UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിന് ജയിലില്‍ വിഐപി പരിഗണന: ജയില്‍ അധികൃതരുടെ വക സഹായിയും

സാധാരണഗതിയില്‍ പരാശ്രയമില്ലാതെ ജീവിക്കാനാകാത്ത തടവുകാര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായിയെ അനുവദിക്കാറ്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ആലുവ സബ്ജയിലില്‍ ലഭിക്കുന്നത് വിഐപി പരിഗണന. ദിലീപ് ഉള്‍പ്പെടെ നാല് പേരുള്ള സെല്ലില്‍ ദിലീപിന് ജയില്‍ അധികൃതര്‍ ഒരു സഹായിയെയും വിട്ടുകൊടുത്തിട്ടുണ്ട്. കൂടാതെ മറ്റ് തടവുകാര്‍ ഭക്ഷണം കഴിച്ച് സെല്ലില്‍ കയറിയ ശേഷം ജയില്‍ ജീവനക്കാര്‍ തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദമുണ്ട്.

സാധാരണഗതിയില്‍ പരാശ്രയമില്ലാതെ ജീവിക്കാനാകാത്ത തടവുകാര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായിയെ അനുവദിക്കാറ്. ഈ ചട്ടം മറികടന്നാണ് ദിലീപിന് സഹായിയെ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ ഒരു മോഷണക്കേസ് പ്രതിയെ ആണ് ദിലീപിന്റെ സഹായിയായി നിയോഗിച്ചിരിക്കുന്നത്. തുണി അലക്കല്‍, പാത്രം കഴുകല്‍, കക്കൂസ് വൃത്തിയാക്കല്‍ തുടങ്ങിയവയാണ് സഹായിയുടെ ജോലികള്‍. ഓരോ സെല്ലിലും പുറത്തുള്ള വരാന്തയില്‍ ഭക്ഷണം എത്തിച്ച്, തടവുകാരെ വരിവരിയായി നിര്‍ത്തി ഭക്ഷണം വിളമ്പുന്നതാണ് രീതി. എന്നാല്‍ രണ്ട് ദിവസമായി ദിലീപിന് അടുക്കളയിലാണ് ഭക്ഷണം. മറ്റ് തടവുകാര്‍ ഭക്ഷണം കഴിച്ച് സെല്ലില്‍ കയറിയ ശേഷമാണ് ദിലീപിനെ അടുക്കളയിലെത്തിക്കുന്നത്. ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ജയില്‍ മെനുവില്‍പ്പെടാത്ത പ്രത്യേക വിഭവങ്ങളാണ് ഇവിടെ ഇയാള്‍ക്കും ലഭിക്കുന്നത്. മറ്റ് തടവുകാര്‍ക്കൊപ്പം പുറത്തിറങ്ങി കുളിക്കേണ്ട അവസ്ഥയും ദിലീപിനില്ല. എല്ലാവരും കുളിച്ച് പോയതിന് ശേഷം ദിലീപിന് ഒറ്റയ്ക്ക് കുളിക്കാനുള്ള സൗകര്യവും ജയില്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്നായിരുന്നു ദിലീപിന്റെ പ്രതീക്ഷ. ഇയാള്‍ ഇക്കാര്യം ജയില്‍ ജീവനക്കാരുമായി പങ്കുവയ്ക്കുകയും ചെയ്തു. ജാമ്യം തള്ളിയതോടെയാണ് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. സുരക്ഷയുടെ പേര് പറഞ്ഞാണ് പ്രത്യേക പരിഗണന നല്‍കുന്നതെങ്കിലും ഇതിന് പിന്നില്‍ വഴിവിട്ട ഇടപാടുകള്‍ വല്ലതും നടന്നിട്ടുണ്ടോയെന്ന് ജയില്‍ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ ഇരട്ടക്കൊലക്കേസ് പ്രതി അവധിദിവസം ജയിലിലെ ഉന്നത ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ പ്രസ്തുത ഉദ്യോഗസ്ഥന്‍ രക്തസമ്മര്‍ദ്ദമുയര്‍ന്ന് ആശുപത്രിയിലാകുകയും ചെയ്തു. ഇക്കാരണത്താല്‍ ഈ വിഷയത്തില്‍ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് പുതിയ വിവാദം പുറത്തുവരുന്നത്. ദിലീപിനെ കാണാന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ അനുവദിക്കാവൂവെന്ന ജയില്‍ മേധാവിയുടെ നിര്‍ദ്ദേശം മറികടന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ അനുവദിച്ചിരുന്നു. മനോരമ ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍