UPDATES

ട്രെന്‍ഡിങ്ങ്

സച്ചിന്റെ റെക്കാർഡുകൾ വേട്ടയാടി ‘കോഹ്ലി-രോഹിത്’ സഖ്യം

വിരമിച്ചിട്ട് അ‌ഞ്ചു വർഷമേ ആയിട്ടുള്ളൂവെങ്കിലും ട്വന്റി-20യുടെ കാലത്ത് സച്ചിൻ കളിച്ചിരുന്ന കാലത്തെ അ‌പേക്ഷിച്ച് ക്രിക്കറ്റിന്റെ വേഗവും ഭാവവും ഏറെ മാറിയിരിക്കുന്നു. ആധുനിക ക്രിക്കറ്റിന്റെ രണ്ട് അ‌പ്പോസ്തലൻമാർ ഒന്നിച്ചു കളിക്കുമ്പോൾ റെക്കോഡുകൾ വഴിമാറുന്നത് സ്വാഭാവികം മാത്രവും.

Avatar

അമീന്‍

‘എന്റെ റെക്കോഡുകൾ ആരെങ്കിലും തകർക്കുകയാണെങ്കിൽ അ‌ത് കോഹ്ലിയോ രോഹിത്തോ ആയിരിക്കും’ -തന്റെ വിരമിക്കലിന് ശേഷം ബിസിസിഐ ഒരുക്കിയ ചടങ്ങിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ നടത്തിയ പരാമർശമാണിത്. അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികളും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് ഉൾപ്പെടെ 34,357 റൺസുമെടുത്തിട്ടുള്ള സച്ചിന്റെ പരാമർശം പിൻഗാമികൾക്കുള്ള ഒരു പ്രോത്സാഹനമായി മാത്രമാണ് അ‌ന്ന് ആരാധകരും നിരീക്ഷകരുമൊക്കെ കണ്ടത്. എന്നാൽ, ക്രിക്കറ്റ് ദൈവത്തിന്റെ ആ പരാമർശം വെറും വാക്കുകളായിരുന്നില്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും. വെസ്റ്റിൻഡീസിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിലെ 246 റൺസ് കൂട്ടുകെട്ട് കൊണ്ട് അ‌തിന് ഒരിക്കൽക്കൂടി അ‌ടിവരയിടുകയാണ് ‘കോഹ്ലിത്’ സഖ്യം.

കോഹ്ലിയുടെയും രോഹിത്തിന്റെയും ബാറ്റിങ് ശേഷിയിലും പ്രതിഭയിലും ആർക്കും സംശയമുണ്ടാകാനിടയില്ല. നിലവിൽ ലോകത്തെ ആദ്യ അ‌ഞ്ചു ബാറ്റ്സ്മാൻമാരെ എടുത്താൽ ഇവർ ഇരുവരും ഉണ്ടാകുമെന്നുറപ്പ്. സാങ്കേതിക തികവിലും അ‌ക്രമണ ശേഷിയിലും ഇരുവരും ഒപ്പത്തിനൊപ്പം. സിംഗിളുകളിലും ബൗണ്ടറികളിലും ശ്രദ്ധയൂന്നി ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിലാണ് കോഹ്ലിയുടെ മികവെങ്കിൽ പയ്യെ തുടങ്ങി അ‌സാമാന്യ പ്രഹരശേഷിയിലേക്ക് ഉയരുന്നതാണ് രോഹിത്തിന്റെ രീതി. എന്നാൽ, പ്രതിഭയുടെ ആഴത്തേക്കാൾ കഠിനാധ്വാനത്തിലൂടെ അ‌തിനെ കളത്തിലെ പ്രകടനമാക്കി മാറ്റുന്നതിലാണ് കാര്യം.

നായകനായി ചുമതലയേറ്റ ശേഷം കോഹ്ലി അ‌സാമാന്യമായ സ്ഥിരതയാണ് കാഴ്ചവെക്കുന്നത്. തന്റെ കളിയുടെ സമസ്ത മേഖലയിലും കോഹ്ലി ഇപ്പോൾ മികവു പുലർത്തുന്നു. കുറച്ച് അ‌ലസനായാണ് അ‌റിയപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി രോഹിത്തും തന്റെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏഷ്യാകപ്പിൽ നായകനായപ്പോൾ മുന്നിൽ നിന്നു നയിച്ച പ്രകടനങ്ങൾ അ‌തിന് മകുടം ചാർത്തും. ഇന്ത്യൻ നായക-ഉപനായക സഖ്യത്തിന്റെ ഈ മികവ് അ‌വരുടെ റാങ്കിങിലും പ്രതിഫലിക്കും. നിലവിൽ ഏകദിന റാങ്കിങിൽ 884 റേറ്റിങുമായി കോഹ്ലി ഒന്നാമതും 842 റേറ്റിങുമായി രോഹിത് രണ്ടാംസ്ഥാനത്തുമാണ്. മൂന്നാംസ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനുള്ളത് 818 റേറ്റിങ് മാത്രം.

വിൻഡീസിന് എതിരെ കോഹ്ലി 107 പന്തിൽ 21 ബൗണ്ടറിയും രണ്ട് സിക്സുമുൾപ്പെടെ 140 റൺസെടുത്തപ്പോൾ രോഹിത് 117 പന്തിൽ 15 ഫോറും എട്ട് സിക്സുമുൾപ്പെടെ പുറത്താകാതെയെടുത്തത് 152 റൺസ്. ഇരുവരും ചേർന്ന് നേടിയ 246 റൺസ് സ്കോർ പിന്തുടരുമ്പോഴുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്. അ‌ന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ വലുതും. 2009ൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്-ഷെയ്ൻ വാട്സൺ സഖ്യം ഉയർത്തിയ 252 റൺസാണ് ചേസിങിലെ വലിയ കൂട്ടുകെട്ട്.

ഇരുവരും ചേർന്ന് 200 റൺസ് കൂട്ടുകെട്ടുണ്ടാക്കുന്നത് ഇത് അ‌ഞ്ചാംതവണയാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇതുവരെ ആർക്കും അ‌വകാശപ്പെടാനില്ലാത്ത റെക്കോഡാണിത്. മൂന്ന് തവാണ വീതം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുള്ള സച്ചിൻ-ഗാംഗുലി, കോഹ്ലി-ഗംഭീർ, ജയവർധന-ഉപുൽ തരംഗ സഖ്യമാണ് ഈ റെക്കോഡിൽ പിന്നിലുള്ളത്. ഇവയുൾപ്പെടെ ആകെ 15 സെഞ്ച്വറി കൂട്ടുകെട്ടുകളും കോഹ്ലിത് സഖ്യത്തിനുണ്ട്. ഈ റെക്കോഡിൽ നിലവിൽ നാലാം സ്ഥാനത്താണിവർ. സച്ചിൻ-ഗാംഗുലി (26), ദിൽഷൻ-സംഗക്കാര (20), ഗിൽക്രിസ്റ്റ്-ഹെയ്ഡൻ (16) എന്നിവരാണ് മുന്നിലുള്ളത്. വെറും 64 ഇന്നിങ്സുകളിൽ നിന്ന് 15 സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കിയ കോഹ്ലിത്തിന് മുന്നിൽ ഈ റെക്കോഡ് അ‌ത്ര വലിയ വെല്ലുവിളിയൊന്നും ഉയർത്തുന്നതല്ല.

വിൻഡീസിനെതിരായ സെഞ്ച്വറിയോടെ അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 60 സെഞ്ച്വറികൾ (ഏകദിനത്തിൽ 36, ടെസ്റ്റിൽ 24) എന്ന റെക്കോഡും വിരാട് കോഹ്ലി മറികടന്നു. 386 ഇന്നിങ്സിൽ നിന്ന് ഈ നേട്ടം കുറിച്ച കോഹ്ലി 426 ഇന്നിങ്സിൽ നിന്ന് 60 സെഞ്ച്വറികൾ നേടിയ സച്ചിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. മാത്രമല്ല, ഏകദിനത്തിൽ 10,000 റൺസ് എന്ന മാന്ത്രിക സംഖ്യയിലേക്ക് കോഹ്ലിയ്ക്ക് ഇനി 81 റൺസ് മാത്രം മതി. 212 മാച്ചിലെ 204 ഇന്നിങ്സുകളിൽ നിന്നായി 9919 റൺസാണ് നിലവിൽ കോഹ്ലിയുടെ സമ്പാദ്യം. നിലവിലെ ഫോം വെച്ചു നോക്കുമ്പോൾ അ‌ടുത്ത ഒന്നുരണ്ട് മത്സരങ്ങളിൽ നിന്നുതന്നെ, കുറഞ്ഞ പക്ഷം ഈ പരമ്പരയിൽ തന്നെയെങ്കിലും കോഹ്ലി ആ നേട്ടത്തിലെത്തും. അ‌തോടെ വേഗത്തിൽ 10,000 റൺസെന്ന സച്ചിന്റെ മറ്റൊരു റെക്കോഡും ഇന്ത്യൻ നായകൻ മറികടക്കും. സച്ചിൻ 266 മാച്ചുകളിൽ നിന്നായി 253 ഇന്നിങ്സിലാണ് ഈ നേട്ടത്തിലെത്തിയത്.

എല്ലാ ഫോർമാറ്റിലുമായി തുടർച്ചയായി മൂന്ന് വർഷം 2000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാൻ എന്ന റെക്കോഡും നിലവിൽ കോഹ്ലിയ്ക്കുണ്ട്. ഈ റെക്കോഡിൽ സച്ചിൻ ഉൾപ്പെടെ മൂന്നു പേർക്കൊപ്പമാണ് കോഹ്ലി ഇടംപിടിച്ചിരിക്കുന്നത്. സച്ചിൻ (1996-98), മാത്യു ഹെയ്ഡൻ (2002-04), ജോ റൂട്ട് (2015-17) എന്നിവരാണ് മുമ്പ് ഈ റെക്കോഡിൽ എത്തിയിട്ടുള്ളത്. കൂടുതൽ തവണ കലണ്ടർ വർഷത്തിൽ 2000 അ‌ന്താരാഷ്ട്ര റൺസ് നേടുന്നവരുടെ പട്ടികയിലും കോഹ്ലി സച്ചിനൊപ്പമെത്തി. അ‌ഞ്ചുതവണ ഇരുവരും ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്. മഹേല ജയവർധനയും അ‌ഞ്ചു തവണ ഈ നേട്ടം സ്വന്തമാക്കി. ആറു തവണ നേടിയിട്ടുള്ള കുമാർ സംഗക്കാരയാണ് ഒന്നാമത്. ആ റെക്കോഡും കോഹ്ലിയുടെ ഫോമിനു മുന്നിൽ ഒട്ടും സുരക്ഷിതമല്ല.

കോഹ്ലി സച്ചിന്റെ റൺപർവം താണ്ടാനൊരുങ്ങുമ്പോൾ വ്യക്തിഗത സ്കോർ കൊണ്ടും പ്രഹരശേഷി കൊണ്ടുമാണ് രോഹിത് ശർമ ക്രിക്കറ്റ് ദൈവത്തെ പിന്തുടരുന്നത്. ഗുവാഹത്തിയിൽ ഏകദനത്തിൽ ആറാംതവണ 150 എന്ന സ്കോർ പിന്നിട്ട രോഹിത് ഏറ്റവും കൂടുതൽ തവണ ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. അ‌ഞ്ചു തവണ വീതം ഈ നേട്ടത്തിലെത്തിയ സച്ചിന്റെയും ഓസീസിന്റെ ഡേവിഡ് വാർണറിന്റെയും റെക്കോഡാണ് രോഹിത് മറികടന്നത്. നിലവിൽ കൂടുതൽ തവണ 200 കടന്ന താരമെന്ന റെക്കോഡും 250 കടന്ന ഏക ബാറ്റ്സ്മാനെന്ന റെക്കോഡും രോഹിതിന്റെ പേരിലാണ്.

മാത്രമല്ല 463 മത്സരങ്ങളിൽ നിന്ന് 195 സിക്സുകളുള്ള സച്ചിന്റെ റെക്കോഡും രോഹിത് ഉടൻ മറികടക്കും. വെറും 189 മത്സരങ്ങളിൽ (183 ഇന്നിങ്സ്) നിന്നായി 194 സിക്സുകളാണ് രോഹിത് അ‌ടിച്ചുകൂട്ടിയത്. വിൻഡീസിനെതിരെ എട്ടു സിക്സുകളടിച്ച ഹിറ്റ്മാൻ സൗരവ് ഗാംഗുലിയുടെ 189 സിക്സുകളെന്ന റെക്കോഡ് മറികടന്നിരുന്നു. നിലവിൽ കളിച്ച മത്സരങ്ങളേക്കാളേറെ സിക്സുകളടിച്ചിട്ടുള്ള അ‌പൂർവം ബാറ്റ്സ്മാൻമാരിലൊരാളാണ് രോഹിത്.

ഏകദിനത്തിൽ നൂറ് സിക്സെങ്കിലുമടിച്ച മുപ്പതിലേറെ ബാറ്റ്സ്മാൻമാരുണ്ടെങ്കിലും ഇവരിൽ കളിച്ച മത്സരങ്ങളിലേക്കാളേറെ സിക്സുകളുള്ള മറ്റൊരാൾ വിൻഡീസിന്റെ കീറൺ പൊള്ളാർഡ് (101 മത്സരങ്ങളിൽ 110 സിക്സുകൾ) മാത്രമാണ്. സച്ചിനെ കൂടാതെ ഷാഹിദ് അ‌ഫ്രീദി (398 മാച്ചിൽ 351), ക്രിസ് ഗെയ്ൽ (284 മാച്ചിൽ 275), സനത് ജയസൂര്യ (43 മാച്ചിൽ 270), എംഎസ് ധോണി (278 മാച്ചിൽ 217), എബി ഡിവില്ലിയേഴ്സ് (228 മാച്ചിൽ 204), ബ്രണ്ടൻ മക്കല്ലം (260 മാച്ചിൽ 200) എന്നിവരാണ് സിക്സുകളുടെ എണ്ണത്തിൽ രോഹിതിന് മുന്നിലുള്ളവർ.

വിരമിച്ചിട്ട് അ‌ഞ്ചു വർഷമേ ആയിട്ടുള്ളൂവെങ്കിലും ട്വന്റി-20യുടെ കാലത്ത് സച്ചിൻ കളിച്ചിരുന്ന കാലത്തെ അ‌പേക്ഷിച്ച് ക്രിക്കറ്റിന്റെ വേഗവും ഭാവവും ഏറെ മാറിയിരിക്കുന്നു. ആധുനിക ക്രിക്കറ്റിന്റെ രണ്ട് അ‌പ്പോസ്തലൻമാർ ഒന്നിച്ചു കളിക്കുമ്പോൾ റെക്കോഡുകൾ വഴിമാറുന്നത് സ്വാഭാവികം മാത്രവും. തന്റെ കാൽ നൂറ്റാണ്ട് നീണ്ട കരിയറിനിടെ ക്രിക്കറ്റിലെ മിക്കവാറും റെക്കോഡുകളിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസം. കോഹ്ലിയും രോഹിത്തും റൺവേട്ട തുടരുമ്പോൾ തകരുന്നവയിൽ സച്ചിന്റെ റെക്കോഡുകൾ ഏറുന്നതും അ‌തുകൊണ്ടു തന്നെ. അ‌തിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി കൂടുതൽ ശോഭനമാകുന്നതിൽ, തന്റെ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഏറ്റവും സംതൃപ്തിയനുഭവിക്കുന്നതും സച്ചിൻ തന്നെയാകും.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍