UPDATES

ട്രെന്‍ഡിങ്ങ്

രാവിലെ മുതല്‍ രാത്രിവരെ എസി മുറിയില്‍; ദിലീപിനെതിരേ ഡിജിപിക്ക് പരാതി

ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ സൂപ്രണ്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി ചൂണ്ടിക്കാടി ഡിജിപിക്ക് പരാതി. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ ദിലീപ് ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയില്‍ ആണ് കഴിയുന്നതെന്നു കാണിച്ചാണ് ആലുവ സ്വദേശിയായ ടി ജി ഗിരീഷ് പരാതി നല്‍കിയിരിക്കുന്നത്.

ദിലീപിനെ സന്ദര്‍ശച്ച താരങ്ങളുടെയും സിനിമാപ്രവര്‍ത്തകരുടെയും നടപടിയെക്കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നു ജയിലിനു പുറത്ത് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. സന്ദര്‍ശകരില്‍ പലരും കേസുമായി നേരിട്ട് ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരുമാണെന്നും പരാതിയില്‍ പറയുന്നു.

മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത പരിഗണനകള്‍ പീഢനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിക്കുന്നുവെന്ന് അന്വേഷിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

എന്നാല്‍ പരാതിയിലെ ആരോപണങ്ങള്‍ ജയില്‍ സൂപ്രണ്ട് നിഷേധിക്കുന്നുണ്ട്. സന്ദര്‍ശകരെ അനുവദിച്ചതില്‍ തെറ്റില്ലെന്നാണ് സൂപ്രണ്ട് പി പി ബാബുരാജ് പ്രതികരിച്ചത്. തടവുകാരെ കാണാന്‍ ഒരു ദിവസം രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ അനുവദിക്കാറില്ലെങ്കിലും ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയതെന്നും സൂപ്രണ്ട് പറഞ്ഞു. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ജയില്‍ ചട്ടങ്ങളില്‍ പറയുന്നില്ലെന്നും തിരക്ക് ഒഴിവാക്കാനാണ് അങ്ങനെയൊരു ബോര്‍ഡ് വച്ചതെന്നും അതു കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞതായി മനോരമ ഓണ്‍ലൈനിലെ വാര്‍ത്തയില്‍ പറയുന്നുണ്ട്.

കെ ബി ഗണേഷ് കുമാര്‍, ജയറാം, ബെന്നി പി നായരമ്പലം, ആല്‍വിന്‍ ആന്റണി, ആന്റണി പെരുമ്പാവൂര്‍, നാദിര്‍ഷ, രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍