UPDATES

ട്രെന്‍ഡിങ്ങ്

കെ.പി ശശികല; കള്ളം പറഞ്ഞും മറച്ചുവച്ചും തീവ്രഹിന്ദുത്വത്തെ പോഷിപ്പിക്കുന്ന ‘ടീച്ചര്‍’

വരും ദിവസങ്ങളിലും ശശികലയില്‍ നിന്നും കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകളും പ്രവര്‍ത്തികളും ഉണ്ടാകുമെന്ന് തന്നെയാണ് കേരളം കരുതിയിരിക്കുന്നതും.

ഹൈന്ദവ തീവ്രത പടര്‍ത്തുന്ന പ്രംസംഗങ്ങളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം നേടിയ നേതാവാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. ‘ഹിന്ദു ഉണരണം’ എന്നതടക്കമുള്ള വര്‍ഗീയത കലര്‍ന്ന ആഹ്വാനങ്ങളാണ് ശശികലയുടെ ഓരോ പ്രസംഗങ്ങളും. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേയും ഇസ്ലാം-ക്രിസത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരേയും പ്രകോപനപരമായി നടത്തുന്ന ആരോപണങ്ങള്‍ ശശികലയ്ക്ക് ചെറുതല്ലാത്തൊരു ആരാധകവൃന്ദത്തേയും ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും നേടിക്കൊടുത്തിട്ടുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശബരിമല കര്‍മസമിതി നേതാവ് എന്ന നിലയിലും ശശികല നേതൃത്വം നല്‍കുന്നുണ്ട്. ശബരിമല വിഷയത്തിലും അതിതീവ്രമായ ആഹ്വാനങ്ങളും പ്രസ്താവനകളുമാണ് ശശികല നടത്തുന്നത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറിയാന്‍ ശ്രമിച്ചാല്‍ അയപ്പഭക്തര്‍ ജീവന്‍ വെടിഞ്ഞും തടയണമെന്നതടക്കം പ്രതിഷേധക്കാരെ പ്രകോപനം കൊള്ളിക്കാന്‍ ശശികല ശ്രമിക്കുന്നുണ്ട്. വിമര്‍ശനങ്ങളും നിയമനടപടികളും ഒരുപോലെ നേരിടുന്നുണ്ടെങ്കിലും ഇപ്പോള്‍ ശബരിമല വിഷയത്തില്‍ അടക്കം ശശികല തന്റെ പ്രഖ്യാപിത നിലപാടുകളുമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിനവര്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്, ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍.

കരുതല്‍ തടങ്കലിന്റെ ഭാഗമായായിരുന്നു ശശികലയുടെ അറസ്റ്റ്. വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. പൊലീസ് നടത്തിയ അഭ്യര്‍ത്ഥനകള്‍ അവഗണിച്ചതോടെ അറസ്റ്റ് ചെയ്യേണ്ടി വന്നു. ശശികല അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെയാണ് അപ്രതീക്ഷിത ഹര്‍ത്താല്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടത്. ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ പൊടുന്നനെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു.

ഈ അറസ്റ്റും ഹര്‍ത്താലും വീണ്ടും ശശികലയെ വാര്‍ത്തയാക്കി മാറ്റിയിരിക്കുകയാണ്. 2015ല്‍ ഹിന്ദു ഐക്യവേദിയുടെ നേതൃസ്ഥാനത്തെത്തിയതോടെയാണ് വല്ലപ്പുഴ സ്‌കൂളില്‍ അധ്യാപികയായിരുന്ന പി കെ ശശികല തന്റെ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയാകുന്നത്. ആ പ്രസംഗങ്ങള്‍ എല്ലാം തന്നെ വര്‍ഗീയത ആളിക്കത്തിക്കുന്നതാണെന്ന വിമര്‍ശനം ശശികലയ്ക്ക് തീവ്രഹിന്ദുത്വ നേതാവിന്റെ പരിവേഷവും നല്‍കി. ബാബ്‌റി മസ്ജിദിനെ പറ്റിയുള്ള വിവാദപ്രസംഗമൊക്കെ ശശികലയ്ക്കു മേല്‍വീണ പരിവേഷത്തിന് കനം കൂട്ടുന്നുതായിരുന്നു. മതവിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ നിയമനടപടികളും അവര്‍ക്കു മേല്‍ വന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കു പിന്നാലെ ഉണ്ടായ സാഹചര്യങ്ങളിലും വിദ്വേഷപരമായ പ്രസ്താവനകളായിരുന്നു ശശികല തുടര്‍ച്ചയായി നടത്തിവന്നത്. കേരളത്തിലെ ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ നിന്നുകൊടുക്കരുതെന്നാണ് ശശികല പറഞ്ഞിരുന്നത്. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമല ക്ഷേത്രം, ഹിന്ദു സമൂഹം ആവശ്യപ്പെടാതെയും സമൂഹത്തില്‍ സമവായം ഉണ്ടാക്കാതെയും ശബരിമല കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ കൂടിയെത്തുന്നതോടെ ലഭിക്കുന്ന അധിക വരുമാനം ലക്ഷ്യം വെച്ചുകൊണ്ടാണെന്നും ശശികല പറഞ്ഞിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചരണം ആദ്യമായി ഉന്നയിക്കുന്നതെന്നും ശശികലയാണ്. കാണിക്കയായി ലഭിക്കുന്ന പണം സര്‍ക്കാര്‍ വകമാറ്റുകയാണെന്നും ഇതരമതസ്ഥരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെന്നും ശശികല ഹിന്ദുസമുദായത്തോടായി ആഹ്വാനം ചെയ്തു. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള ശശികലയുടെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതും അവാസ്തവുമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും വ്യാജപ്രചരണങ്ങള്‍ക്ക് പ്രചാരം ലഭിച്ചു എന്നത് സാധാരണ ജനങ്ങളിലൂടെ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതിലൂടെ വ്യക്തമായി.

ഡി.വൈ.എഫ്.ഐ സമ്മേളനത്തിനോടനുബന്ധിച്ച് കേരളം ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യത്തോടെ പതിപ്പിച്ച പോസ്റ്ററില്‍ നവോത്ഥാന നായകരുടെ ചിത്രത്തെ വര്‍ഗീയമായി ദുരുപയോഗം ചെയ്തായിരുന്നു ശശികല ധര്‍മ്മജാഗരണ സമ്മേളനത്തില്‍ പ്രസംഗിച്ചത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, പൊയ്കയില്‍ കുമാരദേവന്‍ തുടങ്ങിയ ഹിന്ദു നേതാക്കളുടെ ചിത്രം വെച്ചാണ് കേരളം ഭ്രാന്താലയമാക്കരുത് എന്ന് മുദ്രാവാക്യം ഡി.വൈ.എഫ്.ഐ പ്രചരിപ്പിച്ചത് എന്നായിരുന്നു ശശികല പ്രസംഗത്തില്‍ പറഞ്ഞത്. കേരളം ഭ്രാന്താലയമാക്കാതിരിക്കാന്‍ ഹിന്ദുത്വം വേണമെന്ന് ഡി.വൈ.എഫ്.ഐയ്ക്ക് മനസിലായി എന്നായിരുന്നു ശശികലയുടെ പ്രസംഗം.

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതിനെതിരെയും ശശികല രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് മഹാഭാരതം എന്ന പേരിടരുതെന്നായിരുന്നു ശശികലയുടെ പരാമര്‍ശം. രണ്ടാമൂഴം മഹാഭാരതത്തെ തലകീഴായി ചിത്രീകരിച്ചിരിക്കുന്ന ഒന്നാണെന്നും അതിന് രണ്ടാമൂഴം എന്ന് തന്നെ പേരിടണമെന്നുമാണ് കെ.പി ശശികല ആവശ്യപ്പെട്ടത്.

സ്വവര്‍ഗ ലൈംഗികത ചികിത്സ ആവശ്യമുള്ള മാനസിക വൈകൃതമാണെന്നും അവര്‍ പറഞ്ഞിരുന്നു. സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കിയുള്ള സുപ്രീംകോടതി വിധിയോട് അനുബന്ധിച്ചാണ് ശശികല ഇങ്ങനെ പ്രതികരണം നടത്തിയത്. സ്വവര്‍ഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്നും ശശികല പറഞ്ഞിരുന്നു. “മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്. അത് മൃഗത്തിന്‍േറതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ പരിധിയില്ലാതെ സ്വാതന്ത്ര്യം ഉപയോഗിച്ച് അത് മൊത്തം ബുദ്ധിമുട്ടായി മാറും. അതിനാല്‍ ഇത്തരം ചില നിബന്ധനകളും കാര്യങ്ങളും ആവശ്യമാണെന്നാണ് എന്നെ സംബന്ധിച്ച് തോന്നുന്നത്. ഇത് അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണോ എന്നൊരു സംശയമുണ്ട്”, പ്രസംഗത്തില്‍ ശശികല ആരോപിക്കുന്നു.

മുസ്ലിങ്ങള്‍ക്ക് ഹജ്ജ് സബ്‌സിഡി നല്‍കുന്നുണ്ടെന്നും എന്നാല്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രസന്ദര്‍ശനത്തിന് സബ്‌സിഡിയില്ലെന്നും ശശികല പ്രസംഗിച്ചിരുന്നു. രാജ്യത്തിന് പുറത്തുള്ള ആരാധനാലയങ്ങളില്‍ ദര്‍ശനത്തിന് പോകുന്ന എല്ലാ മതസ്ഥരായ തീര്‍ത്ഥാടകര്‍ക്കും യാത്രാചെലവില്‍ സബ്‌സിഡി നല്‍കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും അത് മറച്ചുവെച്ചുള്ള വര്‍ഗീയത പ്രചരിപ്പിക്കുന്ന ശശികലയുടെ പ്രസംഗം നിരവധിപേര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായും ശശികല രംഗത്തെത്തിയിരുന്നു.

പല കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ കെ പി ശശികലയ്‌ക്കെതിരേ ഉയരുന്നുണ്ടെങ്കിലും കൂടുതല്‍ കൂടുതല്‍ തീവ്രമായ വഴിയിലേക്ക് പോകാനാണ് അവര്‍ തയ്യാറാകുന്നതെന്നാണ് ശബരിമല വിഷയം വ്യക്തമാകുന്നത്. തനിക്ക് വര്‍ദ്ധിച്ചുവരുന്ന പിന്തുണയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നതും. വരും ദിവസങ്ങളിലും ശശികലയില്‍ നിന്നും കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകളും പ്രവര്‍ത്തികളും ഉണ്ടാകുമെന്ന് തന്നെയാണ് കേരളം കരുതിയിരിക്കുന്നതും.

ശബരിമല LIVE: ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കും; ജാമ്യം എടുത്തതിന് ശേഷം പമ്പയില്‍ എത്തിക്കുമെന്ന് പോലീസ്

അയോധ്യയിൽ നിന്നും ശബരിമലയിലേക്കുള്ള ദൂരം; ലാലുവില്‍ നിന്നും പിണറായിയിലേക്കും

പൊതുജനങ്ങളെയും അയ്യപ്പ ഭക്തന്മാരെയും വലച്ച ഹര്‍ത്താലിലേക്ക് നയിച്ച ശശികലയുടെ അറസ്റ്റിന് പിന്നില്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍