UPDATES

ട്രെന്‍ഡിങ്ങ്

ക്രിസ്തുവിനെ ക്രൂശിലേറ്റിയ അതേ ന്യായങ്ങളോടെയാണ് സി. ലിസിയെ നേരിടുന്നതും; രൂക്ഷ വിമര്‍ശനങ്ങളുമായി സി. ലൂസി കളപ്പുര

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ വിജയവാഡ നിര്‍മല പ്രൊവിന്‍സ് സുപ്പീരിയര്‍ക്ക് എഴുതിയ കത്തിലാണ് സി. ലിസി കളപ്പുര തന്റെ പ്രതിഷേധങ്ങള്‍ അറിയിക്കുന്നത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ മുഖ്യ സാക്ഷികളിലൊരാളായ സി. ലിസി വടക്കേലിനെതിരേ നടപടികളുമായി മുന്നോട്ടു പോകുന്ന ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ വിജയവാഡ പ്രോവിന്‍സിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇതേ സഭാംഗമായ സി. ലൂസി കളപ്പുര. സുപ്പീരയര്‍ പ്രൊവിന്‍ഷ്യാളിനെഴുതിയ കത്തിലാണ് കോണ്‍ഗ്രിഗേഷനെതിരേ സി. ലൂസി അതിനിശിതമായ വിമര്‍ശനം ഉയര്‍ത്തുന്നത്.

പലതവണ വിജയവാഡ പ്രൊവിന്‍സിലേക്ക് എത്തണമെന്നാവശ്യപ്പെട്ട് സ്ഥലംമാറ്റ ഉത്തരവു നല്‍കിയിട്ടും മൂവാറ്റുപുഴ ജ്യോതിര്‍ഭവനില്‍ തന്നെ കഴിയുന്ന സി. ലിസി വടക്കേലില്‍ ഇനിയും തങ്ങളെ അനുസരിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസവും കത്ത് നല്‍കിയതിനു പിന്നാലെയാണ് വിജയവാഡ പ്രൊവിന്‍സിന്റെ നടപടിയെ ചോദ്യം ചെയ്ത് സി. ലൂസി രംഗത്തു വന്നിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയെന്ന വിവരം മനസിലായതിനു പിറകെ, സി. ലിസിക്ക് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്(2019 ഫെബ്രുവരി) ചട്ടപ്രകാരം തെറ്റാണെന്നും സാധാരണ ഗതിയില്‍ കന്യാസ്ത്രീകളുടെ സ്ഥലമാറ്റം നടക്കുന്നത് ഏപ്രില്‍/മേയ് മാസങ്ങളില്‍ മാത്രമാണെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ പുനഃര്‍ചിന്തനം നടത്തേണ്ടതുണ്ടെന്നുമാണ് തന്റെ കത്തില്‍ സി. ലൂസി ആദ്യം ചൂണ്ടിക്കാണിക്കുന്നത്. സി. ലിസിയുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ നല്‍കിയ മൊഴിയാണ് കാരണമെന്നും സി. ലൂസി തന്റെ കത്തില്‍ ഉറപ്പിച്ചു പറയുന്നുണ്ട്.

കന്യാസ്ത്രീ പീഡനക്കേസില്‍ മൊഴി നല്‍കിയെന്ന വിവരം കോണ്‍ഗ്രിഗേഷനില്‍ അറിഞ്ഞതിനു പിന്നാലെ സി. ലിസിക്കെതിരേ മാനസികാക്രമണമാണ് നടക്കുന്നതെന്നും ഇതിനു മുമ്പ് സി. ലിസിക്ക് അയച്ച രണ്ട് കത്തുകളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും, സിസ്റ്ററെ മാനസികമായി ഉപദ്രവിക്കാനും അവര്‍ പറയുന്നത് കള്ളമാണെന്നു സ്ഥാപിച്ചെടുക്കാനുമുള്ള ശ്രമാണ് പ്രൊവിന്‍സിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സി. ലൂസി ആരോപിക്കുന്നു.

എന്ത് സുപ്പീരിയര്‍ ആണ് നിങ്ങള്‍ എന്നാണ് സി.ലൂസി വിജയവാഡ സുപ്പീരിയര്‍ പ്രൊവിന്‍ഷ്യാളിനോട് ചോദിക്കുന്നത്. സ്‌നേഹവും കരണുയും പ്രകിടിപ്പിക്കേണ്ടിടത്ത് മാനസിക പീഡനമാണ് നിങ്ങള്‍ക്ക് നടത്തിക്കൊണ്ടിരിക്കുന്നതെന്നു ഒരു സംശയവുമില്ലാതെ പറയാനാകുമെന്ന് സി. ലൂസി കുറ്റപ്പെടുത്തുന്നു.

യഹൂദ പുരോഹിതന്മാര്‍ എങ്ങനെയാണോ ക്രിസ്തുവിനോട് പെരുമാറിയത്, അതുപോലെയാണ് സി. ലിസിയോട് വിജയവാഡ പ്രൊവിന്‍സ് ചെയ്യുന്നതെന്നാണ് സി. ലൂസി പറയുന്നത്. പാപം ചെയ്തിട്ടില്ലെങ്കില്‍ പോലും ക്രിസ്തുവിനെ ക്രൂശിലേറ്റണമെന്നു തന്നെയായിരുന്നു യഹൂദ പുരോഹിതരുടെ തീരുമാനം. അതേ രീതിയില്‍ തന്നെയാണ് സി. ലിസിയെ ക്രൂശിലേറ്റുന്നതുമെന്നുമാണ് സി. ലൂസി പറയുന്നത്. സെന്റ്. ഫ്രാന്‍സീസ് അസീസിയുടെ പേരിലുള്ള ഒരു സന്ന്യാസ സഭയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിതെന്നും സി. ലൂസി ഓര്‍മിപ്പിക്കുന്നു.

ഉപാധികളില്ലാത്ത സ്‌നേഹമാണ് ഫ്രാന്‍സിസ് അസീസി തനിക്ക് ചുറ്റുമുള്ളവരോട് പ്രകടിപ്പിച്ചത്. ഈ രീതി ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളായ നമ്മളോരുത്തരും ശീലിക്കേണ്ടതുണ്ട്. രോഗിയായ സി. ലിസി മൂവാറ്റുപുഴയിലെ മഠത്തില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്, ചെയ്തു വന്നിരുന്ന സുവിശേഷ വേലകള്‍ കേരളത്തില്‍ തുടരാനും അവര്‍ ആഗ്രഹിക്കുന്നു. അതിനവരെ അനുവദിക്കണം. സിസ്റ്ററെ ആന്ധ്രാപ്രദേശിലേക്ക് വരാന്‍ നിര്‍ബന്ധിക്കരുത്. സി. ലിസിയോടുള്ള മനസ്ഥിതി രമ്യതയില്‍ മാറ്റിയെടുക്കണം. സത്യത്തിനും നീതിക്കും വേണ്ടി നിലനില്‍ക്കുന്ന കന്യാസ്ത്രീകളോടുള്ള അധികൃതരുടെ പെരുമാറ്റത്തില്‍ ഒത്തിരി വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തിനു മുന്നില്‍ കണ്ണടച്ചു നില്‍ക്കരുത്. സി. ലിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിശബ്ദത പാലിക്കുകയാണ് വേണ്ടത്, ഏറ്റവും മികച്ചൊരു പരിഹാരം ഇക്കാര്യത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുക; എന്നു പറഞ്ഞാണ് സി. ലൂസി കളപ്പുര തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

മാര്‍ച്ച് 23 ന് വിജയവാഡ നിര്‍മല പ്രൊവിന്‍സ് സുപ്പീരിയര്‍ സി. അല്‍ഫോന്‍സ എബ്രഹാം നല്‍കിയ കത്തില്‍, ഗുരുതരമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് സി. ലിസിക്കെതിരേ ഉണ്ടായിരുന്നത്. മൂവാറ്റുപുഴ ജ്യോതിര്‍ഭവനില്‍ നിന്നും മാര്‍ച്ച് 31 ന് അകം വിജയവാഡയില്‍ തിരിച്ചെത്തിയിരിക്കണമെന്നായിരുന്നു ഈ മുന്നറിയിപ്പ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അനുമതിയോടെ വേണമെങ്കില്‍ ഒരു മാസം കൂടി ഇവിടെ തങ്ങാമെന്നും അതല്ലാത്ത പക്ഷം, അനധികൃതമായ താമസത്തിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴി നല്‍കിയതിനും സി. ലിസിക്കെതിരേ വിമര്‍ശനമുണ്ട്. 2015 ല്‍ കൗണ്‍സിലിംഗ് ചെയ്ത സമയത്താണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബിഷപ്പ് ബലാത്സംഗം ചെയ്തതെന്നു വെളിപ്പെടുത്തിയതെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചില്ലെന്നാണ് ചോദ്യം. പൊലീസിനോട് അപ്പോള്‍ തന്നെ വിവരം പറഞ്ഞിരുന്നെങ്കില്‍ മകളെപ്പോലെ കരുതുന്നുവെന്നു പറയുന്ന ആ കന്യാസ്ത്രീ വീണ്ടും പീഢനങ്ങള്‍ക്ക് ഇരയാകില്ലായിരുന്നുവെന്നും സ്വന്തം മകള്‍ തുടര്‍ ബലാത്സംഗങ്ങള്‍ക്ക് ഇരയാകാന്‍ എന്തുകൊണ്ട് അനുവദിച്ചെന്നും കന്യാസ്ത്രീയുടെ പരാതിയില്‍ ആരോപിക്കപ്പെട്ടപോലെ തുടര്‍ ബലാത്സംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ധാര്‍മിക ഉത്തരവാദിത്വം നിങ്ങള്‍ക്കുമുണ്ടെന്നുമാണ് സി. ലിസിയെ കുറ്റപ്പെടുത്തുന്നത്. സി. ലിസി കൗണ്‍സിലിംഗ് പഠിച്ചതായി അറിവില്ലാത്ത കാര്യമാണെന്നും കൗണ്‍സിലിംഗ് പഠിക്കാത്ത ഒരാള്‍ അത് ചെയ്യുന്നത് ആള്‍മാറാട്ടത്തിനു തുല്യമാണെന്നും വിജയവാഡ സുപ്പീരിയര്‍ പ്രൊവിന്‍ഷ്യാള്‍ ആരോപണം നടത്തുന്നു. തനിക്ക് മരുന്നും ഭക്ഷണവും ലഭിക്കുന്നില്ലെന്ന സി. ലിസിയുടെ പരാതികള്‍ കളവാണെന്നും സഭ ചട്ടങ്ങളും സന്യാസിനിമാരുടെ ജീവിതരീതികളും ലംഘിച്ചാണ് കഴിയുന്നതെന്നും സി. അല്‍ഫോന്‍സ എബ്രഹാം തന്റെ കത്തില്‍ ആരോപിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍