍ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയതിന്റെ പേരിലോ തകര്‍ക്കപ്പെടുമെന്ന നിങ്ങളുടെ ധാരണയാണ് തെറ്റ്. പിന്നെ ഞങ്ങള്‍ വിശ്വാസികളല്ല തെരുവില്‍ സഭയെ ചവിട്ടിയരയ്ക്കാന്‍ ഇട്ടു കൊടുക്കുന്നത്.. മറ്റുള്ള മതപുരോഹിതരെ സമൂഹം നോക്കിക്കാണുന്നതിലേറെ ആദരവോടും പരിശുദ്ധിയോടും കൂടിയാണ് ക്രൈസ്തവ പുരോഹിതരെ പൊതുസമുഹം നോക്കികാണുന്നത്… അത് കൊണ്ടാണ് നിങ്ങളുടെ പിഴവുകള്‍ പൊതു സമൂഹം ഇത്രയ്ക്ക് കൊട്ടിഘോഷിക്കുന്നത്…. അത് തിരിച്ചറിയണം.. ഇന്നുവരെ വിശ്വാസി ചെയ്ത തെറ്റിന്റെ പേരില്‍ സഭയ്ക്കു നേരെ ആരും കല്ലെറിയാന്‍ വന്നിട്ടില്ല…. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു ക്രിസ്ത്യാനി എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കുരിശിലേറ്റപ്പെട്ട പാവം കുഞ്ഞാടു മാത്രമല്ല എന്റെ ക്രിസ്തു. അവന്‍ ദേവാലയ ശുദ്ധീകരണത്തിന് ചാട്ട കൈയ്യിലെടുത്തവനു കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍